കീരവാണി പറഞ്ഞ ആ 'കാർപെൻ്റേഴ്സ്' ആരാണ്?

Info

ഓസ്കാറിൻ്റെ വേദിയിൽ നമുക്കഭിമാനനിമിഷം പകർന്ന എം. എം. കീരവാണി തൻ്റെ വാക്കുകളിൽ എടുത്തുപറഞ്ഞ ഒരു പേരാണ് “കാർപെൻ്റേഴ്സ്“. ആരാണ് അദ്ദേഹം പറഞ്ഞ് ആ ‘കാർപെൻ്റേഴ്സ്‘? പറയുക മാത്രമല്ല പാടിയതും കാർപ്പന്റേഴ്സിന്റെ ആൽബത്തിലെ വരികളാണ്. കാർപ്പന്റേഴ്സിനേക്കുറിച്ചുള്ള വിശദമായ തിരച്ചിലാണ് ഈ കുറിപ്പ്...!!!

1969 മുതൽ 2004 വരെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു ഗംഭീര മ്യൂസിക് ബാൻഡ് ആണ് ഈ 'കാർപെന്റേഴ്സ്'. സഹോദരങ്ങളായ കാരെൻ കാർപെൻ്ററും (1950–1983) റിച്ചാർഡ് കാർപെൻ്ററും (ജനനം 1946) അടങ്ങുന്ന ഒരു അമേരിക്കൻ വോക്കൽ, ഇൻസ്ട്രുമെന്റൽ ബാൻഡായിരുന്നു 'കാർപെൻ്റേഴ്സ്'. റിച്ചാർഡിൻ്റെ ഗാനരചനാപാടവവും സംഗീതചിട്ടപ്പെടുത്തലും, സഹോദരി കാരൻ്റെ മനോഹര ഗാനാലാപനവും ഒരുമിച്ചപ്പപ്പോൾ വളരെ പുതുമയാർന്ന ഒരു സോഫ്റ്റ് ക്ലാസിക്കൽ സംഗീതശൈലി തന്നെ രൂപപ്പെട്ടു. അത് 'കാർപെൻ്റേഴ്സ്'നെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. 'കാർപെൻ്റേഴ്സ്'ൻ്റെ 14 വർഷത്തെ കരിയറിൽ, നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ സ്‌പെഷ്യലുകളും സഹിതം 10 ആൽബങ്ങൾ ചെയ്തു.

അമേരിക്കയിലെ ന്യൂ ഹെവനിൽ ജനിച്ച കാരൻ- റി​ച്ചാർഡ് സഹോദരങ്ങൾ 1963ൽ കാലിഫോർണിയയിലെ ഡൗണിയിലേക്ക് താമസം മാറി. കുട്ടിക്കാലത്ത് റിച്ചാർഡ് പിയാനോയും കാരെൻ ഡ്രംസും പഠിച്ചിരുന്നു. 1965ൽ അവർ ആദ്യമായി ഒരു ജോഡിയായി, ഒപ്പം സുഹൃത്ത് ജേക്കബി​നൊപ്പം ജാസ് അധിഷ്ഠിതമായ 'റിച്ചാർഡ് കാർപെൻ്റർ ട്രിയോ' എന്നൊരു ബാൻഡ് രൂപീകരിച്ചു. പിന്നീട് 1969ൽ 'കാർപെൻ്റേഴ്സ്' എന്ന പേരിൽ A&M Records യുമായി​ കരാറിൽ ഒപ്പ് വച്ചു. അന്ന് കാരന് 19 വയസ്സ് മാത്രം. ആയതിനാൽ തന്നെ മാതാപിതാക്കളും കാരന് വേണ്ടി കരാറിൽ ഒപ്പ് വച്ചു.

1971 ൽ ഒരു ഓസ്‌കാറും രണ്ട് ഗ്രാമി അവാർഡ്സും 'കാർപെൻ്റേഴ്സ്'നെ തേടിയെത്തി. കാർപെൻ്റേഴ്സ് ലോകമെമ്പാടും 90 ദശലക്ഷത്തിലധികം റെക്കോർഡുകൾ വിറ്റു. യുകെയിൽ, 1970കളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഏഴാമത്തെ ആൽബം ആർട്ടിസ്റ്റായി അവർ റാങ്ക് ചെയ്യപ്പെടുകയും ചെയ്തു.

70 കളൂടെ അവസാനം കാരെൻ അനോറെക്സിയ എന്ന അസുഖത്തിൻ്റെ പിടിയി​ലകപ്പെടുകയും റിച്ചാർഡ് സെഡേറ്റീവ് ക്വാലുഡ്സിൻ്റെ പിടിയിലായി ചികിത്സയിലായിരിക്കുകയും ചെയ്തതിനാൽ അവർ ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചു. അവർ ഒന്നിച്ചുള്ള അവസാന ആൽബം 'മെയ്ഡ് ഇൻ അമേരിക്ക' 1981 ൽ പുറത്തിറങ്ങി.

കീരവാണി ഓസ്കർ വേദിയിൽ പാടിയ ടോപ്പ് ഓഫ് ദ വേൾഡ് എന്ന കാർപ്പന്റേർസ് ആൽബം വീഡിയോ.

Carpenters - Top of the World & We've Only Just Begun

 
1983ൽ തൻ്റെ 32ആം വയസ്സിൽ കാരൻ ഹൃദയസ്തംഭനം മൂലം മരിച്ചു. കാരെൻ്റെ മരണശേഷം, റിച്ചാർഡ് നിരവധി കാർപെൻ്റേഴ്സ് സമാഹാരങ്ങൾ നിർമ്മിച്ചു. 2004ൽ ഇറക്കിയ ''As Time Goes By'' എന്ന ആൽബമാണ് 'കാർപെൻ്റേഴ്സ്'ൻ്റേതായി അവസാനമായി ഇറങ്ങിയത്.

 

Comment