മലയാളസിനിമയിലെ 10 പ്രൊഡക്റ്റുകൾ

Design/Art

മലയാളസിനിമയിലൂടെ നമ്മൾ പരിചയപ്പെട്ടിട്ടുള്ള ചില പ്രൊഡക്ടുകൾ... അവ നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്... ചിന്തിപ്പിച്ചിട്ടുമുണ്ടാവും. അങ്ങനെ മനസിൽ മായാതെ നിലകൊള്ളുന്ന ചില സിനിമാ പ്രൊഡക്ടുകൾ ശരിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്തയിൽ നിന്നുണ്ടാക്കിയെടുത്ത 10 ചിത്രങ്ങളാണിതിൽ....


സേതുമാധവൻ്റെ ‘ദാക്ഷായണി ബിസ്കറ്റ്‘.... ‘മിന്നൽ മുരളി‘യിൽ നമ്മൾ ദാക്ഷായണി ബിസ്കറ്റ് കണ്ടതാണ്. എന്നാൽ പോലും ‘മിഥുനം‘ത്തിലെ ദാക്ഷായണി ബിസ്കറ്റില്ലാതെ ഇങ്ങനെയൊരു പ്രൊഡക്റ്റ് ഷെൽഫിനെക്കുറിച്ച് ചിന്തിക്കാനേ ആവില്ല. ബിസ്കറ്റിന് പേര് സേതു തൻ്റെ അമ്മയുടെ ആണ് കൊടുത്തതെങ്കിലും ബിസ്കറ്റിലെ ചിത്രം, അത് ഭാര്യ സുലോചനയുടെ കുട്ടിക്കാലത്തെ ആണ് എന്നത് ശ്രദ്ധിക്കണം...!!!

 

ഗാഥ ജാം... ‘വന്ദനം‘ത്തിൽ ഗാഥയെ വീഴ്ത്താൻ ഉണ്ണികൃഷ്ണൻ്റെ വെറും നമ്പറായിരുന്നു ഗാഥ ജാം. എന്നാൽ പിന്നീട് ഗാഥയുടെ ഓർമ്മകളിൽ എസ്. ഐ. ഉണ്ണികൃഷ്ണൻ, ഗാഥ എന്ന പേരിൽ ജാം കമ്പനി തുടങ്ങി....

 

മോനിക ഷൂസ്... ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു‘വിൽ വിശ്വനാഥൻ്റെ പറ്റീരിൻ്റെ തുറുപ്പ്ചീട്ട്. മോനിക ഷൂസ് ഒരെണ്ണം വാങ്ങിയാലോ....

 

പരിമള സോപ്പ്... ‘ചിന്താവിഷ്ടയായ ശ്യാമള‘യിൽ വിജയന് ഈ സോപ്പിൻ്റെ പരസ്യമെടുക്കാൻ കഴിഞ്ഞില്ലെന്നും കരുതി അവർക്ക് സോപ്പ് ഇറക്കാതിരിക്കാൻ പറ്റില്ലല്ലോ...!!! പരിമള സോപ്പ് കൂടാതെ ഇപ്പോൾ പരിമള വെളിച്ചെണ്ണയും ഉണ്ടത്രെ...!!!

 

ഫാൽകൺ പ്രൊഡക്റ്റ് വാൾപേപ്പർ... ഉഗ്രൻ പ്രൊഡക്റ്റാണ്. എന്ത് ചെയ്യാൻ റ്റിപി ബാലഗോപാലൻ എം. എ. ക്ക് കമ്പനിക്കാർ ശരിയായ രീതിയിൽ ട്രയിനിംഗ് കൊടുക്കാത്തതിൻ്റെ പ്രശ്നമുണ്ടായി. അല്ലാതെ പ്രൊഡക്റ്റിനും കമ്പനിക്കും ഒരു കൊഴപ്പോമില്ലാ...

 

ഗബ്രി ബേബി ഫുഡ്... ‘അയ്യർ ദി ഗ്രേറ്റ്‘ന് ഉണ്ടായ തേജാവു - ഉൾക്കാഴ്ച്ച കാരണം മാത്രം പൂട്ടിപ്പോയ പ്രൊഡക്ടാണ്. പിന്നെ ഇത്തിരി തരികിട ഇല്ലാത്ത എന്ത് പ്രൊഡക്റ്റാണുള്ളത്.

 

ചർമ്മ മർമാണി ഹെർബൽ സോപ്പ്... ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം‘ വെറുതെ ആയില്ലാ. ഗോപകുമാറിൻ്റെ ‘ചർമ്മ മർമാണി ഹെർബൽ സോപ്പ്‘ന് യമുനാ റാണി പരസ്യചിത്രം നൽകുക മാത്രമല്ല, സോപ്പിൻ്റെ കവറിൽ യമുനാ റാണിയുടെ പടം തന്നെ കൊടുക്കാൻ സമ്മതിച്ചു.

 

‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം‘ത്തിൽ ഗോപകുമാറിൻ്റെ പക്കൽ വിൽക്കാൻ സോപ്പ് കൂടാതെ മറ്റ് പല ഐറ്റങ്ങളും ഉണ്ടല്ലോ... അതിൽ മികച്ച ഒരു പ്രൊഡക്റ്റാണ് ‘പാഷാണപൂഷണ കസ്തൂരി - വിഷനിവാരണലേഹ്യം‘. “ചിലന്തി തേൾ പഴുതാര തുടങ്ങിയ ജന്തുക്കൾ കടിച്ച് വിഷം ഉള്ളിൽ ചെന്നു എന്ന് സംശയിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ പാഷാണപൂഷണ കസ്തൂരി കലക്കി കുടിക്കുക... ശുഭം...!!!“

കാവാലം ജെട്ടികൾ... ‘പദ്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ‘ പരസ്യത്തിൽ അഭിനയിച്ചതുകൊണ്ട് മാത്രം തിളങ്ങിയ ജെട്ടികൾ. “ബോട്ട് ജെട്ടികളുടെ നാടായ കുട്ടനാട്ടില്‍ നിന്നും ഇതാ മറ്റൊരു ജെട്ടി. കാവാലം ജെട്ടി. ഇറുക്കത്തിനും മുറുക്കത്തിനും കാവാലം ജെട്ടി...!“

സീബ്ര കിച്ചൻ പ്രൊഡക്റ്റ് - സെവൺ സമുറായ് - 7 ഇൻ 1 പ്രൊഡക്റ്റ്.... ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ‘ക്കായി അടുക്കളയിലേക്ക് സഹായകമാകുന്ന ഐറ്റം വിൽക്കാൻ വന്ന ഭാവനയുടെ പണിയിൽ വീണുപോയ പാവം റോയി. അന്നീ പ്രൊഡക്റ്റ് വാങ്ങിയിരുന്നെങ്കിൽ അമ്മക്ക് ഉപകാരപ്രദമായേനേം... പക്ഷെ റോയിയുടെ തലയിൽ ഭാവന വരില്ലായിരുന്നു.

ഇനിയുമുണ്ട് ഇങ്ങനെ പല പ്രൊഡക്റ്റകൾ...

‘മുകുന്ദേട്ടാ സുമിത്ര...‘യിൽ വിശ്വനാഥൻ വിറ്റു നടന്ന മരുന്നുകൾ... ഇൻ്റർനാഷ്ണൽ യുനാനി മെഡികൽസ് - മിക്ചർ ഓഫ് ആയുർവേദ & അലോപതി... വണ്ടർഫുളി ബ്ളണ്ടഡ് ഹെർബൽ....!!

പിന്നെ... ‘സൺഡേ ഹോളിഡേ‘യിൽ അനു വീട് കയറി വിൽക്കുന്ന ‘അമൃത ഓർഗാനിക് ലൈഫ് - ചെരുപ്പുകൾ‘.

ആദ്യം ഓർമ്മയിൽ തെളിഞ്ഞ 10 പ്രൊഡക്റ്റുകൾ അവതരിപ്പിച്ച് നിർത്തുന്നു...!!!

Comment