നൻപകൽ നേരത്ത് , ഒരു ക്രൈം മാസ്റ്റർ പ്ലാൻ..

Cafe Special

നൻപകൽ നേരത്തെ മയക്കവും കഴി​ഞ്ഞ്  ഹൈദരാബാദി​ൽ പുതി​യ സി​നി​മ വാലി​ബനുമായി​ ഗുസ്‌തി​ പി​ടി​ക്കുന്ന ലി​ജോ ജോസ് പല്ലി​ശ്ശേരി​ സോഷ്യൽ മീഡി​യയി​ൽ നടക്കുന്ന കഥയെങ്ങാനുമറി​യുന്നുണ്ടോ? ഐ.എഫ്.എഫ്.കെയി​ൽ നൻപകൽ കാണാൻ ഇടി​ കൂടി​ ബഹളമുണ്ടാക്കി​യ ആസ്വാദകർ നെറ്റ് ഫ്ളി​ക്‌സി​ൽ സി​നി​മ റി​ലീസായതി​നുശേഷം സി​നി​മയുടെ മുക്കും മൂലയും വരെ ഇഴ കീറി​ നോക്കുന്ന തി​രക്കി​ലാണ്. അജ്ജാതി​ ബ്രി​ല്ല്യൻസുകളാണ് ലി​ജോ ഈ മയക്കത്തി​ൽ ഒളി​പ്പി​ച്ചു വച്ചി​രി​ക്കുന്നത്. അതി​ൽ ഏറ്റവും പുതി​യ ഹി​റ്റാണ്  M3DB ഫേസ് ബുക്ക് ഗ്രൂപ്പി​ൽ ജോസ് ജോസഫ് കൊച്ചുപറമ്പി​ലി​ന്റെ കുറി​പ്പ്.

''സ്വപ്നമാണോ, നാടകമാണോ , പ്രേതമാണോ, സൈക്കോയാണോ എന്നൊക്കെയുള്ള ആലോചനാവലോകനങ്ങൾക്കിടയിൽ നൈസായിട്ട് മറഞ്ഞ് പോകുന്ന ഒരു ക്രിമിനൽ കോൺസ്പിറസിയാകുന്നു 'നൻപകൽ നേരത്ത് മയക്കം.''
ഏ... ഇതെപ്പോ സംഭവി​ച്ചെന്ന് ചോദി​ക്കാൻ വരട്ടെ... കഥയല്ല മക്കളേ... കാര്യമാണ്.... വാ പോയി​ട്ട് വരാം.

നൻപകൽ നേരത്ത് , ഒരു ക്രൈം മാസ്റ്റർ പ്ലാൻ:
പള്ളിക്കെതിരേ പ്രസംഗവും മറുതലിപ്പുമായി നടക്കുന്ന നാടകക്കാരന് പെട്ടെന്ന് വേളാങ്കണ്ണിയിൽ പോകാൻ തോന്നുന്നു... എന്തിന്?
ഓരോ രൂപയ്ക്കും കണക്കെഴുതിക്കൂട്ടുന്ന അറുക്കീസ്, തന്റെ ട്രൂപ്പിനെ മുഴുവൻ വേളാങ്കണ്ണിക്ക് കൊണ്ടുവരുന്നു...  എന്നാത്തിന്?
രാവിലെ തിരികെ പോകാമെന്ന് ഏറ്റിട്ട്, മനഃപ്പൂർവ്വം അത് നീട്ടി ഉച്ചയാക്കുന്നു... വൈ??
ബാക്കിയെല്ലാവരും ചോറുണ്ടിട്ട് ഉറക്കം തൂങ്ങുമ്പോൾ, അയാൾ ചായ കുടിച്ചിട്ട് ശ്രദ്ധയോടെ ഇരിക്കുന്നു...  എതുക്ക്?
കടന്ന് പോകുന്ന വഴിയിലെ ഓരോ ലാൻഡ് മാർക്കും ശ്രദ്ധിക്കുന്നു....  എന്ത് കാര്യത്തിന്?
കൃത്യം സ്ഥലമെത്തുമ്പോൾ  വണ്ടി നിർത്തിച്ച് നടന്ന് പോകുന്നു..... എങ്ങോട്ട്?
അതു വരെ കണ്ടിട്ടോ പോയിട്ടോ ഇല്ലാത്ത ഒരു വീട്ടിൽ കൃത്യമായി ചെന്ന് കയറുന്നു... എങ്ങനെ?
മറ്റൊരാളുടെ ജീവിതാനുഭവം വള്ളി പുള്ളി വിടാതെ ആവർത്തിക്കുന്നു... എപ്പടി?
ആ നാട്ടിലെ പല പല ഭാഗങ്ങളിൽപ്പോയി തന്റെ വരവ് രേഖപ്പെടുത്തുന്നു...  ക്യോം?


രണ്ട് വർഷം മുമ്പ് കാണാതായ സുന്ദരത്തിന്റെ വീട്ടിലേയ്ക്ക് അയാളുടെ ഭാവങ്ങളോടെ കടന്ന് വരുന്നത് മറ്റൊരാളെന്ന്, സുന്ദരത്തിന്റെ അപ്പനും ഭാര്യയും നേരിട്ട് കണ്ടതാണ്. എന്നിട്ടും, അതൊന്ന് രജിസ്റ്ററാകാൻ അവർക്ക് കുറേ സമയമെടുത്തു എന്ന് മാത്രമല്ല അന്ന് രാത്രിനേരമായിട്ടും അവരെല്ലാം നല്ല ആശയക്കുഴപ്പത്തിലുമായിരുന്നു.പക്ഷേ പിറ്റേന്ന് രാവിലെ കുപിതനായി വന്ന സഹോദരൻ കുമാർ, തിരികെ വന്ന് കയറിയ ആളെ ഒന്ന് കാണുന്നതിനു മുമ്പ് തന്നെ, അത് സുന്ദരമല്ല എന്ന് ഉറപ്പിച്ചാണ് വരുന്നത്. ഇതിൽ അസ്വാഭാവികതയുണ്ട്. വന്നവൻ തന്റെ കൂടപ്പിറപ്പ് തന്നെയാകണേ എന്ന ഒരു മിനിമം ആഗ്രഹം ഏത് മനുഷ്യനും പ്രദർശിപ്പിക്കില്ലേ? പക്ഷേ ഇവിടെ അങ്ങനെയൊന്നില്ല.അപ്പോ, സുന്ദരം ഇനി തിരികെ വരില്ല എന്ന് അയാൾക്ക് ഉറപ്പാണ്. വന്നവൻ മറ്റൊരാളാണ് എന്ന് വ്യക്തമായി അറിയാവുന്ന അയാൾ അതൊരു സംഘർഷമാക്കണം എന്ന് തീരുമാനിച്ചാണ് വരുന്നത്. അതെന്തിനാണ്? അതിനുത്തരം ദേ ഈ സംഭാഷണത്തിലുണ്ട്.

മൂത്തവനായ കുമാർ കല്യാണം കഴിക്കുന്നതിനു മുമ്പ് സുന്ദരം കല്യാണം കഴിച്ചതിലും, അതിനുശേഷവും അയാൾ അവിവാഹിതനായി തുടരുന്നതിലും, സുന്ദരത്തിന്റെ മരണശേഷം ആ കുടുംബത്തെ അയാൾ സ്വന്തം പോലും പരിചരിക്കുന്നതിലുമെല്ലാം എന്തോ ഒരു അസ്വാഭാവികതയുണ്ട്.യേസ്.. പൂങ്കുഴലിയെ സ്വന്തമാക്കാൻ വേണ്ടി ആ ജേഷ്ഠസഹോദരൻ നടത്തിയ നാടകമായിരുന്നു ഇതെല്ലാം.
ആരുമറിയാതെ അനിയനെ തട്ടി... പിന്നെ അവന്റെ കുടുംബത്തെ ഏറ്റെടുത്തു...  'എന്തായാലും അവനാണ് കുടുംബം നടത്തുന്നത്, എന്നാപ്പിന്നെ അവനവളെയങ്ങ് കെട്ടട്ടെ' എന്ന തീരുമാനത്തിലേക്ക് കാർന്നോന്മാരെയും അയലോക്കംകാരെയും ഒരുവിധം അടുപ്പിച്ചു...പക്ഷേ ഭർത്താവിന്റെ മടങ്ങിവരവ് കാത്തിരിക്കുന്ന പൂങ്കുഴലി മാത്രം അതിന് സമ്മതിക്കാതെയിരുന്നു. ഭർത്താവ് എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷ.രണ്ട് കൊല്ലം കടന്ന് പോയി. അയാളുടെ ക്ഷമ നശിച്ചു.സുന്ദരം മരിച്ചു എന്ന് കുടുംബത്തിനും നാട്ടുകാർക്കും തോന്നുകയും വേണം, എന്നാൽ അതൊരു കേസോ അന്വേഷണമോ ആകാനും പാടില്ല.ഒറ്റ വഴി മാത്രം  സുന്ദരത്തിന്റെ ആത്മാവ് തങ്ങളെ സന്ദർശിച്ച്, സ്‌നേഹം പ്രകടിപ്പിച്ച്, ബലിച്ചോറ് കഴിച്ച്, യാത്ര പറഞ്ഞ് പോയി എന്ന് അവരെയെല്ലാം തോന്നിപ്പിക്കണം.അതിനയാൾ, കേരളത്തിൽ നിന്നും ഒരു അമച്വർ നാടകക്കാരനെ തപ്പിയെടുത്തു.ആ നാടകക്കാരൻ തന്റെ സംഘവുമായി കളത്തിലെത്തി നല്ല ഏ ക്ലാസ് ഒരു നാടകം തുടങ്ങി.പിറ്റേന്ന് കാലത്ത് വന്ന് ഒരടിയും കൊടുത്ത് ആളെ ഓടിക്കാം എന്നായിരുന്നു പ്ലാൻ. പക്ഷേ നാട്ടുകാർ സമ്മതിക്കുന്നില്ല. പിന്നെയങ്ങോട്ട് മരുന്ന് കൊടുക്കാനും കൊടുപ്പിക്കാനുമൊക്കെ കുമാറിന് എന്തായിരുന്നു ഉത്സാഹം!

കാപ്പിക്ക് ശേഷം മരുന്ന്, പിന്നെ മയക്കം , മടക്കം എന്നൊക്കെയായിരുന്നു പ്ലാൻ. പക്ഷേ 10 മണിക്കൂർ മയക്കുന്ന മരുന്ന് കഴിച്ചാൽ ആള് കാഞ്ഞ് പോകുമോ എന്ന അടക്കം പറച്ചിൽ കേട്ടതോടെ ആ പരിപാടി ഉപേക്ഷിച്ചു.
'ഇത് ഞാനാണ്, എന്റെ ഊരാണ്, അമ്മയാണ്, ഭാര്യയാണ്' എന്നൊക്കെ അതിനാടകീയമായി തലേ ദിവസം അവതരിപ്പിച്ചിട്ട്,  നട്ടുച്ച നേരത്ത് എല്ലാവരും കാൺകെ വീടിന്റെ തിണ്ണേൽ കിടന്ന് ഒരുറക്കോം, ഞെട്ടിയെഴുന്നേൽക്കലും...അപ്പോത്തന്നെ ബോധം തെളിയലും..... താളവട്ടത്തിൽ അറ്റന്റർ നാരായണൻ അടി വീഴുമ്പോ 'പോട്ടേ സാർ?' എന്ന് ചോദിച്ചിട്ട് പോകുന്നത് പോലെ, 'പോകാം?' എന്ന ചോദ്യവും.ചോദ്യത്തിന് മുമ്പ്, അത് കാണാൻ പൂങ്കുഴലി പുറകിൽ നിൽപ്പുണ്ട് എന്ന് അയാൾ ഉറപ്പാക്കുന്നുമുണ്ട്. എന്നിട്ട് അവരെ കാഴ്ചക്കാരിയായി നിർത്തിക്കൊണ്ട് ഒരു വേഷംമാറലും മടക്കവും.വണ്ടി വിടാൻ നേരം നാടകക്കാരൻ നോക്കിയത്, ആ പാടത്തിനിക്കരെ നിന്നും തംസ്അപ്പ് കാണിച്ച കുമാറിനെത്തന്നെയാണ്.സ്വപ്നമാണോ, നാടകമാണോ , പ്രേതമാണോ, സൈക്കോയാണോ എന്നൊക്കെയുള്ള ആലോചനാവലോകനങ്ങൾക്കിടയിൽ നൈസായിട്ട് മറഞ്ഞ് പോകുന്ന ഒരു ക്രിമിനൽ കോൺസ്പിറസിയാകുന്നു 'നൻപകൽ നേരത്ത് മയക്കം'

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

 

 

Comment