രോമാഞ്ചം - ആത്മാവിന് ഒരു ചിരിപ്പുതപ്പ്

Reviews

പെൻഷൻകാരുടെ പറുദീസ എന്ന് അറിയപ്പെട്ടിരുന്ന ബാംഗ്ലൂർ തൊണ്ണൂറുകളോടെയാണ് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു ഐ ടി ഹബ്ബ് ആയി മാറുന്നത്. അതിനെ തുടർന്നാണ് ബാംഗ്ലൂരിലേക്ക് മധ്യ വർഗ്ഗ മലയാളി യുവാക്കളുടെ ഒരു കുത്തൊഴുക്ക് തുടങ്ങിയത്. ഐ ടി അനുബന്ധ ജോലികളിൽ മാത്രമല്ല ഹോസ്പിറ്റാലിറ്റി, സെയിൽസ്, ഹെൽത്ത് തുടങ്ങി ഏത് സെക്ടറിൽ ആയാലും ബാംഗ്ലൂരിൽ എത്തിപെട്ടാൽ ജോലി കിട്ടും എന്ന വിശ്വാസത്തിൽ വണ്ടി കയറിയത് എത്രയെത്ര മലയാളികളാണ്. ഐ ടി ബൂമിന്റെ ആദ്യ തിരയിൽ കയറിപ്പോയവരുടെ ജീവിതശൈലി ഇരുട്ടി വെളുക്കും പോലെ മാറിയപ്പോൾ അങ്ങേ വശത്ത് struggle ചെയ്യുന്നവർ നഗരത്തിൻ്റെ പ്രാന്ത പ്രദേശങ്ങളിലേക്ക് ചേക്കേറി. ജയാ നഗറും മാരത്തഹള്ളിയും പോലെ അജഗജാന്തര ജീവിതങ്ങൾ. ആ രണ്ടാമത്തെ കൂട്ടരുടെ ജീവിതത്തിൽ ആണ് ജിത്തു മാധവൻ തന്റെ ആദ്യ സിനിമയായ രോമാഞ്ചം പ്ലേസ് ചെയ്തിട്ടുള്ളത്.

സ്വഭാവം കൊണ്ടും പശ്ചാത്തലം കൊണ്ടും ഒന്ന് മറ്റൊന്ന് പോലല്ലാത്ത ഏഴ് ചെറുപ്പക്കാർ suburban ബാംഗ്ലൂരിലെ ഒരു വാടക വീട്ടിൽ ഒന്നിച്ച് താമസിക്കുന്നു. ജോലിക്ക് പോകുന്നത് ഒരാൾ മാത്രം. ബിസിനസ്സ് പൊളിഞ്ഞ ഒരാളുമുണ്ട്. ബാക്കി എല്ലാവരെയും drifters എന്ന ഗണത്തിൽ പെടുത്താം. ബാംഗ്ലൂരിലെ ഏത് ഏരിയയിലും കാണാൻ കഴിയുന്ന ഗ്രോസറി ഷോപ്പ് നടത്തുന്ന മലയാളി അന്നദാതാവിന്റെ  കനിവിൽ തട്ടി മുട്ടിപ്പോകുന്ന അവരുടെ ജീവിതത്തിൽ ഒരു ഓജോ ബോർഡ് വരുത്തുന്ന മാറ്റങ്ങളും പ്രശ്നങ്ങളും ആണ് സിനിമയുടെ പ്രമേയം. പ്രദേശം, ജാതി, മതം, പ്രായം ഇതെല്ലാം മറികടന്ന് അവരുടെ ഇടയിലുള്ള comradeship-ൻ്റെ ഊഷ്മളതയും അതിനിടയിൽ പറഞ്ഞു പോകുന്നുണ്ട്.

തുടക്കം മുതൽ അവസാനം വരെ സാഹചര്യങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന സ്വാഭാവിക നർമ്മം കൊണ്ട് പ്രേക്ഷകരെ സിനിമയിൽ engage ചെയ്യിക്കുന്നതിൽ എഴുതി സംവിധാനം ചെയ്ത ജിത്തു മാധവൻ വിജയിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ ഉള്ളറിഞ്ഞ പ്രകടനം എടുത്ത് പറയേണ്ടതാണ്. സൗബിൻ തന്റെ കഥാപാത്രത്തെ ആയാസരഹിതമായി അവതരിപ്പിച്ചപ്പോൾ കൂടെയുള്ള താരതമ്യേന പുതിയ അഭിനേതാക്കൾ ഓരോരുത്തരും പൊളിച്ചടുക്കി എന്ന് തന്നെ പറയാം. വീടിന്റെ  ബോസ്സ് എന്ന് പറയാവുന്ന നിരൂപ് എന്ന കഥാപാത്രത്തെ സജിൻ ഗോപു ഗംഭീരമായി അവതരിപ്പിച്ചു. ഒതളങ്ങാ തുരുത്തിലെ എബിൻ ബിനോയുടെ കരിയറിൽ ഇതിലെ ഷിജപ്പൻ എന്ന വേഷം വഴിത്തിരിവാകും എന്നുറപ്പ്. ഷർട്ട് ഇടാതെ അലയുന്ന മുകേഷ് (സിജു സണ്ണി), മത്തി (ശ്രീജിത്ത് നായർ), സോമനി ആവാൻ ശ്രമിച്ച് പരാജയപ്പെട്ട സോമൻ (ജഗദീഷ് കുമാർ), ജോലിക്ക് പോകുന്നതിന്റെ  അഹങ്കാരം മാത്രമുള്ള റിവിൻ (അനന്തരാമൻ) കരിക്കുട്ടൻ (അഫ്സൽ), ഡി ജെ ബാബു (ജോമോൻ) എന്നിങ്ങനെ ഓരോരുത്തരും കഥാപാത്രങ്ങൾ ആയിത്തന്നെ മാറി എന്നത് കൊണ്ടാണ് ഇതിലെ ഹ്യൂമർ വർക്ക് ആവുന്നതിന്റെ  മറ്റൊരു പ്രധാന കാരണം.

ഇടവേളക്ക് ശേഷം വരുന്ന അർജുൻ അശോകൻ സ്ക്രീനിൽ വരുന്ന ഓരോ നിമഷവും തിയേറ്റർ ഇളകി മറിയുകയായിരുന്നു. ഇത് വരെ കാണാത്ത അർജുൻ അശോകനെ ഈ സിനിമയിൽ കാണാം. അത് പോലെ ഒരു സീനിൽ മാത്രം വരുന്ന ചെമ്പൻ വിനോദ് ജോസ് ഒരു ഓളം സൃഷ്ടിച്ച് പോകുന്നുണ്ട്. തികച്ചും ബോയ് സോണിലുള്ള സിനിമ ആണെങ്കിലും ചെറിയ സ്ക്രീൻ സ്പേസിൽ ദീപിക  ശിവ തന്റെ  നഴ്സ് കഥാപാത്രത്തെ ഭംഗിയാക്കിയിട്ടുണ്ട്.

സുഷിൻ ശ്യാമിന്റെ  സംഗീതം തുടക്കം മുതൽ അവസാനം വരെ സിനിമയുടെ മൂഡിനോട് ചേർന്ന് പോവുകയും പലയിടങ്ങളിലും വൈബ് സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്. പാട്ടുകളുടെ മൂഡിന് അനുയോജ്യമായ വിനായക് ശശികുമാറിന്റെ  വരികൾക്ക് ഒരു സല്യൂട്ട്. സനു താഹിറിന്റെ  ഛായാഗ്രഹണം, കിരൺ ദാസിന്റെ  എഡിറ്റിംഗ്, ബംഗ്ലാന്റെ പ്രൊഡക്ഷൻ ഡിസൈൻ എന്നിവ ഒന്നാന്തരം.

ആദ്യന്തം ഒരു എന്റർടെയ്നർ ആവാൻ ആണ് ഈ സിനിമ ശ്രമിച്ചിട്ടുള്ളത്. അതിനപ്പുറം ഒന്നുമാകാൻ ശ്രമിക്കുന്നില്ല എന്നതാണ് അതിന്റെ ബ്യൂട്ടി. ആ  ശ്രമത്തിൽ സംവിധായകൻ ജിത്തു മാധവ് വിജയിച്ചു എന്നതിന് തെളിവാണ് തിയേറ്ററുകളിൽ  ഉയരുന്ന ചിരിയും കയ്യടിയും. ഈ സിനിമ ഒറ്റക്ക് കണ്ടാലും നല്ല വണ്ണം രസിക്കും. പക്ഷേ സുഹൃത്തുക്കളോടൊപ്പം കണ്ടാൽ കിട്ടുന്നത് പ്രത്യേക വൈബ് ആയിരിക്കും എന്നത് ഉറപ്പ്. മൊത്തത്തിൽ അകത്തിരുന്ന് ചിരിക്കാനും ചിരിയോടെ പുറത്ത് വരാനും കഴിയുന്ന ഒരു സിനിമ.

Romancham - Official Trailer | Johnpaul George | Girish Gangadharan | Joby George | Jithu Madhavan

 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

 

 

Comment