'നിറുത്താമെന്ന് തോന്നുന്നിടത്ത് അത്ഭുതം സംഭവിക്കും, എന്റെ കഥ അങ്ങനെയാണ്'' - ഗരുഡൻ സിനിമയുടെ സംവിധായകൻ അരുൺ വർമ്മ സംസാരിക്കുന്നു

Interviews

ഒരിക്കലെങ്കിലും സിനിമയിലെ വെള്ളിവെളിച്ചം സ്വപ്‌നം കാണാത്തവർ കുറവായിരിക്കും. ആഗ്രഹിക്കുന്നതിനപ്പുറത്തേക്ക് അനുഭവങ്ങളുടെ ആർക്കും പ്രവചിക്കാൻ കഴിയാത്ത യാത്രകളാണ് സിനിമയിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നവരെ പലപ്പോഴും കാത്തിരിക്കുന്നത്. ഈ യാത്ര വേണമായിരുന്നോ എന്ന് അരുൺ വർമ്മയും ചിന്തിച്ചിരുന്നു. പക്ഷേ, അങ്ങനെ തോന്നിയിടത്ത് നിന്നാണ് അരുൺ പതുക്കെയെങ്കിലും പറന്നു തുടങ്ങിയത്. ഗരുഡൻ സിനിമ കൊണ്ടുവരുന്ന നല്ല വാക്കുകൾ ഹൃദയപൂർവം അരുൺ സ്വീകരിക്കുന്നു. ഒരു തുള്ളി തുളുമ്പാതെ, വിനയത്തോടെ അവയെല്ലാം ചേർത്തുവയ്ക്കുന്നു. കാരണം ഒട്ടേറെ കയ്പ്പുകൾക്കൊടുവിലാണ് മധുരത്തിന്റെ ഈ ദിവസം അരുണിനെ തേടിയെത്തിയത്. ഈ സിനിമയ്ക്ക് പിന്നിലുണ്ടായിരുന്ന ഓരോരുത്തരും ഓരോ പാഠങ്ങളാണ് അരുണിന്. സിനിമയെക്കുറിച്ച്, സിനിമായാത്രയെ കുറിച്ച് അരുൺ സംസാരിക്കുന്നു.

ഗരുഡൻ മികച്ച അഭിപ്രായം വരുന്നു. എന്താണ് ഈ നിമിഷം പറയാനുള്ളത്?

മനസ് നിറഞ്ഞ അനുഭവം എന്ന് പയാം. ഇതൊരു ക്രൈം സ്‌റ്റോറി ആണ്. നീതിക്കു വേണ്ടി പോരാടുന്ന രണ്ടുപേരുടെ കഥ. ഈ രണ്ടു കഥാപാത്രങ്ങൾക്കും സിനിമയിൽ തുല്യപ്രാധാന്യമുണ്ട്. ഗരുഡനെ നമുക്ക് രണ്ടു വീക്ഷണത്തിൽ കാണാം. ദൂരെ നിന്നും ഇരയെ കണ്ടെത്താൻ കാഴ്ചശക്തിയുള്ള പക്ഷിയാണത്. അങ്ങനെയുള്ള ഗരുഡനാണ് ഇതിൽ ഒരു ഹീറോ. മറ്റൊരു ഗരുഡൻ പ്രായമാകുമ്പോൾ മലമുകളിൽ പോയി കൊക്കൊക്കെ ഉരച്ചു കളഞ്ഞ്, ചിറകളൊക്കെ പറിച്ചു മാറ്റി പത്തുമുപ്പതുദിവസം കഴിഞ്ഞ് ഫ്രഷായി ഒരു പുതിയ രൂപത്തിൽ ഉയിർത്തെഴുന്നേറ്റ് വരുന്ന ഗരുഡൻ. ഇതും രണ്ടും കൂടാതെ ഒരു ഗരുഡൻ കൂടി സിനിമയിലുണ്ട്. അത് നിങ്ങൾക്ക് സിനിമ കാണുമ്പോൾ മനസിലാകും.

സിനിമയുടെ പ്രതികരണങ്ങൾ എങ്ങനെയാണ്. ട്രെയ്‌ലർ ആകാംക്ഷ തോന്നിപ്പിച്ചിരുന്നു?

നല്ല പ്രതികരണങ്ങളാണ്. പറയാനുദ്ദേശിച്ച കാര്യം ആളുകളിലേക്ക് നല്ല രീതിയിൽ കണക്റ്റായി. ഡയലോഗുകൾ, കഥാപാത്രങ്ങൾ അങ്ങനെ ആദ്യ ഷോ മുതൽ നല്ല വാക്കുകൾ വരുന്നത് വലിയ സന്തോഷം തരുന്നു. വേണമെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും മാറി പോകാവുന്ന സബ്ജക്ടായിരുന്നു. കൃത്യമായി കൊണ്ടു വരാൻ സാധിച്ചതും പ്രേക്ഷകർ അത് ശ്രദ്ധിച്ച് പറയുന്നതും കേൾക്കുന്നതും സന്തോഷം ഇരട്ടിപ്പിക്കുന്നു. 2015  മുതലുള്ള ഞങ്ങളുടെ യാത്രയാണിത്. ട്രെയ്‌ലർ വ്യത്യസ്തമാകണമെന്നുണ്ടായിരുന്നു. അങ്ങനെ വേണ്ടേ... അതുകൊണ്ടാവാം ട്രെയ്‌ലർ വന്നപ്പോൾ വളരെ പോസിറ്റീവായ റിവ്യൂ ആണ് കിട്ടിയത്. അത് വലിയ പ്രതീക്ഷ നൽകി. അത് വളരെ കൃത്യമായിരുന്നെന്ന് സിനിമ കണ്ടിറങ്ങുന്നവരുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാക്കുന്നു. കഥയുടെ ഉള്ളടക്കം പറ്റാവുന്ന രീതിയിൽ ഒളിപ്പിച്ചു വച്ചാണ് ട്രെയ്‌ലർ തയ്യാറാക്കിയത്. അതുകൊണ്ട് പ്രേക്ഷകരിൽ ആകാംക്ഷ ഉണ്ടായതെന്ന് തോന്നുന്നു.

സുരേഷ് ഗോപി, ബിജുമേനോൻ, അഭിരാമി ആർട്ടിസ്റ്റ് സെലക്ഷനിലും വ്യത്യസ്ത തോന്നി?

കഥയെഴുതുമ്പോൾ മനസിൽ വന്ന ആർട്ടിസ്റ്റുകൾ തന്നെയാണ് ലീഡ് റോളുകൾ ചെയ്തത്. സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ മനസിൽ കണ്ടു കൊണ്ടു തന്നെയാണ് സിനിമ ആദ്യം മുതലേ മുന്നോട്ട് പോയത്. മറ്റാരും തന്നെ മനസിലേക്ക് വന്നില്ല. അതിന്റെ ഒരു ഭംഗി സിനിമയിലുണ്ടെന്നാണ് എന്റെ ഒരു വിശ്വാസം. ഡയലോഗ്, പെർഫോമൻസ്, പ്രാധാന്യം  എന്നിവയിലെല്ലാം രണ്ടുപേർക്കും ഒരേ പോലെ പ്രാധാന്യം നൽകുന്നുണ്ട് സിനിമ.

സ്ത്രീകഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട്?

അതേ രണ്ടു സ്ത്രീ കഥാപാത്രങ്ങൾക്കും നല്ല പ്രാധാന്യം നൽകുന്ന കഥയാണ്. സിദ്ദിഖ്, ജഗദീഷ് എല്ലാവരും വളരെ ഇന്ററസ്റ്റിംഗായ നമ്മൾ നേരത്തെ അത്രയധികം കാണാത്ത തരം കഥാപാത്രങ്ങളായാണ് എത്തുന്നത്. ആ മികവ് സിനിമയിൽ കാണാം ഇത്രയധികം പ്രതിഭാധനരായ താരങ്ങൾക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് എന്റെ ഒരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. കാരണം നമ്മുടെ മണ്ടത്തരങ്ങൾ പോലും അവർ ഉൾക്കൊളളുന്നുണ്ട്, നമുക്ക് തിരുത്തി തരുന്നുണ്ട്. ഇങ്ങനെ കുറേ അനുഭവങ്ങളുണ്ട്. എല്ലാം മനസ് തൊടുന്നവ. അവരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. ഓരോരുത്തരുടെയും പ്രകടനം നമുക്ക് മറ്റൊരു തരം ഉൾക്കാഴ്ച തരുന്നുണ്ട്.

ആദ്യത്തെ സിനിമ എന്ന നിലയിൽ എല്ലാം ഒത്തിണക്കുക എന്നത് എങ്ങനെയുള്ള അനുഭവമായിരുന്നു?

അതെനിക്ക് എളുപ്പമാക്കി തന്നത് മാജിക് ഫ്രെയിംസ് എന്ന നിർമ്മാണ കമ്പനിയാണ്. അവർ വളരെ പ്രൊഫഷണലായാണ് കാര്യങ്ങളെല്ലാം ചെയ്തത്. ഇത്രയും വലിയ കാസ്റ്റ് ആന്റ് ക്രൂവിനെ ഒന്നിച്ചു മുന്നോട്ട് കൊണ്ടു പോകുന്നത് വലിയ പരിശ്രമമാണ്. ഷൂട്ടിംഗ് 63 ദിവസങ്ങളായിരുന്നു. ഈ സിനിമ വലിയൊരു സിനിമയാണ്. അത് കാണുമ്പോൾ ബോദ്ധ്യമാകും. അങ്ങനെ ഒരു സിനിമ സംഭവിച്ചത് മാജിക് ഫ്രെയിംസിന്റെ പിന്തുണ കൊണ്ടു കൂടിയാണ്. അതിന്റെ സാരഥി ലിസ്റ്റിനാണെങ്കിലും അവരുടെ ടീമാണെങ്കിലും അത്രയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഗരുഡൻ നല്ലൊരു സിനിമയായി മാറണമെന്നത് ആ ടീമിന്റെ കൂടെ ദൃഢനിശ്ചയമായിരുന്നു. ഇതൊക്കെ നന്നായി നടന്നത് ദൈവാനുഗ്രഹം കൊണ്ടു കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ അദൃശ്യമായ കൈ എല്ലായിടത്തും ഉണ്ടായിരുന്നു.

ഈ സിനിമയുടെ തുടക്കം ചെന്നൈയിലാണെന്ന് കേട്ടിട്ടുണ്ട്?

2015 ൽ ചെന്നൈയിൽ പഠിക്കുന്ന കാലത്താണ് ഈ സിനിമയുടെ തിരക്കഥാകൃത്തായ ജിനേഷ് ഈ കഥയുടെ സ്‌റ്റോറിലൈൻ എന്നോട് പറയുന്നത്. പിന്നെയതിൽ ഞങ്ങളിരുന്ന് കുറേ വർക്ക് ചെയ്തു. ജിനേഷ് ലോ കോളേജ് പ്രൊഫസറാണ്. 2019 കാലത്താണ് മാജിക് ഫ്രെയിംസിലെത്തുന്നത്. പിന്നീടതിന്റെ ഓരോ ഘട്ടങ്ങളായി മുന്നോട്ടു പോയി. ലീഡിംഗായ രണ്ടുപേരുടെയും ഡേറ്റ് കിട്ടുന്നതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഇടയ്ക്ക് ചെറിയ കാലതാമസമുണ്ടാക്കി. ഈ സിനിമയ്ക്ക് പിന്നിൽ കുറേ കാര്യങ്ങൾ റിസർച്ച് ചെയ്യേണ്ടതുണ്ടായിരുന്നു. ജിനേഷ് അതെല്ലാം ഭംഗിയായി ചെയ്തു. അങ്ങനെ ഹോംവർക്കുകൾ നന്നായി ചെയ്തു തന്നെയാണ് മുന്നോട്ടു പോയത്. ആ പരിശ്രമങ്ങളുടെ ഫലമായി ലഭിക്കുന്ന നല്ല വാക്കുകൾ മുന്നോട്ടേക്കുള്ള യാത്രയ്ക്ക് വലിയ ഊർജ്ജമാണ്. 2020 മുതലാണ് മിഥുൻ മാനുവൽ തോമസ് ഞങ്ങളുടെ കൂടെ വരുന്നത്. കാരണം 2015 മുതൽ നമ്മൾ തുടങ്ങിയ സിനിമയായതുകൊണ്ട് കുറച്ച് വർഷങ്ങൾക്കിപ്പുറത്തേക്ക് കാലം കുറച്ച് പഴയതായി പോയോ എന്ന് തോന്നി. അതൊന്നു പുതുക്കിയെടുക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് മിഥുനെ കണ്ട് സംസാരിക്കാനുള്ള അവസരം ലിസ്റ്റിൻ വഴി ലഭിച്ചു. പുള്ളിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നറിയാനായിരുന്നു അത്. മിഥുൻ വളരെ പോസിറ്റീവായി അതെടുക്കുകയും ആ രീതിയിൽ തിരക്കഥയിൽ വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്തു. അവിടെ നിന്നും പ്രൊജക്ട് പെട്ടെന്നു തന്നെ മുന്നോട്ടു പോയി.

സുരേഷ് ഗോപി എന്ന താരവുമായുള്ള അനുഭവങ്ങൾ പറയാമോ?

തേക്കടിയിൽ വച്ചായിരുന്നു സുരേഷ് ഗോപിയെ ആദ്യം കണ്ടത്. കഥ പറയുന്നതിനായിരുന്നു ആ കൂടിക്കാഴ്ച. ലിസ്റ്റിൻ വഴിയായിരുന്നു അത് സംഭവിച്ചത്. കാണുന്ന സമയത്ത് ഞങ്ങൾ തമ്മിൽ പരിചയമില്ല. ഞാൻ ആരാണെന്നൊന്നും പുള്ളിക്ക് അറിയില്ല. പക്ഷേ തുറന്ന മനസോടെയാണ് അദ്ദേഹം കഥ കേട്ടത്. അന്നേരം ഒന്നും പ്രത്യേകിച്ച് പറഞ്ഞില്ല. കഥ കേട്ട് പുള്ളിക്ക് ഇഷ്ടപ്പെട്ടെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ, എന്റെയടുത്ത് ആ സമയത്ത് ഒന്നും പറഞ്ഞില്ല. ലിസ്റ്റിനോടായിരുന്നു ചെയ്യാമെന്ന കാര്യം പറഞ്ഞത്. പിന്നീട് അതൊരു അടുപ്പമായി തന്നെ വളർന്നു. ചൂടാവുന്ന ഒരാളാണെന്നൊക്കെ പലരും കരുതുമെങ്കിലും അങ്ങനെയുള്ള ഒരാളേയല്ല. ഈ സിനിമ കുറച്ചു കൂടി എളുപ്പമാക്കിയത് അദ്ദേഹത്തെ പോലെ ഒരു വലിയ ആളിന്റെ മഹാമനസ്‌കത കൊണ്ടാണെന്ന് എനിക്ക് ഉറപ്പു പറയാൻ കഴിയും. ഒരു തുടക്കക്കാരനെന്ന നിലയിലേ അല്ല അദ്ദേഹം പെരുമാറുന്നത്. ഈഗോ തോന്നണ്ട സ്ഥലത്തു പോലും ഡൗൺ ടു എർത്താണ്. അങ്ങനെ തോന്നിയാൽ പോലും നമുക്ക് വിഷമുണ്ടാകില്ല, പക്ഷേ, പുള്ളി അങ്ങനെ ചെയ്യില്ല. ഒരു ടെൻഷനും തരില്ല. എന്തു കാര്യവും അങ്ങോട്ട് പറയാം. നമ്മളെ കേൾക്കും. പിന്നെ കുറേ കാര്യങ്ങളുണ്ട്. നിറവ് എന്നൊക്കെ പറയുന്നതു പോലെയുള്ള ഒരു വ്യക്തിയാണ്. ആദ്യമായി ഒരു സിനിമ ചെയ്യുന്ന അതേ എക്‌സൈറ്റ്‌മെന്റോടെയാണ് അദ്ദേഹം ലൊക്കേഷനിലെത്തുന്നത്. നമ്മളൊക്കെ കണ്ടു പഠിക്കേണ്ട പാഠം. അഭിനയത്തോടുള്ള ആ കൊതി നമ്മളെ കൂടി  സന്തോഷിപ്പിക്കും, ഉത്സാഹം തരും.

ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലാത്ത അഭിരാമി എങ്ങനെയാണ് ഓർമ്മയിലേക്ക് വന്നത്?

ഈ ചോദ്യത്തിൽ തന്നെ അതിനുള്ള ഉത്തരമുണ്ട്. വിരുമാണ്ടി സിനിമ ചെയ്യുന്ന സമയത്തേ ഞാൻ മാമിന്റെ ഫാനാണ്. നല്ലൊരു ആർട്ടിസ്റ്റാണ്, വ്യക്തിയാണ്. സുരേഷട്ടന്റെ നായിക എന്നു പറയുമ്പോൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ഒരാൾ വേണമെന്നു തോന്നി. അതിനൊപ്പം തന്നെ പെർഫോമൻസും വേണം. അങ്ങനെയാണ് അഭിരാമിയിലെത്തിയത്. അതൊരു കൃത്യമായ തീരുമാനമായിരുന്നു. കാരണം സിനിമ കണ്ടവർ അതൊരു നല്ല തിരഞ്ഞെടുപ്പായി അംഗീകരിക്കുണ്ടെന്നാണ് പ്രതികരണങ്ങളിൽ നിന്നും അറിഞ്ഞത്.

അരുൺ സിനിമയെ കുറിച്ച് ആലോചിച്ച് തുടങ്ങിയത് എപ്പോഴാണ്?

പാലക്കാടാണ് എന്റെ നാട്. സ്‌കൂൾ കാലം മുതലേ സിനിമ മനസിലുണ്ടായിരുന്നു. പൂർണമായ ഒരു ആഗ്രഹമൊന്നുമല്ല. പക്ഷേ, വലിയ ഇഷ്ടമായിരുന്നു. ജീവിതത്തിൽ എന്നെങ്കിലും അത് സംഭവിക്കുമെന്ന് ഉറച്ച് വിശ്വസിച്ചു. ചെന്നൈയിലായിരുന്നു വളർന്നതും പഠിച്ചതുമെല്ലാം. കോളേജ് പഠനകാലത്തിന്റെ അവസാനം മേജർ രവി സാറിനൊപ്പം ആദ്യപടമായ കീർത്തിചക്ര സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. മിഷൻ നയന്റി ഡേയ്‌സ്, കാണ്ഡഹാർ, കുരുക്ഷേത്ര സിനിമകളിലായി 2005-2010 വരെ പ്രവർത്തിക്കാൻ കഴിഞ്ഞു. പിന്നീട് കുറേ ആഡ് ഫിലിമുകൾ ചെയ്തു.

സിനിമാസംവിധായകൻ ആകാനുള്ള യാത്ര എളുപ്പമായിരുന്നോ?

ഒരിക്കലുമല്ല. ഒരുപാട് പ്രയാസങ്ങളുള്ള യാത്ര തന്നെയാണത്. ഞാനും കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. സംവിധായകർ മാത്രമല്ല, സിനിമയ്ക്ക് പിന്നിലുള്ള എല്ലാവരും തന്നെ നന്നായി കഷ്ടപ്പെട്ടും പരിശ്രമിച്ചും തന്നെയാണ് ഈ രംഗത്ത് തുടരുന്നതും ശ്രദ്ധിക്കപ്പെടുന്നതും. അസാദ്ധ്യമായ പാഷൻ ഉണ്ടെങ്കിൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ. അത്രയും പാടുപെട്ട് ഒന്നും നടക്കാതെ വരുമ്പോൾ ഇനി മതി എന്ന് മനസ് പറയും. അങ്ങനെ തോന്നുന്നിടത്ത് വലിയ എന്തെങ്കിലും സർപ്രൈസ് നമ്മെ കാത്തിരിക്കുന്നുണ്ടാകും. അതാണ് എന്റെ അനുഭവം.

Garudan Official Trailer | Suresh Gopi | Biju Menon | Arun Varma | Midhun Manuel Thomas |Jakes Bejoy

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക