സത്യം ജനങ്ങൾ അറിയണം... ജയ ജയ ജയ ജയ ഹേ കോപ്പി അല്ല...സംവിധായകൻ വിപിൻദാസ്

News

സത്യം ജനങ്ങൾ അറിയണം .... ജയ ജയ ജയ ജയ ഹേ കോപ്പി അല്ല..... മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത 'ജയ ജയ ജയ ജയഹേ' അതിനും ആറു മാസം മുൻപേ ഇറങ്ങിയ മറ്റൊരു ഫ്രഞ്ച് മൂവിയിൽ നിന്ന് കോപ്പി അടിച്ചതാണെന്നുള്ള  ആരോപണങ്ങളിൽ മറുപടിയുമായി സംവിധായകൻ വിപിൻദാസ്. ഒരു സീൻ പോലും പകർത്തിയിട്ടില്ല എന്ന് തനിക്ക് ബോദ്ധ്യമുള്ള  കാലത്തോളം കുപ്രചരണങ്ങൾ മുഖവിലക്കെടുത്തിരുന്നില്ല. പക്ഷെ ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ടവർക്കും   അതിൽ പ്രവർത്തിച്ചവർക്കും ഉണ്ടായ വിഷമങ്ങൾ മനസിലാക്കിക്കൊണ്ടാണ് ഇതു സംബന്ധിച്ച തെളിവുകൾ നൽകുന്നതെന്ന് വ്യക്തമാക്കിയ സംവിധായകൻ തിരക്കഥ ലോക്ക് ചെയ്ത ഇമെയിൽ ഉൾപ്പെടെ ഫേസ് ബുക്ക് കുറിപ്പിൽ ചേർത്തിട്ടുണ്ട്.  പല ഓൺലൈൻ സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും നടക്കുന്ന പ്രചാരണങ്ങളെ വിഷമത്തോടെയേ  കാണാൻ സാധിക്കു എന്നും താനും  ഞെട്ടലോടെ തന്നെയാണ് ആ സീനുകൾ കണ്ടതെന്നും സംവിധായകൻ പറയുന്നു. ഒരേ പോലെ ഉള്ള ഷോട്ടുകൾ അടുപ്പിച്ചു കാണിക്കുമ്പോൾ ഒരുപാട് സമാനതകൾ കാണാൻ പറ്റിയെന്നും എന്നാൽ ഇങ്ങനെ ഒരു സിനിമ ഉള്ള കാര്യം അതിന്റെ വർക്കുകൾ നടക്കുന്ന സമയത്തതൊന്നും അറിഞ്ഞിരുന്നില്ലെന്നും വിപിൻദാസ് പറഞ്ഞു.  

ആറു മാസം മുൻപ് ഇറങ്ങിയ സിനിമയിൽ നിന്നും കോപ്പി അടിച്ചു കഥയുണ്ടാക്കി റിലീസ് ചെയ്യാൻ സിനിമയിൽ എളുപ്പത്തിൽ സാധ്യമല്ലെന്നു വിവേകമുള്ളവർക്ക് മനസിലാക്കും. ആരോപണത്തിൽ പറയുന്ന ചിത്രം റിലീസ് ആയതു 2022 മാർച്ച് 9 ആണ്. ഗൂഗിളിൽ റിലീസ് തീയതി 2021  ഒക്ടോബർ 22 എന്നാണ്.  പക്ഷെ റിലീസ് തീയതി മാറിയാണ് മാർച്ച് 9 ആയത്. ജയ ഹേ 2022 ജനുവരി 26നാണ് അനൗൺസ് ചെയ്തത്,  ആ സിനിമയുടെ സ്ക്രിപ്റ്റ് അതിനും ഒരു വർഷം മുൻപ് 2020 ഡിസംബറിൽ തന്നെ ലോക്ക് ചെയ്തിരുന്നു.  നായികാ കഥാപാത്രം അടിക്കുന്നതും ബ്ലോക്ക് ചെയ്യുന്നതും ,ചവിട്ടി തെറിപ്പിക്കുന്നതും ,ഫിഷ് ടാങ്കിൽ വിഴുന്നതും,റീവൈൻഡ് ചെയ്യുമ്പോൾ മൊബൈലിൽ  ഫൈറ്റ് കണ്ടു പഠിക്കുന്നതും,പിന്നെ ഇവർ തമ്മിലുള്ള സംഘടനവും എല്ലാം ലോക്ക് ചെയ്ത  ഡ്രാഫ്റ്റിൽ എഴുതിട്ടുണ്ട്. ഇതിൽ നിന്നും തിരക്കഥ നേരത്തെ എഴുതി എന്നു മനസിലാകും.  ജയ ഹേ തിരക്കഥ രചന 2020 ൽ അന്താക്ഷരി പോസ്റ്റ് പ്രൊഡക്ഷൻ ടൈമിലാണ് എഴുതി തുടങ്ങിയത്.  ഡിസംബർ 2020ൽ തന്നെ സ്ക്രിപ്റ്റ് തീർത്ത് മെയിൽ ചെയ്തതിന്റെ തെളിവും ചേർത്തിട്ടുണ്ട്. 2021 ജനുവരി മുതൽ പല പ്രൊഡ്യൂസറിനെയും, അഭിനേതാക്കളെയും സമീപിക്കുകയും ഒടുവിൽ ഡിസംബർ മാസത്തിലാണ്  ബേസിൽ ജോസഫ്, cheers media , ദർശന എന്നിവർ സിനിമയിലേക്ക് വരുന്നതെന്നും വിപിൻദാസ് വിശദീകരിച്ചു.
   
 ഫ്രഞ്ച് ചിത്രം മാർച്ച് 9നു റിലീസ് ആയെങ്കിലും അത് ഫ്രഞ്ച് ഭാഷയിലും ആ രാജ്യത്തും മാത്രമാണ് റിലീസായത്. തുടർന്നുള്ള മാസങ്ങളിലാണ് മറ്റു രാജ്യങ്ങളിൽ റിലീസ് ചെയ്തത്.മെയ് 12ന് ഷൂട്ടിംഗ് തുടങ്ങിയ ജയ ജയ ജയ ജയഹേ ജൂൺ പകുതി തീർന്നു.  ഇന്ത്യയിൽ റിലീസ് ചെയ്യാത്ത ഫ്രഞ്ച് ചിത്രം  ഓഗസ്റ്റ് 2022 ആണ് പുറം രാജ്യങ്ങളിൽ അതിൻ്റെ ott റിലീസായി വന്നത്. ചിത്രത്തിന്റെ പൈറേറ്റഡ് ടോറന്റ് , ടെലിഗ്രാം ഫയലുകളും അതേ മാസത്തിൽ തന്നെ വന്നതായി ഗൂഗിളിൽ നിന്നും മനസിലാക്കിയതായും വിപിൻദാസ് കുറിച്ചു.  ജൂൺ ഷൂട്ട് കഴിഞ്ഞ ജയഹേ ഒക്ടോബറിൽ റിലീസും  ചെയ്തു.

തന്റെ നിഗമനത്തിൽ സംഘട്ടന രംഗങ്ങളിലെ സാമ്യത രണ്ടു സംവിധായകരും പഴയ ജാക്കി ചാൻ, ജെറ്റ് ലി സിനിമകളുടെ ശൈലി പിന്തുടർന്നത് കൊണ്ടാകാം.  ചൈനീസ് ആക്ഷൻ സിനിമകളിലെ ലെൻസിങ്ങും, ക്യാമറ മൂവ്മെന്റും, എഡിറ്റിംഗിൽ ചൈനീസ് കട്ടും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ  ആ ഫ്രഞ്ച് സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നും ഇതിന്റെ ട്രെയ്ലർ കണ്ട് കോപ്പി അടിച്ചു എന്ന് വിചാരിച്ചാൽ പോലും ഫ്രഞ്ച് സിനിമയുടെ ട്രെയ്ലർ ഇറങ്ങുന്നത് 2022 ജനുവരി 13ൽ ആണെനും അതിനും ഒരു വർഷം മുൻപ് ലോക്ക് ചെയ്ത സ്ക്രിപ്റ്റ് താൻ  തെളിവായി പോസ്റ്റ് ചെയ്യുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. 2021 മാർച്ചിൽ ആണ് താൻ സ്റ്റണ്ട് ഡയറക്ടർ ഫെലിക്സിനെ കോൺടാക്ട് ചെയ്തതും ഏപ്രിലിൽ കേരളത്തിൽ എത്തി കൊച്ചിയിലെ  ചില വീടുകൾ സന്ദർശിച്ച് സംഘട്ടനത്തിനു ആവശ്യമായ കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തതും സംവിധായകൻ തെളിവായി പറഞ്ഞു. ആ സംഘട്ടനം നിങ്ങൾ സിനിമയിൽ കണ്ട രീതിയിൽ വേണമെന്ന് ആദ്യ എഴുത്തിൽ തീരുമാനിക്കുകയും അഭിനേതാക്കളും നിർമാതാക്കളും എത്തും മുമ്പേ  തീരുമാനിച്ചത് സ്റ്റണ്ട് ഡയറക്ടറെ ആണെന്നത് ഇതിന്റെ തെളിവായി കാണാം.  എന്തെങ്കിലും തരത്തിലുള്ള ഇൻസ്പിറേഷൻ  ഉണ്ടായിരുന്നെങ്കിൽ മുൻകൂറായി പറയുമായിരുന്നു.രാജേഷ് കാർ വീട്ടിൽ കയറ്റി ഇടുന്ന സീനിന് റോമാ എന്ന സിനിമയിലെ ഒരു സീനുമായി സാമ്യമുള്ള തെന്ന്  തോന്നിയപ്പോൾ  അത്  സിനിമയിൽ ഉൾക്കൊള്ളിച്ച് അത് ഇൻസ്പിറേഷൻ ആയി ചെയ്തിട്ടുണ്ടെന്ന് ഇന്റർവ്യൂവിൽ പറയുകയും ചെയ്തിരുന്നു.ഇനിയും ഈ  രീതിയിലുള്ള ദുഷ് പ്രചരണങ്ങൾ നടത്തുന്നവരെ നിയമപരമായി നേരിടുമെന്നും വിപിൻദാസ് പറഞ്ഞു.

സംവിധായകൻ വിപിൻ ദാസിന്റെ എഫ് ബി പോസ്റ്റിന്റെ ലിങ്ക്  :

https://www.facebook.com/100001190363215/posts/pfbid0u6Xi71xESR6JsRPtNCUSJP2Y4YbYHXAYusBNiTbqFkLfFHWUfgKyEpYugF99U6AEl/?sfnsn=mo&mibextid=6aamW6

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment