എ‌സ്. ഐ റെജിയും ഓന്റെ തല്ലുകളും - ഒരു തല്ലുമാല അനാലിസിസ്..

Reviews

ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച എസ്.ഐ റെജി മാത്യുവിന്റെ ഭാഗത്തു നിന്ന് തല്ലുമാലയെ ഒന്ന് വിശദീകരിക്കാനുള്ള ശ്രമമാണ്. സിനിമ കണ്ടവർക്ക് മാത്രമുള്ള വിശദീകരണം ആയതിനാൽ, സ്പോയിലേർസ് മാത്രമേ ഉള്ളൂ. അത് കൊണ്ട് പടം കാണാത്തോരോട് ഈ വഴി മാറിപ്പോവാൻ അഭ്യർത്ഥിക്കുന്നു.

എസ്. ഐ സെലക്ഷൻ കിട്ടുന്നത് മുതൽക്കാണ് അന്റെ തല്ലിപ്പൊളി സ്വഭാവം ഒക്കെ ഒന്ന് നിയന്ത്രിക്കാൻ റെജി തീരുമാനിക്കുന്നത്. അടി തുടങ്ങിക്കൊണ്ട് തന്നെ ഒരടിനിർത്തൽ പ്രഖ്യാപനം നടത്തുകയാണ് റെജിയും സംഘവും. അതിന്റെ ഭാഗമായി കൂട്ടുകാരുമൊത്ത് "ജ്ജ് ണ്ടാക്കിക്കോ.." ന്നും പറഞ്ഞ് അവര് ഒന്നുഷാറാവുന്നുമുണ്ട്. ഓൻ പൊലീസായല്ലോ, അപ്പൊ പിന്നെ ഓർക്ക് ഇനി പോലീസിനെ പേടി വേണ്ടല്ലോ.!! 

അടുത്ത ദിവസം തന്നെ അനൗദ്യോദികമായി റെജി ഏറ്റെടുക്കുന്നതോ, ഏതോ തുണിക്കടയിൽ വച്ചു നടന്ന "ഏതോ ഒരുത്തൻ  ഏതോ പെണ്ണിനെ കേറിപ്പിടിച്ച" കേസും. കടയിൽ ഷർട്ട് വാങ്ങാൻ എത്തിയ കൂട്ടുകാരൻ രാജൻ വഴിയാണ് ഈ കേസ് റെജിയിലേക്ക് എത്തുന്നത്. അയാൾക്ക് വേണ്ടി റെജിയും കൂട്ടുകാരും പെണ്ണിനെ കയറിപ്പിടിച്ച 'ആ ആളു'മായി തല്ലുണ്ടാക്കുന്നു.

പ്രതിസ്ഥാനത്തുള്ള വസീമും ഗ്യാങ്ങും ഇതൊരു പോലീസ് കേസ് ആക്കണം എന്നുള്ള ആലോചനയിലാണ്. എന്നാൽ, എസ് ഐ ആയി ചാർജ് എടുക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെ ഒരു തല്ല് കേസ് ഉണ്ടാക്കി എന്നത് തനിക്കൊരു ബ്ലാക്ക്‌ മാർക് ആവുമെന്ന് തിരിച്ചറിയുന്ന റെജി, ഏത് വിധേനയും കേസ് ഒത്തു തീർപ്പാക്കാനുള്ള ശ്രമത്തിലാണ്.

കൂട്ടുകാരെ തച്ചുണ്ടാക്കുന്ന വസീം കേസിനു പോവില്ലെന്ന് റെജിയോട് പറയുന്നു. വസീമിന്റെ കൂട്ടുകാർക്കാക്കട്ടെ,  റെജിയോടുള്ള ദേഷ്യം അടങ്ങുന്നുമില്ല. ഈ കാര്യം പൂർണമായും വിട്ടുകളയുന്ന റെജി, തന്റെ ഔദ്യോദിക ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. 

ഒരു ദിവസം ഭാര്യക്കൊപ്പം  ജുവല്ലറിയിൽ ഷോപ്പിംഗിനെത്തുന്ന റെജി, അവിടെ വസീമിനെ കാണുന്നു, അയാളോട് ലോഹ്യം പറയുന്നു. റെജിയെ "തന്റെ കൂട്ടുകാരൻ" എന്നാണ് വസീം സ്വന്തം അളിയന് പരിചയപ്പെടുത്തുന്നത്. തന്റെ 'ബഡാ ദോസ്‌തി'ന് ആ കടയിൽ നിന്നും ഡിസ്‌കൗണ്ട്  തരപ്പെടുത്തിക്കൊടുക്കുന്നുണ്ട് റെജി. പഴയ ആ ഒരു മുഷിപ്പ് മാറ്റി, കൂട്ടുകാരുമൊപ്പം ഒന്നു കൂടാമെന്നും ഒരു പാർട്ടി അറേഞ്ച് ചെയ്യാമെന്നും റെജി പറയുന്നു. അത് തന്റെ മനസമാധാനത്തിന് വേണ്ടിയാണെന്നും അയാൾ കൂട്ടിച്ചേർക്കുന്നു.

പഴയതൊക്കെ അവിടെ തീർന്നു എന്നും തന്റെ കല്യാണം ആണെന്നും വസീം പറയുന്നു. ഇവരുടെ ഫ്ലാഷ് ബാക്ക് അറിയാത്ത ഷാഫി അളിയനാവട്ടെ, തന്റെ അളിയന്റെ കല്യാണം, കത്ത് കൊടുത്ത് വിളിക്കുകയും തലേന്ന് തന്നെ വന്ന് ചടങ്ങിൽ പങ്കെടുക്കണം എന്നു ക്ഷണിക്കുകയും ചെയ്യുന്നു. 

മാളിലെ പാർക്കിങ് ലോട്ടിൽ വച്ചു റെജിയുടെ ഗ്യാങ്ങുമായി നടന്ന തല്ലിന്റെ ക്ലൈമാക്സിൽ, കൂട്ടത്തിൽ ഒരുവന്റെ പെണ്ണുകാണൽ മുടങ്ങിയതിന്റെ കലിപ്പിൽ തന്നെയാണ് ജംഷിയും മറ്റുള്ളവരും. തങ്ങളുടെ കൂട്ടത്തിലെ തന്നെ വസീമിന്റെ കല്യാണത്തിന് റെജി വരുന്നത്, അവർക്ക് ഒട്ടും താൽപര്യമില്ലാത്ത വിഷയമാണ്. റെജി വന്നാൽ തങ്ങളിൽ ആരും തന്നെ അടങ്ങി ഇരിക്കില്ല എന്നവർ സൂചന കൊടുക്കുന്നു. കല്യാണത്തിന് റെജി വരില്ല എന്ന് വസീം തറപ്പിച്ചും പറയുന്നു.

റെജിയോട് വസീമിന്റെ കല്യാണത്തിന് പോവണ്ടാന്ന് പറയുന്നത് അബ്‌കാരി ഡേവിഡ് ആണ്. പഴേതൊക്കെ മറന്ന്, നല്ലൊരു സൗഹൃദം തുടങ്ങാം എന്നും, വസീമും ഗ്യാങ്ങും നല്ല വൈബ് ആണെന്നും പറയുന്ന റെജി, കാര്യങ്ങളെ വളരെ പോസിറ്റീവ് ആയി അപ്പ്രോച്ച് ചെയ്യാനാണ് തീരുമാനിക്കുന്നത്. ഡേവിഡ് ഒഴികെയുള്ള സുഹൃത്തുക്കൾക്കും വസീമിന്റെ കല്യാണത്തിന് പങ്കെടുക്കണം എന്നു തന്നെയായിരുന്നു അഭിപ്രായം.

അങ്ങനെ കൂട്ടുകാരും ഒന്നിച്ചു റെജി വസീമിന്റെ കല്യാണം കൂടാൻ പോകുന്നു, തലേ ദിവസം തന്നെ. വഴി ചോദിച്ചു വിളിക്കുന്ന റെജിക്ക് വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്നതും അവരെ സ്വീകരിക്കുന്നതും ഒക്കെ വസീമിന്റെ ഷാഫിഅളിയൻ.  സ്വതവേ ഇത്തിരി ഓവർ സ്മാർട്ട് ആയ റെജിയുടെ ഗ്യാങ്, ചെന്നു 'കീയുന്ന' സമയത്ത് തന്നെ വസീമിന്റെ വീട്ടുകാരെ ഹൈജാക്ക് ചെയ്യുന്നു, അവിടുത്തെ കാര്യങ്ങളിൽ ഇടപെട്ടു തുടങ്ങുന്നു.

വസീമിന്റെ കൂട്ടുകാർ വരുമ്പോ കാണുന്നത് തങ്ങളുടെ 'ശത്രുക്കൾ' വസീമിന്റെ വീട്ടുകാരെ പോലെ പെരുമാറുന്നതാണ്. വസീമിന്റെ ബന്ധുക്കളാവട്ടെ, റെജിക്കും ഗ്യാങിനും മുമ്പിൽ വസീമിന്റെ കൂട്ടുകാരെ ഇകഴ്ത്തുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ കൂട്ടുകാരന്റെ കല്യാണം ആയത് കൊണ്ട് മാത്രം അവർ പ്രതികരിക്കുന്നില്ല. 

എങ്കിലും,  റെജിക്കും ഗ്യാങിനുമുള്ള അഡാറ് പണി അവർ അണിയറയിൽ പ്ലാൻ ചെയ്യുന്നു. കാര്യങ്ങളിൽ പന്തികേട് മണക്കുന്ന ഡേവിഡ്, അവിടുന്ന് പെട്ടെന്ന് സ്ഥലം കാലിയാക്കിപ്പോകാം എന്ന് പലതവണ പറയുന്നുണ്ടെങ്കിലും കൂട്ടത്തിലുള്ള മറ്റുള്ളവരുടെയും നിർബന്ധത്തിനു വഴങ്ങി, ആ വൈബ് എൻജോയ് ചെയ്യാനും കല്യാണം കൂടിയിട്ട് പോവാനും മനസ്സില്ലാ മനസ്സോടെ സമ്മതിക്കുന്നു. ഡേവിഡിനൊരു വിന്റേജ് കാർ ഒപ്പിക്കാനുള്ള വകുപ്പ് കൂടി ഉണ്ടെന്ന് റെജി സൂചിപ്പിക്കുന്നുണ്ട്.

പിറ്റേന്ന് രാവിലെ തന്നെ വസീമിനെ വിളിച്ചുണർത്തി, അയാളെ ഒരുക്കുവാനും, മണിയറ ഒന്നുകൂടി ഭംഗിയാക്കുവാനും റെജിയും കൂട്ടുകാരും മുൻകൈ എടുക്കുന്നു. കല്യാണച്ചെക്കനെ ഒരുക്കാൻ എത്തുന്ന വസീമിന്റെ കൂട്ടുകാർ കാണുന്നത് തങ്ങളുടെ സ്ഥാനം തട്ടിയെടുത്ത റെജിയേയും ടീമിനേയുമാണ്. അവർക്ക് അതുൾക്കൊള്ളാൻ പറ്റുന്നില്ല. അപ്പോഴേക്കും, ഇനിയും നേരം വൈകിക്കാതെ കല്യാണപ്പന്തലിലെത്തുവാൻ ബന്ധുക്കൾ തിടുക്കം കൂട്ടുന്നു.

മണവാളന് മംഗലം കൈയ്ക്കാൻ പോകാൻ വേണ്ടി ഒരുക്കിയ വിന്റേജ് കാർ കൃത്യ സമയത്ത് തന്നെ പണി മുടക്കുന്നു. സമയം കൂടുതൽ വൈകാതിരിക്കാൻ മണവാളൻ വസീമും കൂട്ടുകാരിൽ ചിലരും എസ്. ഐ റെജിയുടെ വണ്ടിയിൽ കല്യാണപ്പന്തലിലേക്ക് യാത്രയാവുന്നു.

ആ യാത്രയിൽ, രാജനോടും മറ്റുമുള്ള ദേഷ്യം വസീമിന്റെ കൂട്ടുകാർ പുറത്തു കാട്ടുന്നു. തമ്മിൽ തള്ളാവുന്നു, തല്ലാവുന്നു.!! റെജിയും വസിമും ആ സിറ്റുവേഷൻ കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കതിന് സാധിക്കുന്നില്ല. ഉന്തിനും തള്ളിനും തല്ലിനും ഒടുവിൽ അവർ കല്യാണപ്പന്തലിൽ എത്തുന്നു, ഒന്നും സംഭവിക്കാത്ത മട്ടിൽ ഇറങ്ങി നടക്കുന്നു. റെജിയുടെ മറ്റ് കൂട്ടുകാർക്ക് കാര്യത്തിന്റെ കിടപ്പ് ഏതാണ്ടൊക്കെ പിടി കിട്ടുന്നുണ്ട് എങ്കിലും കല്യാണം എന്ന ചടങ്ങിനെ ബഹുമാനിച്ച് എല്ലാവരും സംയമനം പാലിക്കുന്നു.

മണവാളൻ വസീമും കൂട്ടുകാരും ബീവിയെ ലക്ഷ്യമാക്കി നടക്കുമ്പോഴാണ്, ഏതോ ഒരുത്തൻ സ്‌നോ സ്പ്രേ തൂറ്റിക്കാൻ വരുന്നതും വസീമിന്റെ മുഖത്തേക്ക് പത തൂറ്റിക്കുന്നതും. അയാളോടുള്ള മുൻകാല വൈരാഗ്യങ്ങളും, കഴിഞ്ഞ രണ്ട് ദിവസങ്ങളായുള്ള ഫ്രസ്ട്രേഷനും ഒക്കെ ചേർത്ത് വസിം അയാളെ ഇടിക്കുന്നു. ഇവരുടെയൊന്നും ഫ്ലാഷ് ബാക്ക് അറിയില്ലാത്ത റെജിയുടെ കൂട്ടുകാർ അത് തങ്ങൾക്കുള്ള കൊട്ടേഷൻ ആണെന്നാണ് കരുതുന്നത്. അങ്ങനെ കല്യാണത്തല്ലുമാലയ്ക്ക് തിരി കൊളുത്തപ്പെടുന്നു.!! 

പോലീസ് ഉദ്യോഗസ്ഥൻ ആയത് കൊണ്ട് തന്നെ റെജി ആളുകളോട് സംയമനം പാലിക്കാൻ സൂചനകൾ കൊടുക്കുന്നുണ്ട്. വസീമിനെ പിടിച്ചു മാറ്റാൻ അയാളുടെ 'ചങ്ക്' ആയ റെജിക്ക് മാത്രേ പറ്റുള്ളൂ ന്ന് മനസ്സിലാക്കിയ വസീമിന്റെ വാപ്പയുടെ നിർബന്ധപ്രകാരമാണ് റെജി വസീമിനടുത്തേക്ക് ചെല്ലുന്നത് തന്നെ. എന്നാൽ വസീമിന്റെ പ്രതികരണം റെജിയുടെ കരണത്തിൽ പതിക്കുന്നു.! 

പൊന്നാനിയിൽ കല്യാണത്തിനിടയ്ക്ക് കൂട്ടത്തല്ല്.! വ്ലോഗർ ബീവാത്തൂന്റെ കല്യാണം മുടങ്ങി.!
മണവാളൻ വസിം വൈറൽ ആവുന്നു. ഒപ്പം എസ്. ഐ. റെജിയും. ഈ കല്യാണത്തല്ല് റെജിയുടെ ഔദ്യോദിക ജീവിതത്തിന് ഏൽപ്പിക്കുന്ന മുറിവുകൾ ചില്ലറയല്ല. അതൊന്ന് പറഞ്ഞു തീർക്കാൻ പോലും നിൽക്കാതെ, വസിം എങ്ങോട്ടേക്കോ അപ്രത്യക്ഷമാവുകയും ചെയ്യുന്നു.!! 

ഓരോ തവണ മണവാളൻ വസീമിന്റെ വീഡിയോ കാണുമ്പോഴും റെജിക്കുണ്ടാവുന്ന മാനസികവേദന നിസാരമല്ല. ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ പറ്റാത്ത,  തികച്ചും അസ്വസ്ഥമായ ഒരു അവസ്ഥയാണ് അയാളുടേത്. ഭാര്യയോടൊപ്പം നല്ലൊരു ജീവിതം നയിക്കുവാൻ പോലും പാട് പെടുന്ന റെജി തന്റെ പ്രശ്നം തനിക്കറിയാമെന്നും അത് താൻ തന്നെ തീർക്കുമെന്നും അച്ചനോട് സൂചിപ്പിക്കുന്നുമുണ്ട്. ഒരു സ്‌കൂളിൽ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ പോലും റെജിക്ക് തന്റെ വൈറൽ തല്ലിനെ പറ്റി പറയേണ്ടി വരുന്ന അവസ്ഥയാണ്. 

ഒരു പൊലീസുകാരനിൽ നിന്നും വെറുമൊരു തല്ലിപ്പൊളി തല്ലുകൊള്ളി ആയി അധഃപതിക്കേണ്ടി വന്നോ എന്നൊരു ശങ്ക അയാളെ വേട്ടയാടിയിട്ടും ഉണ്ടാവാം. ആൾക്കാരോട് മറുപടി പറഞ്ഞു അയാൾ മടുത്തിട്ടുണ്ടാവണം. അതുകൊണ്ട് തന്നെയല്ലേ തന്റെ വള വള സംസാരം അയാൾ ഉപേക്ഷിക്കുന്നതും?

അങ്ങനെയിരിക്കെയാണ്, നാട്ടിലെ ഒരു കോളേജിൽ ചീഫ് ഗസ്റ്റ് ആയി വസിം എത്തുന്നത്. അവിടെ വച്ച് വസീമും കോളേജ് വിദ്യാർഥികളുമായി നടക്കുന്ന ഉരസലും വൈറൽ ആവുന്നു. റെജി ഇത് കാണുകയും, കൂടുതൽ ഫ്രസ്ട്രേഷനിൽ സ്റ്റേഷനിൽ ചെന്നു കയറുകയും ചെയ്യുന്നു. പരാതി ബോധിപ്പിക്കാൻ എത്തിയ ആളിനെ പ്രതിയാണെന്ന മുൻവിധിയിൽ കൈകാര്യം ചെയ്യുന്ന റെജി, അയാളിൽ നിന്നും തനിക്കെതിരെയൊരു പരാതി എഴുതിവാങ്ങിച്ചു സസ്‌പെൻഷനിൽ ആവുന്നു.!!

 തുടർന്നാണ് റെജി വസീമുമായുള്ള അങ്കം കുറിക്കുന്നത്. അവർ തമ്മിൽ ഒറ്റയ്‌ക്കൊറ്റയ്ക്ക് തല്ലിത്തീർക്കുന്നു. മനസ്സിന്റെ ആ വിഷമം പറഞ്ഞ് തീർത്ത് അവർ കൂട്ടുകാരാവുന്നു. തന്റെ ശരിക്കുമുള്ള വിഷമം പാത്തു മറ്റൊരാളെ നിക്കാഹ് ചെയ്യുന്നതാണെന്ന് തുറന്നു പറയുന്ന വസീമിനേയും കൂട്ടി, പാത്തൂനെ പൊക്കാൻ റെജി ദുബായ്ക്ക് പോവുന്നു.!! 

അവിടെയതാ മുൻകാലപ്രാബല്യത്തോടെ ഒമേഗാ ബാബു. ആരാണയാൾ? റെജിക്ക് അതറിയേണ്ട കാര്യമുണ്ടോ? ഇല്ലാ, തന്റെ പുതിയ കൂട്ടുകാരൻ വസീമിനു വേണ്ടി അയാൾ ബാബുവിന് നേരെ കുതിക്കുന്നു.!! 

 "ലോലാ ലോലാ ലോലാ.." 

Relates to: 
തല്ലുമാല
Comment