"കള്ളി കള്ളി മാസ്ക് ടു കാളിയമർദ്ദനം - ദീപിക ദാസ് പൊളിച്ചു"

Interviews

''ഈ കള്ളികള്ളി മാസ്‌ക്കില്ലേ. . . റെയർ പീസാണ്. എവിടെയും കിട്ടാനില്ല. കൊറോണയെ അടുപ്പിക്കൂല്ല. . . '' കൊവിഡ് കാലത്ത് ആളുകളുടെ ബോറടിയെ ചിരിപ്പിച്ച് കൊന്ന് പൊളിച്ച്, കിടുക്കി പറന്നു നടന്ന ഡയലോഗാണിത്. വാട്‌സാപ്പുകളിൽ നിന്നും വാട്‌സാപ്പുകളിലേക്കും സോഷ്യൽ മീഡിയയുടെ ലോകം ചുറ്റിയും ഈ കുഞ്ഞുവീഡിയോ അതിവേഗം ബഹുദൂരം കുതിച്ചു. എങ്ങോട്ടുമിറങ്ങാനാവാതെ വീട്ടിലിരുന്ന് ഡിപ്രഷനടിച്ചവർ അത് കണ്ട് കണ്ട് പൊട്ടിച്ചിരിച്ചപ്പോൾ മനസിൽ കുന്നുകൂടിയ ഭാരം പല വഴി പോയ് മറഞ്ഞു. തനി കണ്ണൂര് ഭാഷയിൽ മുഖത്തെ ഭാവങ്ങൾ കൊണ്ടുമാത്രം ഒരു ജനതയെ അന്ന് ചിരിപ്പിച്ച ആ പെൺകുട്ടി ഇപ്പോൾ, ആളുകളെ നിറുത്താതെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രത്തിലുണ്ട്. 'രോമാഞ്ചം' എന്നാണ് ആ സിനിമയുടെ പേര്. രസകരമായ നിമിഷങ്ങളിൽ അവിടെയും ആ മാസ്‌ക്കുകാരി മിന്നിച്ചു. ചിത്രത്തിന്റെ ആദ്യ സീനിൽ സൗബിനെ നോക്കുന്ന നഴ്‌സിന്റെ വേഷത്തിലെത്തിയ ആ പെൺകുട്ടിയാണ് ദീപികാദാസ്. നീണ്ട വേഷമെല്ലങ്കിൽ പോലും മികവോടെ അഭിനയിച്ചതുകൊണ്ടാണ് ദീപികയെ സിനിമ കണ്ടവർ ഓർക്കുന്നതും കാണുമ്പോൾ ഓടി വന്നു വിശേഷങ്ങൾ തിരക്കുന്നതും. കണ്ണൂർ പയ്യന്നൂരുകാരിയായ ഈ മിടുക്കിക്ക് പറയാനുള്ളതെന്താണ്?

ഐ. സി. യുവിൽ നിന്നും പുറത്ത് കടക്കാനുള്ള പാസ് വേർഡ് സൗബിന് പറഞ്ഞു കൊടുത്ത പെൺകുട്ടീ, പറയൂ രോമാഞ്ചത്തിൽ എങ്ങനെയെത്തി?
ഞാൻ അഭിനയിച്ച പയ്യന്നൂരിലെ സാൾട്ടി ഫിഷ് മീഡിയയുടെ കൊവിഡ് കാലത്ത് ചെയ്‌ത 'കള്ളിക്കളി മാസ്‌ക് ' എന്ന വീഡിയോ വൈറലായിരുന്നു. സ്‌കെച്ച് വീഡിയോ ആയാണ് ചെയ്‌തത്. അത്യാവശ്യം എല്ലാവരും അത് നോട്ട് ചെയ്തു. എന്റെ ക്ളാസ്‌മേറ്റ് ഷിഫ്ന ബബിൻ 'രോമാഞ്ച' ത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഒരു വേഷമുണ്ട് നോക്കട്ടെ എന്നു പറഞ്ഞിരുന്നു. ഷൂട്ടിംഗിന് രണ്ടാഴ്‌ച മുമ്പാണ് വരാമോ എന്ന് എന്നോട് ചോദിച്ചത്. സൗബിക്കയൊക്കെയാണല്ലോ അഭിനയിക്കുന്നത്. പിന്നെ ഒന്നും നോക്കീല്ല. ഇറങ്ങി എന്നു പറയാം.

പയ്യന്നൂരുകാര് സന്തോഷത്തിലാണോ?
ആയെന്ന് തോന്നുന്നു. ഒരു ചെറിയ വേഷം ഉണ്ടെന്ന് മാത്രമേ കൂട്ടുകാരോടൊക്കെ പറഞ്ഞുള്ളൂ. അധികം എക്‌സ്‌പെക്‌ട് ചെയ്യേണ്ട എന്ന് ആദ്യമേ തന്നെ പറഞ്ഞു. സിനിമ ഇറങ്ങിയപ്പോഴാണ് വന്നും പോയുമുള്ള റോളല്ല, ഫസ്റ്റ് സീനും ഫസ്റ്റ് ഡയലോഗും എന്റേതാണെന്ന് അവർ അറിഞ്ഞത്. അത് വലിയ സന്തോഷമായിരുന്നു എല്ലാവർക്കും. ഇൻസ്റ്റഗ്രാമിലൊക്കെ കുറേയധികം മെസേജുകൾ വരുന്നുണ്ട്. കള്ളിക്കളി മാസ്‌കല്ലേ എന്ന് എന്നെ മെൻഷൻ ചെയ്‌തൊക്കെ ഇടുന്നത് കാണുമ്പോൾ ഒരു സന്തോഷമുണ്ട്. നഴ്സായി തന്നെ തോന്നും എന്ന് കുറേ പേർ പറഞ്ഞു.

സാക്കിർ ഹുസൈന്റെ തബലയും പിന്നെ ആ കാളിയമർദ്ദനവും. രസമായിരുന്നു അല്ലേ ആ സീനുകൾ?
അതേ. . . എനിക്ക് തിരക്കഥ നേരത്തെ കിട്ടി. അത് വായിക്കുമ്പോൾ ആ തമാശകൾ അങ്ങനെ കിട്ടണമെന്നില്ല. സിറ്റുവേഷനായും എക്‌സ്‌പ്രഷനുകളുമാകുമ്പോഴാണ് ആളുകൾക്ക് തമാശ പെട്ടെന്ന് വർക്ക് ആകുന്നതെന്ന് തോന്നുന്നു. സാക്കിർ ഹുസൈനും കാളിയമർദ്ദനവും അതേ പോലെയാണ്. പറയുമ്പോഴല്ലല്ലോ, ആ സീൻ കണ്ടാലല്ലേ. . . . അതിലെ രസമറിയുള്ളൂ. . . തിയേറ്ററിൽ ആളുകൾ ഈ സീനിലൊക്കെ പൊട്ടി പൊട്ടി ചിരിക്കുമ്പോൾ സന്തോഷം തോന്നി.

ആളുകളെ ചിരിപ്പിച്ച സിനിമയുടെ ഷൂട്ടിംഗിലും ചിരിയായിരുന്നോ?
എല്ലാവരും കൂളായിരുന്നു. എനിക്ക് മൂന്നോ നാലോ ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. എനിക്ക് വലിയ ബുദ്ധിമുട്ട് തോന്നിയില്ല. കുറച്ച് ഷോർട്ട് ഫിലിമുകളൊക്കെ ചെയ്‌തതു കൊണ്ടാവണം, അഭിനയിക്കുമ്പോൾ ഞാൻ ഓക്കെയായിരുന്നു. സൗബിക്കയ്‌ക്കൊപ്പം നിൽക്കുമ്പോൾ മാത്രം ഒരൽപ്പം ടെൻഷനായി.

സൗബിൻ സൂപ്പറല്ലേ?
പിന്നേ. പരിചയപ്പെടുന്നതിന് മുമ്പ് ടെൻഷനായിരുന്നു. ആളെ നേരിട്ട് കണ്ടപ്പോൾ വലിയ എക്സ്‌റ്റൈറ്റ്‌മെന്റായി. പിന്നെ പരിചയപ്പെട്ടു. ഇവരൊക്കെ വലിയ വലിയ ആളുകളായതുകൊണ്ടാണ് എങ്ങനെ ഇടപെടണമെന്ന കൺഫ്യൂഷനും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. സൗബിക്ക ഫ്രണ്ട്ലിയായിരുന്നു. നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന് തോന്നിക്കഴിഞ്ഞാൽ, എന്തേലും തമാശയൊക്കെ പറഞ്ഞ് കൂളാക്കാൻ നോക്കും. അകൽച്ചയൊന്നും കാണിക്കില്ല.

നേരത്തെ തിരക്കഥ വായിച്ചതുകൊണ്ട് ഇങ്ങനെ ചെയ്യണമെന്ന് എന്ന് പ്ളാൻ ചെയ്‌തോ?
ഇല്ല. സംവിധായകൻ പറയുന്നതിനനുസരിച്ച് ചെയ്‌താൽ മതിയല്ലേോ. തിരക്കഥയിൽ ആശുപത്രി സീനുകൾ കുറച്ചൂടെ ഉണ്ടായിരുന്നു. അത്യാവശ്യം ലെംഗ്തുള്ള സീനുകൾ. അതു കാണിച്ച് ലാഗ് ചെയ്യേണ്ട എന്നു വിചാരിച്ച് ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ കട്ട് ചെയ്‌ത് ചെയ്‌ത് പോകുകയായിരുന്നു.

ഈ സിനിമയിലും കണ്ണൂരുകാരിയാണല്ലോ?
കണ്ണൂര് ഭാഷ മതിയെന്ന് പറഞ്ഞതു കൊണ്ടാണ്. ഇനി കണ്ണൂർ ഭാഷ അധികം ചെയ്യേണ്ടെന്ന് ഒരുപാട് പേർ പറയുന്നുണ്ട്. എനിക്ക് അതേ പറ്റുള്ളൂ എന്നു വിചാരിക്കുന്നവരുണ്ടാകാം. അങ്ങനെയല്ല. വരുന്നതെല്ലാം കണ്ണൂരുകാര് കഥാപാത്രങ്ങൾ തന്നെയാണ്.

കലാകാരിയായിരുന്നോ പണ്ടേ?
സ്‌കൂളിലും കോളേജിലും പാട്ട് പരിപാടികളിലൊക്കെ മത്സരിക്കും. സഭാകമ്പം ചെറുതായി ഉണ്ടായിരുന്നെങ്കിലും അതെല്ലാം പെട്ടെന്ന് തന്നെ മാറ്റി. കലാപ്രവർത്തനങ്ങളെ പറ്റി ചോദിച്ചാൽ ടിക്ക് ടോക്കിന് മുമ്പ് ട്രില്ലർ എന്ന ആപ്പുണ്ടായിരുന്നു. നീണ്ട ഡയലോഗുകളിൽ ആക്‌ട് ചെയ്യാൻ പറ്റുന്നത്. അതായിരുന്നു തുടക്കം. പിന്നെ ഇരിക്കൂർ സീൽ ടിവിയിൽ ന്യൂസ് റീഡറായി. പയ്യന്നൂർ നെറ്റ്വർക്ക് ചാനലിലും ഉണ്ടായിരുന്നു. അവിടെ നിന്നാണ് സാൾട്ടി ഫിഷ് മീഡിയയുടെ സ്‌കെച്ച് വീഡിയോകളുടെ ഭാഗമാകുന്നത്. 'തളത്തിൽ ദിനേശൻ മീഡിയ' എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. ആ ഷോർട്ട് ഫിലിമുകൾ ശ്രദ്ധിക്കപ്പെട്ടു.

സിനിമയിലെത്തും എന്നൊരു തോന്നലോ മറ്റോ ഉണ്ടായിരുന്നോ?
അങ്ങനെ കഠിനമായി ആഗ്രഹിച്ചിട്ടില്ല. കുറേ വീഡിയോകൾ ചെയ്‌തു കഴിഞ്ഞപ്പോൾ ചെറുതായി ബിഗ് സ്‌ക്രീനിൽ മുഖം കാണിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, നടക്കുമോ എന്നൊന്നും അറിയാത്തതു കൊണ്ട് വലുതായി ആഗ്രഹിച്ചില്ല എന്നാണ് സത്യം. നടന്നില്ലെങ്കിൽ വിഷമിക്കേണ്ടി വരില്ലേ? ഇടയ്‌ക്ക് ചില സിനിമകൾ ചെയ്‌തെങ്കിലും റിലീസായില്ല. ചിലത് പൂർത്തിയാകാനുമുണ്ട്. എന്താണ് എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ,'രോമാഞ്ചം' ആ തോന്നലുകളെയെല്ലാം മായ്ച്ചു കളഞ്ഞു. കലാപരമായി എന്തെങ്കിലും ചെറുതായി ചെയ്യണം. ആക്ടീവായി ഇരിക്കണം എന്നൊക്കെയായിരുന്നു മനസിൽ. ഭർത്താവ് ശ്രീനാഥ് അദ്ധ്യാപകനാണ്. പുള്ളി നല്ല പിന്തുണയാണ്.


സത്യം പറഞ്ഞാൽ 'രോമാഞ്ചം' എത്ര തവണ കണ്ടു?
കൊച്ചി വനിതാ വിനീതയിൽ ക്രൂവിന്റെ കൂടെയായിരുന്നു ആദ്യ ഷോ. അതൊരു അംഗീകാരം തന്നെയായിരുന്നു. വീട്ടുകാർക്കൊപ്പവും പ്രമോഷന്റെ ഭാഗമായ രണ്ടുതവണയും സിനിമ കണ്ടു. ഇനിയും കാണേണ്ടി വരും.

രണ്ടാംഭാഗം വരുമല്ലോ അല്ലേ?
അതറിയില്ല. സംവിധായകൻ ജിത്തുവേട്ടൻ അഭിമുഖങ്ങളിലൊക്കെ പറഞ്ഞത് ക്ളൈമാക്‌സ് കയ്യിലുണ്ടെന്നും ഒന്നാം ഭാഗത്തിന്റെ മുകളിൽ നിൽക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിയുമെങ്കിലേ രണ്ടാംഭാഗം ചെയ്യുള്ളൂ എന്നുമാണ്.

ദീപികയുടെ  ഫ്യൂച്വർ പ്ളാൻസ് എന്തൊക്കെയാണ് ?
പയ്യന്നൂർ എടാട്ട് ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും സംസ്‌കൃത സാഹിത്യത്തിൽ പി. ജി കഴിഞ്ഞു. ഇപ്പോൾ ഫാഷൻ ഡിസൈനിംഗിന് ചേർന്നിട്ടുണ്ട്. സിനിമയിൽ നല്ല അവസരങ്ങൾ വരുമ്പോൾ ചെയ്യണമെന്നുണ്ട്.

സിനിമേലുള്ള ആളാണെന്ന് തിരിച്ചറിയുന്നുണ്ടോ ഇപ്പോൾ?
ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ തവണ സിനിമ കാണാൻ പോയപ്പോൾ തന്നെ മനസിലായി. മാസ്‌കിന്റെ കാര്യമൊക്കെ ചോദിക്കുമ്പോൾ ഇതൊക്കെ ഓർത്തിരിക്കുന്നുണ്ടല്ലോ എന്ന് തോന്നും.

സോഷ്യൽ മീഡിയ അവസരങ്ങളുടെ വലിയ ലോകമാണല്ലേ?
അതേ. . . എല്ലാവർക്കും സ്വന്തം കഴിവുകൾ പങ്കുവയ്‌ക്കാനുള്ള ഒരു സ്‌പേസ് അവിടെ ഉണ്ട്. പണ്ട് അങ്ങനെ ശ്രദ്ധിക്കപ്പെടാനുള്ള സാദ്ധ്യതകൾ കുറവായിരുന്നു. ഇന്ന് അങ്ങനെ അല്ലല്ലോ. . . ഞാൻ പോലും വരുന്നത് അങ്ങനെയല്ലേ. . . 

ദീപികയുടെ കള്ളികള്ളി വീഡിയോ

റെയർ പീസ് ആണ് കൊറോണ അടുപ്പിക്കൂല | കള്ളി കള്ളി മാസ്‌ക് കോമഡി | SALTY FISH

 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക