മുപ്പത്തിയഞ്ചുവർഷം മുമ്പ് ടി.വിയിലും തിയേറ്ററുകളിലും മലയാളികൾ ആസ്വദിച്ച് കണ്ട ഒരു പരസ്യമുണ്ടായിരുന്നു. 'ഗോൾഡൻ ഗേറ്റ്' ഷർട്ട് ബ്രാൻഡിന്റേതായിരുന്നു ആ ന്യൂജൻ പരസ്യം. കാഴ്‌ചക്കാരുടെ നോട്ടം മാറുക പോലുമില്ലാത്ത അത്ര ചടുലതയിലായിരുന്നു ആ പരസ്യ ജിംഗിൾ. സത്യത്തിൽ ഒരു മാജിക്ക്!
ഒരു പെൺകുട്ടി സ്റ്റെപ്പുകൾ ഓടിക്കയറുന്നു, അപ്പോഴേക്കും വ്യത്യസ്‌ത ഡിസൈനുകളുള്ള ഷർട്ടുകൾ മാറി മാറി സ്റ്റൈലായി വരുന്ന ഒരു ചുള്ളൻ. സെക്കന്റുകൾക്കിടയിൽ മിന്നിമായുന്ന ആ ഷർട്ടുകളുടെ ചന്തം കണ്ട് അത് സ്വന്തമാക്കാൻ പെരുമ്പാവൂരിലേക്ക് പാഞ്ഞെത്തിയവരേറെയാണ്. അന്ന് കേരളത്തിൽ റെഡിമെയ്ഡ് ഷർട്ടുകൾ തരംഗമായിട്ടില്ല. പരസ്യം വന്നു തുടങ്ങി അധികമാകും മുമ്പേ ഷർട്ടുകൾ വൻഹിറ്റായി. To feel good look good'... എന്ന ആത്മവിശ്വാസവുമായി സൗന്ദര്യാന്വേഷികളെ തേടി ഈ റെഡിമെയ്ഡ് ഷർട്ടുകൾ ലോകമെങ്ങും എത്തി. ഈഷർട്ടുകളെ പ്രിയങ്കരമാക്കിയത് ആ ഒരൊറ്റ പരസ്യമായിരുന്നു.
''ലുക്കിറ്റ് ദാറ്റ്, ദാറ്റ്, ദാറ്റ്
ദ , ദ, ദ, ദ, ദ ദ ,
ഗോൾഡൻ ഗേറ്റ് ഷർട്ട്'' ...... എന്ന രസമുള്ള ജിംഗിൾ ഇപ്പോഴും അതേ ചടുലതയോടെ ആസ്വദിക്കാൻ കഴിയും. കാരണം അത്ര പുതുമ തോന്നും ഇപ്പോഴും. അതിന് കാരണം ഒന്നേയുള്ളൂ, ആ മനോഹര ജിംഗിളുകൾ വിരിഞ്ഞത് എ.ആർ. റഹ്മാൻ എന്ന സംഗീത മാന്ത്രികന്റെ വിരലുകളിലൂടെയാണ്. അന്ന് പത്തൊമ്പത് വയസാണ് റഹ്മാന്. അന്ന് പ്രശസ്‌തനല്ല റഹ്മാൻ.
ഈ പരസ്യവീഡിയോയിൽ ഒരിടത്തും ആ പേര് കാണാതെ പോയതിന് കാരണവും ഇതാണ്. ഈ പരസ്യം ചെയ്‌ത് അധികകാലമാകുന്നതിന് മുമ്പേ കഠിനാദ്ധ്വാനത്തിന്റെ പടിക്കെട്ടുകൾ ചാടിക്കയറി പ്രശസ്‌തിയുടെ ഉയരങ്ങളിലേക്ക് റഹ്മാൻ കയറിപ്പോയി. എ.ആർ. റഹ്മാന്റെ ആദ്യസംരംഭം തന്നെ എന്നു വിളിക്കാവുന്ന ഈ പരസ്യം എങ്ങനെ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒന്നായി? ഇന്ന് അതിശയം തോന്നുന്ന, വിശ്വസിക്കാൻ പ്രയാസമായ കാര്യം എങ്ങനെ അന്ന് സംഭവിച്ചു?
rahman ad 2.jpg
ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുകയാണ് പെരുമ്പാവൂർ ഔഷധി ജംഗ്‌ഷനിൽ 'ഗോൾഡൻ ഗേറ്റ് അപ്പാരൽസി'ന്റെ ഉടമയായ പെരുമ്പാവൂരുകാരുടെ ഗോൾഡൻ ഗേറ്റ് ബൈജുവേട്ടൻ. സംസാരിച്ചു തുടങ്ങാൻ മടിയായിരുന്നെങ്കിലും ആ കാലത്തേക്ക് മനസ് കൊണ്ട് പെട്ടെന്ന് തിരിച്ചു പോകാൻ അദ്ദേഹം തയ്യാറായി. ആ കഥ ഇങ്ങനെ:
ബിസിനസ് കുടുംബമായിരുന്നു ബൈജുവിന്റേത്. പെരുമ്പാവൂരിലെ പ്രശസ്തമായ ബീന എന്ന പലചരക്ക് സ്ഥാപനം അദ്ദേഹത്തിന്റെ കുടുംബത്തിന്റേതായിരുന്നു. മുംബയിൽ എൽ.എൽ.ബി പഠിക്കാൻ പോയപ്പോൾ അവിടെ സിനിമാ, പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന കുറേ പേരെ പരിചയപ്പെട്ടു. അവർ സുഹൃത്തുക്കളായി. സിനിമയോട് ഒരിത്തിരി ഇഷ്‌ടക്കൂടുതലും തോന്നിയപ്പോൾ മുംബയ് സെന്റ് സേവ്യേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം പ്രൊഡക്ഷനിൽ ഒരു കോഴ്‌സും ചെയ്‌തു. കൂട്ടുകാർ ഫോട്ടോ ഷൂട്ടുകൾ ചെയ്യുമ്പോൾ അവധി സമയങ്ങളിൽകൂടെ പോകും. മുംബയിലാണല്ലോ ഓരോ ഫാഷനും പിറവി കൊള്ളുന്നത്. ആ സമയത്താണ് 'ചരാക് ദിൻ' എന്ന ബ്രാൻഡിൽ സി.ഡി ഷർട്ടുകൾ ഫാഷൻ നഗരത്തിൽ പുതുതരംഗമായത്. ആരെയും കൊതിപ്പിക്കുന്ന പല ഡിസൈനുകളിലുള്ള ഷർട്ടുകൾ. ആണുങ്ങളെല്ലാം അവ സ്വന്തമാക്കാൻ മത്സരിച്ചു. അവിടെ തന്നെ റെഡിമെയ്ഡ് ഷോപ്പ് തുടങ്ങിയാലോ എന്ന് ഇടയ്‌ക്കൊരു ആലോചന ബൈജുവിലുണ്ടായി. പക്ഷേ, വീട്ടുകാർക്ക് അത് അത്ര സമ്മതമായില്ല. അങ്ങനെയാണ് തന്റെ മോഹത്തെ പെരുമ്പാവൂരിലേക്ക് ബൈജു പറിച്ചു നട്ടത്. ഇതിനകം തന്നെ ട്രെയിൻ പിടിച്ച് ഷർട്ട് വാങ്ങാൻ മലയാളികൾ മുംബയിലെത്തിയ കഥകളൊക്കെ ബൈജു കേട്ടിരുന്നു.
അതു കൊണ്ട് ബിസിനസ് ക്ലിക്കാകുമെന്ന് ബൈജുവിന് നൂറുശതമാനം ഉറപ്പായിരുന്നു. അങ്ങനെ നാട്ടിൽ ഷോപ്പ് തുറന്നു. പ്രതീക്ഷിച്ചതു പോലെ ബിസിനസ് നന്നായി മുന്നോട്ടുപോയി. കേരളത്തിൽ എല്ലായിടത്തു നിന്നും ആളുകൾ പറന്നെത്തി. 1987-88 കാലത്ത് കേരളത്തിൽ ആദ്യമായി റെഡിമെയ്ഡ് ഷർട്ടുകൾ അവതരിപ്പിച്ച ക്രെഡിറ്റും ബൈജുവിന് തന്നെയാണ് സ്വന്തം.
ആയിടയ്‌ക്കാണ് മുദ്ര കമ്മ്യൂണിക്കേഷൻ എന്ന അഡ്വർടൈസിംഗ് കമ്പനിയുടെ ഉദയം. അവരാണ് ഗോൾഡൻ ഗേറ്റിന് ഒരു പരസ്യം ചെയ്‌താലോ എന്ന ആശയവുമായി മുന്നോട്ടു വന്നത്. പരസ്യ ഷൂട്ടിംഗുകൾ മുംബയിൽ കണ്ടു ശീലിച്ചതു കൊണ്ട് തന്നെ ബൈജുവിന് അതേ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. അതിനൊപ്പം ബിസിനസ് വൈഭവവും കൂടിയായപ്പോൾ ആശയങ്ങൾ മിന്നിത്തെളിഞ്ഞു. അങ്ങനെ 'ഗോൾഡൻ ഗേറ്റി'ന് അടിപൊളി പരസ്യമുണ്ടായി.
rahman ad 3.jpg
മുംബയിൽ നിന്നെത്തിയ മോഡലുകളായിരുന്നു അഭിനയിച്ചത്. ബാംഗ്ളൂരിൽ നടന്ന ചിത്രീകരണത്തിൽ കാമറ കൈകാര്യം ചെയ്‌തത് മലയാളിയായ രവീന്ദ്രനായിരുന്നു. അന്നു തന്നെയായിരുന്നു ക്രേസ് ബിസ്ക്കറ്റിന്റെയും പരസ്യചിത്രീകരണം.
ഇപ്പോൾ എ.ആർ. റഹ്‌മാന്റെ ആദ്യത്തെ ഉദ്യമം എന്ന പേരിൽ ഗോൾഡൻ ഗേറ്റ് ഷർട്ട് പരസ്യ വീഡിയോ പലയിടങ്ങളിലും കറങ്ങി നടക്കുന്നുണ്ടെങ്കിലും അത് ഒറിജിനൽ പ്രിന്റല്ല. ഒറിജിനൽ പ്രിന്റിന് ചില കേടുപാടുകൾ പറ്റി. അന്ന് ഈ പരസ്യം ദൂരദർശൻ, വാർത്താചാനലുകൾ, തോംസൺ വീഡിയോ കാസറ്റുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലൊക്കെ വന്നിരുന്നു.
ആ സമയത്ത് കേരളത്തിൽ ഇന്റർനാഷണൽ ബ്രാൻഡുകളാെന്നും തന്നെ റെഡിമെയ്ഡ് ഷർട്ടുകളിൽ ഇല്ല. ഗോൾഡൻ ഗേറ്റിന്റെ സുവർണ കാലഘട്ടം കൂടിയായിരുന്നു അത്. ഈ പരസ്യം കൂടിയായപ്പോൾ ഷർട്ടുകളുടെ ബ്രാൻന്റിംഗ് വേറെ ലെവലിലേക്ക് മാറി. എ.ആർ. റഹ്‌മാന്റെ സംഗീതമാണെന്ന് നാടറിഞ്ഞത് സംഗീതസംവിധായകൻ ജോൺസൺ മാഷ് പറഞ്ഞപ്പോഴാണ്. സംഗീതചർച്ചകളിലോ മറ്റോ ആയിരുന്നു മാഷ് സുഹൃത്തുക്കളോട് ഈ കാര്യം പറഞ്ഞത്. ആ പരസ്യം പിന്നീട് മാറ്റാൻ സത്യം പറഞ്ഞാൽ ധൈര്യപ്പെട്ടില്ലെന്ന് ബൈജു പറയുമ്പോൾ അന്ന് കേരളം കൊണ്ടാടിയ പരസ്യമായിരുന്നു അതെന്ന് ഒന്നു കൂടെ അടിവരയിടുന്നു.
m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക