അ‌‌‌‌ടൂരിന്റെ രാജിയിൽ അത്ഭുതമില്ല; സമരം ജീവിതം മാറ്റി...

News

''അടൂർ ഗോപാലകൃഷ്‌ണന്റെ രാജിയിൽ അത്ഭുതമില്ല, ഇതു തന്നെയാണ് പ്രതീക്ഷിച്ചത്. വാർത്താസമ്മേളനം ഇതിനാണെന്ന് ഉറപ്പായിരുന്നു.''കോട്ടയത്തെ കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു.

അനീതിക്കെതിരെയുള്ള സമരകാലം കഴിഞ്ഞ്  ഇതുവരെ കണ്ടുപരിചയമില്ലാത്ത തിയേറ്ററും  വർക്ക് ഷോപ്പുകളും  കാഴ്‌ചകളും അടുത്ത് കണ്ടറിയുന്നതിന്റെയും പഠിക്കുന്നതിന്റെയും മനസിലേക്ക് ഒപ്പിയെടുക്കുന്നതിന്റെയും തിരക്കിലാണിപ്പോൾ അവർ. വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികളിലെല്ലാം പതുക്കെ പതുക്കെ മാറ്റമുണ്ടാകുന്നു. മനസിൽ ഉയരത്തിലുണ്ടായിരുന്ന സിനിമയിലെ  പ്രമുഖർ ഇതൊന്നും തന്നെ നടക്കില്ലെന്ന് നേരത്തെ വിധി പറഞ്ഞ തിയേറ്ററുകളിലുൾപ്പടെ പഠനം പുരോഗമിക്കുമ്പോൾ അത് തോന്നിയിരുന്ന നിരാശ പാടേ മാറിയ സന്തോഷത്തിലാണ് അവരിപ്പോൾ. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ കൂടി രാജി വച്ച് കഴിഞ്ഞപ്പോൾ അവർക്ക് പറയാനുള്ളത് ഇതാണ്. ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി ശ്രീദേവ് സുപ്രകാശ്  M3DB Cafe യോടു സംസാരിക്കുന്നു.

"അ‌‌‌‌‌‌‌‌‌‌‌ടൂർ ചെയർമാനായി വന്നപ്പോൾ വിദ്യാർത്ഥികൾക്കെല്ലാം വലിയ സന്തോഷമായിരുന്നു. ആ സമയത്തും ഡയറക്‌ടർ ശങ്കർ മോഹന്റെ പല കാര്യങ്ങളും ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു . ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടു വന്ന മാറ്റങ്ങളും വർക്ക് ഷോപ്പുകൾ വെട്ടിക്കുറച്ചതുമുൾപ്പെടെ വിയോജിപ്പിന് പല കാരണങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ഈ പ്രശ്‌നങ്ങൾ ഉന്നയിച്ചു കൊണ്ടു തന്നെ സമരം ചെയ്യുമെന്നും അധികൃതരെ അറിയിച്ചു. രണ്ടുദിവസത്തിനുള്ളിൽ തന്നെ മന്ത്രി യോഗം വിളിച്ചു. ആ യോഗത്തിൽ ഡയറക്‌ടറും ചെയർമാനുമുണ്ടായിരുന്നു. അന്ന് ചെയർമാൻ പറഞ്ഞത് ഈ മാറ്റങ്ങളെല്ലാം താനും അറിഞ്ഞു കൊണ്ടായിരുന്നു എന്നാണ്. അന്ന് ശുചീകരണജീവനക്കാരുടെ പ്രശ്‌നങ്ങളൊന്നും തന്നെ എല്ലാ വിദ്യാർത്ഥികൾക്കും അറിയില്ല. അവിടെയുള്ള ഒന്നോ രണ്ടോ പേർക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. അന്ന് ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന പ്രശ്നം അക്കാഡമിക് വിഷയങ്ങളായിരുന്നു. ഇതെല്ലാമറിയാം എന്ന് ചെയർമാൻ കൂടി പറഞ്ഞപ്പോൾ ഞങ്ങൾക്കത് വിശ്വസിക്കാൻ പ്രയാസമായിരുന്നു, വിഷമമായിരുന്നു. അന്ന് മന്ത്രിക്കും കൂടുതലൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല. ഞങ്ങൾ ഉന്നയിച്ച ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് തനിക്ക് ബോദ്ധ്യമുണ്ട് എന്ന് പ്രശസ്‌തനായ ഒരാൾ പറയുമ്പോൾ സർക്കാരിന്  ഇടപെടുന്നതിലും പരിമിതി ഉണ്ടായിരിക്കാം.

ഡയറക്‌ടറും ചെയർമാനും ദിവസവും ഫോണിൽ സംസാരിക്കുമെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ കാര്യങ്ങളെല്ലാം അപ്ഡേറ്റ് ചെയ്യാറുണ്ട്, താനറിയാതെ അവിടെ ഒന്നും നടക്കില്ലെന്ന് അടൂർ പറയുന്നതും ഇതുകൊണ്ടാകാം. ഞങ്ങളെ വിശ്വസിക്കാതിരിക്കുന്നതിനും ഇത് തന്നെയാവാം കാരണം. ശങ്കർമോഹൻ പറയുന്നതെല്ലാം  അടൂർ കണ്ണടച്ചു വിശ്വസിക്കുന്നുണ്ട്. അതേ സമയം ഒരിക്കൽപ്പോലും വിദ്യാർത്ഥികളെ കേൾക്കാനോ, അവർക്ക് പറയാനുള്ളത് എന്താണെന്ന് അന്വേഷിക്കാനോ ചെയർമാനെന്ന നിലയിൽ ഒരിക്കൽപ്പോലും ശ്രമിച്ചിട്ടുമില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ ഫുഡിന്റെ പ്രശ്‌നത്തിൽ തന്ന അടൂർ ഒരിക്കൽ പറഞ്ഞത് നിങ്ങൾക്ക്  വിദ്യാഭ്യാസ  ലോൺ എടുത്തു കൂടേ  എന്നാണ്. പ്ളേസ്‌മെന്റ്  അവസരം ഉറപ്പ് തരാത്ത ഒരിടത്ത് പഠിക്കുന്ന ഞങ്ങൾ എങ്ങനെയാണ് ലോൺ എടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ഇതൊക്കെ നമുക്കും വിഷമമുണ്ടാക്കുന്ന കാര്യമാണ്.

നേരത്തെ പറഞ്ഞ കാര്യം തന്നെയാണ് ഇവർ വീണ്ടും വീണ്ടും പറയുന്നത്. അതിൽ തന്നെ വസ്‌തുതാപരമായ തെറ്റുകളുമുണ്ട്. കാവൽക്കാരുമായുള്ള ബന്ധമാണ് ഇവർ ആവർത്തിച്ചു പറയുന്നത്, ഒരു സത്യവുമില്ലാത്ത കാര്യമാണത്. ഞങ്ങൾ ഇവിടെ വന്ന് ഒരു മാസത്തിനുള്ളിൽലോക്ഡൗൺ വന്നു, അതു കഴിഞ്ഞ് ഇവിടെ പഠിക്കാൻ വരുന്നത് പിന്നെ  2022 ലാണ്. 2019 ലാണ് ഇവർ കുട്ടികൾ മോശമാണ്, മദ്യക്കുപ്പികൾ കിട്ടി എന്നൊക്കെ പ്രചരിപ്പിക്കുന്നത്.  കൊവിഡ് കാലം കഴിഞ്ഞ് തിരിച്ചെത്തിയ ഞങ്ങൾ ഉടനെ തന്നെഹാജർ ഇല്ലെന്ന് പറഞ്ഞ് പുറത്താക്കിയ നാലു കുട്ടികളെ തിരിച്ചെടുക്കണമെന്ന് പറഞ്ഞ് സമരത്തിന് കേറുകയായിരുന്നു. ആ സമയത്ത് വലിയ ഗേറ്റ് അടച്ചുപൂട്ടി വണ്ടികൾ വെളിയിലിട്ട് ചെറിയ ഗേറ്റ് തുറന്നായിരുന്നു അന്ന് സമരം. സെക്യൂരിറ്റിക്കാർക്ക് അന്ന്  സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. എന്നിട്ടും അവർ ആറുപേരെ പിരിച്ചു വിട്ടു. അവർ ലേബർ കോർട്ടിൽ പോയി അനുകൂലവിധി  ലഭിച്ചവരാണ്.

കള്ളും കഞ്ചാവും എന്നൊക്കെ പറയുമ്പോൾ ക്രിമിനൽ കേസായി പോലും വന്നിട്ടില്ലെന്നും ഓർക്കണം. എന്നിട്ടും ഇപ്പോഴും അവർ അതിൽ തന്നെ പിടിച്ചു നിൽക്കുന്നു. ചിലപ്പോൾ ഞങ്ങൾക്ക് തോന്നും, ഇതൊക്കെ സത്യമായണോ ഇവർ വിശ്വസിച്ചിരിക്കുന്നത് എന്ന്. ആ അനുഭവങ്ങൾ ഉള്ളതുകൊണ്ട്  ചെയർമാന്റെ കാര്യത്തിൽ മറിച്ചൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ശങ്കർമോഹൻ പോയാൽ താനും പോകുമെന്ന്  നേരത്തെ അടൂരും പറഞ്ഞിരുന്നു. അടൂർ രാജിവയ്‌ക്കുമെന്ന സമ്മർദ്ദം പൊതുവേ സർക്കാരിന്റെ മുകളിലുമുണ്ടായിരുന്നെന്നാണ് മനസിലാക്കുന്നത്. സത്യം പറഞ്ഞാൽ സമരം തുടങ്ങിക്കഴിഞ്ഞപ്പോഴാണ് എത്ര മാത്രം ശക്തരായ ആളുകളോടാണ് എതിരിട്ടതെന്ന വാസ്തവം ഞങ്ങൾക്കും  തിരിച്ചറിയാൻ സാധിച്ചത്. സത്യമെന്ന് ഉറച്ചു വിശ്വസിക്കുന്ന കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങുമ്പോൾ തോന്നിയ അത്രയും എളുപ്പമായിരുന്നില്ല, പിന്നീടുണ്ടായതും നേരിടേണ്ടി വന്നതുമായ അനുഭവങ്ങൾ.  പല കാര്യങ്ങളിലും ആ തിരിച്ചറിവ് വളരെ വലുതായിരുന്നു ഞങ്ങൾ ഓരോരുത്തർക്കും. ചെയർമാൻ രാജിവയ്‌ക്കണമെന്ന്  ഒരിടത്തും വിദ്യാർത്ഥികൾ പറഞ്ഞിട്ടില്ല. അത് അസാദ്ധ്യമായ കാര്യമാണെന്ന് അറിയാം. അത്രയും ആദരിക്കപ്പെടുന്ന ആളാണ്. എന്നാൽ ഒരാൾ എങ്ങനെ അത്രയും പവർഫുള്ളാകുന്നു, അത് സർക്കാരിനെ എത്രമാത്രം ബാധിക്കുന്നു, അവർ എങ്ങനെ ഞങ്ങളെ നേരിടുന്നു, കൂട്ടായ സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നു  എന്നൊക്കെ ഞങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചു.

തുറക്കാൻ പറ്റില്ലെന്ന് പറഞ്ഞ ഇൻസ്റ്റിറ്റ്യൂട്ടിലെ തിയേറ്ററൊക്കെ ഇപ്പോൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ച് ഇപ്പോൾ വർക്ക് ഷോപ്പുകളൊക്കെ നടക്കുന്നുണ്ട്. സംവിധായകൻ മഹേഷ് നാരായണൻ കഴിഞ്ഞ ദിവസം വന്നിരുന്നു. സംവിധായകരൊക്കെ വന്ന്  സംവാദ പരിപാടികളൊക്കെ നടക്കുന്നുണ്ട്. രണ്ടാഴ്‌ചത്തേക്കുള്ള പരിപാടിയാണിത്. അതു കഴിഞ്ഞ് അക്കാഡമിക്ക്  പഠനത്തിലേക്ക് പോകും.ഇപ്പോ ഞങ്ങൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും ആശ്വാസമാണ്. ഞങ്ങളും വിചാരിച്ചിരുന്നത് ഇതൊന്നും നടക്കില്ല എന്നാണ്. കാരണം പഠിച്ചു തുടങ്ങുന്നേയുള്ളൂ ഞങ്ങൾ, ഈ മേഖലയിലെ പ്രഗത്ഭർ അസാദ്ധ്യം എന്നു പറയുന്നത് സത്യമാണെന്ന് ഞങ്ങളും വിശ്വസിച്ചു. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. ഇതെല്ലാം ഇവിടെയും പഠിക്കാമെന്ന സന്തോഷം അത്രയ്‌ക്കുണ്ട്. സമരം ഒരു വലിയ ശരിയായിരുന്നു. യഥാർത്ഥ വഴിയിലേക്ക് തന്നെ ഞങ്ങളെ അതെത്തിച്ചു"

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക