"വീടിനുള്ളിലെ യുദ്ധവും സമാധാനവും"... മാസ്റ്റർപീസ് സംവിധായകൻ ശ്രീജിത്ത് സംസാരിക്കുന്നു

Interviews

മൊണാലിസയും മഞ്ഞഫ്രിഡ്ജും ഒക്കെയായി 'മാസ്റ്റർപീസ്'  വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് കണ്ടാൽ  സംഗതി എന്താണെന്ന്‌ കലങ്ങണമെന്നില്ല. ബാക്കി അദ്ധ്യായങ്ങളിലേക്ക് കടക്കുമ്പോൾ കുടുംബവും ബന്ധങ്ങളും പള്ളിയും ചിന്തകളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും വ്യക്തി സ്വാതന്ത്ര്യങ്ങളും എല്ലാമായി അസാദ്ധ്യ കോംബിനേഷനാണ്. വേണ്ടവർക്ക് ടോം ആൻഡ് ജെറി മൂഡിൽ ചിരിക്കാം, അല്ലാത്തവർക്ക് ആവോളം ചിന്തിക്കുകയുമാവാം. എന്തായാലും മലയാളത്തിൽ അത്രയധികം കണ്ടു പരിചയിച്ചിട്ടില്ലാത്ത തരം ഓളമുണ്ട് ഈ വെബ് സീരിസിനെന്നുറപ്പ്. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലൂടെ ഒരൊറ്റ ഫ്‌ളാറ്റിൽ ജീവിതത്തിലേക്ക് ക്യാമറ തിരിക്കുകയാണ്. ദൃക്‌സാക്ഷിയുമായി ഏത് ഭാവമാണ് ആ മുഖത്തെന്ന് കൺഫ്യൂഷനുണ്ടാക്കുന്ന സാക്ഷാൽ മൊണാലിസയും. ഡിസ്‌നി ഹോട്ട്‌സ്റ്റാറിലെ 'മാസ്റ്റർപീസ്' വെബ് സീരിസ് സംവിധായകൻ ശ്രീജിത്ത് സംസാരിക്കുന്നു

മാസ്റ്റർ പീസ് വെബ് സീരിസിന്റെ തുടക്കം എവിടെയായിരുന്നു?
തിരക്കഥ എഴുതിയ പ്രവീൺ എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങൾ സംസാരിക്കുന്നതിനിടെ ഉണ്ടായ ഒരു ആശയത്തിൽ നിന്നാണ് തുടക്കം. പിന്നെയത് കൂടുതൽ ചർച്ച ചെയ്തു. ജനുവരി ആദ്യമായിരുന്നു തുടക്കം.

ഡിസ്‌നി ഈ കഥയിലേക്ക് വന്നത് എപ്പോഴാണ്?
കഥ ഡിസ്‌നിയിൽ പിച്ച് ചെയ്തു ഓകെയാക്കിയിരുന്നു. അതിനുശേഷമാണ് ഒരു ഡയറക്ടർ എന്ന നിലയിൽ ഞാനിതിലേക്ക് വരുന്നത്.

ഈ താരങ്ങൾ തന്നെയായിരുന്നോ മനസിലുണ്ടായിരുന്നത്?

അതേ. ഏതാണ്ട് എല്ലാവരും നേരത്തെ വിചാരിച്ചിരുന്നവർ തന്നെയാണ്. ഞങ്ങളെല്ലാവരും മനസിൽ കണ്ടവർ തന്നെയാണ് അഭിനയിച്ചത്.


ടോം ആൻഡ് ജെറി പോലെ തന്നെ കുടുംബത്തിനകത്തെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാമെന്ന തീരുമാനമാണോ ഈ രീതിയിലുള്ള കഥ പറച്ചിലിന് കാരണം?

അതേ ആദ്യം തന്നെ വളരെ സീരിയസായ രീതിയിൽ കഥയിലേക്ക് പോകേണ്ട എന്ന് തീരുമാനിച്ചിരുന്നു. റിയലിസ്റ്റിക് സിനിമയുടെ ചട്ടവട്ടങ്ങൾ വേണ്ടെന്നും തുടക്കം തന്നെ ഞങ്ങളുടെ മനസിലുണ്ടായിരുന്നു. ഒരു നാടകം പോലെ, സർക്കാസിസ്റ്റിക് രീതിയിൽ അവതരിപ്പിക്കാമെന്നായിരുന്നു ധാരണ. ആദ്യം ബഹളവും തർക്കവുമൊക്കെയാണെങ്കിലും അവസാനമാകുമ്പോൾ സീരിസിൽ പറയുന്നതു പോലെ ഒരു സമാധാനം, ഇന്നർ ഹീലിംഗ് വരണമെന്നുണ്ടായിരുന്നു. അവരവരുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കണമെന്നും. ചിലപ്പോൾ കഥയിലേക്ക് കയറാൻ ഇത്തിരി സമയമെടുക്കും, ആ കണക്ഷൻ ഓകെയായാൽ ഒരു പാട് ഫീലിംഗ്‌സുണ്ടാകും. അത് കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്തുവെന്നാണ് ഞങ്ങളുടെ വിശ്വാസം. റിപ്പീറ്റ് ചെയ്തു കാണുമ്പോൾ വിവിധ തലങ്ങളിൽ നിന്നുള്ള ഒരനുഭവം കൂടിയാകുമത്. കുറേ പേർ അങ്ങനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. റീ വാച്ച്  ചെയ്യാനുള്ള ഉള്ളടക്കം മാസ്റ്റർ പീസിനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

വെബ് സീരിസ് കണ്ട് ആ ഫ്‌ളാറ്റിലെ മഞ്ഞ ഫ്രിഡ്ജിന്റെ ആരാധകർ ആയവരുണ്ട്?
അത് നമ്മൾ ഉണ്ടാക്കിയെടുത്തതാണ്. അങ്ങനെ  ഒരു മഞ്ഞ നിറം വേണമെന്നുണ്ടായിരുന്നു. ആ രീതിയിൽ ചെയ്‌തെടുത്തതാണ്.

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളാണല്ലോ ഫ്‌ളാറ്റിനകത്ത്. ഷറഫുദ്ദീന്റെ ഫോൺ കവർ പോലും അങ്ങനെയാണ്?
ഒരു ടോക്കിയായിട്ടുള്ള സിനിമയാണത്. ഒരു ഫ്‌ളാറ്റിലാണ് കഥ മുഴുവൻ നടക്കുന്നത്. പുറത്തെ കാഴ്ചകൾക്ക് സാദ്ധ്യത കുറയും. പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കാനായി സാധാരണ സങ്കൽപ്പങ്ങൾ ബ്രേക്ക് ചെയ്യണമെന്നുണ്ടായിരുന്നു. ഈ കഥ ഒരു കോമിക്ക് സ്ട്രിപ്പ് പോലെയാണ് കണ്ടത്. അങ്ങനെയാണ് കുറച്ചു കൂടി കളർഫുൾ ആകണമെന്നും തോന്നി. വിവാഹം കഴിഞ്ഞവരുടെ പ്രശ്‌നം എന്ന നിലയിലല്ലാതെ യംഗ്‌സ്‌റ്റേഴ്‌സിനെ കൂടി കാച്ച് ചെയ്യണമെന്നുമുണ്ടായിരുന്നു. യംഗ്‌സ്‌റ്റേഴ്‌സ് മാത്രമല്ല, എല്ലാ തരം ആളുകളും കണ്ടിരിക്കണം എന്നു തന്നെയായിരുന്നു. കാരണം ഗൗരവമുള്ള ഒരു വിഷയമാണ് സീരിസ് പറയുന്നത്. അതേ സമയം അനാവശ്യമായ ഒരു സീരിയസ് നസ് ഇല്ലാതെ നർമ്മത്തിലൂടെ തന്നെ പറഞ്ഞു പോകണമെന്നും തീരുമാനിച്ചിരുന്നു. സീരിസ് കണ്ട ശേഷം വരുന്ന പ്രതികരണങ്ങളിൽ ആ നിറങ്ങളും എടുത്തു പറയുമ്പോൾ സന്തോഷം.

മാല പാർവതിയെ പോലുള്ള ആളുകൾ ഉണ്ടോ എന്ന് അത്ഭുതപ്പെടുന്നവർക്കിടയിൽ അങ്ങനെയുള്ളവരുണ്ടെന്ന് പറയുന്നവരും കുറവല്ല?

അതേ.. അങ്ങനെയുള്ള ആളുകളെ നല്ല പരിചയമുണ്ടെന്ന് പലരും വിളിച്ച് പറയുന്നുണ്ട്. എന്റെ ജീവിതത്തിലും അങ്ങനെ കുറേ പേരെ കണ്ടിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ ഈ കഥാപാത്രങ്ങളെ പരിചയം കാണും. കുടുംബത്തിനകത്തെ നാടകീയതകൾ കൊണ്ടു വരുന്നതിനാലാണ് അങ്ങനെ ഒരു തോന്നൽ ഉണ്ടാകുന്നത്. കുറേ പേർ വിളിച്ചു പറയുന്നത് തന്നെ ഓരോ കഥാപാത്രങ്ങളെയും നന്നായി അറിയം എന്ന രീതിയിൽ തന്നെയാണ്.


മൊണാലിസ എങ്ങനെയാണ് കഥയിലേക്ക് വന്നത്?

 സ്‌ക്രിപ്റ്റിന്റെ ആദ്യഘട്ട ആലോചനയിൽ തന്നെ ഉണ്ടായിരുന്നതാണ്. ലോകത്തെവിടെയും നടക്കാവുന്ന ഒരു കഥ എന്ന നിലയിലാണ് അങ്ങനെ ഒരു കാര്യം ആലോചിച്ചത്. ലോകത്തെവിടെയും നടക്കാവുന്ന ഒരു വിഷയമാണ് പറയാനുദ്ദേശിക്കുന്നത്. പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള വ്യത്യാസം, പുതിയ കുട്ടികളുടെ കാഴ്ചപ്പാടുകൾ, സാങ്കേതിക വിദ്യയിലെ മാറ്റം ഇവയൊക്കെ കുടുംബത്തിനകത്തെ യുദ്ധങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇങ്ങനെ സൂക്ഷ്മമായി നോക്കിയാൽ കുറേ കാര്യങ്ങൾ നമ്മുടെ വീടുകളിലും കാണാം. ലോകയുദ്ധങ്ങൾ ഒരുപാട് കണ്ട ഒരു കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ ഈ കഥ പറയുകയാണെങ്കിൽ കൊള്ളാമെന്ന് തോന്നി. അങ്ങനെയാണ് ഈ കഥയിൽ മൊണാലിസ നരേറ്റർ ആവുന്നത്.

കഥാപാത്രങ്ങൾ ഓവർ ബഹളമാണോ എന്ന് സംശയം തോന്നാമെങ്കിലും കഥ മുന്നോട്ട് പോകുമ്പോൾ ഓകെയാണ് ?

അതേ. എല്ലാവരും നന്നായി ചെയ്തു. നിത്യയൊക്കെ വിസ്മയിപ്പിക്കുന്ന അഭിനേത്രിയാണ്. ഒരു ഇന്റലിജന്റ് ആക്ടർ. എന്താണ് പറയാനുദ്ദേശിക്കുന്നത്, കഥയുടെ ഡിസൈൻ എന്താണെന്ന് പെട്ടെന്ന് മനസിലാക്കും. എല്ലാവരും അവരവരുടെ കഥാപാത്രങ്ങളെ നന്നായി ഉൾക്കൊണ്ടു.

സീരിസ് കണ്ട ശേഷം പ്രതികരണങ്ങൾ എങ്ങനെയാണ് പൊതുവേ വരുന്നത്?

ഈ സീരിസിലെ പ്രധാന കഥാപാത്രങ്ങൾ കഥയുടെ അവസാനം രണ്ടു കാറുകളിലായി പോകുന്ന ഒരു സീനുണ്ട്. മലയാളികളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതല്ല ആ സീൻ. പക്ഷേ, ആ സീൻ ഇഷ്ടപ്പെട്ട് എടുത്തു പറഞ്ഞവരുണ്ട്. കഥയുടെ ആഴവും സാഹചര്യങ്ങളും മനസിലാക്കി രണ്ടും മൂന്നും തവണ കണ്ടശേഷം വിളിക്കുന്നയാളുകളാണ് കൂടുതലും. പലരും പറയുന്നത് ഇങ്ങനെയുള്ള കുറേ ആളുകൾ അവർ ജീവിതത്തിൽ കണ്ടിട്ടുണ്ട് എന്നാണ്. ചിലർക്ക് അവരുടെ അമ്മയെ റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. എന്റെ അടുത്ത ഒരു സുഹൃത്ത് വിളിച്ചിട്ട് ലിസമ്മയെ അവരുടെ അമ്മയെ പോലെ തോന്നി എന്ന് പറഞ്ഞു. ഒരുപാട് കഴിവുകളുണ്ടായിട്ടും ഒതുങ്ങി കൂടേണ്ടി വന്നയാൾ. ഇവരെയൊക്കൈ വേറൊരു കാഴ്ചപ്പാടിൽ മനസിലാക്കാൻ പറ്റി എന്നാണ് വിളിക്കുന്നവർ പറയുന്നത്. അത് വളരെയേറെ സന്തോഷമുള്ള കാര്യമാണ്.

പുതിയ സിനിമ ഉടനുണ്ടോ?

പുതിയൊരു ഫിലിം പ്ലാൻ ചെയ്യുന്നുണ്ട്. സബ്ജക്ടും കാര്യമൊക്കെ റെഡിയായി. മറ്റു പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതേയുള്ളൂ.

MASTERPEACE | Official Malayalam Trailer | Hotstar Specials | October 25

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment