"തിയേറ്ററുകളിൽ കാർണിവൽ സീൻ മോനേ" - RDX സംവിധായകൻ നഹാസ് ഹിദായത്ത് സംസാരിക്കുന്നു

Interviews

''അടിയെടാ അവരെ''......
തിയേറ്ററിൽ ആർത്തിരമ്പൽ കേൾക്കുന്ന ആ നിമിഷം സ്‌ക്രീനിൽ അടിപൊട്ടും.  ആർ.ഡി.എക്സ് തിയേറ്ററുകൾ ഇളക്കിമറിക്കുന്ന ഈ ആവേശപ്പൂരം ഓരോ ദിവസവും കത്തിപ്പടരുകയാണ്. വർഷങ്ങളോളം കൂടെ കൊണ്ടു നടന്ന സ്വപ്നങ്ങൾക്കു മേലെ പലപ്പോഴും ഇരുട്ട് വീണപ്പോഴും പ്രതീക്ഷയോടെ മുന്നോട്ടു പോയ ഒരു മനുഷ്യന്റെ തിരിച്ചു വരവാണത്. നഹാസ് ഹിദായത്ത് എന്ന സംവിധായകന്റെ  ഇപ്പോഴത്തെ നിറഞ്ഞ ചിരിക്ക് പിന്നിൽ സിനിമയ്ക്കും അപ്പുറമുള്ള കഥകളുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നും എട്ടുവർഷം മുമ്പാണ് സിനിമാസ്വപ്നവുമായി നഹാസ് കൊച്ചിയിലെത്തുന്നത്. സിനിമയ്ക്ക് പിന്നാലെ അലഞ്ഞു നടന്ന നാളുകൾ. കയ്പ്പും മധുരവും നിറഞ്ഞ ആ നാളുകൾക്ക് പിന്നാലെ കാലം നഹാസിനായി നൽകിയ സമ്മാനമാണ്.തിയേറ്ററിൽ ഏറെക്കാലത്തിന് ശേഷം കാണുന്ന ആൾക്കൂട്ടവും കയ്യടികളും സന്തോഷത്തിളക്കവും. നഹാസ് സംസാരിക്കുന്നു.

കാത്തിരുന്ന വിജയം. മനസിൽ ഇപ്പോൾ എന്താണ്?

തിയേറ്ററുകൾ നിറയുക,നമ്മൾ എടുത്ത പടം ജനങ്ങൾ സ്വീകരിക്കുക. തിയേറ്റർ ഉടമകൾ വിളിച്ചു സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. ഒരു സംവിധായകന്റെ ഡ്രീം മൊമന്റാണല്ലോ ഇതൊക്കെ. കുറേ സ്ഥലത്ത് ലേറ്റ് നൈറ്റ് ഷോകൾ കൂട്ടിയിട്ടുണ്ട്. നൂറ്റി നാൽപ്പതോളം ഷോകളാണ് അങ്ങനെ വന്നത്. യു.കെ, കാനഡ, സൗദിയിലൊക്കെ മുപ്പത്തിയൊന്നു മുതലാണ് ഷോ തുടങ്ങിയത്. നേരത്തെ പ്ലാൻ ചെയ്തതിലും കൂടുതൽ തിയേറ്ററുകളും ഷോകളും ഇപ്പോൾ ഉണ്ട്. എനിക്ക് ഒറ്റയ്ക്കൊരു സർട്ടിഫിക്കറ്റ് വേണ്ട. എല്ലാവരുടെയും ടീം എഫേർട്ട് ഈ വിജയം എന്ന നിലയിലാണ് കാണുന്നത്. ഞാൻ കടന്നു വന്നത് ഒറ്റയ്ക്കല്ല, ഒരുപാട് പേർക്കൊപ്പമാണ്. അടുത്ത സിനിമയും അങ്ങനെ തന്നെയാവും.

ആദ്യ ഷോ പ്രേക്ഷകർക്കൊപ്പമിരുന്ന് കാണുമ്പോൾ എന്തായിരുന്നു അവസ്ഥ. ടെൻഷനുണ്ടായിരുന്നോ?

നമ്മൾ ഫ്രീയാണ്. പ്രതീക്ഷകളുടെ അമിതഭാരമില്ലാത്തതിന്റെ ശാന്തത ഉണ്ടായിരുന്നു. ഒന്നുകിൽ കയ്യടിക്കും, അല്ലെങ്കിൽ അവരത് എറിഞ്ഞുകളയും. സിനിമയുടെ ആദ്യഭാഗത്ത് ഞങ്ങളെല്ലാവരും കയ്യടി പ്രതീക്ഷിച്ച ഒരു മൊമന്റുണ്ട്. കൃത്യം ആ സ്ഥലത്ത് തന്നെ കയ്യടി വീണു. പടം ഓകെയാണെന്ന് തോന്നിയത് ആ നിമിഷമാണ്. അവിടെയാണ് ഏറെക്കാലത്തിന് ശേഷം മനസു തുറന്ന് ഞാൻ ചിരിച്ചത്. അതുവരെ ഞാൻ ചിരിച്ചതൊന്നും ചിരിയായിരുന്നില്ലെന്ന് കൂടി മനസിലായ നിമിഷമാണത്. ഞങ്ങളുടെ ഒരു മുൻവിധി അവിടെ വിജയിക്കുകയാണ്. പിന്നീട് കയ്യടി വന്ന രംഗങ്ങളൊക്കെ അങ്ങനെ ആളുകൾ കയ്യടിക്കുമെന്ന്  വിചാരിച്ച സ്ഥലങ്ങളാണ്. 

nahas hidhayath 1.jpg

photo : sanif uc fotografia

സിനിമയ്ക്ക് നേരത്തെ നല്ല ട്രോളും പിന്നീട്  വിമർശനവുമെല്ലാമുണ്ടായിരുന്നല്ലോ?

ആദ്യ പോസ്റ്റർ ഇറങ്ങിയപ്പോൾ നല്ല ട്രോൾ വന്നു. അതിൽ ഞങ്ങളുടെ ഒരു തീരുമാനത്തിന്റെ പ്രശ്നമുണ്ടായിരുന്നു. പിന്നീട് വന്ന പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടു. ഈ പടം പൊട്ടുമെന്ന് പറഞ്ഞവരുണ്ട്. പലരും എന്നെ തെറി പറയാൻ മാത്രം വാട്സാപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്തിരുന്നു. ഇവന്റെ ഇടി ആരു കാണാനാണ് എന്ന രീതിയിലും വിമർശനമുണ്ടായി. എന്തിനാണ് സിനിമ ഇറങ്ങുന്നതിന് മുമ്പ് ഇത്രയും നെഗറ്റിവിറ്റി എന്ന് അന്നും ഇന്നും മനസിലായിട്ടില്ല. സിനിമ മോശമാണെങ്കിൽ അതു പറയേണ്ടത് കണ്ടു തന്നെയല്ലേ... സിനിമ റിലീസിന് ശേഷം സോഷ്യൽ മീഡിയയിലും മറ്റും വരുന്ന എല്ലാ വിലയിരുത്തലുകളും പലരും അയച്ചു തരുന്നുണ്ട്. അതിൽ പോലും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനൊപ്പമാണ് ഇപ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നത്. അവരുടെ സന്തോഷമാണ് ഉള്ളിലേക്ക് എടുക്കുന്നത്.

സുഹൃത്തുക്കളാണല്ലോ തിരക്കഥകൃത്തുകൾ. കഥയിൽ എല്ലാവർക്കും വേവ്വേറെ അഭിപ്രായം വരുമ്പോൾ എന്തു ചെയ്യും?

ഷബാസ് പണ്ടുമുതലേ സുഹൃത്താണ്. പത്തുദിവസത്തെ ഷൂട്ടിംഗിനുശേഷം നിന്നു പോയ എന്റെ ഒരു ചിത്രമുണ്ട്, അതിന്റെ അസി. ഡയറക്ടറാണ് ആദർശ്. അതിൽ അഭിനയിക്കാനായിട്ടായിരുന്നു ആദ്യം വന്നത്. അവിടെ മുതലേ ആദർശ് സുഹൃത്തുമാണ്. കൊവിഡ് കാലത്ത് ഒരുപാട് പേർ എഴുത്തുകാരായല്ലോ. അങ്ങനെ ലോക്ക്ഡൗൺ കാലത്ത് എഴുത്തുകാരായവർ ആണിവർ. ഞങ്ങൾ കുറേ ആലോചിക്കും, കുറേ കഥകൾ ചർച്ച ചെയ്യും. അങ്ങനെ ഞാൻ പറഞ്ഞ ഒരു കഥയാണ് ആർ.ഡി. എക്സ്. അത് സിനിമയാകാൻ തുടങ്ങുമ്പോൾ ഇവരല്ലാതെ മറ്റൊരാ ചോയ്സ ഉണ്ടായിരുന്നില്ല. കാരണം ഞങ്ങളെല്ലാം ഒരേ മൈന്റ് സെറ്റുള്ള ആൾക്കാരാണ്. സിനിമകൾ കാണുന്നതും ഡിസ്‌കസ് ചെയ്യുന്നതുമെല്ലാം ഒരേ തരം സിനിമകളാണ്. എന്റെ പൾസ് അവർക്ക് നന്നായി അറിയാം. ആദർശും ഷബാസും രണ്ടുതരക്കാരാണ്. ഒരാൾ മാസിന്റെയും മറ്റേയാൾ ലോജിക്കിന്റെയും ആൾ. ഇതുരണ്ടും നമുക്ക് വേണമല്ലോ.... ചർച്ചയ്ക്കിടയിൽ ഞങ്ങൾ പലപ്പോഴും നല്ല അടിയുണ്ടായിട്ടുണ്ട്. പക്ഷേ, എൻഡ് ഒഫ് ദി ഡേ വരുമ്പോൾ ഞങ്ങൾ ഹാപ്പിയായിരിക്കും. സിനിമ ഇറങ്ങിയപ്പോൾ അവരും വളരെ ഹാപ്പിയാണ്.

കഥ തയ്യാറായശേഷം സിനിമയാകാൻ എത്ര സമയമെടുത്തു?

കഥ തയ്യാറാകാനായിരുന്നു സമയമെടുത്തത്. കഥ പൂർത്തിയായി നാലുമാസത്തെ സമയത്തിനുശേഷമാണ് ബാക്കി കാര്യങ്ങളൊക്കെ സെറ്റാകുന്നത്. ഫാമിലിയെ തൊട്ടാൽ തിരിച്ചടിക്കുമെന്നത് യൂണിവേഴ്സൽ ആയിട്ടുള്ള കാര്യമല്ലേ... അത് കൃത്യമായി കൊണ്ടു വരാൻ സിനിമയിൽ കഴിഞ്ഞത് വലിയ ഇംപാക്ട് ഉണ്ടാക്കി. എല്ലാ കാലത്തും വർക്ക് ആവുന്ന രീതിയാണത്. ഇമോഷൻ കൃത്യമായി കണക്ട് ചെയ്യപ്പെടുമ്പോൾ ആളുകളത് സ്വീകരിക്കുമെന്ന് കരുതിയിരുന്നു. അത് കൃത്യമായി അവരിലേക്ക് എത്തുകയും ചെയ്തു.

nahas hidhayath 2.jpg

ഷബാസ് റഷീദ്,ആദർശ് സുകുമാരൻ, നഹാസ് ഹിദായത്ത്, അലക്സ് ജെ പുളിക്കൽ
ഷബാസ് റഷീദ്,ആദർശ് സുകുമാരൻ, നഹാസ് ഹിദായത്ത്, അലക്സ് ജെ പുളിക്കൽ

പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന വൈകാരിക നിമിഷങ്ങളെല്ലാം  അങ്ങനെ തന്നെ  കൊണ്ടു വന്നതാണോ?

തീർച്ചയായും. അടിപ്പടം എന്ന രീതിയിൽ തന്നെയാണ് തുടങ്ങിയതെങ്കിലും അടിയെടാ എന്ന് പ്രേക്ഷകർ പറയുന്ന രീതിയിൽ ഇമോഷണൽ സംഭവങ്ങൾ നൽകണമെന്നുണ്ടായിരുന്നു. നമ്മൾ പ്രതീക്ഷിച്ചിടത്തെല്ലാം ആളുകളത് ഏറ്റെടുത്തു. തിയേറ്റർ വിസിറ്റിന് പോയപ്പോൾ അവരുടെ പ്രതികരണം തിരിച്ചറിയാൻ കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നു.

പെപ്പെയുടെയും ഷെയ്‌നിന്റെയും നീരജിന്റെയും റോളുകളിൽ പല നടൻമാരുടെയും പേരുകൾ നേരത്തെ പരിഗണിച്ചതായി കേൾക്കുന്നുണ്ട്?

പല പേരുകളും ആലോചിച്ചിരുന്നു, കൂടെയുള്ളവരോട് ചർച്ച ചെയ്തിരുന്നു എന്ന രീതിയിലാണത്. അതല്ലാതെ അവരോട് കഥ പറഞ്ഞുവെന്ന രീതിയിലല്ല... പെപ്പെ ആദ്യം മുതലേ ഉള്ളൊരു ആളായിരുന്നു. ഇന്നയാൾ നന്നാകും, ഷെയ്ൻ പെപ്പെയുടെ അനിയനായി വന്നാൽ നന്നായിരിക്കുമെന്ന് തോന്നിയാണ് ഫൈനൽ ആയത്. സേവിയറിന്റെ കാരക്ടറിനായിരുന്നു കുറച്ച് കൂടെ ഓപ്ഷൻസ് നോക്കിയത്. ആരും പ്രതീക്ഷിക്കാത്ത ഒരാൾ വന്നാൽ നന്നായിരിക്കുമെന്ന് തോന്നി. യാദൃച്ഛികമായാണ് നീരജിലേക്കെത്തുന്നത്. പുള്ളി ഇത്രയും ഫൈറ്റ് ചെയ്യുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നില്ല. അപ്പോൾ തന്നെ പുതുമ വന്നു. അത് വർക്കൗട്ടായി.സേവ്യറെ ഗംഭീരമാക്കാൻ നൂറുശതമാനവും നീരജ് ഞങ്ങൾക്കൊപ്പം നിന്നു. 

'ആർ.ഡി. എക്സ്' ജീവിതത്തിൽ നിന്നും കണ്ടെടുത്ത കഥയാണോ?

യഥാർത്ഥ ജീവിതത്തിൽ നിന്നും എടുത്ത കഥയാണ്. ഒരു സുഹൃത്തിന്റെ  ജീവിതത്തിൽ നടന്ന ഒരു സംഭവത്തിൽ നിന്നാണ് കഥയുടെ തുടക്കം. സുഹൃത്തിന്റെ കുടുംബത്തിന് ഒരു രാത്രി മുഴുവൻ മുൾമുനയിൽ നിൽക്കേണ്ടി വന്ന ഒരനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്നു. ഒരു ചെറിയ ഇഷ്യുവിന്റെ പേരിലായിരുന്നു അവർക്ക് ഒരു രാത്രി മുഴുവൻ പേടിച്ചിരിക്കേണ്ട അവസ്ഥയുണ്ടായത്. ഉടക്കേണ്ടി വന്ന ടീം ഇത്തിരി പ്രശ്നക്കാരായിരുന്നു. രാത്രിയിൽ എന്തെങ്കിലും സംഭവിച്ചേക്കുമോ എന്ന് കരുതി ഓരോ നിമിഷവും ആ കുടുംബം ആശങ്കയോടെ കഴിച്ചുകൂട്ടിയതിന് ഞാനും സാക്ഷിയായിരുന്നു. ആ അനുഭവത്തിൽ നിന്നാണ് കഥ വന്നത്.

nahas hidhayath 3.jpg

നായകന്മാർ സംവിധായകനോടൊപ്പം
നായകന്മാർ സംവിധായകനോടൊപ്പം

കോളനി ഒരു ഗംഭീര അടി പ്ലോട്ടായിരുന്നല്ലോ?

അങ്ങനെ ഒരു സ്ഥലം വേണമെന്നുണ്ടായിരുന്നു. അങ്ങോട്ട് കേറി ചെന്നാൽ അവരുടെ കളം പോലെയൊരു ഫീൽ പ്രേക്ഷകർക്കും കിട്ടണം. അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് പോകാൻ കഴിയുമെന്ന തോന്നലുണ്ടാകരുത്. മനസിൽ കണ്ട സഥലത്തിനായി കൊച്ചിയിലും തൃശൂരിലും ഒക്കെ നോക്കിയെങ്കിലും ശരിയായില്ല. പിന്നെയാണ് ഇപ്പോൾ സിനിമയിൽ കാണുന്ന സ്ഥലം കണ്ടുപിടിച്ചത്.

ബാബു ആന്റണിയെ ആദ്യമേ ചിത്രത്തിലുണ്ടോ?

ബാബു ആന്റണി മനസിലുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെ സമീപിക്കാൻ പേടിയായിരുന്നു. പുള്ളി ഒരു തലമുറയുടെ തന്നെ ആവേശമാണ്. അങ്ങനെ ഒരു ആക്ഷൻ സ്റ്റാറിനെ കൊണ്ടു വരുമ്പോൾ ചിത്രത്തിൽ സെലിബ്രേറ്റ് ചെയ്യാനുള്ളത് വേണം. ആ സ്പേസ് ഉണ്ടോ എന്നതായിരുന്നു പേടിയുടെ കാരണം. പ്രൊഡ്യൂസർ സോഫിയാ പോൾ മാഡമാണ് ബാബു ആന്റണി ഇല്ലാതെ എന്ത് മാർഷ്യൽ പടമാണ് നീ എടുക്കുന്നതെന്ന് ചോദിച്ചത്. അങ്ങനെ നേരിട്ടു കണ്ടു. മുഴുവൻ കഥ പറയാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ കഥ മുഴുവൻ കേട്ടു. നല്ലതാണെന്നും തിയററ്റിക്കൽ അനുഭവമുണ്ടാക്കുന്ന സിനിമയാണെന്നും പറഞ്ഞു. ബാബു ആന്റണി ചേട്ടൻ സ്‌ക്രീനിൽ വരുമ്പോൾ അതു കാണാനായി മാത്രം തിയേറ്റർ ജീവനക്കാരും മറ്റും വന്നു നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു വല്ലാത്ത അനുഭവമാണത്. 

nahas hidhayath 4.jpg

ബാബു ആന്റണി, നഹാസ് ഹിദായത്ത്
ബാബു ആന്റണി, നഹാസ് ഹിദായത്ത്

സിനിമയ്ക്ക് പിന്നാലെ വർഷങ്ങൾ. വിഷമിപ്പിച്ച അനുഭവങ്ങൾ ഏറെയുണ്ടാകുമല്ലോ?

ഉറപ്പായും. ഇതിപ്പോൾ എന്റെ എട്ടമത്തെ വർഷമാണ്. എറണാകുളത്ത് വന്നിട്ടും എട്ടാംവർഷമാണ്. ഒന്നുമില്ലാതെ വന്ന് രണ്ടരവർഷം കഷ്ടപ്പെട്ട സിനിമ ഓൺ ആക്കിയെടുത്ത് പത്തുദിവസത്തെ ഷൂട്ടിന് ശേഷം മുടങ്ങിപ്പോകുക എന്നൊരു അവസ്ഥയും നേരിട്ടല്ലോ... അത് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറത്തെ അവസ്ഥയാണ്. അതിനുശേഷമുള്ള ടെൻഷൻ അതിഭീകരമായിരുന്നു. അത്ര മോശം ദിവസങ്ങളായിരുന്നു പിന്നീട്. ആദ്യ പടം നിന്നു പോയ ഡയറക്ടർ പിന്നീട് പൊങ്ങി വരിക എന്നത് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. അങ്ങനെ നിന്നു പോയ കുറേ ആളുകൾ സിനിമയിലുണ്ട്. അവിടെ നിന്ന് ഒരു ബഡ്ജറ്റ് മൂവിയിലേക്ക് ലാൻഡ് ചെയ്യാനും കുറേ സമയമെടുത്തു.

ആരായിരുന്നു മോശം കാലത്തും കൂടെയുണ്ടായിരുന്നത്?

ഉമ്മച്ചിയെ കുറിച്ചാണ്  ആദ്യം പറയേണ്ടത്. ഉമ്മച്ചി ബീന എല്ലാ സമയത്തും കൂടെ തന്നെ നിന്നു. സിനിമയുടെ റിലീസിന്റെ തലന്നേ് ഉമ്മച്ചിക്ക് ടെൻഷൻ കൂടി ശ്വാസം തടസം പോലെ വന്നു ആശുപത്രിയിൽ അഡ്മിറ്റായി. ഉമ്മയ്ക്ക് എന്റെ കാര്യങ്ങളെല്ലാം അറിയാം. എന്നേക്കാൾ കൂടുതൽ ടെൻഷനടിച്ചതും ഉമ്മച്ചിയാണ്. ഉമ്മയാണ് എന്റെ ഒരു പില്ലർ തന്നെ. പിന്നെ കൂടെ നിൽക്കാൻ ഒരുപാടു പേർ ഉണ്ടായിരുന്നു.

എപ്പോഴാണ് സിനിമ സ്വപ്നമായത്?

കോട്ടയം കാഞ്ഞിരപ്പള്ളിയാണ് സ്വദേശം . സിനിമയോടായിരുന്നു പണ്ടു മുതലേ ഇഷ്ടം. ഈരാട്ടുപേട്ട അരുവിത്തുറ സെന്റ്  ജോർജ് കോളേജിൽ പഠിക്കുമ്പോൾ ഒരു മ്യൂസിക്ക് ആൽബം ചെയ്തു. അത് ആളുകൾക്കിടയിൽ സ്വീകരിക്കപ്പെടുകയും പിള്ളേർക്കിടയിൽ നല്ല അഭിപ്രായമുണ്ടാക്കുകയും ചെയ്തു. പഠിത്തത്തിൽ വലിയ കഴിവ് കാണുന്നില്ലെങ്കിലും നിനക്ക് ഇതിൽ കഴിവ് കാണുന്നുണ്ടെന്ന് ഞങ്ങളുടെ റെജി വർഗീസ് മേക്കാടൻ സാർ പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നുണ്ട്. സാർ സിനിമ ഇപ്പോൾ തന്നെ രണ്ടുതവണ കണ്ടു. എന്റെ കൂടെ ഒരു വട്ടം കൂടി കാണണമെന്ന് പറഞ്ഞിരിക്കുകയാണ്. എന്റെ വലിയൊരു സപ്പോർട്ട് സിസ്റ്റമാണ് സാർ. എന്റെ ഉയർച്ചയിലും താഴ്ചയിലും കൂടെ നിൽക്കുന്ന ആൾ.

nahas hidhayath 5.jpg

ഉമ്മച്ചി ബീനയോടൊപ്പം
ഉമ്മച്ചി ബീനയോടൊപ്പം

ഈ സിനിമയിൽ ആസ്വദിക്കാവുന്ന കുറേയധികം നിമിഷങ്ങൾ കോർത്തുവച്ചിട്ടുണ്ട് ?

ആളുകളെ തിയേറ്ററിൽ കൊണ്ടു വരണം എന്നതാണ് ഏറ്റവും പ്രധാനം.  ഒ.ടി.ടിയിൽ തന്നെ എത്രയധികം സിനിമകളാണ് ഓരോ ആഴ്ചയിലും ഇറങ്ങുന്നത്. അവിടെ നിന്ന് പ്രേക്ഷകർ കുടുംബത്തിനൊപ്പം കാറെടുത്തോ, അല്ലാതെയോ തിയേറ്ററിൽ എത്തണമെങ്കിൽ അവരെ ത്രില്ലടിപ്പിക്കുന്ന മൊമന്റുകളും സെലിബ്രേഷനും സിനിമയിൽ ധാരാളം വേണം. ഈ സിനിമ തന്നെ ഫാമിലി വന്നു കാണുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ് വളരെ വലുതാണ്. ഒരുപാട് ലോജിക് സിനിമയിൽ നോക്കുന്ന ആളല്ല ഞാൻ. സിനിമയ്ക്ക് ആവശ്യമുള്ളതു മതി എന്ന കാഴ്ചപ്പാടാണ്.

രണ്ടു ഗംഭീര ഷോർട്ട് ഫിലിമുകളുടെ സംവിധായകനാണ്?

എല്ലാം സിനിമയിലേക്കുള്ള വഴിയായിരുന്നു. സിനിമ സ്വപ്നം കണ്ടു നടക്കുന്ന കുറേ പേർ കൂടെയുണ്ടായിരുന്നു. ഷോർട്ട് ഫിലിം സമയത്ത് ഇവരെല്ലാം കൂടെ തന്നെയുണ്ടായിരുന്നു. സിനിമയോട് അത്ര കൊതിയുള്ള ആൾക്കാരായിരുന്നു എന്നു തന്നെ പറയാം. സാധാരണ ഷോർട്ട് ഫിലിം പോലെയല്ലാതെ സിനിമാറ്റിക് സംഭവങ്ങളൊക്കെ അതിൽ കൊണ്ടു വരണമെന്നുണ്ടായിരുന്നു. അങ്ങനെ മേക്കിംഗ്, മ്യൂസിക്ക് എല്ലാമായി സിനിമ കാണുന്ന പ്രതീതി കൊണ്ടു വന്നു. അതാവാം മില്യൺ കാഴ്ചക്കാരൊക്കെ അവയ്ക്കുണ്ടായത്. ആ സമയത്ത് ഷോർട്ട് ഫിലിം എന്നു പോലും ഞങ്ങളാരും പറയാറുണ്ടായിരുന്നില്ല. എല്ലാം സിനിമ പോലെയായിരുന്നു ഞങ്ങൾക്ക്.

രണ്ടുകാലങ്ങൾ സിനിമയിൽ വരുന്നുണ്ട്. ഷൂട്ട് ചെയ്യുമ്പോഴുള്ള പ്രയാസങ്ങളെ എങ്ങനെ അതിജീവിച്ചു?

എഴുതിവച്ചപ്പോൾ ചിന്തിക്കാത്ത പ്രശ്നങ്ങളെല്ലാം തന്നെ ഷൂട്ടിംഗ് സമയത്തുണ്ടായി. കാലം മാറുന്നതിനനുസരിച്ച് അത്രയധികം മാറ്റങ്ങൾ മുക്കിലും മൂലയിലുമുണ്ട്. സി.സി ടിവികൾ, വണ്ടികൾ, കെട്ടിടങ്ങൾ അങ്ങനെ ഓരോന്നും എടുക്കുമ്പോഴും മാറ്റങ്ങൾ അത്രയധികമായിരുന്നു. കാമറ വയ്ക്കുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്. അത്രയധികം കോംപ്രമൈസ് ചെയ്യാനും കഴിയില്ല. പറ്റുന്നതുപോലെയൊക്കെ ഷൂട്ടിംഗിൽ ശ്രദ്ധിച്ചു. ബാക്കി കാര്യങ്ങൾ ടെക്നിക്കൽ സഹായത്തോടെ റിമൂവ് ചെയ്തു. രണ്ടുമൂന്നു കമ്പനികളാണ് ഈ കാര്യങ്ങൾ ചെയ്തത്. അത് വളരെ നന്നായി സിനിമയിൽ കൊണ്ടു വരാൻ സാധിച്ചു. സിനിമയുടെ ഫൈനലായപ്പോൾ അവരും ഹാപ്പിയായി.

ക്‌ളൈമാക്‌സ്‌  ഒരു ഒന്നൊന്നര ഷൂട്ടിംഗായിരിക്കുമല്ലോ അല്ലേ?

തീർച്ചയായും. ഏറ്റവും സമയമെടുത്ത് എട്ടുപത്തുദിവസങ്ങൾ ചെയ്ത ഷൂട്ടാണത്. ഉറക്കമിളച്ചായിരുന്നു എല്ലാവരും പണിയെടുത്തത്. ആ ഗ്രൗണ്ട് മണ്ണ് സെറ്റ് ചെയ്താണ് തയ്യാറാക്കിയത്. ഷൂട്ട് കഴിയുമ്പോഴേക്ക് മുടിയൊക്കെ ചുവന്ന നിറമായി. എല്ലാവർക്കും വയ്യാതായി. പനിയും ജലദോഷവും ഇല്ലാത്ത ആരുമുണ്ടായിരുന്നില്ല എന്നു തന്നെ പറയാം. എനിക്കു തന്നെ ഒന്നുറങ്ങിയാൽ മതിയെന്നായിരുന്നു. രണ്ടോ മൂന്നോ ദിവസത്തിനപ്പുറം ഉറക്കം പ്രശ്നമായപ്പോൾ  ആകെ ബാലൻസ് പോയത് പോലെയായി. ഷൂട്ട് ഒരൊറ്റ ദിവസം പോലും മാറുന്നത് ബഡ്ജറ്റിൽ വലിയ വ്യത്യാസമുണ്ടാക്കുമായിരുന്നു. കാരണം അത്രയേറെ ആർട്ടിസ്റ്റുകളുണ്ട്, ലൈറ്റിംഗ് ഉൾപ്പെടെയുള്ള സന്നാഹങ്ങളുമുണ്ട്. പൊടിപാറിയ അടി പോലെ പൊടി പാറിയ ഷൂട്ടിംഗുമായിരുന്നു. ഇതൊക്കെയാണെങ്കിലും ഫൈനൽ ഔട്ട് കാണുമ്പോൾ പോയ എനർജി തിരിച്ചു വരുന്ന ഫീലിംഗ് ആയിരുന്നു.

അൻപറിവ് സ്റ്റണ്ട് മാസ്റ്റർ ഇല്ലാതെ ഈ സിനിമ പൂർണമാവില്ലല്ലോ?

ഒരിക്കലുമില്ല. അൻപറിവ് മാസ്റ്റർ സെറ്റിൽ വരുമ്പോൾ തന്നെ സെറ്റ് നിശബ്ദമാകും. അവരുടെ കൂടെ ഒരു ഒരു ടീമുണ്ട്. ഒരാൾ വിശ്രമിക്കുകയാണെങ്കിൽ ടീമിലെ മറ്റുള്ളവർ ജോലി ചെയ്യും. ഉയർന്ന പ്രൊഫഷണലിസമുള്ളവരാണ്.  അന്ന് ഷൂട്ട് ചെയ്യേണ്ട സീനുകൾ എന്തൊക്കെയാണെന്ന് ചോദിക്കും. പിന്നെ നമ്മൾ കൂടെ നിന്നാൽ മതി. 

RDX - Official Trailer | Shane Nigam, Antony Varghese, Neeraj Madhav | Nahas Hidhayath | Sam C S

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment