കെ സുരേന്ദ്രൻ്റെ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറും, ‘ന്നാ താൻ കേസ് കൊട്‘ സിനിമയിലെ വക്കീലും

Interviews

ഫ്ലോ പോയതിൻ്റെ പേരിൽ വിസ്താരം നിറുത്തിയ ഷുക്കൂർ വക്കീൽ നമ്മൾ കരുതുന്നത് പോലെ റിയൽ ലൈഫിൽ അങ്ങനെ ഫ്ലോ പോകാൻ ചാൻസുള്ള ആളേ അല്ലാ. ‘ന്നാ താൻ കേസ് കൊട്‘ സിനിമയിൽ ഷുക്കൂർ വക്കീലായി വന്ന് തിളങ്ങിയ ഒറിജിനൽ വക്കീൽ സി. ഷുക്കൂറിനെ ഒന്നടുത്തറിയാം...

ഒറിജിനൽ കേസ് വിസ്താരങ്ങൾക്കിടയിൽ ഇങ്ങനെ ഫ്ലോ പോയി നിറുത്താറുണ്ടോ?

ഷുക്കൂർ വക്കീൽ: അങ്ങനെയൊക്കെ സംഭവിക്കുന്നത് വിരളമാണ്. സിനിമയിൽ സംവിധായകൻ്റെ ആശയത്തിനനുസരിച്ച് അങ്ങനെ ചെയ്യുന്നു. എന്നാൽ പോലും ഈ സിനിമയിൽ പരമാവധി ഒറിജിനൽ കോടതിയും കേസ് വിസ്താരവുമായി കാണിക്കാൻ ഇതിൻ്റെ അണിയറപ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. അതിനു വേണ്ടി അവർ ഹോസ്‌ദുർഗ്ഗിലെ ഒറിജിനൽ കോടതിയിൽ പല തവണ പോയിരുന്ന് കേസ് വിസ്താരങ്ങൾ കേൾക്കുകയൊക്കെ ചെയ്തിരുന്നു.

വളരെ തിരക്കുള്ള ഷുക്കൂർ വക്കീൽ എങ്ങനെയാണ് ‘ന്നാ താൻ കേസ് കൊട്‘ സിനിമയിലെ ഷുക്കൂർ വക്കീൽ ആയത്...?

ഷുക്കൂർ വക്കീൽ: ഈ സിനിമക്ക് വേണ്ടി കാസ്റ്റിംഗ് കോൾ നടന്നപ്പോൾ അങ്ങനെയൊരു കാര്യമോ പോസ്റ്റോ ഒന്നും ഞാൻ കണ്ടിരുന്നില്ല. ചില ഇമ്പോർട്ടൻ്റ് ആയിട്ടുള്ള കേസ് ചർച്ചകൾ നടക്കുന്നതിനിടയിലാണ് എന്നെക്കാൾ വളരെ സീനിയർ ആയിട്ടുള്ള ബാർ അസോസിയേഷൻ പ്രസിഡൻ്റ് എൻ രാജ്മോഹൻ വളരെ സീരിയസ്സ് ആയിട്ട് വിളിച്ച് ഇങ്ങനെ ഒരു കാര്യം പറയുന്നത്. ‘നീ സിനിമയിൽ അഭിനയിക്കുവോ? നിനക്ക് പറ്റിയ ഒരു റോൾ ഉണ്ട്..!‘ ഞാൻ പറഞ്ഞു എന്ത് തമാശയാണ് പറയുന്നത്... ഹേയ് പറ്റില്ലാന്ന്. എനിക്കാണേൽ പിറ്റേന്ന് രാവിലെ ചില തിരക്കുകളും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അപ്പോൾ തന്നെ സിനിമക്കാരെ വിളിച്ച് വൈകുന്നേരം കാണാൻ അവസരം പറഞ്ഞ് റെഡിയാക്കി.

ഞാൻ ഒരു 5 മണി ആയപ്പൊ ചെന്നു. രാജേഷ് മാധവൻ, രാഗേഷ്, സുധീഷ് രവീന്ദ്രനും കൂടീ ഒരു ചെറിയ ഇൻ്റർവ്യു ചെയ്തു. പിന്നെ ഒരു വിറ്റ്നസിനെ ക്രോസ് എക്സാം ചെയ്ത് കാണിക്കാൻ പറഞ്ഞു. അതൊന്നും എന്നെ സംബന്ധിച്ച് അഭിനയിക്കേണ്ടി വന്നില്ല. ഞാനതെന്നും ചെയ്യുന്ന കാര്യങ്ങളാണ്. ഒരാഴിച്ച കഴിഞ്ഞ് രാജേഷ് മാധവൻ വിളിച്ചു. എന്നിട്ട് പറഞ്ഞു‘ സാർ ഒരു 15 ദിവസത്തേക്ക് കോടതിയിൽ നിന്ന് ലീവെടുക്കണം“ എന്ന്. ഞാൻ പറഞ്ഞു. ഞാൻ നോക്കട്ടെ എന്ന്... അങ്ങനെ പിന്നെ അതിലേക്ക് കടന്ന് ചെന്നു.

ഷൂട്ടിംഗ് അനുഭവം എങ്ങനെ ആയിരുന്നു...?

ഷുക്കൂർ വക്കീൽ: ഷൂട്ടിനു മുൻപ് റിഹേഴ്സലിനു വേണ്ടി ചെല്ലുമ്പോഴാണ് ആദ്യമായിട്ട് സംവിധായകൻ രതീഷിനെ കാണുന്നത്. വളരെ കൂളായിട്ടൊരു മനുഷ്യൻ. ആദ്യദിവസങ്ങളിൽ എല്ലാവരും ഇപ്പോൾ കാണുന്ന സിനിമയുടെ ഒരു ഡമ്മി അവിടെ ആദ്യം ഷൂട്ട് ചെയ്തു. കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം അതിൽ രാജേഷ് മാധവൻ ചെയ്തു.

ഈ രാജേഷ് മാധവൻ നമ്മൾ സിനിമയിൽ കാണുന്ന ആളേ അല്ല. അയാൾ ഭയങ്കര കഴിവുള്ള സിനിമയുടെ പിന്നിൽ വളരെ വലിയ സ്ഥാനം വഹിക്കുന്ന ആളാണ്. ഏതൊരാളുടെയും വേഷം ഇങ്ങനെ വേണം, ഇങ്ങനെ അഭിനയിക്കണം എന്ന് കൃത്യമായി അഭിനയിച്ച് കാണിച്ചുകൊടുക്കുന്ന അപാര കഴിവുള്ള ആളാണ്. ഇടക്ക് കുഞ്ചാക്കോ ബോബനു പോലും, ഈ ഭാഗം ഇങ്ങനെ ആയാൽ ഒന്നൂടെ നന്നാവും എന്ന് പറഞ്ഞ് കാണിച്ചുകൊടുക്കുന്നത് കണ്ടിട്ടുണ്ട്.

അവിടെ എല്ലാവരും ഭയങ്കര സപ്പോർട്ട് ആയിരുന്നു. നമ്മൾ ഒരു പുതുമുഖം ആണെന്നുള്ള ഒരു മാറ്റിനിറുത്തലും ഉണ്ടായില്ല. അത് രതീഷ് ബാലകൃഷ്ണൻ മുതൽ കുഞ്ചാക്കോ ബോബൻ വരെ എല്ലാവരും നല്ല സപോർട്ട് ആയിരുന്നു.

ചാക്കോച്ചനൊപ്പമുള്ള എക്സ്പീരിയൻസ്?

ഷുക്കൂർ വക്കീൽ: കഴിഞ്ഞ 25 വർഷമായിട്ട് സിനിമയിലുള്ള ചാക്കോച്ചൻ്റെ എക്സ്പീരിയൻസിൽ നമ്മൾ ഭാഗമായി എന്നുള്ളതാണ് വലിയ എക്സ്പീരിയൻസ്. വളരെ അധികം നമ്മളെ കംഫർട്ട് ആക്കി മുന്നോട്ട് കൊണ്ടുപോകും. അത് ഇടക്ക് എന്നെ ചാക്കോച്ചൻ അടിക്കാൻ വരുന്ന ഒരു സീനിനു ശേഷം ഞാൻ എണീറ്റ് അറിയാതെ ക്യാമറയിലേക്ക് നോക്കിപ്പോയി. അപ്പോൾ തന്നെ അദ്ദേഹം ആ കൂട്ടിൽ നിന്ന് ഇറങ്ങി വന്ന് എനിക്ക് കാണിച്ചു തന്നു എങ്ങോട്ട് നോക്കണം എന്നൊക്കെ. അതൊക്കെ വലിയ മനസ്സ് ഉള്ളതുകൊണ്ട് കഴിയുന്നതാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നത് വലിയൊരു സംഗതി തന്നെയാണ്.

സർ ഇതിനു മുൻപ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് കേട്ടു..?

ഷുക്കൂർ വക്കീൽ: അത് വളരെ അവിചാരിതമായി, 2008 ൽ ആണെന്ന് തോന്നുന്നു ജോണി ആൻ്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന സിനിമയിൽ ഒരു ചെറിയ റോളിൽ അഭിനയിച്ചു. ഞങ്ങൾ ഫാമിലിയായിട്ട് ഷൂട്ടീംഗ് നടക്കുന്ന സ്ഥലത്തൂടെ കടന്ന് പോയപ്പോൾ അവർ സിനിമാക്കാർ തന്നെ നിർബന്ധിച്ച് ചെയ്ത വേഷമായിരുന്നു. അങ്ങനെ ജസ്റ്റ് ഒരു സീനിൽ വന്ന് പോയിട്ടുണ്ട്.

താങ്കളുടെ കുടൂംബത്തെക്കുറിച്ച്?

ഷുക്കൂർ വക്കീൽ: കുടുംബം... ഭാര്യയും മൂന്ന് മക്കളുമാണുള്ളത്. ഭാര്യ ഷീന ഷുക്കൂർ, യൂണിവേഴ്സിറ്റി ഡിപാർട്ട്മെൻ്റിൽ അധ്യാപികയാണ്. നേരത്തെ കോട്ടയം യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസലർ ആയിരുന്നു. പിന്നെ മൂന്ന് പെൺമക്കൾ. മൂത്ത മകൾ ഡൽഹിയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മോൾ ചെന്നൈയിൽ പഠിക്കുന്നു. മൂന്നാമത്തെ മകൾ കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നു.

മുന്നോട്ട് സിനിമ അഭിനയം?

ഷുക്കൂർ വക്കീൽ: നല്ല വേഷങ്ങൾ വന്നാൽ ഉറപ്പായും ചെയ്യണമെന്നാണ് ആഗ്രഹം.

*   *   *   *   

ഫാമിലി കേസുകളും ക്രിമിനൽ കേസുകളും നോക്കുന്ന ഷുക്കൂർ വക്കീൽ, 2013 മുതൽ 2017 വരെ കാസർഗോഡ് ജില്ലാ കോടതി പ്ലീഡറും പബ്ലിക് പ്രൊസിക്യൂട്ടറും ആയിരുന്നു. അക്കാലത്ത് അദ്ദേഹം അപ്പിയർ ചെയ്ത പ്രമാദമായ കേസുകളിൽ ഒന്നായിരുന്നു സെഫിയ മർഡർ കേസ്. ആ കേസിൽ ഷുക്കൂർ വക്കീൽ പബ്ലിക് പ്രൊസിക്യൂട്ടർ ആയിരുന്നു. പ്രസ്തുത കേസിൽ ഒരാൾക്ക് കോടതി വധശിക്ഷയും വിധിച്ചിരുന്നു.

ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഒന്നാം പ്രതി ആയിട്ടുള്ള മഞ്ചേശ്വരം ഇലക്ഷൻ കോഴക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി പിണറായി സർക്കാർ നിയമിച്ചിട്ടുള്ളത് ഷുക്കൂർ വക്കീലിനെയാണ്.

*   *   *   *   

‘ന്നാ താൻ കേസ് കൊട്‘ ഒരു വൻ വിജയമായി മാറുന്ന ഈ സാഹചര്യത്തിൽ അതിൽ ഒരു പ്രധാനവേഷം അതിഗംഭീരമായി അവതരിപ്പിച്ച ഷുക്കൂർ വക്കീലെന്ന അഭിനേതാവിൻ്റെ, വക്കീലിൻ്റെ പങ്ക് ചെറുതല്ല. m3dbcafe യുടെ എല്ലാവിധ ആശംസകളും നേരുന്നു. മുന്നോട്ട് വലിയ വലിയ വേഷങ്ങൾ നിങ്ങളെ തേടിയെത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഷുക്കൂർ വക്കീലിൻ്റെ FB പേജ്: https://www.facebook.com/shukkur.vakkeel