പേരില്ലൂർ പ്രീമിയർ ലീഗ് - നർമ്മം ജയിക്കുന്ന മത്സരം

Reviews

"ഒരിടത്തൊരിടത്ത് ഒരു ദേശത്ത്" എന്ന് തുടങ്ങുന്ന മുത്തശ്ശിക്കഥകൾക്ക് തനതായൊരു ലാളിത്യമുണ്ട്...സൗന്ദര്യമുണ്ട്. പഴയ തലമുറ Nukkad, Malgudi Days തുടങ്ങിയ ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെയും അതിന് ശേഷമുള്ള തലമുറ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പൊന്മുട്ടയിടുന്ന താറാവ്, പ്രാദേശിക വാർത്തകൾ തുടങ്ങി നിരവധി സിനിമകളിലൂടെയും പുതിയ തലമുറ കുഞ്ഞിരാമായണം, പഞ്ചായത്ത് (സീരീസ്) എന്നിവയിലൂടെയും ഇത്തരം കഥകളെ കയ്യയച്ച് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. തികച്ചും ഗ്രാമ്യമെന്ന് വിശേഷിപ്പിക്കാവുന്ന നർമ്മ സന്ദർഭങ്ങളും കാരിക്കേച്ചർ സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങളും ഇത്തരം സിനിമ/സീരീസുകളുടെ പ്രത്യേകതയാണ്. കൃത്യമായും ഈ സ്പേസിലാണ് നവാഗത സംവിധായകനായ പ്രവീൺ ചന്ദ്രനും എഴുത്തുകാരൻ ദീപു പ്രദീപും "പേരില്ലൂർ പ്രീമിയർ ലീഗ്" എന്ന സീരീസിനെ പ്രതിഷ്ഠിച്ചിരിക്കുന്നത് (OTT പ്ലാറ്റ്‌ഫോം - ഡിസ്നി ഹോട്ട്സ്റ്റാർ)

പേരില്ലൂർ എന്ന സാങ്കല്പിക ഗ്രാമം...അവിടെയുള്ള അന്തവും കുന്തവുമില്ലാത്ത ഒരു പറ്റം മനുഷ്യർ.. അവരുടെ ഇടയിലേക്ക് അവിചാരിതമായി എത്തിപ്പെടുന്ന മാളവിക എന്ന പെൺകുട്ടി..ഒരു പഞ്ചായത്ത് ഇലക്ഷനെ തുടർന്ന് ആ ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ... ഈ റൂട്ടിലാണ് കഥാഗതി. 
എടുത്ത് പറയേണ്ടത് മനസ്സ് തുറന്ന് ചിരിക്കാനുള്ള നിരവധി സന്ദർഭങ്ങൾ ഈ സീരീസിലുണ്ട് എന്നതാണ്. ലീഡ് റോൾ ചെയ്യുന്നവർ മുതൽ ഒരൊറ്റ സീനിൽ വന്ന് പോകുന്നവർ വരെ ഈ രസക്കൂട്ടിന് തങ്ങളുടേതായ സംഭാവനകൾ നൽകുന്നുണ്ട്. 

മാളവിക എന്ന കേന്ദ്ര കഥാപാത്രം നിഖില വിമലിൻ്റെ കൈകളിൽ ഭദ്രമായിരുന്നു. ആ കഥാപാത്രത്തിൻ്റെ ആശയക്കുഴപ്പങ്ങളും വാശികളും ഒക്കെ നിഖില മനോഹരമായി അവതരിപ്പിച്ചു. കേമൻ സോമനായി അശോകൻ മിന്നുന്ന പ്രകടനം കൊണ്ട് മനസ്സ് കവർന്നു. അത് പോലെ ശ്രീക്കുട്ടൻ്റെ അമ്മാവനായി ശിവജി ഗുരുവായൂർ ഏറെ നാളുകൾക്ക് ശേഷം തനിക്ക് കിട്ടിയ ഒരു വ്യത്യസ്ത കഥാപാത്രത്തെ തകർപ്പനാക്കിയിട്ടുണ്ട്. വിജയരാഘവന് (എക്സ് പ്രസിഡണ്ട് പീതാംബരൻ) ഇത്തരം വേഷങ്ങൾ cakewalk ആണെന്നതിനാൽ പ്രത്യേകമായി പറയേണ്ട കാര്യം ഇല്ല. ഗോമതി അമ്മായി ആയി ജയ കുറുപ്പും ഒന്നാന്തരം. വർഷങ്ങളുടെ നാടകാനുഭവ സമ്പത്തുള്ള ഈ അഭിനേത്രി KPAC ലളിത ചെയ്തിരുന്നത് പോലുള്ള കഥാപാത്രങ്ങൾക്ക് ഒരു replacement ഓപ്ഷൻ ആയിരിക്കും എന്നതിന് ഇതിലെ പ്രകടനം തെളിവാണ്. ഇടയ്ക്കിടക്ക് വന്ന് ഓരോ കോലാഹലം സൃഷ്ടിച്ച് പോകുന്ന സൈക്കോ ബാലചന്ദ്രൻ്റെ നിർവ്വികാരത അജു വർഗീസ് ഗംഭീരമാക്കി. ഷെർലക്ക് ഹോംസ് സമ്പൂർണ്ണ കൃതികൾ വായിച്ച് കിളി പോയ അപ്പു വാര്യർ, കാണാതായ കുഞ്ഞിപ്പ ആയി തകർത്ത് അഭിനയിച്ച കെ എസ് പ്രതാപൻ, ജ്യോത്സൻ അനീഷ് (ശരത് സഭ), ടെയ്‌ലർ സുന്ദരൻ (അൻസൽ പള്ളുരുത്തി), പഞ്ചായത്ത് ക്ലർക്ക് ഷംല (വിജിത വിജി) ബസ് ഓണർ ബാബു, ലില്ലി (പ്രിയ ശ്രീജിത്ത്) തുടങ്ങി നിർവധി പേരെ പരാമർശിക്കേണ്ടി ഇരിക്കുന്നു. ഓരോരുത്തരും അവരവരുടെ പാർട്ട് ഭംഗിയാക്കി.


ലീഡ് ക്യാരക്ടറുകളിൽ ഒന്നായ തുമ്പികുട്ടൻ ആയി അഭിനയിച്ച സണ്ണി വെയ്ൻ ആദ്യ എപ്പിസോഡിലും അവസാന ഭാഗങ്ങളിൽ ഒന്നിലും ഏച്ചു കെട്ടിയ slang ഉപയോഗിച്ചത് വർക്ക് ആയില്ല എന്ന് മാത്രമല്ല നല്ല ബോറാവുകയും ചെയ്തു. പിന്നീട് neutral slang- ലേക്ക് മാറുമ്പോൾ ആ കൃത്രിമത്വവും മാറിക്കിട്ടി. നിഖിലയുടെ ഹൈസ്കൂൾ കാലഘട്ടം കാണിക്കുമ്പോൾ നിഖിലായുമായി കുറച്ചെങ്കിലും resemblance ഉള്ള ഒരു കുട്ടിയെ കാസ്റ്റ് ചെയ്യാമായിരുന്നു. അവസാന പാർട്ടിന് മുമ്പുള്ള ഒന്ന് രണ്ട് എപ്പിസോഡുകൾ കുറച്ച് കൂടി tight ആകാമായിരുന്നു എന്ന് തോന്നി. സുന്ദരൻ കോഴിയെ പിടിക്കുന്ന സീക്വൻസൊക്കെ അത്രയും വലിച്ച് നീട്ടേണ്ടിയിരുന്നോ? ഇലക്ഷനും രാഷ്ട്രീയവുമൊക്കെ പ്രമേയത്തിൻ്റെ ഭഗമാണെങ്കിലും സമകാലീന രാഷ്ട്രീയത്തിൻ്റെ തൊലിപ്പുറത്ത് പോലും സ്പർശിക്കാത്ത തരത്തിലാണ് അവ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

ടെക്നിക്കൽ സൈഡും സംഗീത വിഭാഗവും എല്ലാം സിനിമയ്ക്ക് വേണ്ടത് എന്താണോ അത് കൃത്യമായി ഡെലിവർ ചെയ്തിട്ടുണ്ട്. കുഞ്ഞി രാമായണത്തിനു ശേഷം ഈയൊരു കഥാപരിസരത്തിലുള്ള തൻ്റെ mastery ദീപു പ്രദീപ് വീണ്ടും തെളിയിച്ചിരിക്കുന്നു. നവാഗത സംവിധായകനായ പ്രവീൺ ചന്ദ്രന് ആദ്യ സംരഭത്തിൽ തന്നെ നിരവധി വ്യതിരിക്തമായ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉൾപ്പെടുന്ന ഒരു കാൻവാസ് ആണ് കൈകാര്യം ചെയ്യേണ്ടി വന്നിട്ടുള്ളത്. അതിൽ വിജയിച്ചിട്ടുമുണ്ട്.

"പേരില്ലൂർ പ്രീമിയർ ലീഗ്" നിങ്ങളെ ചിന്തിപ്പിക്കുകയോ, പ്രകോപിപ്പിക്കുകയോ, പ്രചോദിപ്പിക്കുകയോ ചെയ്യുന്ന സൃഷ്ടിയല്ല. It makes you feel lighter... അടുപ്പമുള്ള ബന്ധു വീട്ടിലെ വിവാഹത്തിന് തലേന്ന് തന്നെ പോയി അവിടെയുള്ള "കഥാപാത്രങ്ങളുടെ" തമാശകളും പരിഭവങ്ങളും കുന്നായ്മകളും കണ്ടും കേട്ടും രസിച്ച് അടുത്ത ദിവസം കല്യാണം കൂടി തിരിച്ച് പോരുമ്പോൾ അനുഭവപ്പെടുന്ന ഒരു ലഘുത്വം ഉണ്ടല്ലോ.. ആ സുഖം കിട്ടും ഇത് കണ്ട് കൊണ്ടിരിക്കുമ്പോൾ.. ഇനിയുള്ള ദിവസങ്ങളിൽ ഫാമിലി സർക്കിളുകളിൽ പേരില്ലൂർ സ്വീകരിക്കപ്പെടും എന്ന് തന്നെ തോന്നുന്നു. Ultimately, this one worked for me...

Perilloor Premier League | Malayalam Official Trailer | Hotstar Specials | Streaming From Jan 05


m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക