അച്യുതൻ നായർ അങ്ങനെ ചെയ്യില്ല സാർ!

Reviews

'അച്യുതൻ നായർ അങ്ങനെ ചെയ്യുമോ?' 

'ചെങ്കോൽ' എന്ന സിനിമ കാണുമ്പോഴെല്ലാം മനസ്സിന്റെയുള്ളിൽ സ്വയം ചോദിക്കുന്നൊരു ചോദ്യമാണിത്. സ്വന്തം മകനായ സേതുമാധവന്റെ പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് എസ്.ഐ'യെ ഏൽപ്പിച്ചിട്ട്, "അയാൾ യോഗ്യനല്ല. അയാൾ ഒരു നോട്ടോറിയസ് ക്രിമിനലാണ്" എന്ന് ഉറച്ച മനസ്സോടെ പറഞ്ഞതിനു ശേഷം സല്യൂട്ട് ചെയ്ത് തിരിഞ്ഞു നടക്കുന്ന അച്യുതൻ നായരെ നമ്മള്‍ പ്രേക്ഷകരുടെ മനസ്സിൽ ശക്തമായി രജിസ്റ്റർ ചെയ്യിപ്പിച്ച് അവസാനിച്ചൊരു സിനിമയാണ് 'കിരീടം'. അതിന്റെ രണ്ടാം ഭാഗമെന്നോണം പുറത്തിറങ്ങിയ 'ചെങ്കോൽ' എന്ന സിനിമയിൽ, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം, അതേ അച്യുതൻ നായർ സ്വന്തം മകളെ വ്യഭിചരിക്കാൻ ഹോട്ടലിൽ എത്തിക്കുന്നൊരു മനുഷ്യനായി അധഃപതിച്ചത് ഒരു രീതിയിലും മനസ്സ് അംഗീകരിക്കുന്നില്ല. 

അച്യുതൻ നായരെ ആ ഒരു കോലത്തിൽ കാണുമ്പോഴെല്ലാം മനസ്സു കൊണ്ട് ലോഹിതദാസിനോടും, സിബി മലയിലിനോടും പലവട്ടം പറഞ്ഞിട്ടുണ്ട്, അദ്ദേഹം അത് ചെയ്യില്ല സാർ, ചെയ്യില്ല! എം.എൽ.എ'യുടെ മകനോട് മാപ്പ് പറയാൻ മടിച്ചിട്ട്, അഭിമാനത്തോടെ സ്ഥലംമാറ്റം വാങ്ങി പോകുന്ന അച്യുതൻ നായർ, ജീവിതത്തിലെ ഏത് ദുരിതാവസ്ഥയിലും ഈ പറഞ്ഞ പണി ചെയ്യില്ല സാർ!

'കിരീടം' എന്ന ക്ലാസിക് സൃഷ്ടി സമ്മാനിച്ച അച്യുതൻ നായർ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ അങ്ങനെയൊരു ഗതികേട് വന്നാൽ, ആ കഥയിൽ പറയുന്നതു പോലെ, മകളുടെ വഴി പിഴച്ചു പോയത് അദ്ദേഹം അറിയുമ്പോൾ ശരിക്കും മാനസികമായി തകർന്നേനെ. അതിന്റെ പേരിൽ മകളെ ശിക്ഷിക്കുയോ, പ്രശ്നം അവിടെയും അവസാനിച്ചില്ലെങ്കിൽ, അദ്ദേഹം സ്വന്തം ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്കോ കാര്യങ്ങൾ നീങ്ങിയേനെ! അല്ലാതെ, അതിനു ശേഷം അവളെയും കൊണ്ട് ഹോട്ടലുകളായ ഹോട്ടലുകൾ മുഴുവൻ കറങ്ങി നടന്ന് അതിൽ നിന്നും കിട്ടുന്ന പണം കൊണ്ട് കുടുംബം പോറ്റാൻ അച്യുതൻ നായർ ശ്രമിക്കില്ല, ഉറപ്പ്! അങ്ങനെയൊരു ഉറപ്പ് തരാൻ കാരണം, ഈ ടീം നമുക്കു തന്ന 'കിരീടം' എന്ന സിനിമ തന്നെയാണ്. 

നടൻ തിലകൻ 'ചെങ്കോൽ' എന്ന സിനിമയിലെ ഈ പറഞ്ഞ വഴി വിട്ട ട്വിസ്റ്റ് തീരെ ഇഷ്ടമായില്ല എന്നും, അത് അദ്ദേഹം തുറന്നു പറയുകയും ചെയ്തതായി പണ്ട് ഏതോ ചലച്ചിത്രവാരികയിൽ വായിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് ലോഹിതദാസ് തനിക്ക് പരിചയമുള്ള ഒരു വ്യക്തിയ്ക്ക് ഇത്തരമൊരു ദുര്യോഗം സംഭവിച്ചു എന്ന ന്യായം പറഞ്ഞ് തിലകനെ സമാധാനിപ്പിച്ചു എന്നും വായിച്ചിരുന്നു. പക്ഷെ എന്തൊക്കെയായാലും ആ ഒരു 'ഓവർ റേറ്റഡ്' ട്വിസ്റ്റ് അംഗീകരിക്കാൻ പലർക്കും ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

'ചെങ്കോൽ' റിലീസായി 29 വർഷങ്ങൾ കഴിഞ്ഞിട്ടും, ആ ഹോട്ടൽ രംഗം തന്ന ഷോക്ക് മനസ്സിനെ വിട്ടു പോകുന്നില്ല! തീരെ വയ്യാത്ത ആ പ്രായത്തിലും അച്യുതൻ നായർ തൂമ്പയെടുത്ത് കിളയ്ക്കാൻ പോയേനെ, സ്വന്തം കുടുംബം നോക്കാനായി. അല്ലാതെ, അമ്മാതിരി വൃത്തികെട്ട പണിയ്ക്ക് അദ്ദേഹം ശ്രമിക്കില്ല എന്നു തന്നെ ഉറച്ച് വിശ്വസിക്കുന്നു. എന്തായാലും, തിലകനും ലോഹിതദാസും അങ്ങ് മുകളിലെ ഏതെങ്കിലുമൊരു മൂലയിൽ വച്ച് ഈ വിഷയം സംസാരിച്ച് അടിച്ചു പിരിഞ്ഞിട്ടുണ്ടാവും, ഉറപ്പ്. 

സുരേഷ് കുമാർ രവീന്ദ്രൻ

Comment