നെടുമ്പ്രം ഗോപിയും ജാസിഗിഫ്റ്റിന്റെ ഗാനമേളയും..

News

സിനിമ സീരിയൽ താരം നെടുമ്പ്രം ഗോപി അന്തരിച്ചു. തിരുവല്ലയിലെ നെടുമ്പ്രത്ത് മരണപ്പെടുമ്പോൾ ഗോപിക്ക് 85 വയസായിരുന്നു. മമ്മൂട്ടിയുടെ അച്ഛനായി, ബ്ലെസി സംവിധാനം ചെയ്ത കാഴ്ച്ച എന്ന സിനിമയിലൂടെ ആണ് മലയാള സിനിമയിലേക്ക് എത്തുന്നത്. കെഎസ്ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്നു, തുടർന്ന് സിനിമ സീരിയൽ രംഗത്ത് അഭിനേതാവായി മാറി.

തിരുവല്ല അമ്പലത്തിലെ ഉത്സവത്തിനു ജാസി ഗിഫ്റ്റിന്റെ ഗാനമേള ബുക്ക് ചെയ്യാൻ സംവിധായകൻ ബ്ലെസിയുടെ സഹായം അഭ്യർത്ഥിച്ച് ഗോപിയുടെ നാട്ടുകാർ എത്തുന്നതും അപ്പോൾ നിങ്ങളുടെ പരിചയത്തിലാരെങ്കിലും അഭിനയിപ്പിക്കാൻ കൊള്ളാവുന്നവരുണ്ടോ എന്നുള്ള ചോദ്യവുമാണ് നെടുമ്പ്രം ഗോപിക്ക് സിനിമയിലേക്ക് അവസരമൊരുക്കുന്നത്.  പുത്തില്ലം ഭാസിയുടെ പേരാണ് കൂട്ടത്തിൽ ഒരാൾ പറഞ്ഞത്. പിന്നീട് ഭാസിയോട് വേറെ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി നെടുമ്പ്രം ഗോപിയുടെ പേരും നിർദ്ദേശിക്കപ്പെട്ടു. സ്കൂളിൽ പഠിക്കുമ്പോഴും കെ എസ് ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരിക്കുമ്പോഴും നടന്ന കലാമേളകളിൽ പങ്കെടുത്ത പരിചയവും, അവിടെ രണ്ട് പ്രാവശ്യം നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട ആത്മവിശ്വാസവുമാണ് ഗോപിക്ക് ഒഡീഷനിലെത്തി സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള കാരണമായത്. പുത്തില്ലം ഭാസിയുമൊത്താണ് ഒഡീഷനു പോയത്. ആദ്യ കാഴ്ച്ചയിൽത്തന്നെ സിനിമയിലെ അച്ഛൻ കഥാപാത്രമായി ബ്ലസി നെടുമ്പ്രം ഗോപിയെ തിരഞ്ഞെടുത്തിരുന്നെങ്കിലും ഒന്ന് രണ്ട് സീനുകൾ അഭിനയിക്കാൻ കൊടുത്തു, ശേഷം അറിയിക്കാമെന്ന് പറഞ്ഞു. ഒഡീഷനൊക്കെ കളിപ്പീരാണെന്ന് കരുതി തിരിച്ച് പോന്നെങ്കിലും രണ്ടാം ദിവസം സിനിമയിലേക്കുള്ള വിളിയെത്തി. 

ആലുവയിലായിരുന്നു കാഴ്ച്ചയുടെ സിനിമാ ക്യാമ്പ്. കൂടെ ഒഡീഷനു പോയ ഭാസിയുടെ കാര്യമെന്തായി എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിനും വേഷമുണ്ട്, പിന്നീട് വിളിച്ചോളാമെന്നായിരുന്നു മറുപടി. അങ്ങനെ പുത്തില്ലം ഭാസിക്കും മമ്മൂട്ടി അവതരിപ്പിച്ച മാധവനെന്ന ഫിലിം റെപ്രസെന്റിന്റെ കടയുടെ താഴെയുള്ള ചായക്കടക്കാരനായി ഉള്ള വേഷം ലഭ്യമായി. 

കാഴ്ച്ചയിലൂടെ തുടക്കമിട്ട ഗോപി തുടർന്ന് ദൈവനാമത്തിൽ, മകൾ, ശീലാബതി, അശ്വാരൂഡൻ, പകർന്നാട്ടം എന്നിവയുൾപ്പെടെ ഏറെ മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു.  സിനിമകൾ കൂടാതെ സീരിയലുകളിലും നെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്.

ഭാര്യ കമലമ്മ റിട്ടയേർഡ് ഹെഡ് മിസ്ട്രസായിരുന്നു. സുനിൽ ജി നാഥ്, സുനിത, സുബിത എന്നീ മൂന്ന് മക്കളാണ് ഉള്ളത്.

Comment