കുടുംബ വിശേഷം സിനിമയിലെ കൊല്ലങ്കോട്ടു തൂക്കം പാട്ടിന് പിന്നിലെ കൗതുകങ്ങൾ

Music

"കൊല്ലങ്കോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി
കോതാമൂരി പാട്ടും പാടി വായോ ഈ വഴി
"

അനിൽ ബാബു സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ കുടുംബവിശേഷം എന്ന ചിത്രത്തിലേതാണ് ഈ ഹിറ്റ് ഗാനം. ബിച്ചു തിരുമലയുടെ വരികൾക്ക് ജോൺസൺ മാസ്റ്റർ ഈണം നൽകിയ ഗാനത്തിന്റെ യേശുദാസും പി സുശീലയും പാടിയ രണ്ട് പതിപ്പുകള്‍ ഉണ്ട്.

ഈ വർഷത്തെ കൊല്ലങ്കോട് തൂക്കത്തെക്കുറിച്ചുള്ള പരസ്യം കണ്ടപ്പോഴാണ് ഈ പാട്ടിൻ്റെ വരികൾക്കിടയിലുള്ള ഒരു കൗതുകത്തെക്കുറിച്ച് ചിന്തിച്ചത്. പാട്ടിൻ്റെ ആദ്യ രണ്ട് വരികളിൽ തന്നെ രണ്ടനുഷ്ഠാനങ്ങളെക്കുറിച്ച് പരാമർശം വരുന്നു. ആ അനുഷ്ഠാനങ്ങളെക്കുറിച്ച് കൂടുതലറിയുമ്പോഴാണ് ഗാനത്തിൻ്റെ വരികളിൽ ബിച്ചു തിരുമല ഒളിപ്പിച്ച് വെച്ച "ബ്രില്യൻസ്" മനസിലാകുന്നത്.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രത്തിൽ മീന ഭരണി നാളിലാണ് തൂക്ക മഹോത്സവം നടക്കുന്നത്. തെക്കൻ തിരുവിതാംകൂറിലെ തന്നെ പ്രധാന ഉത്സവങ്ങളിലൊന്നാണിത്. തൂക്കക്കാരൻ 10 ദിവസത്തെ വ്രതമെടുത്ത ശേഷം പച്ചയും ചുവപ്പും പട്ടണിഞ്ഞാണ് തൂക്കത്തിലേർപ്പെടുക. ഇരട്ട വില്ലുകൾ തടികൊണ്ടുള്ള രഥത്തിൽ ഘടിപ്പിച്ച് അതിന്മേലാണ് തൂക്കം നടക്കുക. തൂക്കക്കാരന്റെ കൈയില്‍ നേര്‍ച്ച തൂക്കത്തിനുള്ള കുഞ്ഞുങ്ങളെ ഏല്‍പ്പിക്കുന്നു. കുഞ്ഞുങ്ങളെയും കൊണ്ട്‌ തൂക്കക്കാരന്‍ ക്ഷേത്രത്തിനു ചുറ്റും നാല്‍പ്പതടി പൊക്കത്തില്‍ പ്രദക്ഷിണം വയ്ക്കും.

kollankottu thookkam.jpg

കൊല്ലങ്കോട്ടു തൂക്കം

ഉത്തര കേരളത്തിൽ പ്രത്യേകിച്ച്, കോലത്ത് നാട്ടിൽ നിലനിന്നിരുന്ന ഒരനുഷ്ഠാന കലയാണ് കോതാമൂരിയാട്ടം. തുലാം വൃശ്ചിക മാസങ്ങളിലായാണ് ഈ അനുഷ്ഠാനം നടക്കുന്നത്. തെയ്യം കലാകാരന്മാരായ മലയ സമുദായക്കാർക്കാണ് ഈ അനുഷ്ഠാനം കെട്ടാനുള്ള അവകാശമുള്ളത്. ഗോദാവരി എന്ന വാക്കിൻ്റെ നാടൻ ഉച്ചാരണമായ കോതാരിയിൽ നിന്നാവണം കോതാമൂരി എന്ന പദം ഉണ്ടായത്. കോതാരി എന്നാൽ പശു എന്നർത്ഥം. പണ്ട് ഗോദാവരി തീരത്ത് നിന്ന് വടക്കൻ കേരളത്തിലെത്തിയ കോലായന്മാർ ആരാധിച്ചിരുന്ന വിശുദ്ധ പശുവായിരിക്കാം കോതാമൂരി ആയത്. കാർഷികാഭിവൃദ്ധിയ്ക്കായാണ് ഇത് അനുഷ്ഠിച്ച് പോരുന്നത്. സാധാരണ തെയ്യങ്ങളെപ്പോലെ മുഖത്തെഴുത്തും ചമയങ്ങളും കോതാമൂരി തെയ്യത്തിനുമുണ്ട്. അരയിൽ ഒരു ഗോമുഖം വച്ചുകെട്ടി അതിന്മേൽ ചുവന്ന പട്ട് ചുറ്റുകയും ചെയ്യും. രണ്ട് പനിയന്മാരും വാദ്യക്കാരും പാട്ടുകാരും കോതാമൂരിക്കൊപ്പം ഉണ്ടാകാം. ഈ സംഘം നാട്ടിലെ ഓരോ വീട്ടിലും കയറി കോതാമൂരിയാട്ടം നടത്തും. ഒപ്പം പാടുന്ന കോതാമൂരി പാട്ട് പ്രധാനമായും ചെറുകുന്നിലമ്മയുടെ ചരിത്രത്തെ സംബന്ധിച്ചുള്ളതാണ്. കൂടാതെ മാടായിക്കാവിലമ്മയെയും തളിപ്പറമ്പത്തപ്പനെയും കുറിച്ചുള്ള പാട്ടുകളും വിത്തു പൊലിപ്പാട്ട്, കലശം പൊലിപ്പാട്ട് എന്നിവയും പാടും.

Kothamooriyattam .jpg

കോതാമൂരിയാട്ടം

അപ്പോൾ വരുന്ന പ്രധാന സംശയം ഇതാണ്. ഇങ്ങ് തെക്കുള്ള കൊല്ലങ്കോട് തൂക്കവും അങ്ങ് വടക്കുള്ള കോതാമൂരി പാട്ടും തമ്മിലെന്ത് ബന്ധം ?

കാസർഗോഡ് നിന്ന് കന്യാകുമാരി വരെ ഒരു തീർത്ഥയാത്രയാകാം ബിച്ചു തിരുമല ഇത് കൊണ്ടുദ്ദേശിച്ചത്. കേരളത്തിന്റെ  ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് യാത്ര ചെയ്യുന്ന ദേശാടനക്കിളിയാകാം കുഞ്ഞാറ്റം കിളി. ആ കിളിയോടാണ് ഈ വഴി വന്ന് കുഞ്ഞിനെ ഉറക്കാൻ പറയുന്നത്.തെക്കിനേയും വടക്കിനേയും  സൂചിപ്പിക്കാൻ അവിടങ്ങളിലുള്ള അനുഷ്ഠാനങ്ങളെ ഉപയോഗിച്ചതാണ് ഈ വരികളിലെ ബ്രില്യൻസ്!!!

Kollamkottu Thookkam Nernna [ SAD ] | Kudumba Vishesham | Thilakan | Kaviyoor Ponnamma | Urvashi

Kollamkottu Thookkam Nernna | Kudumba Vishesham | Thilakan | Kaviyoor Ponnamma | Urvashi | Baiju

 

റെഫറൻസ്

1.കൊല്ലങ്കോട് തൂക്കം

2.കോതാമ്മൂരിയാട്ടം

3.തൂക്ക മഹോത്സവ സമ്മേളനം

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment