എത്ര പേരുടെ സമാധാനമാണ് നിന്റെ അക്ഷരങ്ങൾ നോർമ്മാ! - കാതൽ സിനിമയിലെ ഗാനം എഴുതിയ ജാക്വിലിൻ മാത്യു (നോർമ്മ ജീൻ ) സംസാരിക്കുന്നു

Interviews

''എന്നുൾത്താപമോരോന്നായ്
നിന്നിലേകുന്നു
വാഴ്വിൻ സ്നേഹമേ

നീറും മുൾപ്പടർപ്പായെൻ
പ്രാണനാളുമ്പോൾ
ചേർത്തണയ്ക്കണേ...''

ജാക്വിലിൻ മാത്യു / നോർമ്മ ജീൻ എഴുതിയ വരികൾ ഇങ്ങനെ ഒഴുകി വരികയാണ്. ഉള്ളിലൂറി വരുന്ന വിഷാദച്ചാലുകളെ വിരലുകൾ നീട്ടി ആ വരികൾ പതുക്കെ സാന്ത്വനപ്പെടുത്തും. ഒരു പാർത്ഥന പോലെ. അകമേ വിഷാദക്കടൽ സൂക്ഷിക്കുന്ന ഒരാളായതു കൊണ്ടാവാം നോർമ്മയുടെ വരികളിൽ കൂടി കടന്നു പോകുമ്പോൾ നമുക്കും പോറലുണ്ടായി വേദനിക്കുന്നതും പിന്നെയത് സാന്ത്വനമാകുന്നതും.നോർമ്മ നോർമ്മയ്ക്കുള്ളിൽ തന്നെ സൂക്ഷിക്കുന്ന ഒരാളുണ്ട്, മറ്റു മനുഷ്യരുടെ ജീവിതവും കഥകളും പാട്ടും സംഗീതവുമെല്ലാമെല്ലാം ചിലപ്പോൾ സങ്കടപ്പൊട്ടുകളായി നോർമ്മയിലെത്തി അവിടെ നിന്നും കവിതകളായി പിന്നെ ആകാശത്തേക്ക് പറക്കും. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് വേണ്ട എല്ലാ സഹാനുഭൂതിയും സമാധാനപ്പെടുത്തലും നോർമ്മയുടെ എഴുത്തുകളിലുണ്ട്. കാതൽ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകളിലെ ത്തുന്ന നോർമ്മയുടെ പാട്ടിൽ ചേർത്തുപിടിക്കലിന്റെ സമാധാനപ്പെടുത്തലുണ്ട്. വിഷാദമെഴുതുന്നു എന്നു കരുതി ചിരി ഇല്ലാതെ പോയ ഒരാളല്ല നോർമ്മ. നന്നായി ചിരിക്കുന്ന, അതിലുമുപരി സംസാരിക്കുന്ന, തെളിമയുള്ള ചിന്തകളുള്ള നോർമ്മയെ കുറിച്ച് കൂടുതൽ അറിയാം.

കാതലിലെ പാട്ട് പാട്ടായി രൂപാന്തരപ്പെട്ട് കേട്ടത് എപ്പോഴാണ്. ടീസർ വന്നപ്പോഴാണോ അതിന് മുമ്പെയാണോ?
പാട്ട് റെക്കാർഡിംഗിന് ശേഷം വിഷ്വലുമായി മിക്‌സ് ചെയ്ത് ജിയോ ചേട്ടൻ അയച്ചു തന്നിരുന്നു. ടീസർ വരുന്നതിന് കുറേ മുമ്പാണത്. ഞാൻ പാട്ട് ആദ്യമായി കേൾക്കുന്നതും ആൻ ആമിയാണ് പാടിയതെന്നും അറിഞ്ഞതും റെക്കാർഡ് ചെയ്ത ആ പാട്ട് കേൾക്കുമ്പോഴാണ്. ജിയോ ചേട്ടൻ പാട്ടെഴുതാൻ പറഞ്ഞതിന് ശേഷം കഥാസന്ദർഭവവും വിഷ്വലുകളും അതിന്റെ മ്യൂസിക്കും അയച്ചു തന്നിരുന്നു. കഥയുടെ ഏതാണ്ട് മുഴുവൻ ത്രെഡും തന്നെ പറഞ്ഞു തന്നിരുന്നു. പ്രത്യേകിച്ചും സിറ്റുവേഷനും പടത്തിൽ ഏതു സമയത്താണ് പാട്ട് വരുന്നതെന്നുമുള്ള വിഷ്വലായിരുന്നു അയച്ചു തന്നത്. പള്ളി പ്രദക്ഷിണ സമയത്താണല്ലോ പാട്ടു വരുന്നത്. അതുകൊണ്ട് ഡിവോഷണൽ ഫീൽ വരുന്ന, അതേ സമയം ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ സാധാരണ ഉപയോഗിച്ചു കാണുന്ന ക്ലീഷേ വാക്കുകളൊന്നും തന്നെ വരാത്ത രീതിയിൽ വേണമെന്നായിരുന്നു ജിയോ ചേട്ടൻ പറഞ്ഞത്.

ജിയോ ബേബി പാട്ടെഴുതാൻ പറഞ്ഞപ്പോൾ എന്താണ് പറഞ്ഞത്. കഥാ സന്ദർഭങ്ങളായിരുന്നോ സംസാരിച്ചത്?
നോർമ്മ ഈ സിനിമയിലേക്ക് പാട്ടെഴുതാമോ എന്നായിരുന്നു ആദ്യം ചോദിച്ചത്. ചേട്ടന്  വിശ്വാസമുണ്ടായിരുന്നു. അധികം വൈകാതെ തന്നെ ഞാൻ യെസ് പറഞ്ഞു. എനിക്ക് ആഗ്രഹമുണ്ട്, ശ്രമിക്കാം എന്ന് മെസേജ് അയച്ചു.  ജിയോ ചേട്ടന് എന്റെ എഴുത്തിന്റെ രീതികളെ കുറിച്ച് അറിയാം. കുറച്ചു നാളായി ഞാൻ ഫേസ്ബുക്കിലൊക്കെ എഴുതുന്ന കവിതകൾ കാണുന്ന ആളാണ്. നോർമ്മയെ കൊണ്ടേ പറ്റുള്ളൂ എന്നാണ് വിശ്വാസം, ഇനി പറ്റിയില്ലെങ്കിൽ കുഴപ്പമില്ല, ടെൻഷനാവേണ്ട ഒന്നു ശ്രമിക്കൂ എന്ന് പറഞ്ഞു.

പാട്ടിലേക്ക് കടക്കാൻ എത്ര സമയമെടുത്തു, വേദനയുള്ള അനുഭവമായിരുന്നോ?
മമ്മൂക്ക കരയുന്നത് എനിക്ക് കണ്ടിരിക്കാൻ പറ്റില്ല. അത് സങ്കടപ്പെടുത്തുന്ന കാര്യമാണ്. അതിന്റെ കൂട്ടത്തിൽ ഇതാണ് ആ കഥാപാത്രത്തിന്റെ സിറ്റുവേഷൻ എന്നു കൂടി ജിയോ ചേട്ടൻ വിവരിച്ചു തന്നിരുന്നു.  ഇങ്ങനെയുള്ള മനുഷ്യരെക്കുറിച്ചും എപ്പോഴും വിഷമം മനസിൽ പേറി നടക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റി.

ചിത്രത്തിലെ വൈകാരിക നിമിഷങ്ങളിൽ കൂടി പോകുമ്പോൾ ഹീലിംഗായി അനുഭവപ്പെടുന്നുണ്ട് ഈ പാട്ട്?
അത് സ്വാഭാവികമായി തന്നെ വന്നതാണ്. മമ്മൂക്കയോടുള്ള സ്നേഹവും കണക്ഷനും പടത്തിന്റെ പശ്ചാത്തലവും എല്ലാം കേട്ടപ്പോൾ ഒരു പ്രാർത്ഥന പോലൊരു ഫീലിംഗായിരുന്നു. ഹീലിംഗ് ആയി തോന്നുന്നത് അതുകൊണ്ടാവാം. പിന്നെ ഡിവോഷണൽ പാട്ടായാണല്ലോ അത് വരുന്നത്. അതിന്റേതായ ഒരു സാന്ത്വനപ്പെടുത്തലുമുണ്ട്. ഞാൻ ശ്രമിച്ചതും അതിനാണ്.  സ്നേഹത്താൽ മുറിവേറ്റവർ ആണ് സിനിമയിലെ കഥാപാത്രങ്ങൾ എന്ന് ജിയോ ചേട്ടൻ പറഞ്ഞു തന്നിരുന്നു. അതും മനസിലുണ്ടായിരുന്നു.

തിയേറ്ററിലിരുന്ന്  സ്വന്തം പാട്ട് കേട്ട നിമിഷത്തെപ്പറ്റി പറയൂ?
തിയേറ്ററിലിരുന്ന് പാട്ട് കേട്ടപ്പോൾ എക്‌സൈറ്റഡായിരുന്നു. അതിനൊപ്പം തന്നെ ടെൻഷനുമുണ്ടായിരുന്നു. ഞാൻ എന്നെ തന്നെ എങ്ങനെ ഡീൽ ചെയ്യും എന്നൊരു ആശങ്ക ഉണ്ടായിരുന്നു. ആദ്യത്തെ വിഷ്വൽ വരുന്ന സമയത്ത് നമ്മുടെ പാട്ടിന്റെ മ്യൂസിക്കാണ് വരുന്നതെന്ന കാര്യം എനിക്കറിയില്ലായിരുന്നു. അതും കൂടി വന്നപ്പോൾ ഞാൻ, പങ്കാളിയുടെ കയ്യിൽ മുറുകെപിടിച്ചു. അങ്ങനെ പടം തുടങ്ങി. എന്റെ നെഞ്ചിങ്ങനെ ഇടിക്കുകയാണ്. അൻവറിക്കയുടെ പാട്ട് കൂടി ഉള്ളതിനാൽ ഏതുപാട്ടാണ് ആദ്യം വരുന്നതെന്നും എനിക്ക് അറിയില്ല. പള്ളിപ്രദക്ഷിണം സീൻ മാത്രമാണ് ആകെ അറിയുന്നത്. ഞാൻ ഇങ്ങനെ കാത്തിരിക്കുകയാണ്. ഓരോ സിങ്ക് കഴിയുമ്പോഴും ഇപ്പോ വരും വരും എന്ന് കരുതി ഇങ്ങനെ നിൽക്കുകയാണ്. പാട്ട് തുടങ്ങിയപ്പോൾ ഞാൻ കരഞ്ഞു. പാട്ടെഴുതിയ സമയത്തുണ്ടായ ഇമോഷൻസ് മുഴുവൻ പത്തുനൂറിരട്ടിയായി നമ്മളിലേക്ക് തന്നെ തിരിച്ചെത്തി. സിനിമ തുടങ്ങിയതുമുതിൽ ഓരോ സീനുകളിലായി, കഥാപാത്രങ്ങളായി അനുഭവിച്ച ഫീലിംഗ്‌സ് മുഴുവനും വച്ച് ആ പാട്ടിലേക്ക് എത്തുമ്പോൾ അത്രയേറെ ഇരട്ടിയായിരുന്നു സങ്കടം. അതുകഴിഞ്ഞാണ് സിനിമ ഞാൻ റിലാക്‌സ് ആയിരുന്ന് കണ്ടത്. പാട്ട് എപ്പോൾ വരുമെന്ന ടെൻഷൻ അതോടെ തീർന്നു.

എഴുത്തിൽ വിഷാദപ്പൊട്ടുകളേറെയാണ്. വേദനയിലാണോ  എഴുത്ത് വരുന്നത്?
വേദനിച്ചാൽ മാത്രമേ എനിക്ക് കവിത വരൂ. മുന്നേ പറഞ്ഞതുപോലെ അതെന്റെ ലിമിറ്റേഷനാണോ അല്ലയോ എന്ന് എനിക്കറിയില്ല. വിഷമം ഉള്ളപ്പോൾ അല്ലെങ്കിൽ ഡൗൺ ആയി ഇരിക്കുമ്പോൾ മാത്രം എഴുത്ത് വരുന്ന ആളാണ ഞാൻ. അതുകൊണ്ടു തന്നെ ചില കാലഘട്ടങ്ങളിൽ, അത്യാവശ്യം നന്നായി പോകുന്ന സാഹചര്യങ്ങളിൽ എഴുത്തിന് ഒരു ഇടവേള വരും, ഒന്നും എഴുതില്ല അപ്പോൾ. ഈ സങ്കടത്തെ അതിജീവിക്കാൻ എഴുതിയേ മതിയാകൂ എന്ന് വരുന്ന ചില സമയങ്ങളിൽ എഴുത്ത് സ്വാഭാവികമായി സംഭവിക്കും. എന്നെ ബാധിക്കുന്നത് വ്യക്തിപരമായ വിഷമങ്ങൾ ആകണമെന്നില്ല.  ചില സിനിമകൾ പോലും എന്റെ മൂഡിനെ ബാധിക്കാറുണ്ട്. ഈയടുത്ത് ഫാദർ എന്നൊരു സിനിമ കണ്ടപ്പോൾ പ്രധാനകഥാപാത്രത്തിന്റെ നിസ്സഹായത കണ്ടപ്പോൾ ഇങ്ങനെയുണ്ടായി. അയാൾ അമ്മയെ കാണണമെന്ന് പറഞ്ഞ് കരയുന്ന വിഷ്വൽ ഒക്കെ കാണുമ്പോൾ സങ്കടം തോന്നി. ആ സിനിമ മാനസികമായി ഒരുപാട് വിഷമിപ്പിച്ചു. ആ സമയത്ത് ഒരു കവിത വന്നു. ഇങ്ങനെയാണ് സ്വാഭാവികമായി കവിത സംഭവിക്കുന്നത്. എന്റെ ഒട്ടുമിക്ക കവിതകളും ഇങ്ങനെയാണ് വന്നിട്ടുള്ളത്. പഴയപാട്ടുകൾ, ഭക്തിഗാനങ്ങൾ, ചില സംഗീതം ഇതുപോലെ സ്വാധീനിക്കുന്ന കുറേ കാര്യങ്ങളുണ്ട്. എന്റെ കവിതകൾക്ക് ഞാൻ തലക്കെട്ടിടാറില്ല. അതെന്റെ ഒരു ശീലമാണ്. അഞ്ചുകാമുകൻമാർ എന്ന് തുടങ്ങുന്ന കവിത ഞാൻ എഴുതാനുണ്ടായ കാരണം ആ സമയത്തായിരുന്നു മാർക്കേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങൾ വായിച്ചുകൊണ്ടിരുന്നത്. ആ സമയത്ത് അതിൽ നിന്നുള്ള കുറേ വിഷ്വൽസ് ഒക്കെ വച്ചാണ് ആ കവിത എഴുതിയത്. സങ്കടത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എഴുതിയ കവിതയല്ല, പക്ഷേ, ആ വായന എന്നെ സ്വാധീനിച്ചതുകൊണ്ട് എഴുതിയതാണ്. ഭൂരിഭാഗം കവിതകളും സങ്കടത്തിന്റെ ആഴത്തിൽ സംഭവിക്കുന്നതാണ്. കുറേ പേർ എന്നോട് ഈ കാര്യം ചോദിച്ചിട്ടുണ്ട്. വിഷാദക്കുട്ടി എന്നൊരു കാറ്റഗറിയിലാണ് എന്നെ മിക്കവരും പെടുത്തിയിരിക്കുന്നത്. പക്ഷേ, അതുകൊണ്ടുമാത്രം എന്നോട് കണക്റ്റ് ആവുന്ന കുറേ പേരുമുണ്ട്. ഓഫ്‌ലൈൻ ആളുകൾ ഈ സങ്കടത്തിൽ കൺഫ്യൂഷനായി പോകുന്ന അനുഭവമുണ്ട്. എന്നെ ഒരിക്കലെങ്കിലും കണ്ടവർ സങ്കടമുള്ള ആളെ പോലെ അല്ലല്ലോ എന്നും പറയാറുണ്ട്. സങ്കടമാണ് കൂടുതലെങ്കിലും പ്രണയവും പ്രത്യാശയും നിറച്ചുവച്ച കവിതകളും എഴുതിയിട്ടുണ്ട്. എന്റെ ബ്‌ളോഗിൽ നൂറോളം കവിതകളുണ്ട്. ആദ്യകാലത്തെ കവിതകളൊക്കെ പൈങ്കിളി പോലെയാണ്. പിന്നെ ഇത്തിരി ഭേദപ്പെട്ട കവിതകളുമുണ്ടായിട്ടുണ്ട്. കാനഡയിലെത്തിയതിനുശേഷം ശൈത്യവുമായി ബന്ധപ്പെട്ടും ബേസ്‌മെന്റിനെ കുറിച്ചും ഇവിടെയുള്ള പരിസരങ്ങളെകുറിച്ചുമൊക്കെ എഴുതിയിട്ടുണ്ട്. പക്ഷേ, ഭൂരിഭാഗത്തിലും വിഷാദമയമുണ്ട്.


ഇത്ര നന്നായി എങ്ങനെയാണ് വാക്കുകളെ കൊരുത്തെടുക്കാൻ പറ്റുന്നത്?
സത്യസന്ധമായി പറഞ്ഞാൽ എനിക്കറിയില്ല എന്നതാണ് ഉത്തരം. അതും ഒരു ഒഴുക്കിൽ സംഭവിച്ചു പോകുന്നതാണ്. എത്ര നാളായി ഒരു കവിത എഴുതിയിട്ട്, ഇന്നെന്തായാലും എഴുതണം എന്ന് വിചാരിച്ച് ഇരുന്നാലൊന്നും എനിക്ക് എഴുതാൻ കഴിയാറില്ല. നേരത്തെ പറഞ്ഞതുപോലെ എഴുതാൻ ട്രിഗർ ചെയ്യിപ്പിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിലേ അത് നടക്കൂ. വാക്കുകൾ അടുക്കി ചെയ്യാനൊന്നും നോക്കാറില്ല. നേരത്തെ എഴുതിയിട്ടുണ്ട്. അങ്ങനെ വരുമ്പോൾ കൃത്രിമത്വം വരും, സ്വാഭാവികത ഇല്ലാതായി പോകും. കവിതയിൽ ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. അതൊരു ഒഴുക്കാണ്. എന്തെങ്കിലും മനപൂർവം ചെയ്യുമ്പോൾ അത് കുളമായി പോകത്തേയുള്ളൂ.

മമ്മൂക്കയെ കുറിച്ച് പറയാതെ പൂർണമാകില്ല, അല്ലേ?
തീർച്ചയായും. ഞാൻ പലയിടത്തും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറേ കഥാപാത്രങ്ങളിൽ കൂടിയാണല്ലോ ആ പേരുമായി നമ്മൾ കണക്റ്റഡ് ആവുന്നത്. വ്യക്തിപരമായി പറയുകയാണെങ്കിൽ എന്റെ പപ്പയുടെ കുറേ മാനറിസങ്ങൾ മമ്മൂക്കയിലുണ്ട്. ഞങ്ങൾ കസിൻസെല്ലാം കട്ട മമ്മൂക്കാ ഫാൻസ് ആണ്. അന്നുമിന്നും മമ്മൂക്ക കരയുന്നത് കണ്ടിരിക്കാൻ പറ്റാത്ത ഒരാളാണ് ഞാൻ. സൈബറിടങ്ങളിൽ ഫാൻസിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങൾ കണ്ട് അങ്ങനെ ഒരു ലേബൽ എന്നൊരു പേര് വേണ്ടെന്ന് തീരുമാനിച്ച ഒരാളാണ് ഞാൻ. പക്ഷേ, ആ സമയത്ത് പോലും മമ്മൂക്കയുമായുള്ള വൈകാരിക അടുപ്പം, സ്വന്തമാണെന്ന തോന്നൽ അതേ പോലെയുണ്ട്. എന്റെ മമ്മി എപ്പോഴും പറയുന്ന ഓർമ്മയുണ്ട്. 'പപ്പയുടെ സ്വന്തം അപ്പൂസ്' സിനിമയിലെ 'ഓലത്തുമ്പത്തിരുന്ന് ഊയലാടും പാട്ടി'ന്റെ ഓഡിയോ കാസറ്റിനായി അമ്മയെ നാട് മുഴുവൻ ഓടിച്ചിട്ടുള്ള ആളാണ് ഞാനെന്ന്. അന്ന് ഞാൻ തീരെ ചെറുതാണ്. ഒരു താരം എന്നതിലുപരി, നമ്മുടെയാൾ എന്നൊരു തോന്നൽ നമ്മുടെ ഹൃദയത്തിൽ ചേർത്തു വച്ചിരിക്കുകയാണ്. പപ്പ ഗൾഫിൽ നിന്നും വന്നപ്പോൾ കുറേ സിനിമാക്കാസറ്റുകളൊക്കെ കൊണ്ടു വന്നു. അമരം ഞാൻ ഇതുവരെ കണ്ടിട്ടില്ല. തനിയാവർത്തനം കാണാനുള്ള ധൈര്യമില്ല. കരയുന്ന, വിങ്ങിപ്പൊട്ടുന്ന മമ്മൂക്കയുടെ സിനിമകൾ എനിക്ക് കാണാൻ കഴിയില്ല. പൗലോ കൊയ്‌ല പറഞ്ഞതു പോലെ പ്രപഞ്ചം ഗൂഢാലോചന നടത്തിയതുപോലെ ഒരു സംഭവമുണ്ട്. ജിയോ ചേട്ടൻ മുമ്പും പടങ്ങൾ ചെയ്തിട്ടുണ്ട്. ആ പടങ്ങൾ ചെയ്യുമ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കണക്റ്റഡ് ആണ്. ആ സമയത്തൊന്നും തോന്നാതെ മമ്മൂക്കായുടെ ഒരുപടം വരുമ്പോൾ തന്നെ അതിലൊരു സാഹചര്യത്തിൽ എന്നെ ഓർമ്മ വന്നു, എന്റെ കവിതകൾ ഓർമ്മ വന്നു എന്നു പറയുമ്പോൾ നിമിത്തമെന്നോ, ദൈവാനുഗ്രഹമെന്നോ എന്താണ് പറയേണ്ടതെന്ന് അറിയില്ല. മമ്മൂക്കയുടെ സിനിമയിൽ തുടങ്ങി, ഇനി എന്താണെന്ന് എനിക്കറിയില്ല, പക്ഷേ, ആ നിമിത്തം വന്നതു പോലും മമ്മൂക്കയുമായുള്ള അഗാധമായ ആത്മബന്ധം ആണെന്ന് ഞാൻ സംശയിക്കുന്നു. ഞാൻ എഴുതുന്ന രീതിയിൽ തന്നെ ഒരുപാട്ട് എഴുതാനും ജിയോചേട്ടനുമായി ഏതൊക്കെയോ വഴികളിൽ പരിചയപ്പെടാനും കഴിഞ്ഞതൊക്കെ നിമിത്തമായി തന്നെ വിശ്വസിക്കുന്നു. എന്റെ പപ്പയെയും മമ്മൂക്കയെയും വച്ച് ഒരു കവിത എഴുതിയിട്ടുണ്ട്. അത് ഇങ്ങനെയാണ്,

എനിക്ക് അപ്പനെ ഓർക്കുമ്പോൾ
അമരത്തിലെ അച്ചൂട്ടിയെ ഓർമ്മ വരും
വികാരവിക്ഷോഭങ്ങളുടെ ആൾരൂപം
വേറെ ചിലപ്പോൾ നിറക്കൂട്ടിലെ രവി
ഉള്ളിൽ ആകെ കലഹം നിറച്ച്
എങ്ങനെയൊക്കെയായാലും
എനിക്കപ്പൻ മമ്മൂട്ടിയാണ്

ആ കവിത തീരുന്നത് ഇങ്ങനെയാണ്

എല്ലാ അപ്പൻമാരും പാവങ്ങളാണ്
നെഞ്ചിലെ തീയിൽ എല്ലാം ഒളിപ്പിച്ച്
ചുമ്മാ  പുറമേ എന്തൊക്കെയോ കാണിച്ച്
അപ്പനെന്തൊരു അപ്പനാണപ്പാ...

നോർമ്മയുടെ ആത്മാവിന്റെ ആനന്ദം എഴുത്താണോ?
എന്റെ ആത്മാവിന്റെ ആനന്ദം എഴുത്ത് തന്നെയാണ്. അതോടൊപ്പം പാട്ടും സിനിമയുമുണ്ട്. ചില സമയത്ത് എനിക്ക് തോന്നാറുണ്ട്, പാട്ടാണ് എന്നോട് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നതെന്ന്. പിന്നെ വായന ഇഷ്ടമാണ് പക്ഷേ, ആനന്ദം എഴുത്തിൽ തന്നെയാണ്. വേറെ ഒരു ആശ്വാസവും എനിക്കില്ല. എഴുതി കിട്ടിയാൽ മാത്രമേ ആനന്ദവും ആശ്വസവും ഉണ്ടാകാറുള്ളൂ.    

മമ്മൂക്ക കഴിഞ്ഞാലിഷ്ടം ഇർഫാൻ ഖാനാണോ?
മമ്മൂക്ക കഴിയുന്നേ ഇല്ലല്ലോ...ഇർഫാൻ ഖാൻ ഈ പറഞ്ഞ പോലെ ഒരു കണക്ഷൻ തോന്നിയ മനുഷ്യനാണ്. എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരു അദൃശ്യമായ ചരടിനാൽ ബന്ധിപ്പിക്കുന്ന മനുഷ്യർ എന്ന പോൽ. ഇർഫാൻ ഖാന്റെ മുഴുവൻ സിനിമകളും കണ്ട വ്യക്തിയൊന്നുമല്ല ഞാൻ. പക്ഷേ, എന്തോ ഒരു കണക്ഷൻ തോന്നാറുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ഞാൻ വളരെ ഷോക്കായി പോയി. ചില മരണങ്ങൾ അങ്ങനെയാണല്ലോ. ഒരു സിനിമാ നടൻ എന്നതിലുപരിയുള്ള ഒരു അടുപ്പമാണത്. മമ്മൂക്ക കഴിഞ്ഞാൽ ഇഷ്ടമുള്ള നടൻ എന്ന നിലയില്ല. നടൻ എന്നതിലുപരിയായി എങ്ങനെയൊക്കെയോ കണക്റ്റഡ് ആവുന്ന ഒരു മനുഷ്യനാണ് എനിക്ക് ഇർഫാൻ ഖാൻ. അതേ പോലെ ഒരിക്കലെങ്കിലും കാണണമെന്ന് ഞാൻ ആഗ്രഹിച്ച വ്യക്തിയാണ് എസ്.പി.ബി. അദ്ദേഹം ഇല്ല ഇനി എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ ബാലഭാസ്‌കറിന്റെ വേർപാടും ഉൾക്കൊള്ളാനാകാത്തതാണ്. സെലിബ്രിറ്റി പരിവേഷമല്ലാതെ, മനുഷ്യർ എന്ന നിലയിലെ തോന്നൽ ആണത്.

സിനിമ റിലീസിംഗ് സമയത്ത് നാട്ടിലില്ലാത്തത് വലിയൊരു വലിയൊരു നഷ്ടമായല്ലോ?
ജൂണിൽ നാട്ടിൽ വന്നു  വന്നു പോയതേയുള്ളൂ. കൃത്യമായ റിലീസ് ഡേറ്റും ഉണ്ടായിരുന്നില്ല. പെട്ടെന്ന് വരാവുന്നത് പ്രാക്ടിക്കൽ ആയിരുന്നില്ല. ഈ വർഷത്തെ അവധി തീർന്നിരുന്നു. മമ്മൂക്കയുടെ കൂട്ടത്തിൽ നിന്ന് ഫോട്ടെടുക്കാനുള്ള അവസരം അങ്ങനെ മിസ്സായി. ടൊറന്റോയിൽ സോഫ്റ്റ് വെയർ കമ്പനിയിൽ സോഫ്റ്റ് വെയർ സെയിൽസ് വിഭാഗത്തിലാണ് വർക്ക് ചെയ്യുന്നത്. സ്റ്റുഡന്റായാണ് ഇവിടെ ആദ്യം വന്നത്.

'പൂവാക പൂക്കുമ്പോൾ' എന്ന ബ്ളോഗിനെ കുറിച്ച് പറയുമ്പോൾ?
 പൂവാക പൂക്കുമ്പോൾ എഴുതി തുടങ്ങിയ കാലത്ത് ഉണ്ടാക്കിയ ബ്‌ളോഗാണ്. കവിതകൾ സൂക്ഷിക്കാനൊരിടം എന്ന നിലയിലായിരുന്നു തുടങ്ങിയത്. ഇപ്പോൾ ബ്‌ളോഗെഴുത്ത് അത്ര പോപ്പുലറാണോ എന്ന് എനിക്കറിയില്ല. നേരത്തെയൊക്കെ അപ്‌ഡേറ്റ് ചെയ്യാതെ പോവാറുണ്ടായിരുന്നു. പക്ഷേ, ഇപ്പോഴത് നന്നായി നോക്കുന്നുണ്ട്. ഫേസ് ബുക്കിൽ കുറിച്ചിടുന്ന കവിതകൾ പിന്നെ തപ്പിയെടുക്കുന്നത് പാടാണ്. ബ്‌ളോഗിൽ അത് കുറേക്കൂടി എളുപ്പവും. ഇടയ്ക്ക് ഞാൻ അവിടെ കവിതകൾ ചൊല്ലിയിടാറുണ്ട്. നമ്മൾ അനുഭവിച്ച വികാരങ്ങളുടെ തീക്ഷ്ണതയിൽ തന്നെ അടയാളപ്പെടുത്താൻ കഴിയും. എഴുതുന്ന ഒരാളാണെന്ന് എന്നെ ഓർമ്മിപ്പിക്കാൻ കൂടി ഉള്ള എന്റെ ഇടമാണത്.


ഉളളിലൊരു കൊച്ചു കുട്ടിയെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടോ?
ജീവനും ജീവിതത്തിനുമിടയിൽ ഞെരിപിരി കൊള്ളുന്ന സമയങ്ങളിലെല്ലാം എനിക്ക് തോന്നും ഞാൻ ഇപ്പോഴുമൊരു കുട്ടിയാണെന്ന്. സ്‌നേഹവും ശ്രദ്ധയും ലാളനയും പരിഗണനയും അങ്ങനെയങ്ങനെ എണ്ണി പെറാക്കാവുന്നതിനോടെല്ലാം കൊതി തീരാത്തൊരു കുഞ്ഞികുട്ടി. ആരോ പറഞ്ഞത് പോലെ വലുതാകൽ  ഒരു കെണിയാണ്. മുതിർന്നു പോവുക ഒരു ബാധ്യതയും. എത്രയൊക്കെ പറഞ്ഞു നേരെയാക്കാൻ ശ്രമിച്ചാലും മുതിർന്നുവെന്നു മനസ് സമ്മതിക്കാതിരിക്കുന്നതിൽ ഒരു ചതിയുണ്ട്. നമ്മൾ മാത്രമേ നമ്മളെ അങ്ങനെ  കാണൂ. ചെറുതായിരുന്നപ്പോൾ നമുക്ക് കിട്ടിയതെല്ലാം, മുൻപ് പറഞ്ഞതിന്റെ എല്ലാം വകഭേദങ്ങളും  പെട്ടന്നൊരു ദിവസം നമുക്ക് നിഷേധിക്കപ്പെടുന്നു. നമ്മൾ മുതിർന്നൊരാൾ ആവുന്നു. എല്ലാത്തിനോടും സമരസപ്പെടുവാനും പലതിനെയും കണ്ടില്ലെന്നു നടിക്കുവാനും   നെഞ്ചിൽ കനപ്പെട്ട ഭാരം വെച്ച് ദിവസം മുഴുവൻ മുഖത്തു വെളിച്ചം കൊണ്ട് നടക്കാനും  ചിലപ്പോൾ  സ്വാർത്ഥയാകാനും വേറെ ചിലപ്പോൾ ചതിക്കാനും ചതിക്കപ്പെടാനും ജീവിതം വെച്ച് നീട്ടുന്ന എല്ലാ കന്നംതിരിവുകളിലും ഒറ്റയ്ക്ക് നിന്ന് പട പൊരുതുവാനും ബാധ്യസ്ഥയായ ഒരുവൾ. മുപ്പതുകളിൽ എത്തിയാൽ പിന്നെ അകാരണമായൊരു ഭയത്തിന്റെ ആർഭാടം കൂടെ ഉണ്ടാവും.അസ്തിത്വ  ദുഃഖം എന്നൊക്കെ ആളുകൾ വിളിക്കുന്നത് എന്തിനെ ആണെന്ന് എനിക്കറിയില്ല. പക്ഷെ പാകമെത്തുന്നതിനു മുന്നേ ചെറുതായിരിക്കുന്ന കളിയിൽ നിന്ന് പുറത്തായ ആളാണ് ഞാൻ എന്നതാണ് എന്നെ അലട്ടുന്ന ദുഃഖം. മുതിരാന് മനസിന് മനസില്ല പോലും. കടിച്ചാൽ പൊട്ടാത്ത, എടുത്താൽ പൊങ്ങാത്ത ധൈര്യത്തേയും കൂട്ട് പിടിച്ചു കൊറേ അങ്ങനെ ഓടും. കിതയ്ക്കുമ്പോൾ, ഒന്നിരിക്കുമ്പോൾ, വീട്ടിൽ കിഴക്കേ മുറിയിലെ കട്ടിലിൽ  മമ്മിയെ കെട്ടി പിടിച്ചു ദേഹത്തു കാലും വെച്ച് കിടക്കുന്ന എന്നെ എനിക്ക് മിസ് ചെയ്യും.വളർന്നു പോയതിനെ പഴിച്ചു, പതിയെ ഒരു പാട്ടു വെക്കുമ്പോൾ അങ്കലാപ്പിന്റെ നിലാവെളിച്ചത്തിലേക്ക് രണ്ടു കണ്ണ് നീർ  തുള്ളി ഇറ്റു വീഴും.
മുളം തണ്ടായി മുറിഞ്ഞ നിൻ
മനം തഴുകുന്ന പാട്ടു ഞാൻ
മറന്നേക്ക് നൊമ്പരം
നിലാ പൈതലേ....
എന്ന് നീട്ടി വിളിക്കും ഉള്ളിൾ നിന്നൊരാൾ.
പറന്നെന്നാൽ തളർന്നു പോം
ഇളം ചിറകുള്ള പ്രാവ് നീ
കുളിർ മഞ്ഞു തുള്ളി നീ...

.എന്ന് പാടി തീരുമ്പോഴേക്കും പതിയെ ഞാൻ ഏങ്ങലടിച്ചു തുടങ്ങും.
പണ്ടേ ഞാനൊരു കരച്ചില് കുട്ടിയായിരുന്നു. എന്തിനും ഏതിനും കരച്ചിൽ. ഇപ്പോൾ പോലും  ദേഷ്യത്തിലും ശബ്ദം ഇടറാതെ ഒന്ന് തർക്കിക്കുവാൻ പോലും ആവാതെ അതേ  കുട്ടിയിൽ ഞാൻ കുരുങ്ങി കിടക്കുന്നു. എന്റെ ജീവിതത്തിൽ പാട്ടുകൾ അവസാനിക്കുന്നതേയില്ല. എന്നോട്  കവിത ചെയ്യുന്നതിനേക്കാൾ കാരുണ്യം പാട്ടുകൾ ഇപ്പോൾ കാണിക്കുന്നുണ്ട്.

സൗഹൃദങ്ങൾ വിലപ്പെട്ടതായ ഒരാളെ പോലെ തോന്നുന്നു?
സൗഹൃദങ്ങൾ ഒരുപാടുള്ള ആളായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ എന്റെ റൂംമേറ്റ് ചോദിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്, ജാക്കിന്റെ ഫോണിൽ എത്ര  കോൺടാക്റ്റ്സാണെന്ന്. നിറയെ പാട്ടും തമാശകളുമൊക്കെയുള്ള ഒരു റിലീജ്യസ് മൂവ്മെന്റിന്റെ ഭാഗമായിരുന്നു നേരത്തെ ഞാൻ.  ഈ കൂട്ടായ്മയിലൂടെ കുറേ മനുഷ്യരെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. മനപൂർവമോ അല്ലാതെയോ അന്ന് ഞാൻ ഇട്ടിട്ടുപോന്ന ഒത്തിരി സൗഹൃദങ്ങൾ ഈ പാട്ടിനുശേഷം എന്നെ തേടി വരുന്നതാണ് അത്ഭുതം. ഒരു കാലത്തിനുശേഷം സൗഹൃദങ്ങൾ സൂക്ഷിക്കാൻ ജീവിതസാഹചര്യങ്ങൾ കൊണ്ടും മോശം അനുഭവങ്ങൾ കൊണ്ടും എനിക്ക് സാധിക്കാതെ പോയിട്ടുണ്ട്. ഒരുസമയത്ത് മനുഷ്യരെ കുറയ്ക്കുക എന്നായിരുന്നു തീരുമാനം. മനുഷ്യരുണ്ട് സൂക്ഷിക്കുക എന്ന ബോർഡ് വച്ച ആളാണ് ഞാൻ എന്ന് ഒരിക്കൽ ഞാൻ എഴുതിയിട്ടുമുണ്ട്. ഒത്തിരി സൗഹൃദങ്ങളിൽ നിന്നുമാണ് കയ്യിൽ എണ്ണാവുന്നത്രയും ആളുകളിലേക്ക് എത്തിയത്. മനുഷ്യരെ കാണാനുള്ള എന്റെ ഉത്സാഹം എവിടെയോ നഷ്ടപ്പെട്ടിരുന്നു. പക്ഷേ, പാട്ട് വന്നപ്പോൾ കുറേ മനുഷ്യർ എന്നെ അന്വേഷിച്ചു വന്നു. ക്രിസ്ത്യൻ കൂട്ടായ്മയുടെ ഭാഗമായി പള്ളിയിൽ അച്ചൻ പട്ടത്തിന് പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളെ പരിചയപ്പെട്ടിരുന്നു. കുട്ടികൾക്ക് ഗൈഡൻസ് കൊടുക്കാൻ വന്നപ്പോഴാണ് കണ്ടത്. ഫേസ് ബുക്കിൽ പോലും ഫിൽട്ടറിംഗ് നടത്തുന്നയാളാണ് ഞാൻ. പ്രേമമില്ല, പ്രേമം പൊട്ടിച്ചു കൊടുക്കുന്ന ആൾ എന്ന നിലയിൽ ആളുകൾ ജഡ്ജിമെന്റലാവുമോ എന്നൊക്കെ ഒരു പേടി മനസിലുള്ളതുകൊണ്ടാണ്. ആ സൗഹൃദം കാലക്രമേണ ഇല്ലാതായി. കഴിഞ്ഞ ദിവസം അതേ മനുഷ്യനിൽ നിന്നും പാട്ട് കേട്ടുള്ള ആശംസ അറിയിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. തിയേറ്ററിൽ സിനിമ കണ്ടപ്പോഴാണ് അച്ചന് ഞാനാണെന്ന് മനസിലായത്. ഇതുവരെ ഞാൻ സംസാരിച്ചിരുന്നത് സൗഹൃദങ്ങൾ കുറവാണെന്നും റിലീജിയസ് പ്രവർത്തനങ്ങളുടെ കാലത്ത് വന്ന നഷ്ടങ്ങളെ കുറിച്ചുമാണ്. പക്ഷേ, ഈ മൊമന്റിൽ പറയുന്നു, അങ്ങനെയല്ല, അന്നുകിട്ടിയ മനുഷ്യർക്ക് സ്നേഹമുണ്ടായിരുന്നു, എന്നെ അവർ തിരക്കി വരുന്നു. ഓൺലൈൻ സൗഹൃദങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ മേരി ജാക്വിലിൻ എന്ന പേരിൽ ഇന്നും മേരിക്കുഞ്ഞേ എന്ന് വിളിക്കുന്നവരുണ്ട്. ഇടയ്ക്ക് ഫേസ് ബുക്കിൽ നിന്നൊക്കെ മാറി നിൽക്കാറുണ്ട് ഞാൻ. പക്ഷേ, എപ്പോ തിരിച്ചു ചെന്നാലും ആ സ്നേഹം കാണും. പൂഞ്ഞാർ എൻജിനിയറിംഗ് കോളേജിൽ പഠിക്കുമ്പോഴുള്ള അൽഫോൻസാ ഹോസ്റ്റലെ ഒരു കുഞ്ഞുഗ്രൂപ്പിലെ കൂട്ടുകാർ. അവരെല്ലാം ഇപ്പോഴും അതേ പോലുണ്ട്. ഇനി പറയാനുള്ളത് സ്‌കൂളിലെ കൂട്ടുകാരെ കുറിച്ചാണ്. എന്റെ പിടിപ്പുകേട് കൊണ്ട് മാത്രം നഷ്ടപ്പെട്ടവരാണ് അവർ.  നാലഞ്ചുമാസം മുമ്പ് ഒരു റീയൂണിയൻ വച്ചു. ഈ പടവും പാട്ടും ഇറങ്ങിയപ്പോൾ എങ്ങനെ പറയണമെന്നറിയില്ല, അത്ര സന്തോഷമായിരുന്നു എല്ലാവർക്കും.  പലരാജ്യങ്ങളിലാണെങ്കിലും അവരെല്ലാം ഒരു ഓൺലൈൻ മീറ്റ് വച്ച് എന്നെ അഭിനന്ദിച്ചു.ഞാൻ മറന്നിട്ടും എന്നെ മറക്കാത്ത സൗഹൃദങ്ങളാൽ അനുഗ്രഹിക്കപ്പെട്ടു എന്നേ പറയാൻ കഴിയൂ. സാധാരണ പറയുന്നത് സങ്കടങ്ങളിൽ കൂടെ നിൽക്കുന്നവരാണ് സുഹൃത്തുക്കൾ എന്നാണ്. എന്നാൽ കുറച്ചായിട്ട് എനിക്ക് തോന്നുന്നത് സന്തോഷത്തിൽ കൂടെ നിൽക്കുന്നവരാണ് അങ്ങനെ എന്നാണ്. ഒരാളുടെ സന്തോഷത്തിൽ അതേ പോലെ സന്തോഷിക്കുക എന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. വെല്ലുവിളി തന്നെയാണത്.  ഞങ്ങൾ നിന്നെ കുറിച്ച് സന്തോഷിക്കുന്നു, അഭിമാനിക്കുന്നു എന്നു പറയാൻ നല്ല മനസ് തന്നെ വേണം. അങ്ങനെ പറയാൻ കുറേ മനുഷ്യർ ഇപ്പോഴുണ്ട്. പിന്നെ എന്റെ പാർട്ട്ണർ. അവൻ തരുന്ന പിന്തുണയും സമയവും പ്രോത്സാഹനവുമെല്ലാം വിലപ്പെട്ടതാണ്. ഈ പാട്ടെഴുതുന്ന സമയത്ത് പറ്റുമോ പറ്റുമോ എന്ന് ആകുലപ്പെട്ടിരുന്നു. എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ, പെട്ടെന്ന് പാനിക്കും എക്സൈറ്റഡുമായി. ആ സമയത്തെ എന്റെ കൂട്ടും മുന്നോട്ടു കൊണ്ടുപോയതും അവൻ തന്നെയാണ്. സൗഹൃദത്തെ കുറിച്ച് പറയുമ്പോൾ അത് പറയാതെ പോയിക്കഴിഞ്ഞാൽ പൂർണമാവില്ല. ഏറ്റവും നല്ല കൂട്ടുകാരാണ് ഞങ്ങൾ. കൂടെ ജീവിതത്തിലെ പാർട്ട്ണേഴ്സും ആണെന്നു മാത്രം.


ജിയോ ബേബി എന്ന മനുഷ്യനെ നോർമ്മ കാണുന്നത് എങ്ങനെയാണ്?
'തകർക്കപ്പെട്ട കൂടിന്റെ ഓർമ്മ' എന്ന് പറഞ്ഞ്. ഏഴുകടലുകൾ കടന്നു പോയാലും നമ്മളെ തിരിച്ചു വിളിക്കുന്ന വീടിനെ കുറിച്ച് ഞാൻ ഒരു കവിത എഴുതിയിരുന്നു. ആ കവിതയെ കുറിച്ചുള്ള ഓർമ്മ പോലും എന്നെ ഇമോഷണലാകും. ബോബി കട്ടിക്കാരൻ അച്ചൻ ഒരു പുസ്തകത്തിൽ ആ കവിതയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ആ കവിത വായിച്ചാണ് ജിയോ ചേട്ടൻ മെസേജ് ഇട്ടത്. കവിത ഇഷ്ടമായതുകൊണ്ടാണ് അഭിപ്രായം പറഞ്ഞത്, എഴുത്തിന് ആശംസകൾ എന്നായിരുന്നു ആദ്യത്തെ മെസേജ്.. കുഞ്ഞുദൈവം ആയടുത്തായിരുന്നു ഞാൻ കണ്ടത്. അതെന്റെ ഫേവറിറ്റ് സിനിമയാണ്. ഇങ്ങനെ ഒക്കെ ജിയോ ചേട്ടനെ എനിക്കറിയാം. രണ്ടുപെൺകുട്ടികൾ ഞാൻ കണ്ടിട്ടുണ്ടെങ്കിലും ജിയോ ചേട്ടന്റേതാണെന്ന് അറിയില്ലായിരുന്നു. ഞങ്ങളുടെ ഒരു മ്യൂസിക്ക് ഗ്രൂപ്പുണ്ടായിരുന്നു. അതിൽ ചേട്ടനുമുണ്ട്. മേശയിൽ കൈകൊട്ടി ചേട്ടൻ പാടുന്നതിന്റെ വിഷ്വൽസ് ഞാൻ അതിൽ കണ്ടിട്ടുണ്ട്. അതു കണ്ടാണ് എനിക്ക് ചേട്ടനെ അത്രയും പരിചയം. ഞാൻ ഈ വീഡിയോക്കെല്ലാം പോയി കമന്റ് ഇട്ടതൊക്കെ ഓർക്കുന്നു. അത്രയ്ക്ക് അടിപൊളിയായാണ് കൊട്ടി പാടുന്നത്. പിന്നെയാണ് ചേട്ടൻ എന്റെ വിശേഷങ്ങളൊക്കെ ചോദിച്ചത്. ഇടയ്ക്ക് മിണ്ടും, നോർമ്മയ്ക്കറിയാമോ നോർമ്മയുടെ കവിതകൾ എത്ര പേർക്ക് സമാധാനം കൊടുക്കുന്നുണ്ടെന്ന് ഒരിക്കൽ ഇങ്ങനെ ചോദിച്ചു. എന്നിട്ട് പറഞ്ഞു, ചേട്ടൻ രാവിലെ നടക്കാൻ പോകുമ്പോൾ ഇടയ്ക്ക് ബ്രേക്കിടുമ്പോൾ എന്റെ കവിതകൾ വായിക്കും. ദിവസം സമാധാനമായി തുടങ്ങാൻ നല്ലതാണെന്നാണ് പറഞ്ഞത്. കണക്റ്റ് ചെയ്യാൻ പറ്റുന്ന കുറേയധികം മനുഷ്യരെ പരിചയപ്പെടണമെന്നാണ് ചേട്ടന്റെ ആഗ്രഹം എന്നൊക്കെ അന്ന് പറഞ്ഞു. പുള്ളി ആ സമയത്ത് സംവിധായകനാണ്. അങ്ങനെയുള്ള മനുഷ്യർ സോഷ്യൽ മീഡിയയിൽ കവിതകളെഴുതുന്ന എന്നോട് വന്ന് സമാധാനം തരുന്ന കവിതകളാണെന്ന് പറയേണ്ട കാര്യമില്ല. അത് വെറുത വന്ന് പറയുകയുമല്ല, വിശദീകരിച്ചാണ് കവിതകളെ കുറിച്ച് പറയുന്നത്. ആ സമയം മുതലേ ചേട്ടൻ ഒരു മനുഷ്യനാണ്. മനുഷ്യൻമാരുടെയെടുത്തെത്താനും അവരോട് സംസാരിക്കാനും നിങ്ങളുടെ കഴിവുകൾ നല്ലതാണെന്ന് പറയുന്നതൊക്കെ എല്ലാ മനുഷ്യർക്കും പറ്റില്ല. മനുഷ്യനെന്ന നിലയിൽ ചേട്ടൻ മുത്താണ്. ചേട്ടന്റെ എഫ്.ബി പോയതിനുശേഷം അങ്ങനെ ഒരു കോൺടാക്റ്റ് ഉണ്ടായിരുന്നില്ല. പക്ഷേ, കാതൽ വന്നപ്പോൾ എന്നെ ചേട്ടൻ ഓർത്തു. അത്ര കൃത്യമായി എങ്ങനെ ഞാൻ ഓർമ്മയിലെത്തി എന്ന് എനിക്ക് ഇന്നും അറിയില്ല. പക്ഷേ, അത് സംഭവിച്ചു. അന്ന് കണ്ട അതേ ജിയോ ചേട്ടൻ തന്നെയാണ് ഇന്നും. വ്യക്തിബന്ധങ്ങളെ അത്ര സിംപിളായി കാണുന്ന ആൾ. ഇടതുപക്ഷത്ത് നിൽക്കുമ്പോഴും വിമർശിക്കേണ്ടവയെ കൃത്യമായി വിമർശിക്കുന്ന നിലപാടുണ്ട്. അതിന്റെ പേരിൽ ഒത്തിരി സൈബർ ബുള്ളിയിംഗ് നടക്കുമ്പോഴും ചേട്ടൻ അതിൽ നിന്നൊന്നും മാറി നടക്കുന്നുമില്ല. ഒപ്പമുള്ളവരെ കൂടെ നിറുത്തിപ്പോകുന്ന ഒരാൾ. മൊത്തത്തിൽ വളരെ രസമാണ് ചേട്ടൻ. ചേട്ടന്റെ സിനിമകളിൽ ഇടപെട്ടിട്ടുള്ള മനുഷ്യരുടെ പേരുകൾ വരുന്ന ടൈറ്റിൽ കാർഡ് ഒക്കെ അടിപൊളിയായി, വായിക്കാവുന്ന വേഗതയിലാണ്‌ സ്‌ക്രീനിൽ കാണിക്കുന്നത്. അവരെ ആൾക്കാരിലെത്തിക്കണം എന്നാണ് ചിന്ത. എല്ലാവരും അങ്ങനെയല്ല. പക്ഷേ, അങ്ങനെ ആകുന്നത് കൂടിയാണ് ജിയോ ചേട്ടൻ.

കാതലിനെ നോർമ്മയ്ക്ക് ബോദ്ധ്യപ്പെടുന്നത് എങ്ങനെയാണ്?
ഏച്ചുകെട്ടലോ, മുഴച്ചുനിൽക്കലോ ഇല്ലാത്ത സിനിമയാണ്. നിരന്തരം അരികുവത്കരിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരോടുള്ള ഐക്യപ്പെടലായാണ് ഈ സിനിമയെ കാണുന്നത്. അതോടൊപ്പം മറുഭാഗത്ത് നിൽക്കുന്ന മനുഷ്യരുടെ നിസ്സഹായതയും സമൂഹത്തെ ബോധിപ്പിക്കാൻ വേണ്ടി അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്ന അവരുടെ അവസ്ഥ ഒക്കെ ഈ സിനിമ ഭംഗിയായി കാണിച്ചു തരുന്നു. പലതരം വിമർശനങ്ങളും സിനിമയ്ക്ക് പിന്നാലെ ഉണ്ടാകുന്നുണ്ട്. എന്തൊക്കെ കുറവുകളുണ്ടായാലും ധീരമായൊരു തുടക്കമായാണ് ഞാനതിനെ കാണുന്നത്. സിനിമ പോലെ സമൂഹത്തെ സ്വാധീനിക്കുന്ന മറ്റൊരു മാധ്യമമില്ല. ഇനിയും അങ്ങനെ ഉള്ള സിനിമകൾ ഉണ്ടാകട്ടെ. എല്ലാ ജീവിതങ്ങളും സ്വാഭാവികമാണെന്ന തോന്നൽ ഉണ്ടാകട്ടെ.എല്ലാ മനുഷ്യരെയും ജീവിക്കാൻ അനുവദിക്കാനായി മനുഷ്യരെ കൂടുതൽ തുറവിയുള്ളവരാക്കാൻ ഇത്തരം സിനിമകൾ ഇനിയും കാരണമാകും.

''എത്രപേരുടെ
ഓർമ്മയാണ് നാം
എത്രപേരിലെ വിഷാദം
എത്രപേർക്കുള്ളിലാന്തലാണ് നാം
എത്രപേർക്കിനി ചവർപ്പും''

ഫേസ് ബുക്കിൽ നോർമ്മ ഇങ്ങനെ എഴുതിയിട്ടുണ്ട്. എല്ലാ വിഷാദവും ചവർപ്പുകളും ആന്തലും കടന്ന് സമാധാനത്തിലൂടെ നടക്കാൻ ആ വരികളിലൂടെ നടക്കുന്ന എല്ലാവർക്കും കഴിയട്ടെ.

Neeyanen Aakasham Video Song | Kaathal The Core | Mammootty , Jyotika | Jeo Baby | MammoottyKampany

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക