"ചട്ടമ്പികല്യാണി" എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തുവെച്ച്, ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് എൺപതുകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച്, 2012 ൽ അപകടത്തിൽപ്പെടുന്നത് വരെ മലയാള ചിത്രങ്ങളിലെ ഒരു അനിവാര്യമായ ഘടകമായി മാറിയ നടനാണല്ലോ ജഗതി ശ്രീകുമാർ. ജഗതിയുടെ മാനറിസങ്ങൾക്കും, കൗണ്ടറുകൾക്കും ചിരിക്കാത്ത മലയാളികൾ കുറവായിരിക്കും. ജഗതിയുടെ മാനറിസം കൗണ്ടറുകൾ പോലെ തന്നെ പ്രസിദ്ധമാണല്ലോ അദ്ദേഹത്തിന്റെ ജല്പനങ്ങളും.
അദ്ദേഹത്തിന്റെ മിക്ക ജല്പനങ്ങൾക്കും അർത്ഥമില്ലെന്ന് പറഞ്ഞു തള്ളുമ്പോഴും, ഒന്ന് രണ്ടെണ്ണത്തിനെ അങ്ങിനെ പറഞ്ഞു തള്ളാൻ കഴിയില്ലെന്ന് മനസിലാവാനുള്ള തെളിവുകളുണ്ട്. അതാവട്ടെ യൂട്യൂബിൽ പല ലക്ഷങ്ങൾ വ്യൂവർഷിപ് നേടി ട്രെൻഡിങ്ങിൽ ഉള്ളവയുമാണ്. ജല്പനങ്ങൾ എന്നുപറഞ്ഞ് തള്ളാൻ കഴിയില്ലെന്ന് പറഞ്ഞതിന് കാരണം അവ രണ്ടും തമിഴ് ചിത്രങ്ങളിൽ ഗാനമായി വന്നവയാണ് - ഒരു ഗാനം റിലീസ് ആവാത്ത ചിത്രത്തിലേതും, മറ്റേത് ജനശ്രദ്ധ നേടാതെപോയ ചിത്രത്തിലേതുമാണ്. അത് രണ്ടും കിന്നാരം എന്ന ചിത്രത്തിലേതാണ്.
ഒന്നാമതായി, ഓട്ടപാത്രത്തിൽ ഞണ്ടു വീണാൽ ലൊട ലൊട ലൊട..
"ഓട്ടപാത്രത്തിൽ ഞണ്ടു വീണാൽ" എന്നത് തമിഴിലെ അതേ വാക്കുകൾ ഉപയോഗിക്കാതെ അതിനെ മലയാളീകരിച്ചാണ് ജഗതി പാടിയിരിക്കുന്നത്. തമിഴിൽ ആ ഗാനത്തിന്റെ വരികൾ ഇങ്ങിനെയാണ് "ഓട്ട പാനേല നണ്ട വുട്ടേൻ ലൊട ലൊട ലൊട, ഒടഞ്ച കമ്മാ വെള്ളം വന്താ മട മട മട" - ഈ ഗാനം പാടിയിട്ടുള്ളത് പി.സുശീലയാണ്, "മുൻ ഒരു കാലത്തിലെ" എന്ന ചിത്രത്തിന് വേണ്ടി. നാടോടിപ്പാട്ടിന്റെ ശീലിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
തമിഴ് വേർഷൻ വീഡിയോ
ഇതിന്റെ അർഥം : ആദ്യത്തെ വരി ജഗതി പാടിയത് തന്നെ. "ഒടഞ്ച കമ്മാ വെള്ളം വന്താ മട മട മട" എന്നതിന്റെ അർഥം : ചിറ പൊട്ടിയാൽ അതിൽ നിന്നും വെള്ളം മട മടാന്നങ്ങിനെ പ്രവഹിക്കും. ജഗതി "ചിറ" എന്നതിന് പകരം "മഴ പെയ്തു" എന്നാക്കി.
"ഓട്ട പാനേല നണ്ട വുട്ടേൻ ലൊട ലൊട ലൊട" എന്നത് തമിഴ് നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ കേട്ടുവരുന്ന ഒരു പ്രയോഗമാണ്. അതായത്, ആരെങ്കിലും ഒരാൾ വാ തോരാതെ സംസാരിക്കുമ്പോൾ അവരെ നോക്കി മിണ്ടാതിരിക്കാൻ പറയുന്ന ഒരു പ്രയോഗമാണ് "എന്നടാത് ഓട്ട പാനേല നണ്ട് പുഗുന്ത മാതിരി ലൊട ലൊട ലൊട ന്ന്, സിത്ത നേരം സുമ്മാ ഇരുക്ക മാട്ടേ".
രണ്ടാമതായി സുരുക്കിന് മുക്കാ മൊഴം പോട്ട് മരിക്കൊഴുന്ത് , ലബക്കുന് മാത്തിപ്പുടിച്ച്, പിസ്താ ഗുമായ്ക്കിറാൻ സോമാറി..
"സുരുക്കിന് മുക്കാ മൊഴം പോട്ട് മരിക്കൊഴുന്ത് " എന്നത് തമിഴിലെ അതേ വാക്കുകൾ തന്നെയാണ് ജഗതി പാടിയിരിക്കുന്നത്. അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത് തമിഴിലെ ഗാനത്തിന്റെ പല്ലവിയുടെ പകുതി മാത്രമാണ് - അതായത് നാലുവരിയുള്ള പല്ലവിയുടെ രണ്ടു വരികൾ മാത്രം. ആദ്യത്തെ രണ്ടു വരികൾ അദ്ദേഹം ഉപയോഗിച്ചിട്ടില്ല. പെട്ടെന്ന് കേൾക്കുമ്പോൾ എന്തോ വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്നപോലെ എന്തോ പാടിയിരിക്കുന്നു എന്നാണ് കരുതുക. എന്നാൽ അത് തമിഴ് വാക്കുകളാണ്. മദ്രാസ് തമിഴ് എന്നറിയപ്പെടുന്ന ഒരു പ്രാദേശിക ഭാഷാ വകഭേദം ആണിത്. തമിഴ്, ഹിന്ദി, ഉറുദു, തെലുങ്ക് എന്നീ ഭാഷകളെല്ലാം കൂടിക്കലർന്ന സങ്കര വാമൊഴിയായ മദ്രാസ് ഭാഷ ഉപയോഗിച്ചിരുന്നവരിൽ ഏറെയും സമൂഹത്തിലെ അധ്വാനിക്കുന്ന, അടിസ്ഥാന ജനവിഭാഗം ആയിരുന്നു.
"മാമ്പലത്ത് പൂസാരി ഡബായ്ക്കിറാൻയാ, ജോറാ മന്തവെളി പൂക്കാരിയ മജായ്ക്കിറാൻയാ, സുരുക്കിന് മുക്കാ മൊഴം പോട്ട് മരിക്കൊഴുന്ത്, ഡബക്കുന് മാട്ടിപ്പുഡിച്ച്, പിസ്താ ഗുമാക്കിറാൻ സോമാറി ജമായ്‌ക്കിറാൻയാ" എന്ന പല്ലവിയുള്ള ഈ ഗാനം പാടിയിട്ടുള്ളത് അഭിനേത്രി മനോരമയാണ്. ചിത്രം "ആസൈക്ക് വയസില്ലൈ".
വരികളുടെ ഏകദേശ അർഥം ഇതാണ് : മാമ്പലത്തിലെ (മദ്രാസിലെ ഒരു സ്ഥലത്തിന്റെ പേര്) പൂജാരി മന്തവെളിക്കാരി (മന്തവെളി-യും മദ്രാസിലെ ഒരു സ്ഥലത്തിന്റെ പേരാണ്) പൂക്കാരിയുമായി ഉല്ലസിക്കുന്നു, ധൃതിയിൽ മുക്കാൽ മുഴം മരിക്കൊഴുന്ത് അളന്ന്, അവളെപ്പിടിച്ച്, അവളേം കൊണ്ട് ഭയങ്കരൻ കറങ്ങി നടന്ന ഉല്ലസിക്കുകയാണ് (പിസ്താ എന്നത് ഡിക്ഷ്ണറിയിൽ ഇല്ലാത്ത വാക്കാണ് - നീയെന്താ വല്യ ആളാണോ, ഉസ്താദാണോ എന്നൊക്കെ വരുന്ന പ്രയോഗമാണ്).
ജഗതി പാടിയ ഈ "സുരുക്കിന് മുക്കാ മൊഴം പോട്ട് മരിക്കൊഴുന്ത്" എന്നതിനെ"നേരം" എന്ന ചിത്രത്തിൽ ഒരു മുഴുനീള ഗാനമായി തന്നെ ഉപയോഗിക്കുകയുണ്ടായല്ലോ. ആ ചിത്രം തമിഴിലും ഇറങ്ങിയിരുന്നല്ലോ. രസകരം എന്തെന്നാൽ, "ഈ ഗാനങ്ങൾ ഇറങ്ങിയ സമയത്ത് വേണ്ടത്ര ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നില്ല. അത് കൊണ്ടു തന്നെ പകർത്തിയ വരികളുടെ ഉറവിടം ഈ ഗാനങ്ങൾ ആണെന്നത് മലയാളികൾ എന്ന പോലെ തന്നെ അധികം തമിഴരും അറിയാതെ പോയി"
മുകളിൽ സൂചിപ്പിച്ച രണ്ടു തമിഴ് ഗാനങ്ങളും 1975 - 1980 തിനിടക്ക് ഇറങ്ങിയ ഗാനങ്ങളാണ്. രണ്ടു ഗാനങ്ങളും അധികം ഹിറ്റ് ഒന്നുമായിരുന്നെങ്കിലും, ഇടയ്ക്കൊക്കെ റേഡിയോവിൽ പ്രക്ഷേപണം ചെയ്യുമായിരുന്നു - രണ്ടു ചിത്രങ്ങൾക്കും സംഗീതം നിർവഹിച്ചത് എം.എസ്.വിശ്വനാഥൻ ആയിരുന്നു. ജഗതി ആ കാലഘട്ടത്തിൽ മദ്രാസിൽ താമസിച്ചിരുന്നുവല്ലോ. അതുകൊണ്ട്, അദ്ദേഹം ഈ രണ്ടു ഗാനങ്ങളും തീർച്ചയായും കേട്ടിരിക്കാൻ ഇടയുണ്ട്. അത് ഓർമ്മയിൽ വെച്ചാണ് അദ്ദേഹം "കിന്നാരം"ത്തിൽ ഒരു സന്ദർഭം വന്നപ്പോ രണ്ടും തട്ടിവിട്ടത്.
m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക