നൻപകൽ നേരത്ത് മയക്കം - ബോധം അബോധമായ് മാറും ലഹരി

Reviews

ഒന്നാന്തരം കാഴ്ചാനുഭവം ആണ് "നൻപകൽ നേരത്ത് മയക്കം" പകർന്ന് തരുന്നത്. അസംഖ്യം വായനകൾ സാധ്യമാക്കുന്ന നിരവധി അടരുകൾ സിനിമയിൽ ഉണ്ട്. ആദ്യ കാഴ്ചയിൽ വായിച്ചെടുക്കാൻ പറ്റിയ കാര്യങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. Spoilers ഉണ്ട്...
-----------------------------------
പാൽ വിതരണത്തിനായി പോയൊരു ഇടയ ബാലൻ മധ്യാഹ്ന വെയിലിന്റെ  കാഠിന്യത്തിൽ ക്ഷീണം കൊണ്ട്  ഒരു തടാകത്തിന്റെ  കരയിലുള്ള അരയാൽ മരത്തിന്റെ  ചുവട്ടിൽ കിടന്നുറങ്ങിപ്പോയി (നൻപകൽ നേരത്ത് മയക്കം എന്ന് പറയാം). പെട്ടെന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ ഒരു അമ്മ ഒക്കത്ത് കൈക്കുഞ്ഞുമായി പ്രശോഭിതയായി നിൽക്കുന്നതാണ് കണ്ടത്. കുഞ്ഞിന് വിശക്കുന്നുണ്ട് എന്നും കുറച്ച് പാൽ നൽകാമോ എന്നും ആ അമ്മ ആവശ്യപ്പെട്ടപ്പോൾ ബാലൻ പാൽ പാത്രം അവർക്ക് നേരെ നീട്ടി. വിശപ്പടക്കിയ ശേഷം അവർ തിരിച്ച് നൽകിയ പാത്രവുമായി ബാലൻ വീട്ടിലേക്ക് തിരിച്ചു. നേരം വൈകിയതിനും പാൽ കുറഞ്ഞതിനും എന്ത് സമാധാനം പറയും എന്ന ആശങ്കയോടെ വീട്ടിലെത്തി പാൽ പാത്രം തുറന്ന ആ ബാലൻ കണ്ടത് പാത്രത്തിൽ നിറഞ്ഞ് തുളുമ്പിക്കൊണ്ടിരിക്കുന്ന പാലാണ്. വേളാങ്കണ്ണി മാതാവിന്റെ  അദ്ഭുത പ്രവൃത്തികളെക്കുറിച്ചുള്ള ഐതിഹ്യങ്ങളിൽ ആദ്യത്തേതാണ് ഇത്.
തൈര് വിൽപ്പനക്കാരനായ മുടന്തുള്ള ഒരു ബാലന് നടക്കാനുള്ള കഴിവ് നൽകിയ ഒരമ്മയും കുഞ്ഞിനെയും കുറിച്ചുള്ള ഐതിഹ്യവുമുണ്ട്. വിശുദ്ധ മറിയവും ഉണ്ണി യേശുവും ആണ് ആ  അമ്മയും കുഞ്ഞും എന്ന് ആ ബാലനും അവന്റെ  യജമാനനും തിരിച്ചറിയുമ്പോൾ തങ്ങൾക്ക് വേണ്ടി ഒരു ആരാധനാലയം പണി കഴിക്കണമെന്ന് ആവശ്യപ്പെടുകയും അങ്ങനെയാണ് വേളാങ്കണ്ണി പള്ളി രൂപം കൊള്ളുന്നതും എന്നാണ് ആ ഐതിഹ്യത്തിൽ പറയുന്നത്.
ഈ ഐതിഹ്യങ്ങളുമായൊക്കെ എവിടൊക്കെയോ കെട്ടുപിണഞ്ഞു കിടക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ "നൻപകൽ നേരത്ത് മയക്കം" എന്നാണ് ആദ്യ കാഴ്ചയിൽ മനസ്സിലാകുന്നത്.

വേളാങ്കണ്ണി ദർശനം കഴിഞ്ഞ് തിരിച്ച് കേരളത്തിലേക്ക് മടങ്ങുന്ന യാത്രയിൽ ബസ്സിൽ ഇരുന്ന് ഉറങ്ങിപ്പോകുന്ന ജയിംസ് ഉണർന്ന് എഴുന്നേൽക്കുന്നത് മറ്റൊരാൾ ആയാണ്. ഇറങ്ങി നടക്കുന്ന അയാൾ ബോധം / അബോധം, സ്വപ്നം / യാഥാർഥ്യം എന്നീ ദ്വന്ദങ്ങളെ കൃത്യമായി വേർ തിരിക്കുന്ന അരയാൽ വൃക്ഷത്തെ കടന്ന് പോകുമ്പോൾ തീർത്തും സുന്ദരം എന്ന വ്യക്തിയായി മാറുന്നു (വെളിച്ച വിന്യാസം കൊണ്ട് നിഗൂഢതയും ധ്യാനാത്മകതയും പകർന്ന് തരുന്ന സെൻ ആർട്ട് പോലെയുള്ള ആ വൃക്ഷത്തിന്റെ  ദൃശ്യം സിനിമയുടെ അവസാനം ജയിംസ് തിരിച്ച് പോകുമ്പോഴും ആവർത്തിക്കുന്നുണ്ട്).
ചിരപരിചിതം എന്ന പോലെ അവിടത്തെ ഊടുവഴികളിലൂടെ നടന്ന് സുന്ദരത്തിന്റെ  വീട്ടിലെത്തുന്ന അയാൾ സുന്ദരത്തെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. രണ്ട് വർഷം മുമ്പ് ഇതേ ദിവസം ഓട്ടൻചത്രം ചന്തയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ സുന്ദരത്തെ പിന്നീട് വീട്ടുകാരോ നാട്ടുകാരോ കണ്ടിട്ടില്ല. സുന്ദരമായി അവതരിച്ചിരിക്കുന്ന ഇയാളെ കണ്ട് വീട്ടുകാർ ആശങ്കപ്പെടുന്നു. യഥാർത്ഥത്തിൽ എന്തായിരിക്കാം സുന്ദരത്തിന് സംഭവിച്ചിട്ടുണ്ടാവുക? അതിന്റെ  സൂചനകൾ സിനിമയുടെ സൗണ്ട് ട്രാക്കിൽ ഏറെ നേരം കേൾപ്പിക്കുന്ന "രത്ത കണ്ണീർ" എന്ന തമിഴ് സിനിമയുടെ സംഭാഷണ ശകലങ്ങളിൽ ഉണ്ട്.. മോഹന സുന്ദരം എന്ന നായകൻ തന്റെ  ഭാര്യ ആയ ചന്ദ്രയെ ഉപേക്ഷിച്ച് കാന്ത എന്ന സ്ത്രീയോടോപ്പം പൊറുതി തുടങ്ങുകയാണ്. ഒടുവിൽ രോഗ ബാധിതൻ ആവുമ്പോൾ അയാളുടെ ധനം മുഴുവൻ കവർന്ന് കാന്ത അയാളെ ഉപേക്ഷിക്കുന്നു. മോഹന സുന്ദരം ഒരു ഭിക്ഷാടകനെപ്പോലെ ചന്ദ്രയുടെ അടുത്ത് തിരിച്ചെത്തി മാപ്പ് ചോദിച്ച ശേഷം മരണത്തെ പുൽകുന്നു. ഇതാണ് രത്ത കണ്ണീരിന്റെ  കഥാസാരം.

സുന്ദരത്തിനും അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നിരിക്കാം. പക്ഷേ തിരിച്ച് വീട്ടിലെത്തി ക്ഷമാപണം നടത്തുന്നതിന് മുമ്പ് തന്നെ അയാൾക്ക് മരണം സംഭവിച്ചതായിരിക്കുമോ? ജയിംസിലൂടെ തന്റെ  നല്ല ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നടത്തത്തിന് ഒരു വിഫല ശ്രമം നടത്തിയത് ആവില്ലേ സുന്ദരം? പക്ഷേ ചുറ്റും എതിർപ്പുകൾ ആണ് അയാൾക്ക് നേരിടേണ്ടി വരുന്നത്. അയാളുടെ സ്നേഹമാകുന്ന പാൽ എല്ലാവരാലും തിരസ്കരിക്കപ്പെട്ട് ചാലിൽ ഒഴുക്കിക്കളയേണ്ടി വരുന്നു. ഒഴിഞ്ഞ പാൽപ്പാത്രം നിറഞ്ഞ് തുളുമ്പിക്കാൻ മാലാഖമാർ ആരും വരുന്നുമില്ല. തന്റെ ഗ്രാമത്തിൽ ഒരു വലിയ ആരാധനാലയം കെട്ടിപ്പടുക്കുന്നത് അയാൾ അറിഞ്ഞത് കൂടിയില്ല. ഗ്രാമത്തിലെ ക്ഷുരകൻ മലൈച്ചാമി (മലമുകളിലെ ദൈവം) ഈ ലോകം വിട്ട് പോയതും അയാൾ വൈകിയാണ് അറിയുന്നത്. ദൈവ സാന്നിധ്യം അയാളിൽ നിന്ന് അകന്ന് പോയിരിക്കുന്നു. ("ഇറൈവൻ ഇരുക്കിൻ്റ്രാനാ...മനിതൻ കേൾക്കിറാൻ" എന്ന തമിഴ് പാട്ട് സൗണ്ട് ട്രാക്കിൽ കേൾക്കാം - ദൈവം ഉണ്ടോ..മനുഷ്യൻ ചോദിക്കുന്നു).
കാഴ്ചാ പരിമിതിയുള്ള (ഉൾക്കാഴ്ചയുള്ള) അമ്മയ്ക്കും വളർത്തു മൃഗങ്ങൾക്കും മാത്രമേ മറ്റൊരു രൂപത്തിൽ എത്തിയിരിക്കുന്ന സുന്ദരത്തെ തിരിച്ചറിയാൻ കഴിയുന്നുള്ളൂ... ഗതിയില്ലാതെ അലയുന്ന സുന്ദരം തന്റെ  പുത്രി വിളമ്പിക്കൊടുക്കുന്ന ആഹാരം കഴിച്ചതിന് ശേഷം മാത്രമാണ് (ബലിച്ചോറ്) ജയിംസിനെ വിട്ട് പോകുന്നത്.

ഇനി, ജയിംസിന് ഭാര്യ അറിയാതെ മറ്റൊരു ബന്ധം ഉണ്ടായിരിക്കുകയും സുന്ദരവും ആ ഗ്രാമീണരും എല്ലാം ബസ്സിലെ മയക്കത്തിനിടെ അയാൾ തന്നെ സൃഷ്ടിച്ചെടുത്ത സ്വപ്നലോകത്തിൽ വന്ന കഥാപാത്രങ്ങൾ ആണെങ്കിലോ? ചിലപ്പതികാരത്തിൽ കണ്ണകിക്കും മാധവിക്കും മധ്യേ നിൽക്കുന്ന കോവലന് ഉണ്ടാവുന്ന ആശയക്കുഴപ്പം സിനിമയുടെ അവസാന രംഗങ്ങളിലൊന്നിൽ ഉറങ്ങി എഴുന്നേറ്റ് തന്റെ  ഭാര്യയുടെയും സുന്ദരത്തിന്റെ  ഭാര്യയുടെയും മധ്യേ നിൽക്കുന്ന ജയിംസിന്റെ  മുഖത്ത് വായിച്ചെടുക്കാം. ഭാര്യയും പുത്രനും ബസ്സിലെ മറ്റ് യാത്രക്കാരോടുമൊപ്പം അയാൾ തിരിച്ചറിവിന്റെ  ബോധി വൃക്ഷം കടന്ന് പോകുമ്പോൾ അയാളുടെ മുഖത്ത് ചിന്താക്കുഴപ്പം മാറി ശാന്തത പ്രതിഫലിക്കുന്നുണ്ടോ?

കടലിലെ കാറ്റിലും കോളിലും അകപ്പെട്ട പോർച്ചുഗീസ് കപ്പലിലെ നാവികർ പരിശുദ്ധ മാതാവിന്റെ  മാധ്യസ്ഥത്തിന് വേണ്ടി കരഞ്ഞ് പ്രാർത്ഥിച്ചപ്പോൾ അവർ യാതൊരു അപകടവും സംഭവിക്കാതെ തീരത്ത് അണഞ്ഞു എന്നൊരു ഐതിഹ്യവും വേളാങ്കണ്ണി പള്ളിയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. വിശാലമായ പാടത്തിനു നടുവിൽ നിൽക്കുന്ന ബസ്സിന്റെ  പല വിദൂര ദൃശ്യങ്ങളും ആ കപ്പലിനെയാണ് ഓർമ്മിപ്പിക്കുന്നത്. കാറും കോളും മനുഷ്യരുടെ ഉള്ളിൽ ആണെന്ന വ്യത്യാസം മാത്രം. തീരത്തേക്ക് അണയുന്ന കപ്പലിനെ പോലെ ബസ്സ് വീണ്ടും യാത്ര തുടങ്ങുകയാണ്. "മയക്കവും കലക്കവും മനസ്സിലെ കുഴപ്പവും" തെളിഞ്ഞവരെയും കൊണ്ട് സാരഥി (സാരഥി തിയേറ്റേഴ്‌സ്)യുടെ തേര് നീങ്ങുന്നു. തുടർന്ന് കേൾക്കുന്ന പാട്ടുണ്ട് - "ആടിയ ആട്ടം എന്ന? പേസിയ വാർത്തൈ എന്ന? തേടിയ സെൽവം എന്ന? വീട് വരൈ ഉറവ്..വീഥി വരൈ മനൈവി...കാട് വരൈ പിളളയ്... കടൈസി വരൈ യാരോ?" - എന്തെല്ലാം കളി കളിച്ചു..എന്തെല്ലാം പറഞ്ഞു കൂട്ടി? എന്തെല്ലാം ചേർത്ത് വച്ചു? ബന്ധങ്ങൾ വീട് വരെ ഉണ്ടാകും..ഭാര്യ വീഥി എത്തും വരെ ഉണ്ടാകും...സന്തതികൾ ചുടുകാട് വരെ ഉണ്ടാകും..അവസാനം വരെ ആര് ഉണ്ടാകും?"

കുരുക്ഷേത്ര യുദ്ധത്തിനു ശേഷം സ്വർഗത്തിലേക്കുള്ള യാത്രയിൽ യുധിഷ്ഠിരന്റെ  ഒപ്പം അവസാനം വരെ ഉണ്ടായിരുന്നത് ഒരു നായയാണ്. യുധിഷ്ഠിരനെ പരീക്ഷിക്കാൻ ധർമ്മത്തിന്റെ  ദേവൻ ആണ് നായയായി അവതരിച്ചത് എന്നാണ് മഹാഭാരതത്തിൽ പറയുന്നത്. ആ ഒരു റഫറൻസിൽ ആണ് സിനിമ അവസാനിക്കുന്നത്.
അതെ..അവസാനം വരെ ആര് ഉണ്ടാകും? "ദൈവത്തിന് നന്ദി"

Nanpakal Nerathu Mayakkam Official Trailer | Mammootty | Lijo Jose Pellissery | Mammootty Kampany

 

Comment