തിയേറ്ററിൽ അവസാനിക്കരുത് പ്രേക്ഷകന്റെ കാഴ്‌ച: 'ഇരട്ട' സംവിധായകൻ രോഹിത്ത് എം.ജി. കൃഷ്‌ണൻ

Interviews

ആകാംക്ഷയുടെ വാതിലുകൾ ഓരോന്നായി തുറന്ന് പ്രേക്ഷകനെ ഓരോ നിമിഷവും അമ്പരപ്പിക്കുന്ന സിനിമയാണ്  ഇരട്ട. കാഴ്ചക്കാരുടെ ചിന്തകൾക്കും മുൻവിധികൾക്കും ഈ സിനിമയിൽ സ്ഥാനമേ ഇല്ല. അത്ര ഗംഭീരമായ മേക്കിംഗ്  ആണ് ഓരോ സീനുകളും. അധികമായി ഒരൊറ്റ കാഴ്‌ച പോലും സിനിമയില്ല. അത്ര കയ്യടക്കത്തോടെയും മികവോടെയും, പുതുമുഖസംവിധായകന്റെ യാതൊരു പതർച്ചയുമില്ലാതെയുമാണ്  രോഹിത്ത്  എം.ജി. കൃ‌ഷ്‌ണൻ
ഈ സിനിമ എടുത്തുവച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്നവർ അത്രയ്ക്ക് ഭാരവും പേറി വീട്ടിലെത്തുമ്പോൾ മികച്ച ഒരു സംവിധായകനിലേക്കുള്ള രോഹിത്തിന്റെ യാത്രയ്ക്കും തുടക്കമാകുന്നു. സിനിമയിൽ ആരെയും അസിസ്റ്റ് ചെയ്യാതെ കുറേ ഫോർട്ട് ഫിലിമുകളുടെ അനുഭവങ്ങളും ആത്മവിശ്വാസവുമായിരുന്നു കൂട്ടിന്. ആ തണലേകിയ പച്ചപ്പിലാണ് രോഹിത്ത് സിനിമയുടെ വെയിലിലേക്ക് ഇറങ്ങി നടന്നത്. സിനിമായാത്ര, ജീവിതം... രോഹിത്ത് സംസാരിക്കുന്നു.

ഇരട്ട വേഷങ്ങൾ, ഇരട്ടജീവിതങ്ങൾ. ജോജു ഞെട്ടിച്ചല്ലോ?

അതേ.അസാദ്ധ്യമായാണ് ജോജു ചേട്ടൻ ചെയ്‌തിരിക്കുന്നത്. കുറേ പൊലീസ് വേഷങ്ങൾ പുള്ളി നന്നായി ചെയ്‌തിട്ടുണ്ട്. എന്നാൽ അതേ മട്ടിലുള്ള പൊലീസുകാരനല്ല ഇതിൽ. ഈ കഥ ചെയ്യാൻ മലയാളത്തിൽ മറ്റു ചോയ്‌സുകളും കുറവാണ്.  ജോജു ചേട്ടന്റെ രണ്ടു കഥാപാത്രങ്ങളും തമ്മിൽ ഫിസിക്കൽ അപ്പിയറൻസിൽ വലിയ മാറ്റമില്ല. ജോജു ചേട്ടൻ പ്രമോദ് എന്ന കഥാപാത്രത്തെ ചെയ്ത് കഴിഞ്ഞ് പതിനഞ്ച് മിനുട്ടിന്റെ ഗ്യാപ്പിൽ വിനോദായി മുന്നിൽ വന്നു നിൽക്കുമ്പോൾ ആദ്യത്തെ ശരീരഭാഷ അപ്പാടെ മായ്ച്ചു കളഞ്ഞിരുന്നു. പുള്ളി കുറേ കാലമായി ഈ തിരക്കഥയ്ക്ക് ഒപ്പമുണ്ടായിരുന്നതിനാൽ കഥാപാത്രങ്ങളെ അടുത്ത് അറിയാം. ഇരുപത് വർഷമായി സിനിമയിൽ ഉള്ള ആളല്ലേ... കഥ വായിച്ചപ്പോൾ തന്നെ കാരക്ടറുകൾ ബോദ്ധ്യപ്പെട്ടു. ട്രെയ്ലർ ഇറങ്ങിയപ്പോൾ ജോജുവിന്ഇരട്ടവേഷത്തിൽ വലിയ മാറ്റമൊന്നുമില്ലല്ലോ എന്ന്  അന്വേഷിച്ചവർ സിനിമ കണ്ടശേഷം അങ്ങനെയല്ല എന്ന് പറയുന്നുണ്ട്.  അത്ര നന്നായാണ് ചേട്ടൻ ചെയ്തു വച്ചിരിക്കുന്നത്.

സിനിമ എങ്ങനെയാണ്  രോഹിത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്?

പന്ത്രണ്ടോളം വർഷങ്ങളുടെ ഒരു യാത്ര എന്നു പറയാം. മലപ്പുറം പെരിന്തൽമണ്ണയിലാണ്  വീട്. ചെറുപ്പം മുതലേ സിനിമയോട്  ഇഷ്ടമുണ്ട്. എങ്ങനെയുള്ള ഇഷ്ടം, അതിൽ എന്തു ചെയ്യണം എന്നതിലൊന്നും അക്കാലത്ത് വലിയ വ്യക്തതയില്ല.
പക്ഷേ, ഒന്നുറപ്പുണ്ട്. മനസിൽ നിറയെ സിനിമയാണ്. സംസാരിച്ച് പെർഫോം  ചെയ്യാൻ അറിയാത്ത, സോഷ്യൽ ആംഗ് സൈറ്റി നന്നായി ഉള്ള ആളാണ് ഞാൻ. ആൾക്കൂട്ടങ്ങളിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലാൻ കഴിയാറില്ല. സിനിമ എങ്ങനെ രൂപപ്പെടുന്നു എന്നൊരു കാര്യത്തിലായിരുന്നു അന്നത്തെ ക്യുരിയോസിറ്റി. ഷോർട്ട് ഫിലിം എടുക്കാൻ തുടങ്ങിയത് അങ്ങനെയാണ്. 2010 കാലത്താണത്. മൊബൈലിൽ ഉള്ള ക്ളാരിറ്റിയിലാണ് അന്നത്തെ സിനിമാപിടുത്തം. 2014 ൽ എടുത്ത 'ഇന്നലെ ഇന്ന് ' പതിനേഴ് ഫിലിം ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെട്ടു.  എന്റെ സഹപാഠി കൂടിയായ സംവിധായകൻ തരുൺ മൂർത്തിയാണ് അതിൽ അഭിനയിച്ചത്. ആ സമയത്താണ് നമ്മൾ പറയുന്ന സിനിമയിൽ ആൾക്കാർക്ക് കണക്ട് ആവുന്നുണ്ട് എന്ന് മനസിലാകുന്നത്.

നാട്  എങ്ങനെ പിന്തുണച്ചു?

പെരിന്തൽമണ്ണയിൽ നിരവധി ഫിലിം സൊസൈറ്റികൾ സജീവമാണ്.ആ വഴിയുള്ള സ്വാധീനവും പിന്തുണയുമുണ്ട്. ഇവിടെയൊക്കെ
കുറേ ആളുകൾ കൂടെ നിൽക്കാനുണ്ട്. എന്നെ പോലെ സിനിമയെ സ്‌നേഹിക്കുന്നവർക്ക്  അതൊരു ധൈര്യമാണ്. മലപ്പുറത്ത് മാത്രമല്ല, എല്ലായിടത്തും അങ്ങനെ കൂടെ നിൽക്കാൻ കുറേ മനുഷ്യരെ കണ്ടുമുട്ടാൻ സാധിച്ചിട്ടുണ്ട്.

 'ഇരട്ട'യുടെ കഥ  വന്ന വഴി എങ്ങനെയായിരുന്നു ?

കുറേക്കാലം ഷോർട്ട് ഫിലിമുകൾക്ക് പിന്നാലെ നടന്നു. സിനിമ മനസിലുള്ളതു കൊണ്ട് മനസിലേക്ക് വരുന്ന കഥകൾ എഴുതുന്നുണ്ടായിരുന്നു. ഒരു പത്രവാർത്തയിൽ നിന്നാണ് ഈ കഥയുടെ ത്രെഡ്  കിട്ടുന്നത്. മറ്റു കഥാപാത്രങ്ങളെയും ഭാവനയിൽ കണ്ട് ആ സംഭവത്തെ ഒന്നു കൂടെ വികസിപ്പിച്ചു. 2010ലാണ് സിനിമയുടെ ഡ്രാഫ്റ്റ് എഴുതിയത്. പിന്നീടത് ഓരോ കാലത്തായി വർക്ക് ചെയ്‌ത് വലിയ കാൻവാസിലെത്തി. റീവർക്ക് ചെയ്‌തു കൊണ്ടിരിക്കുമ്പോൾ സിനിമ ഒന്നു കൂടെ റിഫൈന്ഡ് ആകും എന്ന വിശ്വാസക്കാരനാണ് ഞാൻ. 

സ്വയം ശ്രമിച്ചു ശ്രമിച്ചാണ്  ഇവിടെ എത്തിയത്, അല്ലേ?

നിരന്തരമായ ശ്രമം ഉണ്ടായിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു. ദിവസവും മുപ്പതു കിലോമീറ്റർ ബൈക്ക് യാത്രയുണ്ട്. ഈ യാത്രയിലാണ്  ഒരു സീൻ രൂപപ്പെടുന്നത്. രാവിലെ ഏഴുമണിയുടെ ഫ്രഷ്‌നസ്സുള്ള ഒരു മണിക്കൂർ യാത്രയിൽ സീൻ പതുക്കെ രൂപപ്പെടും. വൈകിട്ട് തിരിച്ചു വരുമ്പോഴും അതേ സീനിൽ മനസിൽ വർക്ക് ചെയ്യും. അത്ര എളുപ്പമല്ല ഇത് ചെയ്യാൻ. ഇരട്ടയുടെ സ്‌ക്രിപിറ്റും ഇങ്ങനെ തന്നെയാണ് എഴുതിയത്. രണ്ടു മാസമെടുത്തു പൂർത്തിയാകാൻ. യാത്രയിലല്ലേ, നമ്മുടെ സ്വപ്‌നങ്ങളൊക്കെ മനസിലെത്തുന്നത്. രാത്രി വീട്ടിലെത്തി അതെഴുതി വയ്‌ക്കും. നമുക്കതിനോട് ഇഷ്‌ടമുള്ളതുകൊണ്ടാവാം മടുപ്പിക്കാതിരുന്നത്. പിന്നെ കുറേ വർഷത്തെ പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾ നിർമ്മിച്ച പ്രൊഡക്ഷൻ ഹൗസുകളെ കുറിച്ച് സമയമെടുത്ത് തന്നെ പഠിച്ചു. അവരെ പോയി കണ്ടു, കഥ പറഞ്ഞു. ഇങ്ങനെ കുറേ അലച്ചിലുകളുണ്ടായി. ഒരു കഥ  പറയാനെത്തുമ്പോൾ കുറേ കഥകൾ നമ്മുടെ കയ്യിലുണ്ടാകും. ഒരു നിർമ്മാതാവിനെ കണ്ടു സംസാരിക്കുമ്പോൾ അഞ്ചു മിനിറ്റ് സംസാരിച്ചാൽ  അവരുടെ മനസിലുള്ള സിനിമയുടെ രൂപം പിടി കിട്ടുമല്ലോ. ക്രൈം ത്രില്ലറാണോ, ഫീൽ ഗുഡ് മൂവി ആണോ.  അപ്പോൾ അതിനുയോജിച്ച ഒരു കഥ പറയാൻ  ഉണ്ടാവണം.  എപ്പോഴും ക്യുരിയോസിറ്റി എന്നൊരു എലമെന്റ് കൊണ്ടു വന്ന പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾ വിജയിച്ചതൊക്കെ ഇങ്ങനെ സിനിമകൾ പഠിച്ചപ്പോൾ കിട്ടിയ അറിവാണ്. അവിടെ നിന്നാണ് ഞാൻ എന്റെ സിനിമയിലേക്ക് എത്തിയതും.

നിലച്ചുപോകുമെന്ന് തോന്നിടത്ത് നിന്ന് ഈ സിനിമ തിരിച്ചു വന്നതെങ്ങനെയാണ്?

'മോഹൻലാൽ' സിനിമ സംവിധായകൻ സാജിദ് യഹിയ എന്റെ സുഹൃത്താണ്. ഈ കഥ കേട്ടപ്പോൾ പുള്ളി നിർമ്മിക്കാമെന്നു പറഞ്ഞു. അങ്ങനെയാണ് ജോജുവിലെത്തിയത്. തിരക്കഥ വായിച്ചു, പുള്ളി ഒകെയായി. പുള്ളിയുടെ കുറേ ഇൻപുട്ട്സും സിനിമയിലുണ്ട്.  ഓപ്പൺ ഡിസ്‌ക്കഷനിലൂടെ സിനിമ വളർന്നിട്ടുണ്ട്. 2019 അവസാനം പ്രീപ്രൊഡക്ഷൻ ജോലികൾ തുടങ്ങാനിരുന്നപ്പോഴേക്കും കൊവിഡ് വന്നു. ആ കാലം കഴിഞ്ഞപ്പോഴേക്കും സാജിദ് മറ്റൊരു ചെറിയ ചിത്രത്തിന്റെ തിരക്കിലായി. പ്രൊജക്‌ട് നിന്നു പോകുമോ എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ്  നിർമ്മിക്കാമെന്ന് ജോജു പറഞ്ഞത്. അങ്ങനെയാണ് മാർട്ടിൻ പ്രക്കാട്ടുമൊക്കെ ഈ സിനിമയിലേക്ക് വന്നത്.

ജോജു, മാർട്ടിൻ പ്രക്കാട്ട്...ഈ പേരുകൾ സിനിമയിലേക്ക് വന്നപ്പോൾ ആശങ്കയുണ്ടായിരുന്നോ?

ചലഞ്ചിംഗ് ആയിരുന്നു. പക്ഷേ ഇവരെല്ലാം നമ്മളിലേക്ക് ഇറങ്ങാൻ തയ്യാറായിരുന്നു. സീനുകളെ കുറിച്ച് സംസാരിക്കുമ്പോൾ, അല്ലെങ്കിൽ ചെയ്യുമ്പോൾ എടാ ഇങ്ങനെ വരുമ്പോഴാണ് നന്നാകുക എന്ന് ഇവർ പറയുമ്പോൾ ഒന്നുകൂടെ ചിന്തിക്കുമ്പോൾ അതാണ് ശരി എന്ന് നമുക്കും മനസിലാകും. സിനിമയിൽ അസിസ്റ്റ് ചെയ്‌തുള്ള പരിചയം പോലുമില്ലാത്ത എനിക്ക് ഈ അനുഭവങ്ങളെല്ലാം ഒരു സ്‌കൂളിംഗ് ആയിരുന്നു. അവർക്കൊപ്പം തന്നെയാണ് ഞാനും നടന്നത്.

മനുഷ്യരുടെ നിസ്സഹായത സിനിമയെ ആഴത്തിൽ പിന്തുടരുന്നുണ്ടല്ലോ?

ജീവിതത്തിൽ നിസ്സഹായരായി പോകുന്ന എത്രയോ അനുഭവങ്ങൾ ഉണ്ട്. ചിലപ്പോൾ ആളുകളാകാം നമുക്ക് എതിരെ വരുന്നത്, മറ്റു ചിലപ്പോൾ സാഹചര്യങ്ങളും. സാഹചര്യങ്ങളാണ്  വില്ലനെങ്കിൽ, എതിരെ വരുന്നതെങ്കിൽ നമുക്ക് ഒന്നും ചെയ്യാനില്ല. തിരിച്ചു പോകാൻ കഴിയാത്തതാണ് ഇവിടെ കൂടുതൽ വേദനിപ്പിക്കുന്നത്. ആ സന്ദർഭങ്ങൾ നന്നായി പറയുക എന്നായിരുന്നു ഞങ്ങളുടെ മുന്നിലെ വെല്ലുവിളി.  സിനിമ കണ്ട് വിളിക്കുന്നവരെല്ലാം പറയുന്നത് ഇതേ കാര്യമാണ്. പ്രേക്ഷകർ ഉൾക്കൊണ്ടു എന്നു പറയുമ്പോഴും സന്തോഷമുണ്ട്. നമ്മൾ പറയാൻ ഉദ്ദേശിച്ചത് അവരിലേക്കെത്തി എന്നതിൽ സംതൃപ്തിയുണ്ട്.

സിനിമ കണ്ട് ആരൊക്കെ വിളിച്ചു ?

സിനിമയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും വിളിക്കുന്നുണ്ട്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ കാണാൻ ആളുകൾ കയറുന്നത്. അതിൽ വലിയ സന്തോഷമുണ്ട്. ഒരുപാട് പേരുടെ പ്രയത്നമുണ്ട്. ഇത്രയും കാലം സിനിമയ്ക്ക് പിന്നാലെ നടന്നത് കൊണ്ട് നല്ല വാക്കുകൾ കേൾക്കുമ്പോൾ കൂടുതൽ ഇത്തിരി മധുരം കൂടുതൽ തോന്നും.

 പ്രധാനപ്പെട്ട വേഷത്തിൽ തമിഴ് നടി അഞ്ജലിയെ എങ്ങനെ കണ്ടെത്തി ?

ഒരു ഫ്രഷ്‌നസ്സ്  ആ കഥാപാത്രത്തിന് വേണം എന്നുണ്ടായിരുന്നു. ഒരു പാട് പേർ മനസിൽ വന്നു. അതൊന്നും വർക്കൗട്ട് ആയില്ല. അങ്ങനെയാണ്  അഞ്ജലിയിലെത്തുന്നത്. ഗൂഗിൾ മീറ്റ് വഴി കഥ പറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ അവർ കൺവിൻസ്ഡ് ആയി  ഓകെ പറഞ്ഞു. സൃന്ദയെ ആണെങ്കിലും പതിവുമട്ടിൽ കാണുന്ന കഥാപാത്രമാക്കരുതെന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് മന്ത്രിയായി വരുന്നത്. ഇവരായിരിക്കും എന്ന് ആളുകൾ പ്രതീക്ഷിക്കുന്ന തരത്തിലാവരുത് എന്നുണ്ടായിരുന്നു.

ഇപ്പോൾ ഏത് സിനിമയാണ് മനസിൽ ഓടിക്കൊണ്ടിരിക്കുന്നത്?

രണ്ടു മൂന്ന് സിനിമകളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്. സിനിമ ഓരോ നിമിഷവും മാറുകയാണ്. ഇവിടെ പിടിച്ചു നിൽക്കണമെങ്കിൽ നമ്മളും ആ മാറ്റം ഉൾക്കൊണ്ടേ പറ്റൂ. ഇതൊരു ലേണിംഗ് പ്രോസസ് കൂടെ ആണ്. എല്ലാ മാറ്റവും ഉൾക്കൊണ്ടു വേണം മുന്നോട്ട് പോകാൻ. ഒരു പ്രത്യേകതരം ജോണറിലുള്ള സിനിമയല്ല എന്റെ മനസിലുള്ളത്. തയ്യാറാക്കി വച്ച തിരക്കഥകളിൽ ഹൊററും ആക്ഷനും എല്ലാമുണ്ട്. അതിനപ്പുറം ഏത് സിനിമയെടുത്താലും അതിൽ എന്തെങ്കിലും വ്യത്യസ്‌തത വേണമെന്ന പക്ഷക്കാരനാണ് എന്നിലെ സംവിധായകൻ. സിനിമ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ പ്രേക്ഷകർക്ക് കൊണ്ടു പോകാൻ എന്തെങ്കിലും സിനിമയിൽ നിന്നും കിട്ടിയിരിക്കണം, അവിടെ ആ കാഴ്‌ച അവസാനിക്കരുത് എന്നാണ് എന്റെ ചിന്ത.

IRATTA Official Trailer | Joju George | Martin Prakkat | Anjali | Rohit MG Krishnan

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക