ടേപ്പ് റെക്കാർഡറിൽ നിന്നും ഉയരുന്ന ദ്രുതസംഗീതം സ്‌റ്റേജിലിരുന്ന് ശാന്തമായി ആസ്വദിക്കുന്ന മലർ മിസ്സ്. മുന്നിൽ അനുസരണയോടെ നിൽക്കുന്ന മൂന്ന് ജോഡി കണ്ണുകൾ. സംഗീതം മുറുകി വരുമ്പോൾ ഇതൊക്കെ എന്താണെടാ എന്ന മട്ടിൽ നേതാവായ ജോർജിനെ കുറ്റപ്പെടുത്തി നോക്കുന്ന കൂട്ടുകാരൻ കോയ. മിസ്സ് എന്തു ചെയ്യാൻ പോകുന്നെന്ന് അറിയില്ലെങ്കിലും എന്തു മനോഹരം എന്ന് ജോർജ് കുസൃതിയോടെ തലയാട്ടുന്നു. ശംഭുവിന് പ്രത്യേക ഭാവമൊന്നുമില്ല. പുഞ്ചിരിയോടെ പാട്ട് കേട്ട മിസ്സ് പതുക്കെ പതുക്കെ ചുവടുകളെടുത്ത് ഒന്നാന്തരമൊരു നൃത്തത്തിലേക്ക് സഞ്ചരിക്കുന്നു.
അവിശ്വസനീയമായതെന്തോ കണ്ട അമ്പരപ്പിൽ വിദ്യാർത്ഥികൾ. സ്റ്റെപ്പ്സ് കുറച്ചൂടെ ഈസിയാക്കാമോ എന്നൊരു ചോദ്യം ജോർജിന്റെ വക. പിന്നെയുള്ള സീനിൽ മിസ്സും മിസ്സിനേക്കാൾ വലിയ കുട്ടികളും ചേർന്നുള്ള പവർ ഫുള്ളായ തകർപ്പൻ നൃത്തച്ചുവടുകൾ. പ്രേമം എന്ന എക്കാലത്തെയും മധുരമുള്ള സിനിമ ഒരു പക്ഷേ, മനസിൽ നിന്നു മാഞ്ഞുപോയാലും അതിലെ നായിക സായി പല്ലവി മലർ മിസ്സിന് വേണ്ടി പകർന്നാടിയ ചടുലമായ നൃത്തം അത്രയെളുപ്പത്തിൽ ആരും മറക്കാനിടയില്ല. വേഗതയും താളവും സൗന്ദര്യവും ഒന്നിനൊന്നോട് ചേർന്നു നിൽക്കുന്ന ആ നൃത്തം അന്ന് വരെ കണ്ടു പരിചയിച്ച ശൈലിയിലുള്ളതായിരുന്നില്ല. ആദ്യം കണ്ടപ്പോൾ ഒന്നമ്പരന്നെങ്കിലും മലയാളികൾ ഹൃദയത്തിലേക്ക് ആ ചുവടുകൾ പതിപ്പിച്ചു.
ബഡുഗ - കൊടവ വലാഗ ശൈലിയിൽ നിന്നു കൊണ്ട ആ നൃത്തം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. പലയിടങ്ങളിലായി, പല പ്രായക്കാർ അതിദ്രുതം ആ ചുവടുകളിൽ നൃത്തം ചെയ്‌തു കൊണ്ടിരിക്കുന്നു. പ്രേമത്തിന്റെ നൃത്തം ചിട്ടപ്പെടുത്തിയത് സായി പല്ലവിയാണെന്ന് സിനിമാ ക്രെഡിറ്റിൽ നിന്ന് ബോധ്യമാണല്ലോ. നീലഗിരിയിലെ ബഡഗ കമ്യൂണിറ്റിയിൽ ജനിച്ച സായി പല്ലവിക്ക് അവരുടെ നൃത്ത ശൈലി അന്തർലീനമായി കിട്ടിയതാണ് പ്രേമത്തിലും ഉപയോഗിച്ചിരിക്കുന്നത്. കൂർഗിലെ കൊടവ നൃത്തത്തിലും ഇതേ ശൈലികളാണുള്ളത്. കൂർഗിൽ നിന്ന് നീലഗിരിയിലേക്കെത്തിയ നാട്ടുകാരിലും അവരുടെ കൊടവ - ബഡുഗ നൃത്തം കാണാൻ സാധ്യമാകും.
ബഡഗയിലേയും കൊടവയിലേയും പരമ്പരാഗത നൃത്തങ്ങളുടെ ശൈലിയിൽ നിന്ന് സ്വാധീനം ചെലുത്തിയതാണ് പ്രേമം നൃത്തവും. അതിന്റെ സ്‌റ്റെപ്പ് ഇത്തിരി ഈസിയാക്കാമോ എന്ന് ജോർജ് ചോദിച്ചപ്പോൾ അലിവോടെ മലർ മിസ്സ് അത് സിംപിളാക്കി കൊടുത്തെങ്കിലും ഇത് പഠിക്കുന്നതും ചെയ്‌തെടുക്കുന്നതും അത്ര എളുപ്പമല്ല. പതിവ് നൃത്തരൂപങ്ങളുടെ കെട്ടിലും മട്ടിലുമല്ല ഈ നൃത്തത്തിന്റെ അവതരണം. അരയ്‌ക്ക് താഴെയുള്ള ഭാഗമാണ് വേഗത്തിൽ ഒരു പ്രത്യേക താളത്തിൽ ചലിപ്പിക്കേണ്ടത്. കൈകളും ആ താളത്തിനൊപ്പം ലയിച്ചു ചേരും. ഭൂമിയോട് ഒന്നു കൂടെ അടുക്കുന്ന മട്ടിലാണ് കൊടവ നൃത്തത്തിന്റെ ചുവടുകളിലേറെയും. കൊട്ടിക്കയറുന്നതുപോലെ ഒരു ആവേശം തുടക്കം മുതൽ ഒടുക്കം വരെ മുറുകി വരുന്ന താ ളത്തിൽ വൃത്താകൃതിയിൽ നൃത്തം ചെയ്യുന്നു. നർത്തകരിലും അതേ ആവേശമുണ്ടാകണം. എങ്കിലേ കാണുന്നവർക്കും ആ ആവേശത്തിലേക്ക് അലിഞ്ഞു ചേരാൻ കഴിയൂ. ചുറ്റിത്തിരിഞ്ഞും കൈകൾ കറക്കിയും കാൽചലിപ്പിച്ചും നർത്തകർ ചലിക്കുമ്പോൾ കണ്ണിമയ്ക്കാതെ നോക്കി നിന്നു പോകും. പരമ്പരാഗത കൊടവ വസ്ത്രവും ആഭരണങ്ങളും നെറ്റിയിൽ പരമ്പരാഗത കുങ്കുമവും ധരിച്ചാണ് കൊടവ സ്ത്രീകൾ ഈ നൃത്തം പ്രത്യേക ചടങ്ങുകളിൽ അവതരിപ്പിക്കുന്നത്. ബഗഡയിൽ നിന്നും കുടകിൽ നിന്നുമാണ് വരവെങ്കിലും ഈ പവർഫുൾ പാക്കേജ് ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
കടപ്പാട് : കൂർഗ് ബസ് ഇൻസ്റ്റ പേജ് & എഡി ബഡുഗ ചാനൽ
m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക