ഗൗരീശപട്ടത്ത് നിന്നും ഗോവയിലേയ്ക്ക്

Memoirs

1969 ൽ ഇറങ്ങിയ ഒരു ഹിന്ദി സിനിമ നമ്മളിൽ ഭൂരി ഭാഗവും മറന്നിരിക്കാം, പക്ഷേ ആ സിനിമയിൽ അഭിനയിച്ചു  തന്റെ സിനിമാ ജീവിതം തുടങ്ങിയ ഒരാൾ ഇന്ത്യയിലെ കണ്ട ഏറ്റവും വലിയ സൂപ്പർതാരങ്ങളായി ഒരാളായി മാറി, മറ്റൊരാളാവട്ടെ മലയാള സിനിമയിലെ മാറ്റി നിർത്താൻ കഴിയാത്ത ഒരു നാമമായി മാറി ഇന്നും അഭിനയം തുടരുന്ന വ്യക്തി. അദ്ദേഹത്തിന്റെ  ആദ്യ ഹിന്ദി സിനിമ.

നമ്മൾക്ക് ആ സിനിമയിലെ കഥയിലേയ്ക്ക് ഒന്നു യാത്ര ചെയ്യാം.
കെ എ അബ്ബാസ് സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ആയത് November 7, 1969 ൽ ആയിരുന്നു.

ഈ സിനിമ ആരംഭിക്കുന്നത് ഗോവയിലെ ഒരു ആശുപത്രിയിലാണ്, അവിടെ മരിയ എന്ന യുവതി (ഷഹ്നാസ് എന്ന നടി – നടൻ ജലാൽ ആഗയുടെ മകളും ടിന്നു ആനന്ദിന്റെ ഭാര്യയും) തന്റെ  ജീവൻ രക്ഷിക്കാനുള്ള ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നു, എന്നാൽ ഡോക്ടർ (എ കെ ഹംഗൽ) മരിയയുടെ സുഹൃത്തുക്കൾ വരുന്നതുവരെ കാത്തു നില്ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു. ഈ സിനിമ ടെലികോം വിപ്ലവത്തിന് മുമ്പുള്ള കാലഘട്ടമാണെന്ന് നമ്മൾ മറക്കരുത്.
അതിനാൽ നമ്മുടെ ഡോക്ടർ , ആറ് പേർക്ക് ടെലിഗ്രാമുകൾ അയയ്ക്കാനായി തന്റെ  ഒരു നഴ്സിനെ ചുമതലപ്പെടുത്തുന്നു.

മറിയുടെ ബെഡ്സൈഡ് ടേബിളിൽ
നമ്മൾക്ക് 6 പേരുടെ ഫോട്ടോ കാണിച്ചു തരുന്നു സംവിധായകൻ.നമ്മുടെ നഴ്‌സ്
6 പേരുടെ വിലാസങ്ങൾ പറയുന്നതിനുസരിച്ച് , കാഴ്ചക്കാരനെ അവർ ഓരോരുത്തരുമായി പരിചയപ്പെടുത്തുന്നു സംവിധായകൻ.

ഒന്നാമൻ : – സുബോദ് സന്യാൽ ( നമ്മുടെ മലയാളി നടൻ ) കൊൽക്കത്തയിലെ ഒരു ഫുട്ബോൾ റഫറിയാണ്, ഒരു മത്സരത്തിനു ശേഷം ഒരു കലാപത്തിന് സാക്ഷിയാകുന്നു.

2 . ജോഗീന്ദർ (ഉത്‌പാൽ ദത്ത്) പഞ്ചാബിലെ ഒരു കർഷകനാണ്, തന്റെ പ്രിയപ്പെട്ട സംസ്ഥാനം വീണ്ടും വിഭജിക്കപ്പെട്ടതിന്റെ  ദുഃഖത്തിലും ദേഷ്യത്തിലുമാണ്

3.മഹാദേവൻ (ഇർഷാദ് അലി):
മദ്രാസിൽ ഹിന്ദി വിരുദ്ധ പ്രചാരണത്തിൽ കുരുങ്ങിയ വ്യക്തി

രാം ഭഗത് ശർമ (അൻവർ അലി – മെഹ്മൂദിന്റെ സഹോദരൻ)ബനാറസിൽ ഇംഗ്ലീഷുകാർക്കെതിരെ പ്രക്ഷോഭം നടത്തിയ വ്യക്തി.
കവി അൻവർ അലി ( പിൽക്കാല സൂപ്പർ സ്റ്റാർ)
റാഞ്ചിയിൽ ഉള്ള ഉറുദു കവി.ഉറുദു വിരുദ്ധ പ്രക്ഷോഭത്തിനെ നേരിടുന്നയാൾ

6.സഖാരം ഷിൻഡെ (ജലാൽ ആഗ – നടൻ ആഗയുടെ മകൻ)
ഒരു പ്രാദേശിക നാടകസംഘത്തിൽ അഭിനയിക്കുകയും പാടുകയും ചെയ്യുന്ന കലാകാരൻ.മഹാരാഷ്ട്ര കർണാടകയുമായുള്ള അതിർത്തി തർക്കങ്ങൾ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയ വ്യക്തി.
ഇവരും മരിയും തമ്മിൽ എന്ത് ബന്ധം.പല നാട്ടിലുള്ള ഇവരെ മരിയ തേടുന്നത് എന്തിന്? ഇതൊന്നും പറഞ്ഞു സ്‌പോയ്‌ലർ  ആക്കുന്നില്ല.

ഇന്ത്യാചരിത്രത്തിലെ ഒരു പ്രധാന സംഭവമായ ഗോവ വിമോചന സമരം അവതരിപ്പിക്കുന്ന ചുരുക്കം ചിലരിൽ ഒന്നാണ് ഈ ചിത്രം….
പേര് സാത്ത് ഹിന്ദുസ്ഥാനി.

ഇനി ആദ്യം പറഞ്ഞ കാര്യത്തിലേയ്ക്കു കടക്കുന്നു.ആ സിനിമയിൽ അഭിനയിച്ചു തന്റെ  സിനിമാ ജീവിതം തുടങ്ങിയ ഒരാൾ ഇന്ത്യയിലെ കണ്ട ഏറ്റവും വലിയ സൂപ്പർതാരങ്ങളായി ഒരാളായി മാറിയത് നമ്മുടെ ഉറുദു കവിയായി എത്തിയ നടൻ ആണ്. പേര് ഈഖ്വിലാബ് ശ്രീവാസ്തവ , പിൽക്കാലത്തെ ആൻട്രി യങ് മാൻ അമിതാബ് ബച്ചൻ.

പിന്നെ സുബോദ് സന്യാൽ എന്ന ബംഗാളിയായത് മലയാളിയായ നടൻ. അദ്ദേഹമാണ് തിരുവനന്തപുരത്തെ ഗൗരീശപട്ടത്തുള്ള പഴയ മേയർ പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മകനായി ജനിച്ച മാധവൻ നായർ എന്ന മലയാളികളുടെ സ്വന്തം മധു. ഈ ചിത്രത്തിൽ പിൽക്കാല സൂപ്പർ സ്റ്റാറിനെക്കാൾ റോൾ മധുവിനായിരുന്നു. അമിതാബ് തന്റെ  ആദ്യ രംഗം അഭിനയിച്ചതും മധുവിനോടൊപ്പം എന്ന കൗതുകകരമായ കാര്യം ഇന്ന് ആരു ഓർക്കുന്നു.?

കവി അൻവർ എന്ന ചെറിയ വേഷത്തിന് ആദ്യം കെ എ അബ്ബാസ്  നിശ്ചയിച്ചിരുന്നത് തന്റെ  അസിസ്റ്റൻറ് ആയ ടിനു ആനന്ദിനെ ആയിരുന്നു. ടിനു സത്യജിത്ത് റായ് നെ അസിസ്റ്റ് ചെയ്യാൻ പോയി. അങ്ങനെ ബച്ചൻ എത്തി, അതും ഷൂട്ടിംഗിന്റെ  അവസാന നാളുകളിൽ.

സുബോദ് സന്യാൽ എന്ന വേഷം അതി മനോഹരമായി അവതരിപ്പിച്ച മധു അന്നു മുതൽ ഇന്നു വരെ നമ്മളെ തന്റെ  നടന വൈഭവം കൊണ്ട് വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു.