ഇനി സുധീഷോത്സവം...!!!

Interviews

2022 ജൂലൈ 26... 'ന്നാ താൻ കേസ് കൊട്' ചിത്രത്തിലെ ചാക്കോച്ചന്റെ ഡാൻസ് ഹിറ്റായി നിൽക്കുന്ന സമയം. അത് ഷൂട്ട് ചെയ്ത ആ അമ്പലത്തിനേക്കുറിച്ചറിയുന്നതിനായി ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയ അരുൺ തമ്പിയോട് ചോദിച്ചപ്പോൾ NTCK യുടെ അസോസിയേറ്റ് ഡയറക്ടർ സുധീഷിനോട് ചോദിക്കാൻ പറഞ്ഞ് നമ്പർ തന്നു. പ്രീ റിലീസ് പരിപാടികളുമായി കട്ടത്തിരക്കിലായിരുന്നിട്ടും അസോസിയേറ്റ് സുധീഷ് കുറച്ച് സമയം സംസാരിച്ചു. കാര്യങ്ങൾ പറഞ്ഞ് തന്നു.

2023 ഏപ്രിൽ 14... NTCK സംവിധായകൻ രതീഷ് ബാലകൃഷ്ണൻ തിരക്കഥ എഴുതി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മദനോത്സവം' തിയറ്ററുകളിൽ തെളിയുന്ന ദിനം. സംവിധാനം സുധീഷ് ഗോപിനാഥ്... കേട്ടപ്പോൾ എവിടെയോ കേട്ടുമറന്ന പേര്... അതേ... NTCK യുടെ അസോസിയേറ്റ് ഡയറക്ടർ സുധീഷ് തന്നെ...!!

ഒന്നും ചിന്തിച്ചില്ലാ... സമയവും സന്ദർഭവും അറിഞ്ഞ് വിളിച്ചു...!! കുറച്ച് നേരം, കുറേ കാര്യങ്ങൾ...!!!

*     *     *     *     

ഹലോ സുധീഷ്...
ആദ്യമായിത്തന്നെ അഭിനന്ദങ്ങൾ... ആദ്യമായി സംവിധാനം ചെയ്യുന്ന മദനോത്സവം തിയറ്ററുകളിൽ തെളിയുകാണ്....!! എന്ത് തോന്നുന്നു?

താങ്ക്യു..!! നല്ല ആധിയുണ്ട്... കാണുന്ന ആൾക്കാരെങ്ങനെ എടുക്കും... എന്ത് പറയുമെന്നൊക്കെ...! ഞങ്ങൾ ഒരുകൂട്ടം ആളുകൾ കണ്ട് ഇഷ്ടപ്പെടുന്നതുപോലെ അല്ലല്ലോ പ്രേക്ഷകർ ജഡ്ജ് ചെയ്യുന്നത്. അപ്പോൾ അതെങ്ങനെ ആവുമെന്ന ആധി.

എങ്ങനെയാണ് സുധീഷ് സിനിമയിലേക്ക് എത്തിപ്പെട്ടത്?

കെ.കെ. രാജീവിന്റെ 'അമ്മമനസ്' എന്ന സീരിയലിലൂടെ ആണ് സിനിമയിലേക്ക് എത്തിപ്പെടുന്നത്. പിന്നീട് ഓ ഫാബി സംവിധാനം ചെയ്ത ശ്രീക്കുട്ടൻ എന്ന സംവിധായകന്റെ, പുള്ളി ഹരിഹരൻസാറിന്റെ ഒക്കെ അസോസിയേറ്റ് ആയിരുന്നു. അദ്ദേഹത്തിനൊപ്പം 'ഉണ്ണിയാർച്ച' എന്നൊരു സീരിയൽ ചെയ്തിരുന്നു. അതൊക്കെ വലിയ എക്സ്പീരിയൻസായിരുന്നു. പിന്നീടാണ് പ്രിയാനന്ദൻ 2011ൽ സംവിധാനം ചെയ്ത 'ഭക്തജനങ്ങളുടെ ശ്രദ്ധക്ക്' എന്ന ചിത്രത്തിൽ അസിസ്റ്റൻ്റായി സിനിമാലോകത്തേക്ക് വരുന്നത്.

2011 മുതൽ 2023 വരെ 12 വർഷം എടുത്തല്ലോ അസോസിയേറ്റിൽ നിന്ന് സ്വതന്ത്രസംവിധായകാനാകാൻ...?

12 വർഷം എന്ന് പറയുന്നത് നീണ്ട കൊല്ലങ്ങൾ ആണെങ്കിലും, എനിക്കതിൽ ഗിൽറ്റോ, സങ്കടമൊന്നുമില്ലാ. കാരണം ആ പ്രോസസ്സ് വളരെയധികം എൻജോയ് ചെയ്യുന്ന ആളാണ് ഞാൻ. അതിനിടയിൽ കുറെ നല്ല സിനിമകളുടെ ഭാഗമായി എന്നത് വലിയ എക്സ്പീരിയൻസാണ് തന്നത്.

ഇതിനു മുൻപ് സംവിധായകനാകാൻ ശ്രമിച്ചില്ലേ?

പാരലൽ ആയിട്ട് ഞാൻ ഇവിടുത്തെ പല മെയിൻ നടന്മാരോടും കഥകൾ പറയുകയും, ഓരോ പ്രൊജക്ടുകളുടേയും ഇടയിൽ എന്റെ സ്വന്തം സിനിമ ഉണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നാൽ അന്ന് അതൊരുപക്ഷെ കാലം തെറ്റിയ കഥകളായി തോന്നിയിട്ടോ, ഒട്ടും എസ്റ്റാബ്ളിഷ് ആവാത്ത ആളെന്ന നിലയിൽ എന്നിൽ വിശ്വാസമാവാത്തതിനാലോ അതൊന്നും വർക്കായില്ല. കാലം തെറ്റിയ എന്ന് വച്ചാൽ, ആ സമയത്ത് ആ കഥ മനസിലാക്കാൻ കഴിയാതെ വരികയും പിന്നീട് ഇതേ സബ്‌ജക്‌ട് മാറ്റാരെങ്കിലും ചെയ്ത് നന്നായി വരുമ്പോൾ റിയലൈസ് ചെയ്യുകയും ഒക്കെ ചെയ്യുന്ന ഇൻസിഡന്റ്സ് ഉണ്ടായിട്ടുണ്ട്. എന്തായാലും ഫൈനലി ഇപ്പോഴാണ് ഇങ്ങനെയൊന്ന് സാധ്യമാവുന്നത്. അതും കറക്‌ടായിട്ട് ഇങ്ങനെയൊക്കെ വന്ന് ലാൻഡ് ചെയ്തപ്പോ ഈ സിനിമയായതാണ്.

കഴിഞ്ഞ 12 വർഷത്തിൽ താങ്കൾ അസോസിയേറ്റ്സ് ആയിട്ടുള്ള സംവിധായകരുടെ പേരുകൾ നോക്കിയാൽ, ജോഷി, രതീഷ് ബാലകൃഷ്ണൻ, സെന്ന ഹെഗ്‌ഡെ, വി. കെ. പ്രകാശ് എല്ലാം പ്രഗത്ഭരായവർ... ഇതിന്റെയെല്ലാം മിക്സ്ഡ് എക്സ്പീരിയൻസ് ആണോ താങ്കളുടെ സിനിമയിൽ?

എല്ലാവരുടെയും അടുത്തുള്ള എക്സ്പീരിയൻസ് ഡിഫറന്റാണ്. പ്രത്യേകിച്ച് ഇപ്പോൾ ജോഷി സാർ കഥയെ ട്രീറ്റ് ചെയ്യുന്ന രീതിയെന്ന് വച്ചാൽ ഒരു വിഷ്വൽ മീഡിയം ശൈലിയിലാണ്. എന്നാൽ രതീഷിന്റെതെന്ന് വച്ചാൽ ആർട്ടിസ്റ്റുകളുടെ പെർഫോമൻസിനു വേണ്ടിയാണ് കൂടുതൽ സമയം കൊടുക്കുന്നത്. പിന്നെ രതീഷേട്ടൻ ഒരു പ്രൊഡക്ഷൻ ഡിസൈനർ കൂടി ആയതുകൊണ്ട് അദ്ദേഹത്തിന് ഒരു സിനിമയുടെ എല്ലാ മേഖലയിലും ശ്രദ്ധിച്ച് പോകാൻ കഴിയും. അത് ലുക് മുതൽ കോസ്റ്റ്യും വരെ എന്ത് തന്നെ ആയാലും. അപ്പോൾ രതീഷേട്ടനൊപ്പം ആയിരുന്നതിനാൽ നമ്മൾക്കും അങ്ങനെയൊക്കെ ചിന്തിക്കാനും ശ്രമിക്കാനും പ്രാപ്തരാവുന്നു എന്നതാണ്.

പക്ഷെ ജോഷിസാറിന്റെ സിനിമകളിൽ അദ്ദേഹം അതൊന്നും മൈൻഡ് ചെയ്യാറില്ല. ഉദാഹരണത്തിന് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തപ്പോൾ, ഷോട്ടിൽ വരുന്ന ടൈൽസിന്റെ കളറിനെക്കുറിച്ച് എന്തോ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, എന്റെ പടം കാണാൻ വരുന്നവർ അത് നോക്കാൻ വരുന്നവരല്ല...! ആ ഒരു വലിയ കോൺഫിഡൻസിലാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. ജോഷിസർ സിനിമയെടുക്കുന്നത് കൃത്യമായി ഓഡിയൻസിന് തിയറ്റർ എക്സ്പീരിയൻസ് കിട്ടാൻ വേണ്ടിയാണ്. ചില സീനുകൾ എടുത്തത് പിന്നേയും എടുക്കണം എന്ന് പറയുമ്പോൾ, ഇത് തിയറ്ററിൽ വർക്കാവില്ലാ എന്ന് പറയും. അദ്ദേഹം സിനിമയെ കാണുന്നത് തിയറ്ററിക്കൽ ആയിട്ടാണ്. അപ്പോൾ ഈ തിയറ്റർ എന്ന ടേം വച്ചിട്ട് സിനിമയെ കൺസീവ് ചെയ്യുന്ന ഒരു സംവിധായകൻ എന്ന നിലയിൽ ജോഷി സാർ എനിക്കൊരത്ഭുതമാണ്.

ഇനി ചോദ്യത്തിലേക്ക് വന്നാൽ, ഇങ്ങനെ ഒന്നും കൂടുതലായി കൺസീവ് ചെയ്യാതെ, കൂടുതൽ ഒന്നിനേയും എക്സാജുറേറ്റ് ചെയ്യാതെ, കഥക്കൊപ്പവും ക്യാരക്ടറിനൊപ്പവും സഞ്ചരിക്കുന്ന ഒരു സിനിമ എന്ന രീതിയിലാണ്. അതിനൊപ്പം മ്യൂസിക്കും സാഹചര്യോം ഒക്കെ സെറ്റ് ചെയ്ത് ഒരു സിനിമയായിട്ടാണ് എക്‌സ്‌പിരിമെന്റ് ചെയ്യുന്നത്. ഈ സിനിമയിൽ നമ്മൾ ഇക്കാലത്ത് കണ്ട് ശീലിച്ചിട്ടുള്ള ഒരു എക്യുപ്‌മെന്റും വച്ചുള്ള ഒരു സീനും ഇല്ല. ഗിംബൽ ഷോട്ടുകളോ, ജിമ്മി ഷോട്ടുകളോ ഇല്ലാതെ ഒരു പരീക്ഷണം.

അങ്ങനെ ചെയ്യാൻ കാരണം?

രണ്ട് കാരണങ്ങൾ ഉണ്ട്... ഒന്ന്, പ്രധാനമായതും ബഡ്ജറ്റ് ആണ്. നമുക്ക് കിട്ടിയ ഒരു ബഡ്ജറ്റിൽ നിന്നുകൊണ്ട് മനോഹരമാക്കുക എന്നതാണല്ലോ. പിന്നെ കഥ പറച്ചിലിൽ ഇവയൊന്നുമില്ലാതെ കൃത്യമായി പറയാമെന്നതുകൊണ്ടുമാണ് മറ്റൊരു പ്രധാനചിന്ത. അങ്ങനെ സിനിമയിൽ കഥയെ എക്സാജുറേറ്റ് ചെയ്യാൻ സാഹചര്യമൊരുക്കുന്ന എല്ലാ ഐറ്റംസും കട്ട് ചെയ്തു. ഡിസ്റ്റർബൻസിലാത്ത ഫ്രെയിമുകളിൽ നേരെ കഥ പറയുക എന്ന രീതിയാണ്.

'മദനോത്സവ'ത്തിന്റെ തിരക്കഥ രതീഷ് ബാലകൃഷ്ണനാണല്ലോ... ആ പേര് ഉണ്ടാക്കുന്ന ഇംപാക്‌ട് ഒരു ചലഞ്ചായി തോന്നിയോ? നല്ലതാക്കണം എന്നൊരു ബാധ്യത?

ചലഞ്ച് എന്നല്ല... രതീഷേട്ടന്റെ തിരക്കഥ ഞാൻ സംവിധാനം ചെയ്യുന്നു എന്ന ഒരു എക്‌സൈറ്റ്‌മെന്റ് ആണെനിക്ക്. എന്നാൽ അദ്ദേഹം ഇൻവോൾവ് ആയതുകൊണ്ട് നല്ലതാക്കണം എന്നത് ഒരു ബാധ്യത തന്നെയായിരുന്നു മനസിൽ. ഇപ്പോ രതീഷ് ബാലകൃഷണൻ എന്ന ആളല്ല, മറ്റൊരാളാണ് ഇതിന്റെ തിരക്കഥ എങ്കിൽ എനിക്കിത്രേം ഒരു റെസ്‌പോൺസിബിലിറ്റി ചിന്തയുണ്ടാവില്ല. അപ്പോ ഇവിടെ അത് മോശമാക്കാതെ നോക്കണം എന്നൊരു ചിന്തയും, മോശമായാൽ അതെന്നെ ആണ് ബാധിക്കുക എന്ന് ബോധ്യവും എനിക്കുണ്ട്. ആ ബോധ്യത്തിൽ നിന്നുകൊണ്ടാണ് ശ്രമിച്ചിരിക്കുന്നത്.

90 കളിലെ ബാബു ആന്റണി മുതൽ 2022 ന്റെ രാകേഷ് ഉഷാർ വരെയുള്ള താരനിരയെക്കുറിച്ച്?

ഇതിന്റെ സ്‌ക്രിപ്റ്റിന്റെ സമയം മുതൽ നമ്മളിങ്ങനെ കണക്‌ടാവുന്ന ഒരോരുത്തരിലേക്ക് ചെല്ലുകയാണ്. ആരെ ഏത് രൂപത്തിലാണ് സ്വീകരിക്കപ്പെടുക. ഏത് ജനറേഷനിലുള്ളവർക്കാണ് ഇന്നയാളെ ഇഷ്ടപ്പെടുക. അയാൾ എങ്ങനെ കാണേണ്ടിയിരിക്കുന്നു. ഇതൊക്കെ തുടക്കം മുതലെ ചിന്തിക്കുകയും പിന്നെ വരപ്പിച്ച് നോക്കുകയും ഒക്കെ ചെയ്താണ് അങ്ങനെ ഒരു ഫൈനൽ ലിസ്റ്റിലേക്ക് വന്നത്. ഇപ്പോ ബാബു ആന്റണിചേട്ടൻ ഇങ്ങനെ മുടിയൊക്കെ നീട്ടി ഈ രീതിയിൽ, അതായത് ആ പഴയ ഗെറ്റപ്പിൽ കാണുന്നത് കുറെ നാളുകൾക്ക് ശേഷമാണ്. അപ്പോ കാണുമ്പോൾ പെട്ടന്ന് ഹുക്ക് ചെയ്യാൻ പറ്റുന്ന രീതിയിലാവണം എന്നതിൽ നിന്നാണ്.

മദനൻ എന്ന സുരാജിന്റെ പേരിൽ നിന്നാണ് 'മദനോത്സവം' എന്ന പേര് വന്നത് എന്ന് തോന്നി...!!

അതേയതെ. പല പേരുകളും ആലോചിച്ചു. ഇത് ഒരു ഇലക്ഷനുമായി ബന്ധപ്പെട്ട് കിടക്കുന്ന കഥയാണ്. ഇലക്ഷൻ എന്ന് പറയുമ്പോൾ ജനാധിപത്യത്തിന്റെ ഉത്സവം ആണല്ലോ. ഒപ്പം മദനൻ എന്ന വ്യക്തി അതിനിടയിൽ പെട്ട് പോകുന്നതുമാണ് ഇത്. അങ്ങനെയാണ് 'മദനോത്സവം' എന്ന പേര് ചേരുമെന്ന് തോന്നിയത്.

സുരാജ് വെഞ്ഞാറമൂടിന്റെ മദനനെക്കുറിച്ച്? ചിരിപ്പിക്കുമോ കരയിപ്പിക്കുമോ?

അത്... രണ്ട് സംഭവിക്കാം. സുരാജേട്ടന്റെ ബോഡി ലാംഗ്വേജ് ഒക്കെ ചിരിപ്പിക്കുന്നത് തന്നെയാണ്. അത് അദ്ദേഹത്തിന്റെ ആ പഴയ കോമഡിരീതികളിൽ നിൽക്കുന്നതാണ്. അത് ഈ കാലത്തിലേക്ക് കൃത്യമായി സെറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ കഥയിൽ അദേഹത്തിന്റെ അവസ്ഥകൾ ഒരുപക്ഷെ കരയിക്കുന്നതുമാകാം. സ്‌ക്രിപ്റ്റ് തുടങ്ങും മുൻപേ സുരാജേട്ടനെ ഓർത്താണ് മദനൻ ഉണ്ടായത്. എന്നോട് നമുക്കൊരു പടം ചെയ്യാമെന്ന് ആദ്യമായി പറഞ്ഞ ആളാണ് സുരാജേട്ടൻ. ആ ഒരു ഗീവ് ആൻഡ് ടേക്ക് ഈ സിനിമയിൽ കാണാൻ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇ സന്തോഷ് കുമാറിന്റെ 'തങ്കച്ചൻ മഞ്ഞക്കാരൻ' എന്ന ലഘുനോവൽ സിനിമയാക്കാം എന്ന ആശയത്തിനു പിന്നിൽ?

എന്റെ ആശയമായിരുന്നു. മുൻപും പലരും ഇത് ചിന്തിച്ചിട്ടുണ്ട്, ശ്രമിച്ചിട്ടുണ്ട്. പല ആശയങ്ങളും ചിന്തിക്കുന്നതിനിടയിൽ ഞാനാണ് രതീഷേട്ടനോട് ഇക്കാര്യം പറയുന്നതും തുടർന്ന് സന്തോഷിനോട് സംസാരിക്കുന്നതും. ഭയങ്കര റിലെവന്റ് ആയിട്ടുള്ള ഒരു സബ്‌ജക്‌ടാണിത്. 2009 ൽ എഴുതിയതാണ് ഈ 'തങ്കച്ചൻ മഞ്ഞക്കാരൻ' എന്ന നോവൽ. പക്ഷെ അതിനിന്നും അതിന്റെ റിലവൻസ് ഒട്ടും നഷ്ടമായിട്ടില്ല. ആകുന്നില്ല. അങ്ങനെയാണ് ഇത് സിനിമയാക്കാം എന്ന ധാരണയിലേക്ക് എത്തുന്നത്.

'അരിപ്പിരി വരയ'ന്റെ ക്യാരക്ടർ പോസ്റ്ററുകൾ ഗംഭീരമാണല്ലോ...!!?

'അരിപ്പിരി വരയ' ന്റെ ഡിജിറ്റൽ വരകൾ ഞാൻ കുറെ നാളായിട്ട് ഫോളോ ചെയ്യുന്നതാണ്. എനിക്ക് അദ്ദേഹത്തിന്റെ വർക്കുകൾ ഇഷ്ടപ്പെട്ടിട്ട് ഞാനാണ് അദ്ദേഹത്തെ കോൺടാക്‌ട് ചെയ്ത് ഇതിലേക്ക് കൊണ്ടുവന്നത്. സത്യം പറഞ്ഞാൽ, സിനിമയുടെ ലൊക്കേഷൻ നോക്കാനായിട്ട് റെക്കിക്ക് മുതൽ അരപ്പിരി വരയൻ വരെ കൂടെയുണ്ടായിരുന്നു. അത്രക്ക് പുള്ളി ഇൻവോൾവ് ആയതുകൊണ്ടാവണം അത്ര നല്ല ഔട്ട്പുട്ട് വന്നത്.

ഇനി മുന്നോട്ട്?

മുന്നോട്ട്... 'മദനോത്സവം' എന്താവുമെന്ന് അറിഞ്ഞിട്ട് പറയാം. അതിന്റെ ചങ്കിടിപ്പിലാണ്. എന്തായാലും സിനിമയുടെ ഭാഗമായിത്തന്നെ ഉണ്ട്. രതീഷേട്ടന്റെ തന്നെ അടുത്ത ചിത്രമൊക്കെ പ്ലാനിലുണ്ട്.

നാട്, വീട്?

ഞാൻ കാസർകോട്, കാഞ്ഞങ്ങാടുകാരനാണ്. അവിടെ വീട്ടിൽ അമ്മയും അച്‌ഛനും ഉണ്ട്. ഞാനിപ്പോൾ ഭാര്യക്കും കുഞ്ഞിനും ഒപ്പം കൊച്ചിയിൽ സെറ്റിൽഡ് ആണ്.

അപ്പോൾ ശരി...!!! മദനോത്സവം വിഷു ദിനങ്ങളിലെ മറ്റൊരു ഉത്സവമാകട്ടെ എന്ന ആശംസകളോടെ നിർത്തുന്നു... നന്ദി...!!! ഇത്രയും സമയം വിശേഷങ്ങൾ പങ്ക് വച്ചതിന് പ്രത്യേകം നന്ദി..!!! പ്രത്യേകിച്ച് m3dbയുടെ പേരിലും ഒരുപാട് നന്ദി...!!!

 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക