ആ ചോദ്യത്തിൽ നിന്നും ഞാൻ സംവിധായകനായി- ഫിലിപ്സ് സിനിമയുടെ സംവിധായകൻ ആൽഫ്രഡ് കുര്യൻ ജോസഫ് സംസാരിക്കുന്നു

Interviews

''ഒരു കുഞ്ഞുഫാമിലി സ്‌റ്റോറി. ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും തമാശകളും ഒക്കെയായി ഒരു ഫീൽ ഗുഡ് മൂവി എന്നു പറയാം. ഒരു ഫാമിലി പാക്കേജ് ആണ്. കുടുംബങ്ങൾക്ക് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ.''  ഫിലിപ്‌സ് സിനിമയുടെ സംവിധായകൻ ആൽഫ്രഡ് കുര്യൻ ജോസഫ് പറഞ്ഞു തുടങ്ങി. മലയാളികളെ  ഞെട്ടിച്ച  'ഹെലൻ' എന്ന സർവൈവൽ ത്രില്ലറിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ആൽഫ്രഡ്. ഹെലൻ സംവിധാനം ചെയ്ത ആൽഫ്രഡിന്റെ ഉറ്റ സുഹൃത്ത് മാത്തുകുട്ടി സേവ്യർ ഇത്തവണ തിരക്കഥാകൃത്തിന്റെ റോളിലാണ്. വർഷങ്ങളായുള്ള സൗഹൃദത്തിന്റെ മനോഹരമായ കെമിസ്ട്രി കൂടിയാണ് ഈ സിനിമ. നടൻ ഇന്നസെന്റിന്റെ അവസാനചിത്രങ്ങളിൽ ഒന്നു കൂടിയാണിത്. സൗഹൃദങ്ങളുടെ ഒത്തുചേരൽ കൂടി ഈ സിനിമയ്ക്ക് പിന്നിലുണ്ട്. ഫിലിപ്പ്  എന്ന മുഖ്യകഥാപാത്രമായി എത്തുന്ന മുകേഷിന്റെയും ഇന്നസെന്റിന്റെയും ഒത്തുചേരുമ്പോഴുള്ള സൗഹൃദം ഭംഗിയാക്കിയ കുറേ രസമുള്ള നിമിഷങ്ങളും ഈ സിനിമയിൽ കാണാം. വർഷങ്ങളായി സിനിമയ്‌ക്കൊപ്പമുള്ള യാത്രയിൽ ആൽഫ്രഡ് കണ്ടുമുട്ടിയ കുറേപേർ ഈ സിനിമാ ടീമിലുണ്ട്. തൊടുപുഴയിൽ നിന്നും അപരിചതമായ കൊച്ചി നഗരത്തിലെത്തിയപ്പോൾ പലരിൽ നിന്നും പലയിടത്തു നിന്നുമായി ലഭിച്ച പിന്തുണയാണ് അതേ കൈവഴികളിലൂടെ ആൽഫ്രഡ് തിരിച്ചു നൽകുന്നത്. ആൽഫ്രഡ്. 'ഫിലിപ്‌സി'നെക്കുറിച്ച്, സിനിമ യാത്രയെ കുറിച്ച് ആൽഫ്രഡ് സംസാരിക്കുന്നു.

ഒരു കുഞ്ഞുപടമാണ് ചെയ്തിരിക്കുന്നത്. 'ഹെലൻ' ടീമിന്റെ ഒരു ചിത്രമാണെന്ന് കൂടി പറയാം?
അതേ. 'ഹെലൻ' സംവിധായകൻ മാത്തുകുട്ടി സേവ്യർ എന്റെ നാട്ടുകാരനാണ്. സിനിമ തന്നെയാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. ഹെലന്റെ തിരക്കഥാകൃത്തായത് അങ്ങനെയാണ്. ഹെലനിലെ നായകനായ നോബിൾ ബാബു തോമസ് ഈ സിനിമയിൽ മുകേഷേട്ടന്റെ മൂത്തമകനായി എത്തുന്നത്. നോബിളിനെ പരിചയപ്പെട്ടതും സിനിമ വഴി തന്നെയാണ്. 2016 ൽ ഒരു തിരക്കഥയുമായി ഞങ്ങൾ നോബിളിനെ കണ്ടിരുന്നു. അന്നു തൊട്ടേയുള്ള പരിചയമാണ്. പക്ഷേ, ആ പ്രൊജക്ട് നടന്നില്ല. പിന്നീടും കഥകൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുമായിരുന്നു. ഒരു പടം ചെയ്യാമെന്ന പ്ലാനിൽ രണ്ടുമൂന്ന് സബ്ജക്ടുകൾ വർക്ക് ചെയ്തു തുടങ്ങി. ഹെലനിലേക്ക് എത്തിയത് അങ്ങനെയാണ്.

'ഫിലിപ്‌സ്' എന്ന തലക്കെട്ടിൽ എന്തെങ്കിലും കൗതുകം ഒളിപ്പിച്ചിട്ടുണ്ടോ?
ഫിലിപ്പ് എബ്രഹാം എന്ന കേന്ദ്രകഥാപാത്രം ചെയ്യുന്നത് മുകേഷേട്ടനാണ്. ഫിലിപ്പിന്റെയും മൂന്ന് മക്കളുടെയും കഥയാണ്. ആ രീതിയിലാണ് 'ഫിലിപ്‌സ്' എന്ന പേരു വന്നത്. കഥയുമായി ചേരുന്ന അതിലും നല്ലൊരു പേരില്ലായിരുന്നു. നാലുകഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന രീതിയിലാണ് കഥ എഴുതി മുന്നോട്ട് പോയത്.


സിനിമ ആഗ്രഹിച്ചു നടന്ന വർഷങ്ങൾക്ക് ശേഷം സംവിധാനം?
സിനിമ അത്രയധികം ഇഷ്ടമായിരുന്നു. എട്ടാം ക്ലാസിലൊക്കെ പഠിക്കുന്ന കാലത്ത് തന്നെ സിനിമയിൽ വരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നെങ്കിലും സിനിമയിലെത്തുമെന്ന ഒരു തോന്നലുണ്ടായിരുന്നു. എഴുതാനൊക്കെ ഇഷ്ടമായിരുന്നു. അങ്ങനെ എഴുതുമ്പോഴാണ് ഞാൻ ഏറ്റവുമധികം സന്തോഷിച്ചത്. കുത്തിക്കുറിച്ചു വയ്ക്കുന്നതൊന്നും ആരെയും കാണിക്കുകയൊന്നുമില്ല. അതെല്ലാം എന്റെ കയ്യിൽ തന്നെ സൂക്ഷിച്ചു വയ്ക്കും. എൻജിനിയറിംഗാണ് പഠിച്ചത്. രണ്ടുമൂന്ന് പേപ്പർ കിട്ടാൻ ബാക്കിയുണ്ടായിരുന്നു. അതു കിട്ടിയശേഷം ജോലിക്ക് ശ്രമിച്ചു തുടങ്ങാമെന്ന നിലയിൽ ആ വർഷം പഠിക്കാനായി മാറ്റിവച്ചു. അപ്പോഴും സിനിമയ്ക്ക് വേണ്ടിയുള്ള ചെറിയ ശ്രമങ്ങൾ ഉണ്ടായിരുന്നു. ആ സമയത്താണ് മാത്തുകുട്ടിയെ കണ്ടത്.

അവിടെ വച്ചായിരുന്നോ ടേണിംഗ് പോയിന്റ്?
മാത്തുകുട്ടിയുടെ അമ്മയുടെ വീട് ഞങ്ങളുടെ നാട്ടിലായിരുന്നു. നാലാം ക്ലാസ് വരെ മാത്തുകുട്ടി ഇവിടെയാണ് പഠിച്ചത്. അങ്ങനെയുള്ള അടുപ്പമാണ്. സോഷ്യൽ മീഡിയ വഴി ഇടയ്ക്ക് സംസാരിക്കാറുണ്ട്. ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വേദികളിൽ ഇടയ്ക്ക് കാണാറുണ്ട്. അപ്പോൾ സിനിമയെ കുറിച്ചൊക്കെ സംസാരിക്കും. പിന്നീട് മാത്തുകുട്ടി ജോലി വിട്ടു.സിനിമയിലെത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. അതിനായി എന്തുചെയ്യണമെന്നും അവനും എനിക്കും അറിയില്ല. ഇടയ്ക്ക് ഒരു മാത്തുകുട്ടി ഒരു കഥയുടെ ആശയം എന്നോട് പറഞ്ഞു. അതെന്റെ മനസിൽ തന്നെ കിടന്നു. വീട്ടിൽ ചെന്ന് അതുവച്ച്  ചുമ്മാ കുറേ സീനുകൾ എഴുതി മാത്തുകുട്ടിക്ക് അയച്ചു കൊടുത്തു. അതുവച്ച് ഒന്നുവർക്ക് ചെയ്തു നോക്കാമെന്ന് ഞങ്ങൾക്ക് തോന്നി. 2015  കാലത്തായിരുന്നു അത്.

അന്നെഴുതിയതൊക്കെ പക്കാ തിരക്കഥയുടെ രൂപത്തിലായിരുന്നോ?
സീൻ എന്ന് പൂർണമായി പറയാൻ കഴിയാത്ത രീതിയിലായിരുന്നു ആദ്യത്തെ എഴുത്ത്. അത്ര ഗൗരവത്തിലായിരുന്നില്ല. പക്ഷേ, അതിൽ സിനിമയുടെ ഒരു രൂപമുണ്ടായിരുന്നു. മാത്തുകുട്ടി പറഞ്ഞ കഥയെ കുറിച്ച് എന്റെ മനസിൽ വന്ന ചിത്രങ്ങൾ ചേർത്തുവച്ച് വാട്‌സാപ്പിൽ ടൈപ്പ് ചെയ്യുകയായിരുന്നു. സ്‌ക്രിപ്റ്റ് എന്താണെന്നോ, അതിന്റെ രീതി എന്താണെന്നോ വലിയ ധാരണയില്ല. പിന്നീടുള്ള കൊച്ചി ലൈഫിലാണ് തിരക്കഥയ്ക്ക് ഒരു രൂപമുണ്ടെന്നും അത് എങ്ങനെയാണ് ഫോളോ ചെയ്യേണ്ടതെന്നും പ്രേക്ഷകരെ രസിപ്പിച്ചു പോകാൻ ചില സൂത്രപ്പണികളൊക്കെ ഉണ്ടെന്നുമൊക്കെ അപ്പോഴാണ് മനസിലായത്.


സിനിമയുടെ സാങ്കേതിക വശങ്ങൾ എങ്ങനെയാണ് മനസിലാക്കിയത്?
നാലഞ്ചു പടങ്ങൾ എഴുതിയശേഷം സംവിധായകനാകാൻ ആഗ്രഹിച്ച ഒരാളാണ് ഞാൻ. അപ്രതീക്ഷിതമായാണ് ഈ സിനിമ സംഭവിച്ചത്. മാത്തുകുട്ടി സംവിധാനം ചെയ്യാനിരുന്ന പടമായിരുന്നു ഇത്. അതേ സമയം 'ഹെലൻ' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യേണ്ടതുണ്ടായിരുന്നു. അവിടെ കരാറുള്ളതിനാൽ ആ സമയം മറ്റു സിനിമകൾ ചെയ്യാൻ പറ്റില്ലായിരുന്നു. അങ്ങനെ വന്നപ്പോൾ മാത്തുകുട്ടി എന്നോട് നീ ചെയ്യടാ പടം എന്നു പറഞ്ഞു. ആ ചോദ്യത്തിൽ നിന്നാണ് ഞാൻ സംവിധായകനായത്.  മാത്തുകുട്ടി ചെയ്ത ഷോർട്ട് ഫിലിമുകളിൽ ഞാനും ഭാഗമായിരുന്നു. പരിചയം ഉണ്ടായിരുന്നു. ഷൂട്ടിംഗ് സെറ്റിന്റെ അനുഭവം ഹെലനിൽ നിന്നായിരുന്നു കിട്ടിയത്. 'ഹെലനി'ൽ ഉണ്ടായിരുന്ന സ്‌ക്രിപ്റ്റ് അസോസിയേറ്റ് ഈ സിനിമയിലുമുണ്ട്. എന്റെ കോളേജിലെ ജൂനിയർ, കൂടെ പഠിച്ച സുഹൃത്ത് എന്നിവർഎന്റെ ടീമിലുണ്ടായിരുന്നു. അതൊക്കെ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നെ പടം ചെയ്തുകൊണ്ടിരിക്കുമ്പോഴും പഠിക്കാൻ ഏറെയുണ്ട്.

സിനിമ സ്വപ്‌നം കണ്ടു നടക്കുന്നവർ സിനിമ ചെയ്യാൻ അവസരം ലഭിക്കുമ്പോൾ പറ്റാവുന്നവരെ കൂടി ഉൾപ്പെടുത്തുണ്ട് അല്ലേ?
അങ്ങനെ സംഭവിക്കുന്നുണ്ട്. അസി.ഡയറക്ടറായി ഈ സിനിമയിൽ പ്രവർത്തിച്ചൊരാൾ ഡോക്ടറാണ്. അഞ്ചെട്ട് വർഷമായി പരിചയമുണ്ട്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ സംസാരിച്ചു തുടങ്ങിയ ആളാണ്. സിനിമ തുടങ്ങിയപ്പോൾ ആളും ടീമിലെത്തി. ഒരു പരിചയവുമില്ലാതെ എത്തിയ കാലത്ത് ഒരുപാട് പേർ എന്നെ സഹായിച്ചിട്ടുണ്ട്. ആ പിന്തുണ നമ്മൾ തിരിച്ചും കൊടുക്കേണ്ടതല്ലേ...

ഒരുപാട് ചെറുപ്പക്കാർ, മനസിൽ സിനിമ മാത്രമുള്ളവർ വളരെ കൂടുതലായി വരികയാണ് അല്ലേ?
അതേ. ഈയടുത്തൊക്കെ ഒരുപാട് പുതുമുഖങ്ങൾ വരികയാണ്. അവർ വർഷങ്ങളായി സിനിമയുടെ പിന്നാലെ നടക്കുന്നവരാണ്. ആ യാത്രയിൽ സന്തോഷവും വിഷമങ്ങളും എല്ലാം നേരിട്ടിട്ടുണ്ടാകും. എട്ടുവർഷം മുമ്പാണ് ഞാൻ കൊച്ചിയിലെത്തിയത്. ഒരു കോഴ്‌സ് ചെയ്യുന്നുണ്ടായിരുന്നു. ആരെയും ഇവിടെ അറിയില്ല. കോളേജിൽ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് മാത്രമാണ് പരിചയക്കാരൻ. സിനിമയിലാണെങ്കിൽ പറയുകയും വേണ്ടല്ലോ. രാവിലെ മുതൽ ഉച്ച വരെ പഠനം. പിന്നെ പാർട് ടൈം ജോലി. ഇങ്ങനെയൊക്കെ പോകുമ്പോഴും വെള്ളിയാഴ്ച ഇറങ്ങുന്ന സിനിമകൾ മിസ്സ് ചെയ്യാറില്ല. ആ സമയത്താണ് കൊച്ചിയാണ് സിനിമാഹബ് എന്ന തിരിച്ചറിവ് ഉണ്ടായത്. ഇവിടെ നിന്നാലേ കാര്യങ്ങൾ നടക്കൂ എന്ന് മനസിലായി. പിന്നീടുള്ള ലൈഫ് കൊച്ചിയിലായിരുന്നു. അന്നത്തെ നടത്തത്തിൽ ഒരുപാടു പേരെ പരിചയപ്പെട്ടു. അവരൊക്കെ സിനിമയുടെ പല ഭാഗങ്ങളിലായി ഇപ്പോഴുമുണ്ട്. കുറേ പേർ സിനിമയിൽ മുന്നേറുന്നത് കണ്ടു നിന്നിട്ടുണ്ട്. അതല്ലാത്ത അനുഭവങ്ങളുണ്ട്.


യാതൊരു ഉറപ്പുമില്ലാത്ത സിനിമയ്ക്ക് പിന്നിലുള്ള യാത്ര. എങ്ങനെ മുന്നോട്ടുപോയി?
ആ സമയത്തെ യാത്രയിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ട്. അതും കൂടി ചേർത്തുവയ്ക്കുമ്പോഴാണ് സിനിമയിലെ ഞങ്ങളാകുന്നത്. പലപ്രാവശ്യം ഞങ്ങളെഴുതിയ തിരക്കഥകൾ സിനിമയുടെ പടിവാതിലെത്തി നിൽക്കുമ്പോൾ നിന്നു പോയിട്ടുണ്ട്. അപ്പോഴൊക്കെ ഞാനും മാത്തുകുട്ടിയും സമയം വരുമെന്ന് തന്നെ വിശ്വസിച്ചു. ആ സമയത്തുപോലും പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു എന്നു തന്നെ പറയാം. അതുകൊണ്ടു മാത്രമാണ് സിനിമയുടെ ഏതെങ്കിലും ഒരു ഭാഗത്ത് എത്തിപ്പെടാൻ കഴിഞ്ഞതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

പല തരം സമ്മർദ്ദങ്ങൾ അല്ലേ?
എനിക്ക് തോന്നുന്നത് സിനിമയ്ക്ക് പിന്നാലെ നടക്കുന്നവരെല്ലാം കടന്നു പോകേണ്ടി വന്നിട്ടുള്ള അവസ്ഥയായിരിക്കും എന്നാണ്. ആ സമയത്ത് വരുമാനമില്ല, വീട്ടുകാരെ സഹായിക്കാൻ കഴിയുന്നില്ല, നാളെ എന്താണെന്ന് ഉറപ്പില്ല... ഇങ്ങനെ കുറേ കാര്യങ്ങൾ മുന്നിൽ വരും. നമ്മൾ തുണയാവും എന്നൊരു പ്രതീക്ഷ വീട്ടുകാർക്ക് കാണുമല്ലോ.. കൂടെ പഠിച്ചവരൊക്കെ കരിയർ സെറ്റ് ചെയ്യുമ്പോൾ അവർക്ക് സ്വാഭാവികമായും ആകാംക്ഷ കാണും. അത്ര കഷ്ടപ്പെട്ട് പിടിച്ചു നിന്ന് എന്തെങ്കിലും നേട്ടം വരുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ട്. അതിന്റെ മധുരം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല.

പ്രൊഡ്യൂസറെ കണ്ടെത്താനൊക്കെ പെട്ടെന്ന് കഴിഞ്ഞോ?
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കിയും പ്രശോഭ് കൃഷ്ണയുമാണ് സിനിമ നിർമ്മിക്കുന്നത്. കഥ കേട്ട് അവർക്ക് ഇഷ്ടപ്പെട്ടപ്പോഴാണ് പ്രൊജക്ട് ഓണായത്. അധികം കഷ്ടപ്പെടാതെ തന്നെ അവരിലേക്ക് എത്താൻ കഴിഞ്ഞു.

മുകേഷ് ഇടവേളയ്ക്ക് ശേഷമാണ് ഒരു മുഴുനീള വേഷത്തിലെത്തുന്നത്?
സിനിമ ആലോചിച്ച് തുടങ്ങിയത് തന്നെ ഫിലിപ്പ് എന്ന കഥാപാത്രത്തിൽ നിന്നുകൊണ്ടാണ്. കുറച്ചു മുന്നോട്ട് പോയി തുടങ്ങിയപ്പോൾ തോന്നി ഈ റോൾ മുകേഷേട്ടൻ ചെയ്താൽ നന്നാകുമെന്ന്. വിന്റേജ് മുകേഷേട്ടനെ എവിടെയോ ആളുകൾ മിസ്സ്  ചെയ്യുന്നുണ്ട്. പല പല ലെയേഴ്‌സ് ഉള്ള കഥാപാത്രമാണ്. തമാശയ്ക്ക് തമാശയുണ്ട്, അതേ സമയം ഫീലിംഗ് ഉള്ള കഥാസന്ദർഭങ്ങളുണ്ട്. മുകേഷേട്ടന് ഇതെല്ലാം നന്നായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പായിരുന്നു. ഫിലിപ്പായി മുകേഷേട്ടൻ എത്തുമ്പോൾ ആളുകൾ സ്വീകരിക്കുമെന്ന ഒരു വിശ്വാസവും ഉണ്ടായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് മുകേഷേട്ടൻ ലീഡ് വേഷം ചെയ്യുന്നത്. മൂത്തമകനായി നോബിൾ ബാബു തോമസ് എത്തുന്നു. മിഖായേൽ സിനിമയിൽ നിവിൻ പോളിയുടെ സഹോദരിയായി അഭിനയിച്ച നവനി ദേവാനന്ദ് ആണ് രണ്ടാമത്തെ മകളായ ബ്‌ളെസിയായി അഭിനയിക്കുന്നത്. ഇളയയാൾ ബിറ്റി ഫിലിപ്പായി എത്തുന്നത് ക്വിൻ വിപിൻ ആണ്.


ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രങ്ങളിൽ ഒന്നാണ്. അദ്ദേഹത്തോടൊപ്പമുള്ള അനുഭവം എങ്ങനെയാണ്?
സിനിമയിൽ ഉടനീളമുള്ള ഒരു വേഷമാണ് അദ്ദേഹം ചെയതത്. നാൽപ്പത് 45 ദിവസം ഷൂട്ടുള്ളതിൽ 25  ദിവസത്തോളം അദ്ദേഹമുണ്ട്. പ്രാധാന്യമുള്ള കഥാപാത്രമാണ്. മണി എന്നാണ് പേര്. ഫിലിപ്പിന്റെ കുടുംബത്തിൽ കാവൽമാലാഖ പോലെ എപ്പോഴും ഉള്ള ഒരാൾ എന്ന് പറയാം. മുകേഷേട്ടനും ഇന്നസെന്റ് ചേട്ടനും തമ്മിലുള്ള കെമിസ്ട്രി സിനിമയെ ഒരു പാട് സഹായിച്ചിട്ടുണ്ട്. ഇവരുടെ സീൻ എടുക്കുമ്പോൾ ഇവർ പോയി ഇവരുടേതായ രീതിയിൽ അത് ചെയ്തു നോക്കി ഭംഗിയാക്കും. ഇന്നസെന്റ് ചേട്ടൻ ഉള്ള ദിവസം മുകേഷേട്ടന് ഡബിൾ എനർജിയായിക്കും. ഫ്രീ ടൈമിലൊക്കെ അവർ ഇരുന്ന് സംസാരിക്കും. ഞങ്ങളുടെ അടുത്തും പഴയ കഥകളൊക്കെ പറയും. രസമുള്ള അനുഭവമായിരുന്നു. നടക്കാനൊക്കെ വിഷമമുണ്ടെങ്കിലും ആക്ഷൻ പറയുമ്പോൾ ചേട്ടൻ റെഡിയാണ്. ബീൻബാഗിൽ ഇരിക്കുന്ന സീൻ ഉണ്ട്. ഇരിക്കാൻ പാടാണെങ്കിൽ പോലും ഇന്നസെന്റ് ചേട്ടൻ അത് പറയില്ല. ഇതൊന്നു മാറ്റിത്തരുമോ എന്നു പോലും ചോദിക്കില്ല. അതേ പോലെ ചെയ്യും. മനോഹരമായാണ് അദ്ദേഹം അഭിനയിച്ചത്.

തങ്കം സിനിമയിലെ പൊലീസുകാരനായി മലയാളികളുടെ ശ്രദ്ധ കവർന്ന അജിത് കോശി ഈ സിനിമയിലുണ്ടല്ലോ?
ഒരു നിർണായക വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. കാമറാമാൻ ജെയ്‌സൺ ജേക്കബ് ജോൺ വഴിയാണ് അജിത് കോശി ഈ സിനിമയിലെത്തുന്നത്.

Philip's - Trailer | Little Big Films | Mukesh,Innocent,Noble | Hesham | Alfred Kurian | Mathukutty

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക