യാഥാർത്ഥ്യമെന്ത് - അനുമതിയില്ലാതെ ഫോട്ടോ ഉപയോഗിച്ചാൽ നിയമനടപടിയെന്ന് രജനീകാന്ത്?

News

തന്റെ പേര്, ശബ്ദം, ചിത്രം എന്നിവ അനുമതിയില്ലാതെ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ രജനികാന്ത്. പൊതുനോട്ടീസിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതാണ് ഇന്നത്തെ ട്രെന്റിംഗ് വാർത്ത. 

എന്നാൽ ഇത് ധാർഷ്ട്യമാണോ, അഹങ്കാരമാണോ പണ്ട് ഇളയരാജയ തന്റെ ഗാനങ്ങൾക്ക് റോയൽറ്റി വേണമെന്ന് പറഞ്ഞ സ്റ്റേറ്റ്മെന്റ് പോലെ ആണോ എന്നൊക്കെ സോഷ്യൽ മീഡിയ ചർച്ച ചെയ്യപ്പെടുന്നുണ്ട്. 

ഇതിന്റെ യാഥാർത്ഥ്യമെന്തെന്ന് ഒന്ന് പരിശോധിക്കാം

സത്യാവസ്ഥ അറിയാൻ ആ നോട്ടീസിലൂടെ കണ്ണോടിച്ചാൽ അതിൽ വ്യക്തമായി കാര്യങ്ങൾ അറിയാൻ സാധിക്കും. നടന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടിയെടുക്കുമെന്നതാണ് രജനിയുടെ അഭിഭാഷകൻ സുബ്ബയ്യ ഇളംഭാരതി പുറത്തു വിട്ട നോട്ടീസിൽ പറയുന്നത്. ആ നോട്ടീസിലെ താഴെ കാണുന്ന  ഈ വാചകം വളരെ പ്രധാന്യം അർഹിക്കുന്നതാണ് :

"It has come to our notice that several platforms and mediums and various product manufacturers are misappropriating our client's name, images, and AI-generated images for gaining popularity and entice the public to purchase their products." 

അദ്ദേഹത്തിന്റെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായ രൂപം, ശബ്ദം എന്നിവ ലാഭേച്ഛയുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. രജനീകാന്തിന്റെ അനുമതിയില്ലാതെ ചില കമ്പനികളും സ്ഥാപനങ്ങളുമൊക്കെ അദ്ദേഹത്തിന്റെ പേരിൽ പരസ്യമിറക്കി എന്നതാണ് അറിയാൻ കഴിഞ്ഞത്. 

നിരവധി പ്ലാറ്റ്ഫോമുകളും മാധ്യമങ്ങളും ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളും അദ്ദേഹത്തിന്റെ പേരും ശബ്ദവും ചിത്രങ്ങളും പൊതുജനങ്ങൾക്കിടയിൽ ജനപ്രീതി സൃഷ്‌ടിക്കാനും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാനും മറ്റുമായി ദുരുപയോഗം ചെയ്യുന്നുണ്ട്.നടന്റെ പേര്, ചിത്രം, ശബ്ദം തുടങ്ങിയവയുടെ അനധികൃത ഉപയോഗം പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും വഞ്ചനയും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് നോട്ടീസിൽ പറയുന്നത്. കൂടാതെ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ  ഖ്യാതിക്ക് സംഭവിക്കുന്ന ഇടിവ് തന്റെ കക്ഷിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. രജനികാന്തിന്‍റെ പേര്, ശബ്ദം, ചിത്രം, കാരിക്കേച്ചര്‍ തുടങ്ങിയവയൊക്കെ തങ്ങളുടെ ഉല്‍പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഉത്പാദകര്‍ ഉപയോഗിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള അത്തരം ഉപയോഗം വഞ്ചനയായാണ് പരിഗണിക്കപ്പെടുക. തന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ വാണിജ്യപരമായ ഉപയോഗം രജനീകാന്തിന് മാത്രമാണ് സാധിക്കുകയെന്നും മറ്റാര്‍ക്കും അതിനുള്ള അവകാശം ഇല്ലെന്നും നോട്ടീസ് വ്യക്തമാക്കുന്നു.

തന്റെ നാൽപ്പത്തി രണ്ടിലധികം വർഷങ്ങൾ നീളുന്ന പ്രൊഫഷണൽ കരിയറിൽ പരസ്യങ്ങളുടെ വൻ ഓഫറുകൾ നിരസിച്ചയാളാണ് രജനീകാന്ത്. എന്റെ ഓർമ്മയിൽ അദ്ദേഹത്തെ ആകെ കണ്ടത് പഴയ ഒരു സർക്കാർ കോളയുടെ പരസ്യവും പിന്നെ ഇൻകം ടാക്സിന്റെ സർക്കാർ പരസ്യത്തിലുമാണ്. 

വാർത്ത പ്രസിദ്ധീകരിക്കുന്നവർ തന്റെ പേര്, ശബ്ദം, ചിത്രം എന്നിവ അനുമതിയില്ലാതെ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ രജനികാന്ത് എന്ന തരത്തിൽ വലിയ ചിത്രവും വലിയ ഫോണ്ടിലുമായി ഇറങ്ങുന്ന വാർത്തകൾ തലക്കെട്ടിനൊപ്പം എന്ത് കൊണ്ടാണിങ്ങനെ ഒരു നോട്ടീസ് എന്ന് കൂടി വ്യക്തമാക്കിയിരുന്നെങ്കിൽ പൊതുജനമധ്യത്തിൽ തെറ്റിദ്ധാരണക്ക് സാധ്യത കുറയുമായിരുന്നു.
 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക