കഴിവിൽ വിശ്വാസമുള്ളതിനാൽ ആ ദുരനുഭവം ധൈര്യത്തോടെ നേരിട്ടെന്ന് നയൻതാര

News

നായകൻമാർ വാണരുളുന്ന കാലത്ത് സിനിമയിലെത്തി പരിശ്രമം കൊണ്ട് സ്വന്തമിടം കണ്ടെത്തിയ നടിയാണ് നയൻതാര. തെന്നിന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം സ്വന്തമാക്കുന്ന നായികയും മറ്റൊരാളല്ല. സംവിധായകൻ വിഘ്‌നേഷ് ശിവയുമായുള്ള വിവാഹവും സറോഗസിയിലൂടെയുള്ള ഇരട്ട ആൺക്കുഞ്ഞുങ്ങളുടെ ജനനവും നയൻതാരയുടെ താരപ്രഭയെ ഒരിക്കൽക്കൂടി ആഘോഷമാക്കി. മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രങ്ങൾ ഹൃദയപൂർവമാണ് ആരാധകർ ഏറ്റുവാങ്ങുന്നത്. വളരെ അപൂർവമായി മാത്രം അഭിമുഖങ്ങൾ നൽകുന്ന നയൻതാര കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്  ഈയടുത്ത് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ വാർത്തകളിൽ.കരിയറിന്റെ തുടക്കത്തിൽ ഒരു വലിയ ചിത്രത്തിന് വേണ്ടി തന്നെ സമീപിച്ചിരുന്നെന്നും എന്നാൽ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് അവർ പറഞ്ഞെന്നുമാണ് നയൻതാര തുറന്നു പറഞ്ഞത്. തന്റെ കഴിവിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞു കൊണ്ട് ആ അവസരം ഒഴിവാക്കി. ധൈര്യശാലിയാണ് താനെന്നും നയൻതാര പറയുന്നുണ്ട്.

മക്കളുടെ ജനനശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത നയൻതാര, ഷാരൂഖിനൊപ്പമുള്ള ബോളിവുഡ് ചിത്രത്തിന്റെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. 'ജവാൻ' എന്ന ആ ചിത്രം 2023 ജൂണിൽ പ്രദർശനത്തിനെത്തും. 'ജവാൻ' എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം നയൻതാര തന്റെ 75ാമത്തെ ചിത്രത്തിലേക്ക് കടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന തന്റെ തമിഴ് ചിത്രമായ 'ഇരൈവൻ' എന്ന ചിത്രവും ഉടൻ റിലീസാകും.  അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയം രവിയാണ് നായകൻ.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment