മലയാള സിനിമ 'കോ മു' (കോവിഡിന് മുമ്പുള്ള), 'കോ പി' (കോവിഡിന് പിമ്പുള്ള) എന്ന രീതിയിലൊരു തരംതിരിവ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. രണ്ടിനെയും രണ്ട് വേറിട്ട കാലഘട്ടമായി തന്നെ കണക്കാക്കിയേ തീരൂ. തിരക്കഥയുടെ കാര്യത്തിൽ വലിയൊരു മാറ്റം സംഭവിച്ചിരിക്കുകയാണ്, ഈ പറഞ്ഞ 'കോ പി' കാലഘട്ടത്തിൽ. അഭിനേതാക്കളുൾപ്പെടെ ഏറ്റവും ചുരുങ്ങിയ എണ്ണത്തിലുള്ള ക്രൂവിനെ ഉൾപ്പെടുത്തിക്കൊണ്ട് ചെയ്യാവുന്ന, എന്നാൽ 'എഡ്ജ് ഓഫ് ദി സീറ്റ്' ത്രില്ലർ സമ്മാനിക്കാൻ പോന്ന തരത്തിലുള്ള, അതിമനോഹരമായ ഒട്ടനവധി സിനിമകൾ ഈ കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇവിടെ ധാരാളം കണ്ടു വരുന്നുണ്ട്. ആ ലിസ്റ്റിലെ ഏറ്റവും പുതിയ മിടുക്കന്റെ പേരാണ്, 'ഇലവീഴാ പൂഞ്ചിറ'. രണ്ട് വരിയിൽ പറഞ്ഞു തീർക്കാവുന്ന ഒരു കഥയെ അതിമനോഹരമായൊരു തിരക്കഥയാക്കി മാറ്റി, അതിനോട് 100% നീതി പുലർത്തുന്ന രീതിയിൽ, ഗംഭീരമായി കൺസീവ് ചെയ്ത് തിയേറ്ററിൽ എത്തിച്ച സംവിധായകൻ ഷാഹി കബീറിനും സംഘത്തിനും വലിയൊരു കയ്യടി നൽകുന്നു.
തിരക്കഥയാണ് താരം
വിലപിടിപ്പുള്ള താരങ്ങളും, അതിലേറെ വിലയുള്ള സെറ്റുകളും, അത്യാധുനിക ആഡംബരങ്ങളും തുടങ്ങി എന്തൊക്കെ വന്നാലും ഒരു സിനിമയുടെ നട്ടെല്ല് എന്നത് അന്നും ഇന്നും എന്നും തിരക്കഥ തന്നെയാണ്. തിരക്കഥയിൽ സംഭവിക്കുന്ന പാളിച്ചകൾ മേയ്ക്കിങ്ങിലൂടെയും അഭിനയപ്രകടനങ്ങളിലൂടെയുമൊക്കെ പരിഹരിച്ച് ഒത്തുതീർപ്പിലെത്തിക്കുന്ന ഏർപ്പാട് ഏറെക്കുറെ അവസാനിച്ച ഈ കാലഘട്ടത്തിൽ 'ഇലവീഴാ പൂഞ്ചിറ' പറഞ്ഞു തരുന്നതും അത് തന്നെയാണ്, തിരക്കഥയ്ക്ക് ബലമുണ്ടെങ്കിൽ സിനിമയ്ക്കും ബലമുണ്ടാകും! 'ഇലവീഴാ പൂഞ്ചിറ' എന്ന, മരങ്ങളുടെ സാന്നിധ്യം തീരെയില്ലാത്ത, ഏത് നിമിഷം വേണമെങ്കിലും മഴയും ശക്തമായ കാറ്റും ഏറെ അപകടകാരിയായ ഇടിമിന്നലും പ്രതീക്ഷിക്കാവുന്ന, ഹൈറേഞ്ച് പ്രദേശത്തെ വയർലസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന പോലീസുകാരുടെ കഥയാണ് പറയേണ്ടത്. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പറഞ്ഞു തീരാവുന്ന ഈയൊരു കഥയെ വച്ചു കൊണ്ട് ഒരു മണിക്കൂർ നാൽപ്പത്തിനാല് മിനിറ്റ് നീണ്ടു നിൽക്കുന്ന, ഉദ്വേഗജകമായൊരു സിനിമയ്ക്ക് തിരക്കഥയൊരുക്കിയ 'നിധീഷ് ജി - ഷാജി മാറാട്' ടീമിന് സ്‌പെഷ്യൽ അഭിനന്ദനങ്ങൾ. പ്രതികൂലമായ സാഹചര്യങ്ങളിൽ പോലും ഇലവീഴാ പൂഞ്ചിറയിലെ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ ഏർപ്പെടേണ്ടി വരുന്ന പോലീസുകാരുടെ അവസ്ഥ പറയുന്ന ഒന്നാം പകുതി അതീവഹൃദ്യമായിരുന്നു. ഒരു പ്രത്യേക സംഭവത്തിലേക്ക് ചുരുങ്ങി പോയെങ്കിലും, അത് പകർന്നു തരുന്ന ആവേശവും ചടുലതയും കൊണ്ട് സമൃദ്ധമാണ് രണ്ടാം പകുതി. കിറുകൃത്യം മീറ്ററിൽ പിടിച്ച തിരക്കഥ തന്നെയാണ് 'ഇലവീഴാ പൂഞ്ചിറ'യുടെ ഹൈലൈറ്റ്.
സൗബിൻ ഷാഹിർ ഇവിടെ തന്നെയുണ്ട്
ഏറ്റവും ഒടുവിലിറങ്ങിയ നാലോ അഞ്ചോ സിനിമകളിലെ തന്റെ പ്രകടനത്തിന്റെ പേരിൽ, അവയുടെ 'ക്വാളിറ്റി'യുടെ പേരിൽ, അതിഭീകരമായൊരു സോഷ്യൽ മീഡിയാ ഓഡിറ്റിന് വിധേയനായ താരമാണ് സൗബിൻ ഷാഹിർ. സൗബിന്റെ കാലം കഴിഞ്ഞു എന്നു പോലും വിധിയെഴുതി ചില ട്രോൾ സംഘങ്ങൾ. സൗബിൻ ഷാഹിർ എന്ന അഭിനേതാവിനെ സംബന്ധിച്ച് 'ഇലവീഴാ പൂഞ്ചിറ'യിലെ മധു എന്നതൊരു അതിശക്തമായ തിരിച്ചു വരവ് തന്നെയാണ്. ആ കഥാപാത്രം ആവശ്യപ്പെടുന്നതെല്ലാം സൗബിനിൽ ഭദ്രമായിരുന്നു. സിനിമയുടെ തുടക്കത്തിൽ, ടൈറ്റിൽ കാർഡ് ഓടുന്നത് ഉൾപ്പെടെയുള്ള ചില സ്റ്റാറ്റിക് ഷോട്ടുകളിൽ നിന്നും പ്രേക്ഷകർക്ക് മനസ്സിലാകും, എല്ലാവരും കണ്ടു ശീലിച്ച ആ സൗബിൻ ഒരിടത്തും പോയിട്ടില്ല, ഇവിടെ തന്നെയുണ്ട് എന്ന്.
സുധി കോപ്പ അങ്ങനെ ആടിപ്പൊടിച്ച് ആർമാദിക്കുകയാണ്. പലപ്പോഴും സൗബിന്റെ നിഴലിൽ വീണു പോകുന്നുണ്ടെങ്കിലും, എടുത്തു പറയേണ്ട തരത്തിൽ, അതിഗംഭീരമായ പ്രകടനമാണ് സിനിമയിലുടനീളം സുധി കാഴ്ച വച്ചിട്ടുള്ളത്. ജൂഡ് ആന്റണി ജോസഫ്, വിൻസന്റ് വടക്കൻ, ജിത്തു അഷറഫ് തുടങ്ങി എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നു.
ശബ്ദവും വെളിച്ചവും കെങ്കേമം!
ഇലവീഴാ പൂഞ്ചിറയുടെ തുമ്പത്തിരുന്നു കൊണ്ട് ഇടിമിന്നൽ അനുഭവിക്കുന്ന ഫീൽ തന്നെയാണ് തിയേറ്ററിൽ കിട്ടിയത്. അത്രയ്ക്കും മികവുറ്റതായിരുന്നു ശബ്ദവും, ഛായാഗ്രഹണവും! സിനിമയുടെ ടൈറ്റിലിൽ ഏറ്റവും കൂടുതലായി കാണാൻ കഴിഞ്ഞത് 'അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫേഴ്സ്' തസ്തികയിൽ വരുന്നവരുടെ പേരുകളാണ്. ഒപ്പം സെക്കന്റ് യൂണിറ്റ് ക്യാമാറാമെൻ സംഘം വേറെയും. മനേഷ് മാധവന്റെ എന്ന പ്രധാന ഛായാഗ്രാഹയകന്റെ നേതൃത്വത്തിൽ ആ ഒരു വിഭാഗം നല്ല അസ്സൽ പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. അജയ് അടാട്ട് നയിക്കുന്ന സൗണ്ട് വിഭാഗം നിലയ്ക്കാത്ത കയ്യടി അർഹിക്കുന്നു. മലമുകളിലെ നായ്ക്കുട്ടികളുടെ ശബ്ദം തിയേറ്ററിനു ചുറ്റും ഓടി നടക്കുന്ന ഫീൽ കിട്ടിയത് രോമാഞ്ചമുണ്ടാക്കി.
കിരൺ ദാസിന്റെ എഡിറ്റിങ്, അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതം, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം, റോണക്സ് സേവ്യറുടെ മേയ്ക്കപ്പ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മികച്ചു നിന്നു.
ചുരുക്കിപ്പറഞ്ഞാൽ...
കോവിഡിനു ശേഷം പതിവായി കണ്ടു വരുന്ന ത്രില്ലർ സിനിമകളുടെ കൂട്ടത്തിൽ തലയുയർത്തി നിൽക്കാൻ ശേഷിയുള്ളൊരു വെടിച്ചില്ല് ഐറ്റമാണ് 'ഇലവീഴാ പൂഞ്ചിറ'. സിനിമയുടെ തുടക്കത്തിൽ തന്നെ പ്രേക്ഷകർക്ക് മനസ്സിലാകും, ഏതു തരം പോക്കാണ് ഇതിൽ നിന്നും പ്രതീക്ഷിക്കേണ്ടതെന്ന്. ആ പ്രതീക്ഷയ്ക്ക് യാതൊരു വിധ തട്ടുകേടും വരുത്താതെ, 'തിയേറ്റർ എക്സ്പീരിയൻസ്' എന്നത് ശരിക്കും അനുഭവിച്ചറിഞ്ഞു കൊണ്ട്, ഏറെ രസിക്കാവുന്ന ഒരു ക്രൈം ത്രില്ലറാണ് 'ഇലവീഴാ പൂഞ്ചിറ'.
തിയേറ്ററിൽ കേട്ടത്
"ഈ പോലീസുകാരെല്ലാം കൂടെ സിനിമയിലോട്ട് വന്നാൽ, അവിടെപ്പിന്നാരാ ബാക്കി?"
സുരേഷ് കുമാർ രവീന്ദ്രൻ