സുന്ദരം ജയിംസിൻ്റെ സ്വപ്നം - ഒരു വിശദീകരണം

Cafe Special

‘നൻപകൽ നേരത്ത് മയക്കം‘ത്തിലെ സുന്ദരത്തിൻ്റെ കഥ ജെയിംസ് കണ്ട ഒരു സ്വപ്നമാണെന്ന് തെളിയിക്കാനാണ് ഈ പോസ്റ്റുകൊണ്ടുള്ള ശ്രമം. ചില കാര്യങ്ങൾ സ്വപ്നങ്ങളിൽ മാത്രമേ സാധിക്കൂ... അത് സുന്ദരത്തിൻ്റെ പ്രേതത്തിനു പോലുമാവില്ല...!!! ജെയിംസ് ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ബസ് നിർത്താൻ ആവശ്യപ്പെടുന്നത് മുതലുള്ള കാര്യങ്ങൾ അദ്ദേഹത്തിൻ്റെ സ്വപ്നമായിരുന്നു...!!! അതെങ്ങനെ എന്നത് അവസാന സ്ലൈഡിൽ പറയാം.

1

ഹോട്ടലിൽ ബില്ല് സെറ്റിൽ ചെയ്യുമ്പോൾ ഹോട്ടൽ മാനേജറോട് ജെയിംസ് പറയുന്നുണ്ട്, ‘എന്താണെന്നറിയില്ല ഇന്നലെ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലാ‘ എന്ന്. ജെയിംസിൻ്റെ ഒപ്പമുള്ള ആരും ഇങ്ങനെ ഒരു പ്രശ്നമുള്ളതായി പറയുന്നുമില്ല. രാവിലെ എല്ലാവരേയും ബാബു (അശോകൻ) വാതിലിൽ തട്ടി ഉണർത്തുമ്പോഴും എല്ലാവരും നല്ല ഉറക്കത്തിലാണെന്നത് വ്യക്തവുമാണ്. ആയതിനാൽ... അക്കൂട്ടത്തിൽ രാത്രിയിൽ നല്ല ഉറക്കം കിട്ടാതെ ബസിലെ ഉച്ചയുറക്കത്തിൽ ഏറ്റവും ഗാഡനിദ്രയിലേക്ക് പോകുന്ന ഒരാൾ ജെയിംസ് തന്നെയാണ്. ആ ഉറക്കത്തിലാണ് ജെയിംസ് താൻ സുന്ദരമായി മാറിയ സ്വപ്നം കാണുന്നത്.

2.

ബസിൽ നിന്നിറങ്ങിയ ജെയിംസ്, സുന്ദരമായി മാറി, സുന്ദരത്തിൻ്റെ വീട്ടിൽ ചെന്ന് അയയിൽ കിടക്കുന്ന സുന്ദരത്തിൻ്റെ മുണ്ടെടുത്ത് ഉടുക്കുന്നു. സുന്ദരത്തിനെ കാണാതായിട്ട് രണ്ട് വർഷമായെങ്കിൽ ആ മുണ്ട് രണ്ട് വർഷമായിട്ട് അവിടെ കിടക്കുകയായിരുന്നോ? വേണ്ടാ... അത് സുന്ദരത്തിൻ്റെ അപ്പൻ്റെയോ ഇളയപ്പൻ്റെയോ മുണ്ടാണെന്ന് വയ്ക്കാം... എന്നാൽ അടുത്തത് നോക്കാം....

3:

സുന്ദരം വീട്ടിലേക്ക് ചെല്ലുമ്പോൾ ആദ്യം ചെയ്യുന്നത് അവിടെ നിൽക്കുന്ന ഒരേ ഒരു പശുവിന് കച്ചി ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. പിറ്റേന്ന് അതിരാവിലെ സുന്ദരം എണീറ്റ് പശുവിനെ കറന്ന് പാലുമായി പോകുന്നു...! ചോദ്യമിതാണ്..., സുന്ദരം രണ്ട് വർഷം മുൻപ് വീട്ടിൽ നിന്നും പോയപ്പോൾ പാല് കറന്ന് വിറ്റിരുന്നതിൻ്റെ ബാക്കിയായിട്ടാണല്ലോ രാവിലെ എണീറ്റ് പാൽ വിൽക്കാൻ പോയത്. രണ്ട് വർഷമായിട്ടും കറവ നിൽക്കാത്തത് ഏത് പശുവാണ്? എൻ്റെ അറിവിൽ സാധാരണയായി 10 മാസമാണ് ഒരു പശുവിൽ നിന്നും പാൽ കിട്ടുന്ന കാലഘട്ടം.

4:

രാത്രി സുന്ദരം കിടന്നുറങ്ങുന്നത്, അമ്മയുടെ മടിയിൽ കിടന്നാണ്. സുന്ദരം ആ ഗ്രാമത്തിൽ ഉണ്ടായിരുന്ന 24 മണിക്കൂർ സമയമാണ് സിനിമയിൽ നമ്മെ കാണിക്കുന്നത്. ആ 24 മണിക്കൂറും ഉറങ്ങാതെയിരിക്കുന്നത് സുന്ദരത്തിൻ്റെ അമ്മയാണ്. അന്ധയായതുകൊണ്ട് ഉറങ്ങേണ്ടതില്ലാ എന്നില്ലല്ലോ...!!! ഇതൊക്കെ സ്വപ്നത്തിലേ നടക്കൂ...!!!

5:

സുന്ദരത്തിൻ്റെ ആത്മാവ് അവിടെതന്നെ തങ്ങി നിൽക്കുന്നു എന്ന രീതിയിൽ പലരും വ്യാഖ്യാനിച്ച നിഴലിൻ്റെ കാര്യം. പല തവണ കണ്ട് നോക്കി... അതിൽ ഒരു അസാധാരണത്വം ഉണ്ട്...!! എവിടെ നിന്നു വരുന്നു എന്നറിയാത്ത ആ വെളിച്ചം പോലും strange ആണ്. അതിൽ ആ നിഴൽ അവിടെ നിൽക്കുന്നു എന്നത് ആത്മാവാണെന്ന് കരുതിയാലും, സുന്ദരം ആ തൂണിനു പിന്നിൽ മറഞ്ഞുപോയി എന്നത് ഒരു സ്വപ്നക്കാഴ്ച്ചയിലേ സംഭവിക്കാൻ തരമുള്ളു.

6:

സ്ഥിരമായി തലമുടി വെട്ടിയിരുന്ന ബാർബർ മലൈചാമി 6 മാസം മുൻപ് മരിച്ചു എന്നാണ് പറയുന്നത്. ആ ഫോട്ടോയിൽ കൊടുത്തിരിക്കുന്ന ഡേറ്റ്, 20.12.2011. അപ്പോൾ കഥ നടക്കുന്നത് 6 മാസം കഴിഞ്ഞുള്ള ജൂൺ 2012 എന്ന് സാരം. എന്നാൽ സിനിമയുടെ ആകെമൊത്തം സെറ്റപ്പ് വച്ച് നോക്കിയാൽ വേളാങ്കണ്ണി യാത്ര കഥ നടക്കുന്നത് 2000 - 2005 നും ഇടയിലുള്ള കാലഘട്ടമായിട്ടാണ് തോന്നുക. വളരെ കുറച്ച് പേരുടെ കൈകളിൽ മാത്രം മൊബൈൽ ഫോൺ. അതും പഴയകാല ഹാൻഡ്സെറ്റ്.

7:

സുന്ദരമായ ജെയിംസ് സ്വന്തം മുഖം കണ്ണാടിയിൽ കാണുമ്പോൾ, ബാക്ഗ്രൗണ്ട് സ്കോർ ശബ്ദമവസാനിക്കുന്നത്, ജെയിംസും കൂട്ടരും യാത്ര ചെയ്യുന്ന ബസ്സിൻ്റെ ഗ്ലാസുകൾ ബസ്സ് ഓടുമ്പോൾ കുലുങ്ങുന്ന ശബ്ദത്തിലാണ്. സ്വപ്നത്തിലെ ആ നടുക്കത്തിൽ ജെയിംസ് ഉണരാനുള്ള ചാൻസുണ്ടായിരുന്നു... ബസ്സിൻ്റെ കുലുക്കം ജെയിംസ് കേട്ടുതുടങ്ങിയിരുന്നു എന്നാണവിടെ കാണിക്കുന്നത്. പിന്നേയും സ്വപ്നം തുടർന്നു.

8:

നാട്ടുകൂട്ടത്തിനിടയിൽ നിന്നുകൊണ്ട് കഥപറയുന്ന സുന്ദരം. അതിൽ പരാമർശിക്കുന്ന മലയാളിയുടെ ലോറിയുടെ നമ്പർ KL15 3425...!!! KL15 തിരുവനന്തപുരം ഡിപ്പോയിലെ ട്രാൻസ്പോർട്ട് ബസുകളുടെ രജിസ്റ്റ്രേഷൻ നമ്പറാണ്. അതെങ്ങനെ ലോറിയുടെ നമ്പറാവും...! ഇത് കാണിച്ചുതന്ന ആർദ്രക്ക് സ്നേഹവും കടപ്പാടും...!!

9:

സുന്ദരത്തിൽ നിന്നും ജെയിംസിലേക്ക് തിരിച്ചെത്തിയ ശേഷം ആ ഗ്രാമത്തിലെ വഴികളിലൂടെ എല്ലാവരും ഒരുമിച്ച് നടന്ന് വരുമ്പോൾ മുന്നിൽ നടക്കുന്നത് ജെയിംസാണ്. എങ്ങനെയാണ് ജെയിംസിന് ആ വഴികൾ കൃത്യമായി അറിയുക...!!!

10:

ജെയിംസ് സുന്ദരമാകുവാനായി ബസിൽ നിന്ന് ഇറങ്ങുന്ന സമയത്ത് ഉറങ്ങുകയായിരുന്ന അതേ അവസ്ഥയിൽ തന്നെയാണ്, ജെയിംസും കൂട്ടരും ബസിൽ തിരിച്ചുകയറിയതായി കാണിക്കുന്നതിനു ശേഷം ജെയിംസ് പുറത്തേക്ക് നോക്കുന്ന സീനിൽ കാണുന്നത്. അത് വ്യക്തമാക്കാനായിട്ടെന്നോണം പ്രസ്തുത സീൻ 20 സെകൻ്റ് സ്റ്റില്ലായിട്ടാണ് കാണിക്കുന്നത്. പാടത്തെ ഇലകൾ ആടുന്നതൊഴിച്ചാൽ ബാക്കി സ്റ്റിൽ. ഒറ്റ നോട്ടത്തിൽ, ജെയിംസിൻ്റെ ഇരിപ്പിടം ജനാലക്കരികിലേക്ക് ആയി എന്ന് തോന്നുമെങ്കിലും, സൂക്ഷിച്ചു നോക്കിയാൽ മനസിലാവും ആ ഗ്ലാസിനപ്പുറെ ജനാലക്കരികിൽ ജെയിംസിൻ്റെ ഭാര്യയാണ് ഉറങ്ങുന്നത് എന്ന്. അതുപോലെ തന്നെ ബസ്സിൽ ബാക്കിയെല്ലാവരും അപ്പോഴും ഉറങ്ങുകയാണ്. ജെയിംസിൻ്റെ സീറ്റിൻ്റെ പിന്നിലായി ചുവപ്പ് ഷർട്ടിൽ രാത്രിയിൽ എർണാകുളത്തിനുള്ള ജീപ്പ് കിട്ടി പോയതായി കണ്ട മോനായിയും അവിടെ ഇരുന്ന് ഉറങ്ങുന്നുണ്ട് എന്നതാണ് സത്യം.

11:

‘സാരഥി‘ തിയേറ്റേഴ്സിൻ്റെ നടത്തിപ്പുകാരൻ കൂടിയായ ജെയിംസിൻ്റെ ഊണിലും ഉറക്കത്തിലും നാടകം തന്നെയാണെന്നതിൽ സംശയമൊന്നുമില്ല. ഹോട്ടലുകാരൻ്റെ അടുക്കൽ നിന്നും കേൾക്കുന്ന ‘തിരുക്കുറൽ‘ എന്നതിനേപ്പോലും നാടകത്തിൻ്റെ പേരാക്കുന്നതിനേക്കുറിച്ചാണ് ജെയിംസിൻ്റെ ചിന്ത. ബസിൽ ഇരുന്ന് കാണുന്നത് മമ്മൂട്ടിയുടെ ഡബിൾ റോൾ സിനിമയായ പരമ്പരയാണ്. രണ്ട്-മൂന്ന് ദിവസമായി ജെയിംസ് കണ്ടത് മുഴുവൻ തമിഴ് മനുഷ്യരെ ആയിരുന്നു. ഇവയെല്ലാം ജെയിംസിൻ്റെ സ്വപ്നത്തെ സ്വാദീനിച്ചിട്ടുണ്ട്. പിന്നെ അദ്ദേഹത്തിൻ്റെ നാടകാഭിനിവേശം കാരണമാവണം, അദ്ദേഹത്തിൻ്റെ സ്വപ്നങ്ങൾ പോലും നാടകവേദികളിലെ ബാക്ഡ്രോപ്പ് പോലെ സ്റ്റിൽ ഷോട്ടുകളിലായിരുന്നു. ആ പട്ടി പിന്നാലെ ഓടുന്നതും സ്വപ്നത്തിൻ്റെ ഭാഗം തന്നെ.

സത്യത്തിൽ മറ്റുള്ളവർക്കൊപ്പം ജെയിംസ് അപ്പോഴും ഉറങ്ങുകയായിരുന്നു. അയാൾ ഇടക്ക് എണീക്കുകയോ, വണ്ടി നിർത്താൻ പറയുക പോലും ചെയ്തിട്ടില്ലാ എന്നതാവാം സത്യം.