ഉള്ളുലയ്ക്കുന്ന, പ്രേക്ഷകനെ വിട്ടു പോവാത്ത 'ഇരട്ട'.....ചില നേരങ്ങളുണ്ട്, മനുഷ്യർ നിസ്സഹായരായി പോകുന്ന, വെറുതേ നിന്നു കൊടുത്താൽ മതി മറ്റൊന്നും ഇനി ചെയ്യാനില്ലെന്ന് തീർപ്പെഴുതപ്പെട്ടു പോകുന്ന നേരങ്ങൾ . രോഹിത് എം.ജി. കൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത, ജോജു ജോർജ് അഭിനയം കൊണ്ട് പിടിച്ചിരുത്തുന്ന 'ഇരട്ട' എന്ന ചിത്രത്തിന്റെ ആത്മാവ് ഇങ്ങനെ നിസ്സഹായരായ കുറേ മനുഷ്യരാണ്. തിയേറ്ററിൽ നിന്നും തിരിച്ചെത്തിയാലും ഇവരെല്ലാം തങ്ങളെ കുറിച്ച് വീണ്ടും വീണ്ടും പ്രേക്ഷകരോട് സംസാരിച്ചു കൊണ്ടിരിക്കും. ആസ്വാദകർക്ക് അത്ര എളുപ്പത്തിൽ ഈ സിനിമയെ വിട്ടു പോകാനാവില്ല.
സംവിധായകന്റെ ആദ്യ ചിത്രമാണെന്ന് പറയാത്ത വിധത്തിലാണ് ചിത്രത്തിന്റെ മേക്കിംഗ്. ഒട്ടും എളുപ്പമല്ലാത്ത ഒരു കഥയെ ഇങ്ങനെ അവതരിപ്പിക്കാനും വേണം ഒരു മിടുക്ക്. തിരക്കഥയും സംവിധായകൻ രോഹിത്തിന്റേത് തന്നെയാണ്. ഒരു സീനിൽ നിന്നും മറ്റൊന്നിലേക്ക് കഥയും കഥാസന്ദർഭങ്ങളും വേഗതയിൽ സഞ്ചരിക്കുകയാണെങ്കിലും മനസിലേക്ക് ആഴത്തിൽ വരച്ചിട്ടതു പോലെയാണ് ആ ഒഴുക്ക്. അലക്ഷ്യമായി ചിതറി കിടക്കുന്ന കാഴ്ചകൾക്ക് പോലും സിനിമ മുന്നോട്ട് പോകുമ്പോൾ വല്ലാത്തൊരു തെളിച്ചം വരും. സംവിധായകന്റെ ക്രാഫ്റ്റും കയ്യടക്കവുമാണ് കാരണം. ഒരൊറ്റ കഥാപാത്രങ്ങളും വെറുതെ മുഖം കാട്ടി വന്നു പോകുന്നില്ല.
എല്ലാവരും കൃത്യമായ സ്പേസിൽ പ്രേക്ഷകരുമായി സംസാരിക്കുന്നു. അവരുടെ ഇമോഷനുകളും കാഴ്ചക്കാരുടെ ഉള്ള് തട്ടുന്നു എന്നിടത്താണ് ' പൂർണമായ അനുഭവമാകുന്നത്. അതിന് യോജിച്ച അഭിനേതാക്കളാണ് ആ വേഷങ്ങൾ കൈകാര്യം ചെയ്തതെന്നതും എടുത്തു പറയണം. പ്രമോദ്, വിനോദ് എന്നീ പൊലീസുകാരുടെ ഇരട്ട വേഷത്തിലൂടെ ജോജു ഗംഭീരപ്രകടനം നടത്തി അത്ഭുതപ്പെടുത്തുകയാണ്. നേരത്തെ ചെയ്ത പൊലീസ് വേഷങ്ങളുടെ യാതൊരു ഛായയും കാണാനാവില്ല. ഒരൊറ്റയാൾ തന്നെയാണ് ഈ രണ്ടു കഥാപാത്രങ്ങളെയും ചെയ്യുന്നതെന്ന് പ്രേക്ഷകർ ഓർക്കില്ല, ഓർമ്മിക്കാൻ ജോജു അവസരം തരുന്നുമില്ല എന്നതാണ് സത്യം. രണ്ട് സ്വഭാവഘടനയുള്ള കഥാപാത്രങ്ങളിൽ വിനോദിന്റെ ആരുമില്ലായ്മയെ, 'അഴുക്കി'ന്റെ സംഘർഷങ്ങളെ അവതരിപ്പിക്കുന്നതും തുളുമ്പിപ്പോകാതെ അടക്കിപ്പിടിച്ചാണ്. പൂർത്തിയാക്കാത്ത വാക്കുകളിൽ, മുഖത്തെ ആഴമുള്ള ചലനങ്ങളിൽ, കണ്ണുകളിലെ ഭാവങ്ങളിൽ, ഞാനിങ്ങനെയാണ് എന്ന നടത്തത്തിൽ എല്ലാം അക്ഷരാർത്ഥത്തിൽ ജോജു ജീവിതം പുറത്തു നിറുത്തിയവനായ വിനോദായി മാറി. തമിഴ് നടി അഞ്ജലിയും മികച്ച അഭിനയത്തിലൂടെ മനസിൽ നിൽക്കുന്നു. വന്നു പോകുന്ന സീനുകളുടെ എണ്ണമല്ല, പ്രേക്ഷകന് എന്തു ലഭിക്കുന്നു എന്നിടത്ത് ഈ കഥാപാത്രവും മുന്നിൽ നിൽക്കുന്നു. സാബു മോൻ, ശ്രീകാന്ത് മുരളി, മനോജ് കെ.യു, സ്രിൻഡ, ഷെബിൻ ബെൻസൺ, ആര്യ സലീം, ശ്രീജ, ശ്രുതി ജയൻ തുടങ്ങിയവരും സിനിമയിലുണ്ട്.
പലയിടങ്ങളിലായി സംവിധായകൻ പറഞ്ഞുവച്ചതിന്റെ ബാക്കി പൂർത്തിയാകേണ്ടത് പ്രേക്ഷകരുടെ മനസിലാണ് എന്നതാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. ഒരിക്കലും ആസ്വാദകർ ഊഹിക്കാത്തിടത്താണ് കഥയുടെ മർമ്മഭാഗമുള്ളത്. ആദ്യത്തെ പൊലീസ് സ്റ്റേഷൻ രംഗം മുതലേ തന്നെ ഓരോ സീനിലും കഥ മാറി മാറി മുന്നോട്ടേക്ക് കുതിക്കുകയാണ്. ഒരിടത്തും ആ താളം അയയുന്നില്ല. ആ മുറുക്കം അവസാനം വരെ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നുമുണ്ട്. തിയേറ്ററിൽ കണ്ട് അനുഭവിച്ച് ആസ്വദിക്കേണ്ടതു തന്നെയാണ് 'ഇരട്ട' . ഒരു മികച്ച സിനിമാനുഭവം.മനു ആന്റണിയുടെ എഡിറ്റിംഗിനും വിജയ്യുടെ ഛായാഗ്രഹണത്തിനു ജേക്സ് ബിജോയ്യുടെ സംഗീതത്തിനും കയ്യടി കൊടുക്കാം. സിനിമയുടെ മൂഡ് അതേ പോലെ നിലനിറുത്തുന്നത് ഇവർ കൂടിയാണ്.
m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക