കാതൽ - അകം പൊള്ളിക്കുന്ന കാഴ്ചാനുഭവം

Reviews

ആദ്യമേ തന്നെ ഇങ്ങനെയൊരു സബ്ജക്ട് സിനിമയാക്കിയ ജിയോ ബേബിക്കും തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരനും പോൾ സ്കറിയയ്ക്കും എല്ലാറ്റിനും ഉപരി തൻ്റെ താര ശരീരത്തിൽ നിന്ന് പുറത്ത് വന്ന് ഇത്തരത്തിൽ ഒരു കഥാപാത്രം അവതരിപ്പിക്കുകയും അതിൻ്റെ നിർമ്മാണ ചുമതല കൂടി ഏറ്റെടുക്കുകയും ചെയ്ത മമ്മൂട്ടിക്കും അഭിനന്ദനങ്ങൾ അറിയിച്ച് കൊള്ളട്ടെ.

(Spoiler ഒന്നുമില്ല. By now, സിനിമാ വാർത്തകൾ അത്യാവശ്യം ഫോളോ ചെയ്യുന്നവർക്ക് പ്രമേയത്തേക്കുറിച്ച് മനസ്സിലായിട്ടുണ്ടാവും) വ്യക്തികളുടെ sexual orientation എന്താണെന്ന് മനസ്സിലാക്കാതെ അവരെ മറ്റ് ബന്ധങ്ങളിൽ കുരുക്കിയിടുന്ന കുടുംബം എന്ന സിസ്റ്റത്തിനകത്ത് ആ മനുഷ്യർ അനുഭവിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് പറയുമ്പോഴും ആ ഒറ്റ point of view-വിൽ നിന്ന് കൊണ്ടല്ല കാതൽ പ്രേക്ഷകരോട് സംവദിക്കുന്നത്. അറിഞ്ഞോ അറിയാതെയോ അതിൽ ബാധിക്കപ്പെടുന്ന മറ്റ് മനുഷ്യരുടെ അവസ്ഥകളെയും അതേ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന 360 ഡിഗ്രീ കാഴ്ചപ്പാടാണ് കാതലിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. അതിനൊപ്പം heterosexual മനുഷ്യർക്ക് മുന്നിലും marital relationship സംബന്ധിച്ച ചില ചോദ്യങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട് "കാതൽ".

മാത്യൂ ദേവസ്സി എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ ആന്തരിക സംഘർഷങ്ങൾ അതി ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. ഒരു രംഗത്ത് പള്ളിയിൽ നിന്നുള്ള ഘോഷയാത്ര കടന്ന് പോകുമ്പോൾ ആൾക്കാരുടെ മുഖത്ത് നോക്കാനാവാതെ കണ്ണുകൾ താഴ്ത്തിയൊരു expression ഉണ്ട്..outstanding! ഓമന എന്ന കഥാപാത്രത്തിന് വേണ്ട അചഞ്ചലത എന്ന സ്ഥായീഭാവം മികവോടെ അവതരിപ്പിച്ച ജ്യോതികയുടെ ഏറ്റവും നല്ല വേഷങ്ങളിൽ ഒന്നാണ് കാതലിലേത്. എത്രത്തോളം മാത്യൂ ദേവസ്സിയുടെ കഥയാണോ അത്രത്തോളം ഓമനയുടെയും കഥയാണ്. ക്ലൈമാക്സ് രംഗത്ത് രണ്ട് പേരുടേയും പ്രകടനം...എൻ്റെ ദൈവമേ! മറ്റ് നടീനടൻമാർ എല്ലാവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. പ്രത്യേകിച്ച് അധികം സംഭാഷണങ്ങൾ ഇല്ലാത്ത തങ്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി...

സിനിമയിൽ എടുത്ത് പറയേണ്ട മറ്റൊരു വിഷയം മാത്യൂസ് പുളിക്കൻ്റെ സംഗീതമാണ്. തുടക്കത്തിലെ ടൈറ്റിൽ കാർഡ് വരുന്ന സമയത്തു തന്നെ സിനിമയുടെ മൂഡ് സെറ്റ് ചെയ്ത് വയ്ക്കുന്ന പശ്ചാത്തല സംഗീതം അവസാനം വരെയും നരേറ്റീവിനൊപ്പം സഞ്ചരിക്കുന്നു. സാലു കെ തോമസിൻ്റെ ഛായാഗ്രഹണവും ഫ്രാൻസിസ് ലൂയീസിൻ്റെ എഡിറ്റിങ്ങും വെള്ളത്തിലിട്ട ഐസുകട്ട പോലെ സിനിമയിൽ അലിഞ്ഞ് ചേർന്നിരിക്കുന്നു. ശ്രദ്ധിക്കപ്പെടാൻ ആയി പ്രത്യേകിച്ച് ഗിമ്മിക്കുകൾ ഒന്നും കാണിക്കുന്നില്ല എന്നതാണ് അവയെ ശ്രദ്ധേയമാക്കുന്നത്.ഈ കാലഘട്ടത്തിൽ നിശ്ചയമായും പറയേണ്ട ഒരു വിഷയത്തെ മെയിൻസ്ട്രീം സിനിമയിലൂടെ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിച്ച ജിയോ ബേബിക്ക് ഒരു സല്യൂട്ട്. "കാതൽ" കോടി ക്ലബ്ബ് സിനിമയാകുമോ, പ്രേക്ഷകർ ഏറ്റെടുത്ത് ആഘോഷിക്കുന്ന സിനിമയാകുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ ഒരു കാര്യം വ്യക്തമായി അറിയാം. It is an important & Influential film...

Kaathal The Core Official Trailer | Mammootty | Jyotika | Jeo Baby | Mammootty Kampany

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക