മാസും ക്ലാസുമാണ് കൊത്ത; വയലൻസ് സിനിമയിൽ ഗ്‌ളോറിഫൈ ചെയ്യുന്നില്ല | തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രൻ സംസാരിക്കുന്നു

Interviews

എഴുത്തിൽ കവിത്വം വേണമെന്ന പക്ഷക്കാരനാണ് എഴുത്തുകാരൻ അഭിലാഷ് എൻ. ചന്ദ്രൻ. ആ കവിത്വം തനിക്കുണ്ടെന്ന ആത്മവിശ്വാസം 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ നമുക്ക് കാണിച്ചു തന്നിട്ടുമുണ്ട്. അക്രമത്തിന്റെ വഴിയിലൂടെ ആ സിനിമ മുന്നോട്ടു സഞ്ചരിക്കുമ്പോഴും മനസിൽ കൊളുത്തി പിടിക്കുന്ന വല്ലാത്തൊരു മധുരം ആ സിനിമയ്ക്കുണ്ട്. എത്ര കാലം കഴിഞ്ഞാലും ആ മധുരം പ്രേക്ഷകന്റെ ഉള്ളിൽ ഊറി ഊറി നിൽക്കും. സിനിമ ഇറങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും 'പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമ ഓർക്കപ്പെടുന്നതും ബന്ധങ്ങളിലെ മധുരരുചി കൊണ്ടു തന്നെ. ജോഷി സംവിധാനം ചെയ്ത ആ സിനിമയ്ക്ക് ശേഷം അഭിലാഷ് എൻ. ചന്ദ്രൻ വരുന്നത് അദ്ദേഹത്തിന്റെ മകൻ അഭിലാഷ് ജോഷിയ്‌ക്കൊപ്പമാണ്. ദുൽഖർ സൽമാൻ നായകനായ 'കിംഗ് ഓഫ് കൊത്ത' റിലീസാകാൻ ഒരുങ്ങുമ്പോൾ അഭിലാഷ് എൻ. ചന്ദ്രൻ 'കൊത്ത'യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

'കൊത്ത'യുടെ തുടക്കം എവിടെയായിരുന്നു?

2019 ൽ പൊറിഞ്ചു കഴിഞ്ഞ് രണ്ടുമൂന്നു മാസം കഴിഞ്ഞാണ് തുടക്കം. ജോഷി സാർ എന്റെ ഗുരുസ്ഥാനീയനാണ്. ആ സമയത്ത് ദുൽഖറും അഭിലാഷുമായി ഒരുപടം ചെയ്യാനുള്ള പ്ലാനിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. വലിയൊരു പ്ലാറ്റ്‌ഫോമിൽ സിനിമ ചെയ്യാൻ എന്തെങ്കിലും കഥ ഉണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു അഭിലാഷ്. കൃത്യസമയമായിരുന്നു അത്. അങ്ങനെ അഭിലാഷിനോട് കഥ പറഞ്ഞു, ഇഷ്ടപ്പെട്ടു. പിന്നെ ഞാനും അഭിലാഷും കൂടി ദുൽഖറിനോട് കഥ പറഞ്ഞു. കഥയായി കേട്ടപ്പോൾ തന്നെ ദുൽഖറിനത് ഇഷ്ടപ്പെട്ടു. അവിടെ നിന്നാണ് യാത്രയുടെ തുടക്കം. നാലഞ്ചു ഡ്രാഫ്റ്റ് കഥയിൽ ചെയ്തിട്ടുണ്ട്.

തുടർചർച്ചകളിലൂടെയായിരുന്നോ കഥ മുന്നോട്ടു പോയത്?

അതേ. ഓരോ ഡ്രാഫ്റ്റ് കഴിയുമ്പോഴും ദുൽഖറിന്റെ സമയമനുസരിച്ച് കാണുമായിരുന്നു. ഇതിന്റെ ഇടയിൽ കൊവിഡ് വന്നതുകൊണ്ട് കുറച്ച് കാലതാമസം വന്നിട്ടുണ്ട്. അതിനിടയിൽ ഒഴിവ് കിട്ടുമ്പോൾ ഞങ്ങൾ കാണും, എഴുതിയ കഥ ചർച്ച ചെയ്യും. പിന്നെ അതിൽ ക്രിയേറ്റീവായ മാറ്റങ്ങൾ ഉൾപ്പെടുത്തും. അങ്ങനെ അടുത്ത ഭാഗത്തിലേക്ക് കടക്കും.

മനസിൽ കണ്ട 'കൊത്ത' തന്നയല്ലേ  മാറ്റങ്ങൾ വരുത്തിയപ്പോഴും ഫൈനലായി വന്നതും?

തീർച്ചയായും. അതല്ലാതെ ഞാൻ ചെയ്യില്ലല്ലോ. വ്യക്തിപരമായി ഒരു വർക്ക്   ചെയ്യുമ്പോൾ നൂറുശതമാനം കൊടുക്കുന്ന ഒരാളാണ്. ഫൈനൽ ഔട്ട് വരെ നന്നായിരിക്കണമെന്നാണ് നമ്മൾ ചിന്തിക്കുന്നത്.

'കൊത്ത' എന്ന് ആദ്യം കേൾക്കുമ്പോൾ എന്താണിതെന്ന് തോന്നിയേക്കാവുന്ന ടൈറ്റിൽ പിന്നീട് ചർച്ചയായി. എങ്ങനെയാണ് ആ വാക്കിലേക്ക് വന്നത്?

ക്രിമിനൽ പശ്ചാത്തമുള്ള ഒരു സാങ്കൽപ്പിക നഗരത്തിൽ നടക്കുന്ന കഥയാണ് കൊത്ത. ആ നഗരത്തിന് ഒരു പേര് വേണമെന്നുണ്ടായിരുന്നു. കുറേ പേരുകൾ ഞാൻ ചിന്തിച്ച് ചിന്തിച്ചാണ് ഒടുവിൽ കൊത്തയിലെത്തുന്നത്. കൊത്തയ്ക്ക് മലയാളത്തിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്ന സ്ഥലം എന്നാണർത്ഥം. ക്രിമിനൽസിന്റെ താവളമായ ഒരു സ്ഥലത്തെ കഥയാണിത്. ഓരോ കാലത്തും ഓരോ ക്രിമിനൽസാണ് അവിടെ ഭരിച്ചു കൊണ്ടിരുന്നത് എന്നതുകൊണ്ടും ഈ പേര് യോജിക്കുമെന്നു തോന്നിയതു കൊണ്ടാണ് ഞാൻ ആ പേരിട്ടത്.

കൗതുകമുള്ളതുകൊണ്ടും പ്രത്യേകതയുള്ളതു കൊണ്ടും ആ ടൈറ്റിൽ ശ്രദ്ധിക്കപ്പെട്ടു അല്ലേ?

പേര് അനൗൺസ് ചെയ്ത് അധികമാകുന്നതിന് മുമ്പ് തന്നെ പെട്ടെന്നു തന്നെ എല്ലാവരിലേക്കും രജിസ്‌റ്റേർഡായതായി തോന്നി. അങ്ങനെ ഒരു സ്ഥലം എവിടെയോ ഉണ്ടെന്നായിരുന്നു പലരുടെയും ധാരണ. ആ രീതിയിലും ചർച്ചകൾ മുന്നോട്ടു പോയി.

ജോഷി സാറിനൊപ്പം പൊറിഞ്ചു. മകൻ അഭിലാഷിനൊപ്പം കൊത്ത. അഭിലാഷുമായുള്ള കെമിസ്ട്രി എങ്ങനെയായിരുന്നു?

ജോഷി സാറിനൊപ്പം പൊറിഞ്ചുവിൽ വർക്ക് ചെയ്യുമ്പോഴേ അഭിലാഷിനെ അറിയാം. പരിചയവും സൗഹൃദവുമുണ്ട്. ആ സിനിമയിൽ അഭിലാഷ് അസിസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ തുടർച്ചയായുള്ള കെമിസ്ട്രി തന്നെയാണ് കൊത്തയിൽ പ്രവർത്തിക്കുമ്പോഴും ഉണ്ടായത്. ഷൂട്ടിംഗ് സമയത്ത് മുഴുവൻസമയവും ഞാൻ അവിടെ ഉണ്ടായിരുന്നു. ഡയലോഗ് ആഡ് ചെയ്യാനോ, ചിലപ്പോൾ ചെറിയ മാറ്റങ്ങൾ വരുത്താനോ ഉള്ള സാഹചര്യങ്ങൾ ലൊക്കേഷനിൽ  ഉണ്ടായേക്കാം.

ജോഷി സാറുമായുള്ള അടുപ്പം എങ്ങനെയാണുണ്ടായത്?

'പൊറിഞ്ചു മറിയം ജോസ്' സിനിമ വഴിയുണ്ടായ ബന്ധമാണത്. പൊറിഞ്ചുവിന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ സാർ ചെയ്യാമെന്ന് പറഞ്ഞു. ആ സമയത്ത് സാറിന് രണ്ട് പ്രൊജക്ടുകൾ ഉണ്ടായിരുന്നു. അത് മാറ്റി വച്ചാണ് പൊറിഞ്ചുവിലേക്ക് വന്നത്. സാറിന് എന്നെ വലിയ ഇഷ്ടമാണ്. നല്ലത് കണ്ടാൽ അതിനെ പ്രശംസിക്കാൻ ഒട്ടും മടി ഇല്ലാത്ത ആളാണ്. സാറിന് എന്റെ എഴുത്ത് ഇഷ്ടമാണ്. ഡയലോഗുകൾ എഴുതുന്ന രീതിയും വലിയ ഇഷ്ടമാണ്.  പൊറിഞ്ചുവിന്റെ ഷൂട്ടിംഗ് സമയത്തും ഞാനുണ്ടായിരുന്നു. ചില ഡയലോഗുകൾ ലൊക്കേഷനിലിരുന്നും എഴുതിയിട്ടുണ്ട്. എന്റെ ഗുരുസ്ഥാനീയനാണ് ജോഷി സാർ.

പൊറിഞ്ചു ഇപ്പോഴും ഓർമ്മിക്കുന്ന, വീണ്ടും കാണാൻ തോന്നുന്ന മനോഹരമായി ആവിഷ്‌കരിക്കപ്പെട്ട സിനിമ ആണല്ലോ ?

സാറിന്റെ ഒരു കൊറിയോഗ്രാഫിയുണ്ട്. സാർ ലൊക്കേഷനിൽ വന്ന് സ്‌ക്രിപ്റ്റ് പല തവണ വായിച്ചു അത് ആവിഷ്‌കരിക്കുന്ന ഒരു രീതിയാണത്. അതിലൊരു ബ്യൂട്ടി ഉണ്ട്, കവിത ഉണ്ട്,  താളമുണ്ട്. മാസ്റ്റർ ക്രാഫ്റ്റ്‌സ്മാന്റെ കയ്യൊപ്പ് അതിലെല്ലാം കാണാം. അതാവാം കാരണം.

'കൊത്ത'യുടെ ട്രെയ്‌ലറിൽ ഒരുപാട് കഥാപാത്രങ്ങളെ കാണുന്നുണ്ട്. അവർക്കൊക്കെ എന്തോ പറയാനുണ്ടെന്നും തോന്നുന്നുണ്ട്?

ഉണ്ട്. ട്രെയ്‌ലറിൽ കാണുന്നതിലും ഉപരിയുള്ള കഥാപാത്രങ്ങൾ സിനിമയിലുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും അവരുടതോയ ഐഡന്റിറ്റിയും നൽകിയിട്ടുണ്ട്. കാരക്ടർ സർക്കിളുമെല്ലാം ഡെപ്ത്തുള്ള രീതിയിലാണ് സ്‌കെച്ച് ചെയ്തിരിക്കുന്നത്. എല്ലാ കഥാപാത്രങ്ങളും കഥയുമായി കണക്റ്റ് ചെയ്യുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മാസ് സിനിമയാണെങ്കിലും അതിലൊരു ക്ലാസ് എലമെന്റുണ്ട്. സാഹചര്യങ്ങളാണ് കൊത്തയിലെ കഥാപാത്രങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നത്. അല്ലാതെ സ്വയം വിചാരിച്ചിട്ടല്ല പല സാഹചര്യങ്ങളിലേക്കും അവർ എത്തിച്ചേരുന്നത്.

abhilash chandran 4.jpg

കിംഗ് ഓഫ് കൊത്തയുടെ സംവിധായകൻ അഭിലാഷ് ജോഷിയും തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രനും

കഥയുടെ തുടക്കത്തിൽ തന്നെ താരനിർണയം പൂർത്തിയായിരുന്നോ?

ദുൽഖറല്ലാതെ മറ്റാരെയും നായകനായി കണ്ടിരുന്നില്ല. ബാക്കിയുള്ളവരിൽ ചെറിയ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഷബീറിന് ചെയ്ത കഥാപാത്രത്തിനു വേണ്ടി മറ്റു ചിലരെ ആലോചിച്ചിരുന്നു. ഒടുവിൽ ഷബീറിലെത്തുകയായിരുന്നു.  ഏറ്റവും മികച്ച ചോയ്‌സ് എന്ന് ആൾ തന്നെ പ്രൂവ് ചെയ്തു. എല്ലാ ആർട്ടിസ്റ്റുകളും മികച്ച പെർഫോമൻസാണ്  'കൊത്ത'യിൽ കാഴ്ച വച്ചത്.

ദുൽഖറാണെങ്കിലും സാധാരണ കാണുന്ന ലുക്കിലേ അല്ലല്ലോ 'കൊത്ത'യിൽ വരുന്നത്?

ദുൽഖർ 'കൊത്ത'യ്ക്ക് വേണ്ടി വലിയ രീതിയിൽ പ്രയത്‌നിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ മാനറിസം കൊണ്ടു വരുന്നതിനും മറ്റുമായി നിരന്തരം പരിശ്രമിച്ചു. ഒരു വർഷത്തോളമാണ് ദുൽഖർ ഈ ചിത്രത്തിനു വേണ്ടി മാറ്റി വച്ചത്. പല ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട്. ദുൽഖർ നല്ലൊരു നടനാണ്. 'കൊത്ത'യ്ക്ക് വേണ്ടി പരമാവധി നൽകിയിട്ടുണ്ട്. നൂറുശതമാനം പരിശ്രമം നൽകി എന്നു തന്നെ പറയാം.

പാൻ ഇന്ത്യ എന്നൊരു ചിന്ത ചിത്രത്തിന്റെ തുടക്കത്തിലേ മനസിൽ ഉണ്ടായിരുന്നോ?

ആദ്യം തന്നെ ഒരു വലിയ സിനിമ എന്ന രീതിയിലാണ് ആലോചിച്ചത്. കാരണം ദുൽഖറിന് അന്നേ ഒരു പാൻ ഇന്ത്യ മാർക്കറ്റ് ഉണ്ടായിരുന്നു. അതൊരു വലിയ സിനിമ, നാലുഭാഷകളിൽ ഇറങ്ങാവുന്ന സിനിമ എന്നു തന്നെയാണ് മനസിലുണ്ടായിരുന്നത്. അതും കൂടി മനസിൽ കണ്ടാണ് അതിന്റെ  കാൻവാസ് ഞാൻ  വലുതാക്കി എഴുതിയത്. അങ്ങനെ ഒരു മാർക്കറ്റ് തുറന്നു വരുമെന്ന് കൃത്യമായി അറിഞ്ഞു തന്നെയാണ് എഴുത്ത് തുടങ്ങിയത്. സിനിമയ്ക്ക് ഇത്ര സമയമെടുത്തതും അതു കൊണ്ടാണ്.

 'കൊത്ത'യ്ക്കിടെ ടെൻഷൻ ഉണ്ടായ സമയമുണ്ടായിരുന്നോ?

എഴുത്ത് എനിക്ക് ടെൻഷനല്ല. പക്ഷേ, കൊവിഡ് വന്നപ്പോൾ ചെറുതായി ടെൻഷൻ തോന്നി. ഒന്നാമത്തെ ഡ്രാഫ്റ്റ് കഴിഞ്ഞപ്പോഴാണ് പാൻഡെമിക് വന്നത്. സിനിമയ്ക്ക് എന്താണൊരു ഭാവി എന്ന് ആശങ്കപ്പെടുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നല്ലോ. അതെന്നെ വലുതായി ബാധിച്ചിരുന്നു. അതല്ലാതെ സിനിമയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കകളും ഉണ്ടായിരുന്നില്ല. എന്റെ മേൽ യാതൊരു സമ്മർദ്ദമുണ്ടായിരുന്നില്ല. ഞാൻ ഈ ഡ്രാഫ്റ്റുകളെല്ലാം ചെയ്തത് എന്റെ തന്നെ ബോദ്ധ്യത്തോടു കൂടിയാണ്.

തികച്ചും ഭാവനയിൽ നിന്നല്ലേ 'കൊത്ത' വരുന്നത്. ഏതെങ്കിലും അനുഭവങ്ങൾ സ്വാധീനിച്ചിട്ടുണ്ടോ?

റിയൽ ട്രൂ സ്‌റ്റോറി അല്ല 'കൊത്ത'. ഇത് തികച്ചും ഭാവന മാത്രമാണ്. അങ്ങനത്തെ ഒരു കഥ തന്നെയാണ്. എഴുതുമ്പോൾ ഞാൻ പരമാവധി ശ്രമിച്ചത്. എല്ലാവർക്കും റിലേറ്റ്  ചെയ്യാൻ പറ്റുന്ന സിനിമയായി വരണമെന്നാണ് കരുതിയതും. അല്ലാതെ ഒരു മാസ് പടം മാത്രമായി ഒരു സിനിമ ചെയ്യാൻ എനിക്ക് ആഗ്രഹമില്ല. നേരത്തെ പറഞ്ഞതു പോലെ എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ ഒരു സ്‌പേസുണ്ട്. അതേ പോലെ പലതരം മനുഷ്യബന്ധങ്ങൾ കാണിക്കുന്നുണ്ട്  ഇതിൽ. സൗഹൃദം, പ്രണയം, പ്രതികാരം അങ്ങനെ എല്ലാ തരം വികാരങ്ങളും സിനിമയിൽ കടന്നു പോകുന്നു. പലതരം ലെയേഴ്‌സ് ഉണ്ട്. അതിനൊരു റിപ്പീറ്റ് വാല്യു ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പൊറിഞ്ചുവിലും അതുണ്ടായിരുന്നു. പലരും പലതവണ കണ്ട സിനിമയാണ് അതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. നായകൻ മാത്രമല്ല, എല്ലാ കഥാപാത്രങ്ങളും തികവോടെ നിൽക്കുമ്പോഴാണ് ഒന്നു കൂടെ കാണാൻ തോന്നുന്നത്. കൊത്തയിലും അങ്ങനെ ശ്രമിച്ചിട്ടുണ്ട്, അത് നന്നായി ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. കാമറയാണെങ്കിലും ആർട്ടാണെങ്കിലും എഡിറ്റിംഗ് ആണെങ്കിലും എല്ലാവരും നന്നായാണ് ചെയ്തത്. അത് സിനിമ കാണുമ്പോൾ പ്രേക്ഷകർക്കും ബോദ്ധ്യപ്പെടുമെന്നാണ് വിശ്വസിക്കുന്നത്.

കഥാപാത്രങ്ങളൊന്നും തന്നെ ഇന്ന അഭിനേതാക്കളാണെന്ന് തോന്നിക്കുന്നില്ല ട്രെയ്‌ലർ കാണുമ്പോൾ?

അങ്ങനെ പ്രേക്ഷകർക്കും തോന്നുകയാണെങ്കിൽ ഞങ്ങളുടെ പരിശ്രമം വിജയിച്ചന്നെ് പറയാം.

സിനിമ റിലീസിന് മണിക്കൂറുകൾ മാത്രം എന്നു പറയാം. എന്താണ് ഇപ്പോൾ മനസിലുള്ളത്?

എക്‌സൈറ്റ്‌മെന്റുണ്ട്. അതേ സമയം തന്നെ ടെൻഷനുമുണ്ട്. നമ്മൾ എന്തൊക്കെ പറഞ്ഞാലും പ്രേക്ഷകർ ആണല്ലോ വിധി പറയേണ്ടത്. ആദ്യ ഷോ കഴിഞ്ഞ് അഭിപ്രായം വരുന്നതു വരെ ടെൻഷനുണ്ടാകും.

 കഥ നടന്നതു പോലെ തോന്നിപ്പിക്കുന്നുണ്ട് കൊത്ത.ഷൂട്ട് ചെയ്തത് എവിടെയായിരുന്നു?

സാങ്കൽപ്പിക ലോകത്തിൽ നടക്കുന്ന കഥയാണ്. കേരളത്തിൽ അത് ചെയ്താൽ പൂർണത കിട്ടില്ല എന്നതു കൊണ്ട് കാരൈക്കുടി, ചെട്ടിനാട്, രാമേശ്വരം ഭാഗങ്ങളിലായിരുന്നു ഷൂട്ട്. കാരൈക്കുടിയായിരുന്നു പ്രധാന ലൊക്കേഷൻ.   കോസ്റ്റ്‌ലിയായ ആർട്ട് വർക്കാണ് സിനിമയിൽ കൊണ്ടു വന്നത്. ഒരുപാട് ബഡ്ജറ്റ് സിനിമയ്ക്ക് വന്നു. ആർട്ടിസ്റ്റുകൾ, ജൂനിയർ ആർട്ടിസ്റ്റുകൾ, ക്രൗഡ്  ഒക്കെയായി നൂറ്റി പത്തോളം ദിവസങ്ങളിലാണ് ഷൂട്ട് പൂർത്തിയാക്കിയത്. മലയാള സിനിമയിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഇറങ്ങുന്ന സിനിമയാണിത്. തിയേറ്ററിലിറങ്ങി വിജയിക്കാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്.

abhilash chandran 3.jpg

സംവിധായകൻ ജോഷിയും അഭിലാഷ് എൻ ചന്ദ്രനും

എഴുത്തിലൂടെ സിനിമയിൽ എത്തിയതെങ്ങനെയാണ്?

ചെറുപ്പം തൊട്ടേ സിനിമ വലിയ ഇഷ്ടമാണ്. എഴുത്തിന്റെ തുടക്കം കഥകളും കവിതകളുമായാണ്. പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സിനിമയിൽ എത്തിപ്പെടാൻ ഒരു പാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. ഒടുവിലാണ് പൊറിഞ്ചുവിലെത്തുന്നത്. ആ യാത്ര കൃത്യമായി പ്രോസസ് ചെയ്യാൻ ഞാൻ ഓരോ ഘട്ടത്തിലും ഞാൻ സ്വയം ശ്രമിച്ചിട്ടുണ്ട്. ഒരു സിനിമയുടെ കഥ ഒരാളുടെയടുത്ത് അവതരിപ്പിക്കുമ്പോൾ അത് പൂർണമായിരിക്കും. തിരക്കഥ സാഹിത്യം എഴുതുന്നത് പോലെയല്ലല്ലോ. അത് സാഹിത്യത്തിന്റെ മറ്റൊരു രൂപമാണ്. കവിത്വമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വയലൻസുള്ള പടമാണെങ്കിലും അതിലൊരു സ്വീറ്റ്‌നസ് കൊണ്ടു വരാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഞാൻ എഴുതുമ്പോൾ സ്വാഭാവികമായി അത് വരാറുണ്ട്. ഇമോഷൻസിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. ഒരു ആക്ഷൻ സിനിമയാണെങ്കിലും എല്ലാതരം ഇമോഷൻസുമുണ്ട്. ഫാമിലിക്ക് ധൈര്യമായി കയറാൻ പറ്റുന്ന സിനിമയാണ് കൊത്ത. കുറച്ച് വയലൻസ് സീനുകളുണ്ടെങ്കിലും ഫാമിലിക്ക് ഇഷ്ടപ്പെടും.' കൊത്ത' വയലൻസിനെ ഗ്‌ളോറിഫൈ ചെയ്യുന്ന സിനിമയല്ല. പൊറിഞ്ചുവും വയലൻസിനെ ആഘോഷിക്കാത്ത സിനിമയാണ്.

മനസിലെ കഥ അവസാനരൂപമാകുന്നത് വരെ കൂടെ നിൽക്കുന്ന ആളാണ് എന്നു പറയാം അല്ലേ?

 'കൊത്ത വലിയ സിനിമയാണെന്ന് അറിയാമായിരുന്നെന്ന് നേരത്തെ പറഞ്ഞല്ലോ. അങ്ങനെ വരുമ്പോൾ തന്നെ ഒരുപാട്‌ പരിശ്രമം ആ സിനിമയ്ക്ക് കൊടുത്തേ പറ്റൂ. ഇങ്ങനത്തെ വലിയ സിനിമകൾ അടുപ്പിച്ചടുപ്പിച്ച് ചെയ്യാനും പറ്റില്ല എന്നതുമുണ്ട്. വൺസ് ഇൻ എ ബ്‌ളൂ മൂൺ പോലെ സംഭവിക്കുന്ന കാര്യങ്ങളാണിത്. പല ഘടകങ്ങളുണ്ട്‌, എല്ലാം ഒത്തുവരണം, ഓരോ സിനിമയും നാലുവർഷമെടുത്ത് ചെയ്യുക എന്നതും പോസിബിളല്ല. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ആരുടെ കാര്യമെടുത്താലും അതങ്ങനെ തന്നെയാണ്. ഈ സിനിമ അത്ര വലിയ കാൻവാസായതുകൊണ്ടു തന്നെ പരമാവധി
കൊടുക്കുക എന്നതായിരുന്നു എന്റെ നിലപാട്.

ഓരോ മനുഷ്യരും വ്യത്യസ്തരാണ്. എങ്കിൽ പോലും ജോഷി സാറുമായി ഏതെങ്കിലും കാര്യത്തിൽ അഭിലാഷിന് സാമ്യത തോന്നിയിട്ടുണ്ടോ?

അഭി  തന്നെ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത് ജോഷി സാറുമായി ഒരിക്കലും താരതമ്യപ്പെടുത്തരുത് എന്നാണ്. എനിക്ക് തോന്നിയിട്ടുള്ളത്, ആർട്ടിസ്റ്റുകളെ നന്നായി അഭിനയിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിക്കാറുണ്ട് എന്നാണ്.  ജോഷി സാറിന്റെ ഏറ്റവും വലിയ ഗുണമാണത്. അഭിയും അത് ഫോളോ ചെയ്യുന്നതായി തോന്നിയിട്ടുണ്ട്.

King of Kotha Official Trailer | Dulquer Salmaan | Abhilash Joshiy | Jakes Bejoy - Zee Studio

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക