ഡീകോഡിങ്ങ് പുലി​യെ തേടി​ സംവി​ധായകൻ; റോക്കി​ പുണ്യാളൻ ഇപ്പോഴേ ഹി​റ്റ്

Design/Art

'എന്താടാ സജി' സിനിമാ പോസ്റ്റർ ഡീകോഡ് ചെയ്‌ത് അതിൽ മറഞ്ഞിരിക്കുന്ന റോക്കി പുണ്യവാളനെ കണ്ടെടുത്ത M3DB ഫേസ്ബുക്ക് പോസ്റ്റിന്  സംവിധായകൻ ഗോഡ്ഫി സേവ്യർ ബാബുവി​ന്റെ അഭി​നന്ദനം. ജോസ്മോൻ വാഴയിലാണ് അസ്സലായി പോസ്റ്റർ നോക്കി രസകരമായ കൗതുകങ്ങൾ കണ്ടുപിടിച്ചത്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നിവേദ തോമസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലെത്തും. നേരത്തെ തന്നെ സിനിമാ ടൈറ്റിലുകളിൽ ഒളിപ്പിച്ചു വച്ച കൗതുകങ്ങൾ കണ്ടെടുത്ത് വൈറലാക്കിയ മിടുക്കനാണ് ജോസ്മോൻ.  മനോഹരമായ ടൈറ്റിൽ പുറത്തിറങ്ങിപ്പോൾ തന്നെ ജോസ്മോൻ ശ്രദ്ധിച്ചിരുന്നു. പലതും ആ ടൈറ്റിലിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നു തോന്നിയപ്പോഴാണ് ഡീകോഡിംഗ് പുലി​യായ ജോസ്മോൻ വാഴയിൽ ഇതന്വേഷിക്കാനിറങ്ങിയത്. 

‘എന്താടാ സജി  Montpelliar to ഇല്ലിക്കൽ' എന്ന മുഴുവൻ പേരിൽ നിന്ന് ജോസ്മോന് ആദ്യം തോന്നിയത്   നായകനോ നായികയോ ഒരാൾ ഫ്രാൻസിലെ മോണ്ട്‌പെല്ലിയറിൽ നിന്നും ഇല്ലിക്കലേക്ക് വരുന്നതാവും കഥ എന്നതായിരുന്നു. എന്നാൽ, കുഞ്ചാക്കോ ബോബൻ ഒരു പുണ്യാളന്റെ വേഷത്തിൽ ഉള്ള 'എന്താടാ സജി'യുടെ ടീസർ കണ്ടപ്പോൾ അവിടെയും കാര്യങ്ങൾ ചെന്നു നിൽക്കുന്നില്ലെന്ന്  മനസിലായി. ആ തെരച്ചിലിലാണ് 1348 ൽ ഫ്രാൻസിലെ മോണ്ട്‌പെല്ലിയറിൽ ജീവിച്ചിരുന്ന ഒരു പുണ്യാളൻ ആയിരുന്ന റോച്ച് (മലയാളത്തിൽ വിശുദ്ധ റോക്ക് / റോക്കി പുണ്യാളൻ) ലേക്ക് നീളുന്ന കണ്ണികൾ ജോസ്മോൻ കൂട്ടി യോജിപ്പിച്ചത്. മോണ്ട്‌പെല്ലിയറിൽ ഒരു ഗവർണറുടെ മകനായി ജനിച്ച റോക്ക് പ്ളേഗ് രോഗ ശുശ്രൂഷയിലൂടെ മാതൃകയാവുകയായിരുന്നു.  റോക്കിന്റെ പ്രവർത്തനങ്ങളിലും വിശ്വാസത്തിലും സംപ്രീതനായ ദൈവം പ്ളേഗിൽ നിന്നും റോക്കിനെ  സുഖപ്പെടുത്തി. പിന്നീട് റോക്കിന്റെ പ്രാർത്ഥനയിലൂടെയും പ്രവർത്തനങ്ങളിലൂടെയും അത്ഭുതകരമായ രീതിയിൽ നിരവധി രോഗികൾ സുഖം പ്രാപിച്ചു.  റോക്ക് പുണ്യാളനെ രോഗികളുടെയും മാറാവ്യാധികളുടെയും മദ്ധ്യസ്ഥനായിട്ടാണ്  കാണുന്നതെന്നായിരുന്നു ഒട്ടേറെ വി​വരങ്ങളി​ലൂടെ യാത്ര ചെയ്‌ത്  ജോസ്മോൻ കണ്ടെത്തിയത്.

ഇപ്പോൾ  ഈ നിരീക്ഷണങ്ങളെ അംഗീകരിച്ചു കൊണ്ട് സംവിധായകൻ ഗോഡ്ഫി സേവ്യർ ബാബു തന്നെ ജോസ്മോന്റെ പോസ്റ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ്.  പേരിൽ ഒളിഞ്ഞിരിക്കുന്ന പലതും ജോസ് മോൻ കണ്ടുപിടിച്ചതിന്  നന്ദി​ പറയുന്ന ഗോഡ്‌ഫി​ മലയാളികൾക്ക് മറക്കാൻ ആവാത്ത 'പ്രാഞ്ചിയേട്ടനും', സായിപ്പന്മാർക്ക് ഉള്ള  Almighty  യുമായി​ ഈ സി​നി​മയുടെ തുടക്കത്തി​ന് സാമ്യം തോന്നാമെങ്കി​ലും കഥയുടെ ഗതി മാറുന്നതനുസരിച്ചു ആ സാമ്യത മാറും എന്നുമാണ് പോസ്റ്റി​ൽ കുറി​ച്ചത്.  പുണ്യാളന്റെ വടിയും, കിഴിയും, മോൺപെല്യറും എല്ലാം ഉൾപ്പെടുത്തിയത് 'എന്താടാ സജി' വെറും ഒരു പേര് മാത്രം ആകാതെ അതിൽ എന്തെങ്കിലും ചെയ്യണം എന്ന ഉദ്ദേശശുദ്ധിയോടെയാണെന്നും അത് നന്നായി​ മനസി​ലാക്കി​യതി​ന് നന്ദി​യെന്നും ഇവി​ടെ കൂട്ടി​ച്ചേർക്കുന്നു. ''നമ്മൾ പണ്ട് ബാലരമയിലെ പസ്സിൾ കളിക്കുന്നപോലെ ഇച്ചിരി ചിന്തിച്ചാൽ ഇതെല്ലാം തെളിയണം എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.... അത് വർക്ക് ആയി എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു.... സിനിമയിലും ഇതുപോലെ കുഞ്ഞു കുഞ്ഞു ചിന്താശകലങ്ങൾ ഉണ്ട്.... അതും എല്ലാവർക്കും മനസ്സിലാവട്ടെ''... എന്നും ഗോഡ്ഫി​ പ്രത്യാശപ്പെടുന്നു. 

M3DB ഫേസ്ബുക്ക് ഗ്രൂപ്പി​ൽ നേരത്തെ 'ഡ്രൈവിംഗ് ലൈസൻസ്' സി​നി​മയുടെ ഷൂട്ടിംഗി​നി​ടെ പൃഥ്വി​രാജി​നെ കഥ കേൾപ്പി​ക്കാൻ പോയപ്പോഴുള്ള അനുഭവങ്ങൾ ഹൃദ്യമായി​ പങ്കി​ട്ടി​രുന്നു. സിനിമയിലെത്തിപ്പെടാൻ കൊതി​ക്കുന്ന എത്രയോ പേർ കടന്നുപോയ കാത്തി​രി​പ്പി​ൻ്റെ ആ അനുഭവങ്ങൾ കടന്നാണ്  ഗോഡ്‌ഫി​  'എന്താടാ സജി​' യുമായി​ മലയാള സി​നി​മയി​ലെത്തുന്നത്. മൂന്നുവർഷം മുമ്പായി​രുന്നു ഗോഡ്‌ഫി​യുടെ പോസ്റ്റ്. ആ വർഷങ്ങളി​ലെ വെയി​ലും വേനലും കടന്ന് സിനിമ എന്ന തന്റെ സ്വപ്‌നവുമായി​ എത്തുമ്പോൾ മികച്ചൊരു തുടക്കമാകട്ടെ എന്ന് ആശംസി​ക്കുന്നു.