ബാലചന്ദർ എടുത്ത തീരുമാനം...വഴി മാറിയത് തമിഴ് സിനിമാ സംഗീത രംഗം

Cafe Special

ചില വേർപിരിയലുകൾ നല്ലതിനായിരുന്നുവെന്ന് തെളിയിക്കുന്ന പല ഉദാഹരണങ്ങളും ജീവിതത്തിൽ എന്ന പോലെ സിനിമാ രംഗത്തും സംഭവിക്കാറുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു തമിഴിലെ പ്രശസ്ത സംവിധായകൻ കെ ബാലചന്ദറും സംഗീത സംവിധായകൻ ഇളയരാജയും തമ്മിലുള്ള കൂട്ടുകെട്ട് അവസാനിച്ച സംഭവം.

തമിഴ് സിനിമാ സംഗീത രംഗം ഇളയരാജ തന്റെ  കൈവെള്ളയിൽ ഒതുക്കിയിരുന്ന കാലഘട്ടം ആയിരുന്നു എൺപതുകൾ. ഇളയരാജ എന്ന പേര് മാത്രം മതിയായിരുന്നു ഒരു സിനിമയ്ക്ക് ഫിനാൻസ് ലഭിക്കാനും വിതരണ അവകാശം വിറ്റ് പോകാനും. മുൻ നിര സംവിധായകർ എല്ലാം ഇളയരാജയുടെ ഡേറ്റ് അനുസരിച്ചാണ് തങ്ങളുടെ സിനിമകൾ പ്ലാൻ ചെയ്തിരുന്നത്. അക്കൂട്ടത്തിൽ തമിഴിലെ സീനിയർ സംവിധായകരിൽ ഇളയരാജയുടെ അടുത്ത് ഏറ്റവും ഒടുവിൽ എത്തിയ സംവിധായകൻ കെ ബാലചന്ദർ ആയിരുന്നു. 1985-ൽ സിന്ധു ഭൈരവി എന്ന സിനിമയിൽ ആണ് ബാലചന്ദർ ഇളയരാജയുമായി ആദ്യമായി സഹകരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് ഇളയരാജക്ക് ലഭിക്കുന്നതും ബാലചന്ദറിന്റെ  സിന്ധുഭൈരവിയിലൂടെയാണ്.

പക്ഷേ 1989-ൽ പുതു പുതു അർത്ഥങ്ങൾ എന്ന സിനിമയോടെ ആ കൂട്ടുകെട്ട് അവസാനിച്ചു. പാട്ടുകൾക്കായി തന്നെ ഒത്തിരി കാത്തു നിർത്തിച്ച ഇളയരാജയോടൊപ്പം ഇനി സഹകരിക്കില്ലെന്ന് കെ ബാലചന്ദർ തീരുമാനിച്ചു. തന്റെ  അടുത്ത സിനിമകളിൽ വേറേ സംഗീത സംവിധായകരെ കൊണ്ടു വരാൻ അദ്ദേഹം ഉറച്ച തീരുമാനം എടുത്തു. തുടർന്ന് ബാലചന്ദറിൻ്റെ പ്രൊഡക്ഷൻ കമ്പനിയായ കവിതാലയ മൂന്ന് സിനിമകൾ അന്നൗൺസ് ചെയ്തു. രജനികാന്തിനെ നായകനാക്കി ബാലചന്ദറിന്റെ  ശിഷ്യൻ സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന അണ്ണാമലൈ, പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്യുന്ന റോജ, ബാലചന്ദർ സ്വയം സംവിധാനം ചെയ്യുന്ന വാനമേ എല്ലൈ എന്നീ ചിത്രങ്ങൾ ആയിരുന്നു അവ. മൂന്ന് ചിത്രങ്ങൾക്കും വേറെ വേറെ സംഗീത സംവിധായകരെയും തീരുമാനിച്ചു.

അന്ന് വരെ തമിഴിലെ രണ്ടാം നിര, മൂന്നാം നിര നായകരുടെ സിനിമകൾക്ക് സംഗീതം നിർവഹിച്ചു കൊണ്ടിരുന്ന ദേവയെ സൂപ്പർ സ്റ്റാർ സിനിമയായ അണ്ണാമലൈയുടെ സംഗീത സംവിധാനം ഏൽപ്പിച്ച് അദ്ദേഹത്തിന്റെ  കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് നൽകി. ഇളയരാജയുമായി സമാനമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും വിട്ടു പോകാൻ മടിച്ച് നിന്ന മണിരത്നത്തിന്റെ  സിനിമയിലൂടെ എ ആർ റഹ്മാനെ സംഗീത സംവിധായകനായി അവതരിപ്പിച്ചു. പിന്നെ സംഭവിച്ചത് ചരിത്രം ആണെന്ന് എല്ലാവർക്കും അറിയാമല്ലോ. താൻ സംവിധാനം ചെയ്യുന്ന വാനമേ എല്ലൈ സിനിമയ്ക്ക് വേണ്ടി തെലുങ്കിലെ ഒരു പുതുമുഖ സംവിധായകനെ ആണ് ബാലചന്ദർ തിരഞ്ഞെടുത്തത്. തെലുങ്കിൽ നാലഞ്ച് സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിരുന്ന എം എം കീരവാണി എന്ന സംഗീത സംവിധായകനെ മരഗതമണി എന്ന പേരിലാണ് തമിഴിലേക്ക് കൊണ്ടു വന്നത്.

 

വാനമേ എല്ലൈ സിനിമയുടെ ഷൂട്ടിംഗ് പല കാരണങ്ങളാൽ നീണ്ട് പോയപ്പോൾ മറ്റൊരു പ്രൊഡ്യൂസർക്ക് വേണ്ടി താൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ അഴകന്റെ  സംഗീത സംവിധാനവും കീരവാണിയെ ഏൽപ്പിച്ചു. അത് കൂടാതെ താൻ നിർമ്മിച്ച് തന്റെ  മറ്റൊരു ശിഷ്യൻ ആയ വസന്ത് സംവിധാനം ചെയ്യുന്ന സിനിമയായ "നീ പാതി നാൻ പാതി"യുടെ സംഗീതവും കീരവാണിക്ക് തന്നെ നൽകി. അഴകൻ, നീ പാതി നാൻ പാതി, അണ്ണാമലൈ, വാനമേ എല്ലൈ, റോജ എന്നീ സിനിമകൾ ഒന്നിന് പിന്നെ ഒന്നായി റിലീസ് ആവുകയും അവയിലെ പാട്ടുകൾ എല്ലാം ഹിറ്റ് ആവുകയും ചെയ്തു. തമിഴ് സിനിമാ സംഗീത രംഗത്ത് ഇളയരാജയുടെ കുത്തക തകരുന്നതിന്റെ  തുടക്കം അങ്ങനെയായിരുന്നു.

യാദൃശ്ചികത ആവാം... അന്ന് കെ ബാലചന്ദർ എടുത്ത തീരുമാനത്തിന്റെ  ഫലമായി മുഖ്യധാരാ സംഗീതത്തിൽ ശ്രദ്ധ നേടിയ രണ്ട് പേരാണ് പിന്നീട് ഓസ്കാർ അവാർഡ് ഇന്ത്യയിലേക്ക് കൊണ്ടു വരുന്നത്. 2009-ൽ എ ആർ റഹ്മാനും 2023-ൽ കീരവാണിയും...

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment