പരിയേറും പെരുമാളിലെ നടൻ നെല്ലൈ തങ്കരാജ് അന്തരിച്ചു

News

ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങളെ അതിലും ഉൾച്ചൂടോടെ 'പരിയേറും പെരുമാൾ' എന്ന ഒരൊറ്റ ചിത്രത്തിലൂടെ പകർത്തി വച്ച നാടൻ കലാകാരനും നടനുമായ നെല്ലൈ തങ്കരാജ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു അദ്ദേഹം. മാരി സെൽവരാജ് സംവിധാനം ചെയ്ത 'പരിയേറും പെരുമാൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് ശ്രദ്ധേയനാവുന്നത്. ഈ  ചിത്രത്തിലെ നായകന്റെ അച്ഛൻ വേഷം ആസ്വാദകർ നൊമ്പരത്തോടെ ഹൃദയത്തിലേറ്റിയ അഭിനയപാടവമായിരുന്നു. ഒരു തെരുവ് നർത്തകനായാണ് അദ്ദേഹം വേഷമിട്ടത്. മകന്റെ സഹപാഠികളാൽ തെരുവിൽ പട്ടാപ്പകൽ അപമാനിക്കപ്പെട്ട് ഓടിപ്പോകുന്ന പിതാവിന്റെ വേഷം തങ്കരാജിന് കയ്യടികൾ നേടിക്കൊടുത്തു. തെരുവ് ജീവിതത്തിൽ അതിലുമേറെ അനുഭവങ്ങൾ കടന്നതുകൊണ്ടാവണം ഒരു കുറവുമില്ലാതെ തങ്കരാജിന് സിനിമയിലും അത് പകർത്തിവയ്‌ക്കാനായത്. അതുകൊണ്ടു തന്നെയാവണം ഈ ഒരൊറ്റ സിനിമയിലൂടെ തങ്കരാജ് എന്നെന്നും ഓർമ്മിക്കപ്പെടുന്നതും. ചിത്രം നിർമ്മിച്ചത് പ്രശസ്ത സംവിധായകൻ പാ രഞ്ജിത്താണ്.

തെരുവ് കലാകാരനായ അദ്ദേഹം സിനിമയ്ക്കുശേഷവും തെരുവിൽ കലാപ്രകടനം നടത്തിയും ഓല മേഞ്ഞ കുടിലിൽ കഴിഞ്ഞും ജീവിതം മുന്നോട്ടു കൊണ്ടുപോയി. പരിയേറും പെരുമാളിലെ അദ്ദേഹത്തിന്റെ പ്രകടനം നിരൂപകരടക്കം പ്രശംസിച്ചിരുന്നു. നായകനായ കതിരിന്റെ അച്ഛനായുള്ള അദ്ദേഹത്തിന്റെ ശരീരഭാഷയും ഡയലോഗ് ഡെലിവറിയും സമൂഹത്തിലെ താഴേത്തട്ടിലുള്ള ജീവിതാവസ്ഥ കാണിച്ച സിനിമയുടെ തിളക്കം ഒന്നു കൂടെ കൂട്ടി. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് തങ്കരാജ്
പ്രതീക്ഷിച്ചിരുന്നു. നിർഭാഗ്യവശാൽ, പരിയേറും പെരുമാളിന് ശേഷം അദ്ദേഹത്തിന് മികച്ച കഥാപാത്രങ്ങളൊന്നും ലഭിച്ചില്ല. സിനിമയിൽ അഭിനയിക്കാൻ അധികം ശ്രമിച്ചിട്ടില്ലെന്നും സ്വന്തം ഗ്രാമത്തിൽ മനുഷ്യർക്കിടയിലെ പെരുമാറ്റം തന്നെയാണ് സിനിമയിലും ആവിഷ്‌ക്കരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 'നിങ്ങളുടെ കാലടിപ്പാടുകൾ എന്റെ അവസാനചിത്രം വരെ നിലനിൽക്കും' എന്നാണ് പെരുമാളിന്റെ സെറ്റിൽ തങ്കരാജിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ച്  സംവിധായകൻ മാരി സെൽവരാജ് ട്വീറ്റ് ചെയ്തത്.പരിയേറും പെരുമാളിന്റെ അണിയറപ്രവർത്തകരും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. തിരുനെൽവേലിയിലായിരുന്ന തങ്കരാജിന്റെ താമസം. ജീവിതാവസാന കാലത്ത് ഏറെ ദുരിതത്തിലായിരുന്നു. വെള്ളപ്പൊക്കത്തിൽ വീട് നഷ്‌ടപ്പെട്ടതിനെ തുടർന്ന് ഏതാനും മാസങ്ങൾക്കമുമ്പ്  തങ്കരാജിന് നെല്ലൈ ജില്ലാ ഭരണകൂടവും പ്രോഗ്രസീവ് റൈറ്റേഴ്സ് യൂണിയനും ചേർന്ന് വീട് നിർമ്മിച്ചു നൽകിയിരുന്നു. തിരുനെൽവേലി ജില്ലാ കളക്ടറാണ് വീടിന്റെ താക്കോൽദാനം നിർവഹിച്ചത്.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment