ജോൺസൺ മാസ്റ്റർ - ഒരു m3db ഓർമ്മ

Memoirs

മലയാളം യുണീക്കോഡിൽ മലയാള സിനിമയുടേയും സംഗീതത്തിന്റേയും പൂർണ്ണവിവരങ്ങൾ ശേഖരിക്കാൻ വേണ്ടി ആരംഭിച്ച മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് എന്ന m3db ഉദ്ഘാടനം ചെയ്യാൻ വേണ്ടി സംഗീതരംഗത്തെ ഒരു പ്രഗൽഭനെത്തന്നെ തേടണമെന്ന് അണിയറയിലുള്ളവർ ഉറപ്പിച്ചിരുന്നു. അന്ന് ജോൺസൻ മാഷുടെ പേരാണ് ഏറ്റവും ശക്തമായി പൊങ്ങിവന്നത്.

പ്രസ്ഥാനത്തിന്റെ ഉദ്ദേശം വലുതാണെങ്കിലും ഇത്തരമൊരു ചെറിയ, പലരുമറിയാത്ത ഒരു നോൺ കൊമേഴ്സ്യൽ പ്രോജക്റ്റിനേപ്പറ്റിപ്പറയുമ്പോൾ ഇത്തരം സെലിബ്രറ്റികൾ മനസിലാക്കുമോ, ഈ സംരംഭം ഉദ്ഘാടനം ചെയ്യാൻ കടന്നു വരുമോ എന്നുള്ള ആശങ്ക ആയിരുന്നു തുടക്കം മുതൽ തന്നെ.

എന്നാൽ അന്ന് m3db ടീമിലെ അംഗമായ ശ്രീചിത്രനും കുടുംബത്തിനും ജോൺസൻ മാഷിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വ്യക്തിപരമായി അടുപ്പമുണ്ട്. താൻ വിളിച്ചാൽ അദ്ദേഹം വരും എന്ന് ശ്രീ ഉറപ്പു പറഞ്ഞപ്പോഴും ആശങ്ക വിട്ടൊഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ചും ഉദ്ഘാടനം നടക്കുന്നത് ഒരു പൊതുസ്ഥലത്തല്ല, പാലക്കാട്ടുള്ള മൃണ്മയി എന്ന ഭവനത്തിൽ വച്ചാണ്. m3dbയുടെ അഡ്മിനിലൊരാളായ കെ പി ഉമയുടെ വീടാണ് മൃണ്മയി.

പല രാജ്യങ്ങളിലുമായി, വളരെ വർഷങ്ങളായി ഇത്തരം ഒരു പ്രോജക്റ്റിന്റെ അണിയറയിൽ ജോലി ചെയ്തിരുന്ന, ഒരിക്കൽപ്പോലും നേരിൽക്കാണാത്ത ഒരു കൂട്ടം സുഹൃത്തുക്കളുടെ ഒത്ത് ചേരലിന്റെ ഊഷ്മളത കൂടിയായിരുന്നു ഒരു പക്ഷേ ഒരു പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനൊടൊപ്പം തന്നെ ഞങ്ങളുടെ താല്പര്യം. അതിനാലാണ് ഒരു പൊതു സ്ഥലം വിട്ട് മൃണ്മയിയിൽത്തന്നെ കൂടാൻ കാരണം.

അത് കൊണ്ട് തന്നെ ഇത്തരമൊരു സ്വകാര്യ ചടങ്ങിലേക്ക് ജോൺസൻ മാഷ് വരുമോ? കുറേ നാളായി മാധ്യമങ്ങൾക്കോ മറ്റാളുകൾക്കോ റീച്ചബിൾ അല്ലാതെ ഇരിക്കുന്ന മാഷിനെ വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം എന്താവും എന്നതൊക്കെ ആശങ്ക വർദ്ധിപ്പിക്കാൻ കാരണമായിരുന്നു. അറിവു കേടിൽ നിന്നുയർന്ന രണ്ടാമതൊരു ആശങ്ക കൂടിയുണ്ടായിരുന്നു. സാമ്പത്തികം തന്നെ. കാരണം ഇത്തരം സെലിബ്രറ്റികളോടൊന്നും നേരിട്ട് പരിചയമൊന്നുമില്ല, വരാമെന്ന് ഏറ്റാൽ ലക്ഷങ്ങൾ വല്ലതും ചോദിക്കുമോ ? ഇങ്ങനെയൊരു നോൺ-മോനിട്ടറി പ്രോജക്റ്റ് ആണ് സാമ്പത്തികമില്ല എന്നൊക്കെപ്പറഞ്ഞാൽ മനസിലാവുമോ ?

വളരെ കൗതുകകരമായിത്തോന്നി പിന്നീട് നടന്ന സംഭവങ്ങൾ. ശ്രീചിത്രൻ ജോൺസൻ മാഷിനെ ഫോണിൽ ബന്ധപ്പെട്ടു. ഇത്തരമൊരു പ്രോജക്റ്റിനേപ്പറ്റിപ്പറഞ്ഞപ്പോൾ യാത്രാസൗകര്യവും തലേദിവസം താമസിക്കാനുമുള്ള സൗകര്യത്തിനപ്പുറം മറ്റ് യാതൊരു പാരിതോഷികമോ, ലക്ഷങ്ങളോ ആവശ്യമില്ല. ഉദ്ഘാടനം നിർവ്വഹിക്കാൻ താൻ വരാമെന്ന് മാഷ് ഏറ്റു.

ഒരേയൊരു ഡിമാന്റ് മാത്രമേ മുന്നോട്ട് വെച്ചുള്ളു. ദയവായി ഉച്ചയോടെ മാത്രമേ ഉദ്ഘാടനം വെയ്ക്കാവൂ. കാരണം ജോൺസൻ മാഷ് ശബ്ദം വീണ്ടെടുക്കാനുള്ള എന്തോ തെറാപ്പിയിലാണ്. അതിനാൽ രാവിലെ വ്യക്തമായി ഒരു സമ്മേളനത്തിൽ സംസാരിക്കാൻ മാത്രമുള്ള ശബ്ദം ഉണ്ടാവില്ല. 

അങ്ങനെ  സമ്മേളനത്തിന്റെ തലേദിവസങ്ങളിൽ ഞങ്ങളെല്ലാം കൂടി മൃണ്മയിയിൽ ഒത്ത് കൂടി. ഒരു പ്രശ്നമുണ്ട്, ആരാണ് ജോൺസൻ മാഷിനെ വിളിക്കാൻ പോവുക ? ജോൺസനെ മാഷിനെ വിളിച്ചതും, സംസാരിച്ചതും എല്ലാ കാര്യങ്ങൾ ഏർപ്പെടുത്തിയതും ശ്രീചിത്രൻ തന്നെ. പക്ഷേ ശ്രീക്ക് പോകാൻ പറ്റില്ല. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീചിത്രനെ ആ ചടങ്ങിൽത്തന്നെ നിർത്താമെന്ന് സമ്മതിച്ചത് അദ്ദേഹത്തിന്റെ വീട്ടുകാരുടെ കാലു പിടിച്ചാണ്. അപ്പോൾ അത്രയും ദൂരം യാത്ര ചെയ്ത് കോയമ്പത്തൂർ നിന്നും പാലക്കാട്ടേക്ക് ജോൺസൻ മാഷിനെ വിളിച്ചു കൊണ്ട് വരാൻ ശ്രീയെ അയക്കുന്നത് ശരിയല്ല.

ചുരുക്കത്തിൽ ഇക്കാര്യങ്ങളിലൊന്നും യാതൊരു പരിചയവുമില്ലാതിരുന്ന എനിക്ക് നറുക്ക് വീണു. പിറ്റേ ദിവസത്തെ പരിപാടികളുടെ മുമ്പായി വെബ്ബിന്റെ പണി പൂർണ്ണമായിത്തീർന്നിട്ടില്ല. ചെന്നൈയിൽ കെവിൻ വെബ്ബ് ഡെവലപ്പ്മെന്റുമായി തലകുത്തിമറിയുന്നുണ്ട്. ഡാറ്റാ കോർഡിനേറ്റ് ചെയ്യണം. സ്വതവേയുണ്ടായിരുന്ന ടെൻഷൻ ഡബിളായി.

സർ ഞാൻ എം3ഡിബിയിലെ..
ആരാടാ നീയ്..?
വിളിച്ചു കൊണ്ട് വരാൻ വരാമെന്നിരുന്ന് ഏറ്റിരുന്ന ആളെവിടെ?. നിങ്ങൾക്കൊന്നും ഒരു ഉത്തരവാദിത്വമില്ലേ ?

മുൻപ് നിശ്ചയിച്ചതിൽ നിന്നും മാറി ഒരു അപരിചിതനെക്കണ്ടാൽ ഇങ്ങനെയൊക്കെ ആവുമോ പ്രതികരിക്കുക എന്നൊക്കെ വെറുതേ ചിന്തിച്ചു കൂട്ടി ടെൻഷനുമടിച്ച് ഞാൻ കോയമ്പത്തൂരേക്ക് യാത്രയായി. കൂടെ പരുത്തിവീരൻ എന്ന് ഞങ്ങൾ വിളിക്കുന്ന ഗണേഷുമുണ്ട്. യാത്രയിൽ ടെൻഷൻ കുറക്കാൻ ഗണേഷ് അവന്റെ സിനിമാനുഭവങ്ങൾ, സെലിബ്രറ്റിക്കഥകൾ ഒക്കെ തട്ടിവിടുന്നുണ്ട്. കോയമ്പത്തൂരെത്തി എയർപോട്ടിലെ അറൈവൽ ലോഞ്ചിലെ വിഐപ്പി എൻട്രൻസിലേക്ക്  രണ്ട് ടീക്കറ്റുമെടുത്ത് കയറിയിരുന്നു. ചെന്നൈ ഫ്ലൈറ്റിലെ യാത്രക്കാർ ഒരോരുത്തരായി പുറത്തെത്തിത്തുടങ്ങി. ഏറ്റവുമൊടുവിൽ ഒരു കുറിയ മനുഷ്യൻ, കോളേജ് പിള്ളാരെപ്പോലെ ഒരു ഗിത്താറും പിറകിൽ തൂക്കി വരുന്നുണ്ട്. ടെൻഷന്റെ ഗ്രാഫ് ബെൽ കർവ് പോലെ  ഉയർന്നു തുടങ്ങി...

ചാടി വീഴട്ടെ പരുത്തീ..? ഉം..

സർ ഞാൻ കിരൺ, എം3ഡിബിയിലെ, ചിത്രൻ പറഞ്ഞ..
ആഹ്..യെസ്..എപ്പോഴാ മോനേ ചടങ്ങ് ?
നാളെ ഉച്ചയോടെയാണ്..

കോയമ്പത്തൂരു നിന്നും പാലക്കാട്ടേക്കുള്ള അടുത്ത രണ്ടു മണിക്കൂർ യാത്ര, ഒരു പക്ഷേ ഒരു സ്വകാര്യ അഹങ്കാരമായി ആരോടും പറയാതിരുന്നു. സംഗീത ലോകത്ത് നിന്ന് അന്യനായി മാറി നിന്ന സമയത്തെപ്പറ്റി, ദിവസങ്ങളോളം ഒരു മുറിക്കക്കത്ത് കതകടച്ചിരുന്ന്, ലോകത്തെ കാണുന്നില്ലെന്ന തീരുമാനത്തെപ്പറ്റി, ഇൻഡസ്ട്രിയോട് ബന്ധപ്പെട്ട സ്വകാര്യ ദു:ഖങ്ങളേപ്പറ്റി ഒക്കെ അദ്ദേഹം വാചാലനായി. 

ഇടക്ക് ഏതെങ്കിലും ഒരു തട്ടുകടയിൽ നിർത്തി ചായ കുടിക്കണമെന്നായി ആവശ്യം. ഞങ്ങൾ പാതയോരത്തെ ഒരു തട്ടുകട നോക്കി നിർത്തി, ചായ കുടിച്ചു. ഡിസ്കോ ഡാൻസിന്റെ പരുവത്തിൽ ആ തട്ടുകടയിൽ നിന്നു കേട്ട അയ്യപ്പൻ പാട്ട് കേട്ട് ജോൺസൻ മാഷ് തമാശ രീതിയിൽ ഏന്തോ ഒരു നാടൻ തെറിപറഞ്ഞത് കേട്ടപ്പോൾ കൗതുകം തോന്നി, ഒരു അപരിചിതനോട് ഇത്രയധികം മനസ് തുറക്കാൻ മാഷ് തയ്യാറായല്ലോ?

ഒരു സോപ്പ് മണക്കുമ്പോൾ, ചില ചിത്രങ്ങൾ കാണുമ്പോൾ ഓർമ്മയുടെ ചില മുഹൂർത്തങ്ങളിലേക്ക് നമ്മൾ എത്തിച്ചേരുന്നത്  പോലെ,  ചില പാട്ടുകൾ കേൾക്കുമ്പോൾ നാട്ടിലെ കുളക്കടവിലോ, പത്തായപ്പുരയിടെ പിറകിലോ, വയൽപ്പാടത്തിലേക്കോ ഒക്കെയുള്ള നാടൻഗ്രാമ മുഹൂർത്തങ്ങളിലേക്ക് ഏത് മലയാളിയേയും എടുത്തെറിയുന്ന, നൊടിയിടയിൽ ഗ്രാമീണനാക്കുന്ന ജോൺസൻ മാഷ് ഇങ്ങനെയൊക്കെ സംസാരിച്ചില്ലെങ്കിലെ അദ്ഭുതമുള്ളു എന്ന് മനസിലായി.

പാലക്കാട് അടുത്ത് ഹോട്ടൽ എത്താറായപ്പോൾ എന്റെ ഉള്ളിലെ സംഘാടകൻ തലപൊക്കി. ജോൺസൻ മാഷ് നന്നായി മദ്യപിക്കുമെന്ന് എവിടൊക്കെയോ വായിച്ചിട്ടുണ്ട്. അതിനാൽ അത്തരമൊരു സെറ്റപ്പ് ഒക്കെ റൂമിലും ഹോട്ടലിലുമൊക്കെയായി വേണോ ? പക്ഷേ ഇതൊക്കെ എങ്ങനെ ചോദിക്കും?

ഞാൻ വെറുതേ ഒരു നമ്പരിട്ടു.
മാഷേ വല്ലതും കഴിക്കണോ ? (മറ്റവനെ ഒളിപ്പിച്ച് കടത്താൻ നോക്കി)
വേണം..രണ്ട് ദോശയോ അല്ലെങ്കിൽ ചപ്പാത്തിയോ മറ്റോ മതി..
ഏറ്റില്ല.. അല്ല മാഷേ,വേറെ എന്തെങ്കിലും ?
വേണ്ട, അതിനുള്ള ചമ്മന്തിയോ മറ്റോ മതിയാവും..രാവിലെയും ദോശയോ മറ്റോ മതി.

ഭയഭക്തിബഹുമാനത്തോടെ ഒരു താരത്തെ നോക്കിക്കണ്ട ഒരു സാധാരണക്കാരന്റെ ഒരോ ആശങ്കകളേയും ഇങ്ങനെ മാറ്റിയെടുത്തു കൊണ്ട് ജോൺസൺ മാഷ് പിറ്റേദിവസം വന്നു സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനൊപ്പം , m3db ഉദ്ഘാടനം ചെയ്തു. സംസാരിച്ചു, ശബ്ദം വയ്യാതിരുന്നിട്ടും ഉമേച്ചി ഓർത്തിരുന്നത് പോലെ "എം ആർ രാധയുടെ" ശബ്ദത്തിൽ അദ്ദേഹം ദേവാങ്കണങ്ങൾ പാടി.

m3dbയുടെ വെബ്ബിൽ അന്നുണ്ടായിരുന്ന കുഞ്ഞൻ റേഡിയോ ഉദ്ഘാടനം ചെയ്തപ്പോൾ കേൾക്കുന്നത് അദ്ദേഹത്തിന്റെ ശിഷ്യനായ വിജേഷ് ഗോപാൽ പാടിയ "ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം"  എന്ന പാട്ടു കേട്ട് സന്തോഷപൂർവ്വം നാക്കു കടിച്ച്, അമ്പടാ എന്ന് വിളിച്ച്..ഒരു നാട്ടുമ്പുറത്ത്കാരനേപ്പോലെ അദ്ദേഹം തിരിച്ചു പോയി..! 

സ്വർണ്ണക്കട ഉദ്ഘാടനം ചെയ്യാൻ കൊണ്ടുവന്ന ഒരു സെലിബ്രറ്റിയേപ്പോലെ ആവരുത്, m3db എന്ന വെബ്സൈറ്റിന്റെ ഉദ്ദേശലക്ഷ്യങ്ങളേപ്പറ്റിയൊക്കേ കഴിവതും മനസിലാക്കിക്കൊടുക്കാൻ കഴിയണം. തലേ ദിവസത്തെ യാത്രയിൽ അതൊക്കെ വിശദമാക്കിയപ്പോൾ ഇത്തരമൊരു പ്രോജക്റ്റിൽ തനിക്കുള്ള താല്പര്യത്തേപ്പറ്റി മാഷ് വാചാലനായി. മലയാള സിനിമാ സംഗീതശാഖയിലെ കലാകാരന്മാർക്ക് വേണ്ടി ഉത്തരേന്ത്യൻ സംഘടനായ IPRSൽ നടത്തിയ വാക്കു തർക്കങ്ങളുമൊക്കെ പങ്കു വെച്ചു.

Johnson Master with M3DB

പിറ്റേന്ന് ചെന്നൈയിലെത്തി വെബ്സൈറ്റ് വിശദമായി നോക്കി മനസിലാക്കിയിട്ട് അദ്ദേഹം ശ്രീചിത്രനെ വിളിച്ചു. നന്നായിട്ടുണ്ട്. രക്ഷാധികാരിയായോ ഈ പ്രോജക്റ്റിനെ സഹായിക്കാൻ പറ്റുന്ന തരത്തിലോ മറ്റോ എന്ത് സഹായം വേണമെങ്കിലും പറഞ്ഞോളുക എന്ന് പറഞ്ഞു. സഹായത്തിനു വിളിക്കാൻ സമയമായിട്ടില്ല എന്ന് കരുതിയിരുന്നു. ഇനിയിപ്പോൾ ആരോടാണ് ഞങ്ങൾ സഹായം അഭ്യർത്ഥിക്കുക?. കടം വാങ്ങി വച്ച് ആൾ ഒറ്റപ്പോക്ക് അങ്ങോട്ടങ്ങ് പോയി !

2011 ഓഗസ്റ്റ് പതിനെട്ടിന് ജോൺസൻ മാസ്റ്റർ മരണമടഞ്ഞ ദിവസം, m3dbയിൽ എഴുതിയ കുറിപ്പ്. 
ചിത്രങ്ങൾക്ക് കടപ്പാട് : ഷാജി മുള്ളൂക്കാരൻ, പാലക്കാട്
 
Relates to: 
ജോൺസൺ
Comment