ആരാദ്യം പാടണം എന്ന് ടോസ്സിട്ട് നോക്കാമെന്ന് രവീന്ദ്രന്‍ മാസ്റ്റര്‍: റിക്കോഡിംഗ് തിയേറ്ററില്‍ ഒരുമിച്ചു പാടിയ ഗാനം 15 വര്‍ഷങ്ങള്‍ക്ക് ശേഷം വേദിയില്‍ ആദ്യമായി മഞ്ജരിയും സിന്ധു പ്രേംകുമാറും പാടിയപ്പോള്‍.

News

2003ലാണ് ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത വടക്കുംനാഥന്‍ എന്ന ചിത്രത്തിന്‍റെ ഗാനലേഖനം നടന്നത്. അനശ്വര സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ അവസാനകാല ചിത്രങ്ങില്‍ ഒന്നായ ഇതില്‍ അദ്ദേഹം എന്നെന്നും ഓര്‍ത്തുവെയ്ക്കാവുന്ന ഈണങ്ങളാണ് ആസ്വാദകര്‍ക്കായി സമ്മാനിച്ചത്‌. അതില്‍ ഏറെ ശ്രദ്ധേയമായ പാഹി പരം പൊരുളെ എന്ന ഗാനം ആലപിച്ച മഞ്ജരിയും സിന്ധു പ്രേംകുമാറും ആദ്യമായി അതെ ഗാനം ഒരുമിച്ചൊരു വേദിയില്‍ പാടിയപ്പോഴാണ് അതിന്‍റെ റെകോര്‍ഡിംഗ് അനുഭവം പങ്കുവെച്ചത്. രവീന്ദ്രന്‍ മാസ്റ്ററുടെ ജന്മാവാര്‍ഷികമായ ഇന്നലെ എറണാകുളത്ത് വെച്ചുനടന്ന രവീന്ദ്ര സംഗീതോത്സവം വേദിയില്‍ വെച്ചാണ് ഇരുവരും ഒരുമിച്ചു പാടാന്‍ എത്തിയത്. റെകോര്‍ഡിംഗ് വേളയില്‍ പുതുമുഖങ്ങളായ തങ്ങളോട് വളരെ വാത്സല്യത്തോടെയാണ് മാസ്റ്റര്‍ പെരുമാറിയിരുന്നത്. ഗാനത്തിന്‍റെ വരികള്‍ രണ്ടുപെര്‍ക്കായി വിഭജിച്ചശേഷം ആരാദ്യം പാടിത്തുടങ്ങണം എന്ന തീരുമാനം ആര്‍ക്കും വിഷമം ഉണ്ടാവാതിരിക്കാന്‍ ടോസ് ഇട്ടുനോക്കാം ആശയമാണു മാസ്റ്റര്‍ വെച്ചത് എന്ന് മഞ്ജരി ഓര്‍ത്തെടുത്തു. ഭാഗ്യം തുണച്ചത് മഞ്ജരിയെയായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയരാഗമായ ഹംസധ്വനിയില്‍ ഒരുക്കിയ ഗാനം ഏറെ പ്രസിദ്ധമായത് ചരിത്രം. ഒരുവര്‍ഷത്തിന് ശേഷം വടക്കുംനാഥനിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തുവന്നു നല്ലരീതിയില്‍ ഹിറ്റായി നില്‍ക്കുമ്പോഴായിരുന്നു ഗാനലോകത്തെ ഞെട്ടിച്ചു രവീന്ദ്രന്‍ മാസ്റ്ററുടെ വിയോഗം.

ഫോട്ടോ കടപ്പാട്: വിനോദ് കെ വി

Comment