മധുരജീവരാഗത്തിൻ്റെ മയിൽപ്പീലിയിളക്കം - സംസ്ഥാന അവാർഡ് നേടിയ ഗായിക മൃദുല വാര്യർ സംസാരിക്കുന്നു

Interviews

നല്ലൊരു പാട്ട് കിട്ടിയതിന്റെ സന്തോഷത്തോടെയായിരുന്നു ഗായിക മൃദുല വാരിയർ അന്ന് റെക്കാർഡിംഗ് സ്റ്റുഡിയോയിലെത്തിയത്. വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിലെ 'മയിൽപ്പീലി ഇളകുന്നു കണ്ണാ'  എന്ന പാട്ട്. ഇത്തിരി ബുദ്ധിമുട്ടുണ്ടെന്ന് പാട്ടിന്റെ ട്രയൽ കേട്ടപ്പോൾ തന്നെ തോന്നിയെങ്കിലും അതൊന്നും മൃദുലയെ ടെൻഷനടിപ്പിച്ചില്ല. എന്നാൽ സ്റ്റുഡിയോയിൽ പാട്ടിലെ നാലുവരികൾ പാടി പൂർത്തിയാക്കിയെങ്കിലും എന്തോ ഒരു കാര്യം മിസ്സ് ചെയ്തുവോ എന്നൊരു തോന്നൽ. പരിശ്രമിച്ചാൽ ശരിയാകും എന്ന വിശ്വാസം നന്നായുണ്ട്. എങ്കിലും ഏറെ തിരക്കുള്ള സംഗീത സംവിധായകൻ എം. ജയചന്ദ്രൻ സാറിന്റെ സമയം കളയുകയാണോ എന്നൊരു ടെൻഷനും ഇടയ്ക്ക് വന്നു. കുറച്ചു നേരം ചിന്തിച്ച ശേഷം മൃദുല അദ്ദേഹത്തോടു പറഞ്ഞു, സാർ എന്തോ ശരിയാകുന്നില്ല, ഞാനിത് ക്വിറ്റ് ചെയ്യുകയാണ്. കേട്ട ഉടനെ ജയചന്ദ്രൻ ഒന്നും പറഞ്ഞില്ല. പിന്നെ മൃദുലയ്ക്ക് അത് നന്നായി പാടാൻ കഴിയുമെന്ന തന്റെ വിശ്വാസത്തെക്കുറിച്ച്  ഉറപ്പിച്ച് പറഞ്ഞു. അതുമതിയായിരുന്നു മൃദുലയ്ക്ക്. ആ ഉറപ്പിന്റെ ഉള്ളിൽ തൊട്ട്  മൃദുല മലയാളത്തിന് നല്ലൊരു പാട്ട് കൂടെ സമ്മാനിച്ചു.

അന്ന് ഇത്തിരി ടെൻഷനടിപ്പിച്ച പാട്ട് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരമാണ് മൃദുലയ്ക്ക് സമ്മാനിച്ചത്. ഓർക്കാപ്പുറത്ത് തേടിയെത്തിയ സന്തോഷത്തിന് അതിമധുരമാണെന്നാണ് മൃദുല പറയുന്നത്. സ്വപ്നങ്ങൾക്ക് പിന്നാലെ ഒരിക്കലും സഞ്ചരിക്കാത്ത മൃദുല എല്ലായ്പ്പോഴും കഠിനാദ്ധ്വാനത്തെയും പരിശ്രമത്തെയും തന്നെയാണ് ജീവിതത്തിൽ മുറുകെ പിടിക്കുന്നത്. അധികം തിരക്കും ബഹളവുമില്ലാത്ത ജീവിതത്തിൽ മൃദുലഭാവത്തോടെ ശാന്തതയോടെയാണ് ഈ സംഗീതപ്പുഴ ഒഴുകുന്നതും. മൃദുലയുടെ വിശേഷങ്ങളറിയാം.

മൈത്രേയി അവാർഡ് കിട്ടിയ അമ്മയുടെ അടുത്ത് ഓടിയെത്തിയത് നല്ലൊരു അന്ന് കണ്ട നല്ലൊരു മൊമന്റായിരുന്നു?

അവൾക്ക് എന്താണ് സംഭവമെന്ന്  പിടി കിട്ടിയില്ല. എന്തോ കാര്യമുണ്ടെന്ന് മാത്രം മനസിലായി. ഇടയ്ക്ക് ഷൂട്ട് കാണുന്നതാണല്ലോ... ആ സമയത്ത് രണ്ടുദിവസം ഞാൻ തൃശൂരിൽ ഇല്ലായിരുന്നു. അമ്മയ്ക്ക് വയ്യാത്തായതുകൊണ്ട് നാട്ടിലേക്ക് പോയിരുന്നു. അവൾ ഇവിടെയായിരുന്നു. തിരിച്ചു വന്നപ്പോൾ എന്നെ കണ്ട സന്തോഷത്തിൽ ഓടി വന്നതാണ്. മീഡിയ ഉള്ളതൊന്നും അവൾ ശ്രദ്ധിച്ചില്ല. ഞാൻ അവാർഡ് സന്തോഷം മീഡിയയോട് പങ്കുവയ്ക്കുമ്പോഴാണ് അവൾ വന്നത്. അവർ വിളിച്ചപ്പോൾ സന്തോഷം പങ്കിടാൻ എത്തുകയും ചെയ്തു. അവാർഡ് കിട്ടിയതത് അറിഞ്ഞോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു, അവൾ കയ്യിലാണ് നോക്കുന്നത്. അവാർഡ് എന്നു പറയുമ്പോൾ മൊമന്റോ കിട്ടുമെന്നാണ് അവൾ ഉദ്ദേശിച്ചത്. അവാർഡ് കിട്ടിയിട്ട് അതെവിടെ.... കാണിച്ചു തരൂ എന്നായിരുന്നു ആവശ്യപ്പെട്ടത്.

മയിൽപ്പീലി ഇളകുന്നു കണ്ണാ.... എന്ന ഗാനം പരിഗണിക്കുന്നതായി ഒരു സൂചനയും ഇല്ലായിരുന്നു?

ഒരു ക്ലൂവും ഉണ്ടായിരുന്നില്ല. ലാലീ  ലാലീയുടെ സമയത്ത് മീഡിയയിൽ നിന്നൊക്കെ വിളിച്ച്, നോമിനിയാണെന്നാക്കെ പറഞ്ഞതു കൊണ്ട് പ്രതീക്ഷിച്ചിരുന്നു. അവാർഡ് പ്രഖ്യാപനമൊക്കെ അന്ന് ടി.വിയിൽ കണ്ടു.  എന്നാൽ ഇത്തവണ അങ്ങനെ ഒന്നുമുണ്ടായില്ല. അവാർഡ് അന്നാണെന്നു പോലും അറിയില്ലായിരുന്നു. പ്രഖ്യാപനം മാറ്റിവച്ചത് അറിഞ്ഞിരുന്നു. പക്ഷേ, തീയതി ശ്രദ്ധിച്ചില്ല. അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഞാൻ ട്രെയിനിൽ തൃശൂരിലേക്ക് വരികയായിരുന്നു. അപ്പോൾ മീഡിയയിൽ നിന്നും ഒരു കോൾ വന്നു. ഓണം പ്രോഗ്രാമിനെ കുറിച്ച്  ചില ചാനലുകളിൽ നിന്നും വിളി വന്നിരുന്നു. അതാവും എന്നാണ് കരുതിയത്. ട്രെയിനിറങ്ങി തിരിച്ചു വിളിക്കാമെന്ന് ആദ്യം വിചാരിച്ചു. പിന്നെയും കോൾ വന്നപ്പോൾ ഞാനെടുത്തപ്പോൾ അഭിനന്ദനങ്ങൾ എന്ന് കേട്ടു. എനിക്കൊന്നും മനസിലായില്ല. ഞാനൊന്നും മിണ്ടിയില്ല. അപ്പോഴാണ് സംസ്ഥാന സർക്കാർ പുരസ്‌കാരം ഉണ്ടെന്ന് പറഞ്ഞത്. ഞാനാകെ ഷോക്കായി. അങ്ങനെ ഒരു വാർത്ത പ്രതീക്ഷിക്കുന്നേ ഇല്ലല്ലോ... ഒട്ടും പ്രതീക്ഷിക്കാതെ കിട്ടുന്നതിന് മധുരം കൂടും.

Mayilpeeli Ilakunnu | Pathonpatham Noottandu | Siju Wilson, Deepti Sati | Vinayan | M Jayachandran

 

ഈ പാട്ട് വിട്ടുപോരാൻ തുടങ്ങിയിരുന്നു?

 ജയചന്ദ്രൻ സാർ ഇങ്ങനെ ഒരു പാട്ടുണ്ടെന്ന് പറഞ്ഞ് ട്രാക്ക് അയച്ചു തന്നു. കേട്ടപ്പോൾ നല്ലൊരു പാട്ട്. എനിക്ക് സന്തോഷമായി. അതേ സമയം തന്നെ പാടി ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ളൊരു പാട്ടാണല്ലോ എന്ന് ഓർക്കുകയും ചെയ്തു. ഏതായാലും പാടി നാക്കാമെന്ന് വിചാരിച്ചു. കൊച്ചി മൈ സ്റ്റുഡിയോയിലായിരുന്നു റെക്കാർഡിംഗ്. ഈ പാട്ട് ഒരേ സമയം തന്നെ പെപ്പി നമ്പരും സെമി ക്ലാസിക്കലുമാണ്. വൈബ്രന്റായും നല്ല എനർജിയോടെയും പാടേണ്ട പാട്ട്. എല്ലാകാര്യങ്ങളും ശ്രദ്ധിച്ചു പാടേണ്ട പാട്ട്. അത് പാടിയപ്പോൾ എന്തോ ഒരു കാര്യം മിസ്സായെന്ന് എനിക്ക് തോന്നി. നമ്മൾ ആവർത്തിച്ചു പാടുമ്പോൾ സാറിന്റെ സമയവും പോകുകയാണല്ലോ എന്ന് ഞാൻ ഓർത്തു. അപ്പോൾ ഞാൻ പറഞ്ഞു, സാർ എനിക്ക് പറ്റിയ പാട്ടാണെന്ന് തോന്നുന്നില്ല, എന്തോ ഒന്ന് മിസ്സ് ചെയ്യുന്നു, വർക്കൗട്ട് ആവുന്നില്ല എന്ന് പറഞ്ഞു. കുറേ ചിന്തിച്ച ശേഷം ഞാൻ ക്വിറ്റ് ചെയ്യുകയാണെന്ന് സാറിനോട് പറഞ്ഞു. സാർ പെട്ടെന്നൊന്നും മിണ്ടിയില്ല. കുറച്ചു നേരം ആലോചിച്ചിരുന്നു. ആദ്യമായാണ് സാറിനോട് ഒരാൾ ഇങ്ങനെ പറയുന്നതെന്ന് തോന്നുന്നു. ഇത്രയും നല്ലൊരു പാട്ട് കിട്ടിയിട്ട് ആരെങ്കിലും ക്വിറ്റ് ചെയ്യാമെന്ന് പറയുമോ. എത്ര വേണമെങ്കിലും ട്രൈ ചെയ്യാൻ ഞാൻ റെഡി ആയിരുന്നു. പണ്ടുമുതലേ ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണ് ഞാൻ. കിട്ടിയ ഒന്നും തന്നെ നഷ്ടപ്പെടുത്തിയിട്ടില്ല. പക്ഷേ, ഇതിന് സംഭവിച്ചത് സാറിന്റെ സമയം പോകുന്നതായിരുന്നു എന്റെ ടെൻഷൻ. അത്രയും വലിയൊരു മനുഷ്യൻ, നമുക്ക് വേണ്ടി സമയം നഷ്ടപ്പെടുത്തുന്നു എന്നത് സങ്കടമുള്ള കാര്യമായിരുന്നു. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. മൃദുവിന്റെ ടാലന്റിൽ അത്ര വിശ്വാസമുള്ളതു കൊണ്ടാണ് ഈ പാട്ട് പാടാൻ  വിളിച്ചത്. ആ വിശ്വാസം ഇപ്പോഴും ഉണ്ടെന്ന് സാർ അടുത്ത നിമിഷം തന്നെ പറഞ്ഞു. പിന്നെ കുറേ ഇൻസ്പയറിംഗ് സ്റ്റോറികൾ പറഞ്ഞു തന്നു. അപ്പോൾ തന്നെ ഞാൻ ഓകെയായി. അതുകഴിഞ്ഞ് പാടിയപ്പോൾ പാട്ട് ഭംഗിയായി വന്നു.

അന്ന് തന്നെ പാടി, ഓകെയാക്കി?

അതേ ദിവസം തന്നെ. ഒരഞ്ചുമിനുറ്റ് സാർ സംസാരിച്ചു കഴിഞ്ഞ് ഞങ്ങൾ ഒറ്റ സ്ട്രെച്ചിൽ തന്നെ അതെടുത്തു. നന്നായി വരികയും ചെയ്തു. ആ പാട്ട് ഞാൻ പാടേണ്ടതാണെന്ന നിയോഗമുണ്ടാകും. സാർ പൊയ്ക്കോളൂ എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ പാട്ട് ഉണ്ടാകില്ലായിരുന്നല്ലോ.

അവാർഡ് വിവരം അറിഞ്ഞപ്പോൾ സാർ എന്തു പറഞ്ഞു?

ഈ അവാർഡ് വിവരം  വരുന്ന സമയത്ത് ഞാൻ ട്രെയിനിലായിരുന്നു. സാറിന് അവാർഡുണ്ടെന്ന കാര്യം അപ്പോൾ എനിക്കറിയില്ലായിരുന്നു. അതാണ് ഏറ്റവും വലിയ തമാശ. എന്റെ അവാർഡ് വിവരം അറിഞ്ഞപ്പോൾ ഞാൻ വീട്ടുകാരെ മാറി മാറി വിളിക്കുന്നുണ്ടായിരുന്നു. ഈ സന്തോഷം ആരോടെങ്കിലും പങ്കുവയ്ക്കണമല്ലോ... അവർ വിവരം അറിഞ്ഞോ എന്നൊന്നും അറിയാൻ സാധിച്ചിരുന്നില്ല. കുറേ കോളുകൾ എനിക്കും വന്നു കൊണ്ടിരുന്നു. അതിനിടെ എന്തോ ഭാഗ്യത്തിന് സാറിനെ ഫോണിൽ കിട്ടി. സാറിന്റെ അവാർഡ് അറിയാത്തതിനാൽ വിളിച്ചപ്പോൾ അഭിനന്ദനങ്ങൾ പറയാനും സാധിച്ചില്ല. സാർ ഇങ്ങോട്ടാണ് ആശംസകൾ തന്നുകൊണ്ടിരിക്കുന്നത്. സന്തോഷിക്കേണ്ട സമയമാണിതെന്നും അതൊരിക്കലും വിട്ടുകളയരുതെന്നും സാർ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. കുറേ ബ്ളെസിംഗ്സൊക്കെ തന്നു. അപ്പോഴും ഞാൻ തിരിച്ചൊരു വാക്ക് സാറിന് അഭിനന്ദനങ്ങൾ പറയുന്നില്ല. പിന്നെ കുറേ കഴിഞ്ഞാണ് ഞാൻ സാറിന്റെ അവാർഡ് അറിഞ്ഞത്. അന്ന് വീട്ടിലെത്തുമ്പോഴേക്കും മീഡിയയും വന്നു. അന്ന് സന്ധ്യയൊക്കെ കഴിഞ്ഞപ്പോഴാണ് മറ്റു അവാർഡുകളൊക്കെ അറിഞ്ഞത്. പിന്നെ സാറിനോട് സംസാരിച്ചത് ചാനലിലൂടെയായിരുന്നു. അന്ന് രണ്ടു ചാനലുകളിൽ സാറും ഞാനും അതിഥിയായുണ്ടായിരുന്നു. അപ്പോഴും എനിക്കറിയില്ലായിരുന്നു സാറിന്റെ അവാർഡ് വിവരം എന്നു പറഞ്ഞില്ല.

നല്ല പാട്ടു പാടിയാലും അവാർഡിലെത്താൻ അതിന്റേതായ സമയം വരണം അല്ലേ...?

തീർച്ചയായും. പലരും പറഞ്ഞുകേട്ട് ഞാൻ മനസിലാക്കിയ ഒരു കാര്യം, അവാർഡ് കമ്മിറ്റി കുറച്ചു മികച്ച സിനിമകൾ തിരഞ്ഞെടുക്കുമെന്നും ആ സിനിമകളിൽ വരുന്ന പാട്ടുകളാണ് അവാർഡിന് പരിഗണിക്കുന്നതെന്നുമാണ്. ഞാൻ കഴിഞ്ഞവർഷം കുറേ നല്ല പാട്ടുകൾ പാടിയിട്ടുണ്ട്. 'സുന്ദരിഗാർഡൻസ്' പോലെയുള്ള ചിത്രങ്ങളിൽ നല്ല സോളോ പാട്ടുകൾ വന്നിട്ടുണ്ട്. ഓരോ പാട്ടു വരുമ്പോഴും എന്റെ പാട്ടുകളെ ഫോളോ ചെയ്യുന്നവർ മെസേജ് അയക്കും. ഈ പാട്ട് കൊള്ളാം കേട്ടോ, അവാർഡ് കിട്ടും എന്നൊക്കെ പറഞ്ഞ്. അതവരുടെ സന്തോഷത്തിന് വേണ്ടി പറയുന്നതാണ്. അതു കേൾക്കുമ്പോൾ എനിക്കും സന്തോഷം തന്നെ. എങ്കിലും അവാർഡ് എന്ന രീതിയിലൊന്നും ചിന്തിച്ചിട്ടു പോലുമില്ല. നമ്മുടെ കയ്യിലേ അല്ല ഈ കാര്യങ്ങളെന്നും അറിയാം. തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളിൽ നമ്മൾ പാടിയവയും ഉൾപ്പെടണം. ഇത്തവണ ജൂറി തിരഞ്ഞെടുത്ത മൂവികളിലൊന്നാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്നതിനാലാണ് ഈ പാട്ടും പരിഗണിച്ചതെന്നാണ് ഞാൻ മനസിലാക്കുന്നത്. അതുവച്ചാണ് ഫൈനൽ തീരുമാനം വരുന്നത്.

പാട്ടുകൾ വരുന്ന ഒരു രീതി എങ്ങനെയാണ്. സംഗീത മേഖലയിൽ ബന്ധങ്ങളൊക്കെ സൂക്ഷിക്കാറുണ്ടോ?

ഞാനതിൽ വളരെ വളരെ പുറകോട്ടാണ്. മോശമാണെന്ന് തന്നെ പറയാം. പി.ആർ നന്നായി വേണ്ട മേഖല തന്നെയാണിത്. എനിക്കത് അത്രയും നന്നായി മാനേജ് ചെയ്യാൻ കഴിയാറില്ല എന്നതാണ് സത്യം. പക്ഷേ, ഇപ്പോൾ ഞാൻ വാട്സാപ്പിൽ ഒരു ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. പുതിയ പാട്ടുകൾ വരുമ്പോൾ മ്യൂസിക്ക് ഡയറക്ടേഴ്സിനുൾപ്പെടെ അയച്ചു കൊടുക്കും. ഇങ്ങനെ അയച്ചു കൊടുക്കുമ്പോൾ നമ്മുടെ ഒരു പുതിയ പാട്ട് വന്ന് എന്നറിയിക്കുന്നതിനൊപ്പം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. അല്ലാതെ എനിക്ക് ഒരു ചാൻസ് തരൂ എന്ന് ഇന്നേ വരെ പറഞ്ഞിട്ടില്ല. അവർക്കത് ശല്യമാകുമോ എന്നറിയാത്തതു കൊണ്ട് അവസരം ചോദിക്കാനൊക്കെ ബുദ്ധിമുട്ടാണ് എന്നു തന്നെ പറയാം. ഓർമ്മപ്പെടുത്തൽ ഏറ്റവും വേണ്ട ഒരു കാര്യമാണ്. കാരണം അത്രയേറെ പാട്ടുകാരുള്ള സ്ഥലമാണ്. പലരും സജസ്റ്റ് ചെയ്ത് എനിക്ക് ധാരാളം പാട്ടുകൾ കിട്ടിയിട്ടുണ്ട്. കഴിഞ്ഞവർഷവും ഈ വർഷവും നല്ല നല്ല പാട്ടുകൾ കിട്ടിയിട്ടുണ്ട്. ആ പാട്ടുകൾ കേൾക്കുമ്പോഴൊക്കെ ഞാൻ ആലോചിക്കും, എന്നെ ഓർത്തു വിളിച്ചല്ലോ, ഭാഗ്യമാണ് എന്നൊക്കെ...

റെക്കാർഡിംഗിന് മുമ്പ് പാട്ട് പഠിക്കാൻ അവസരം ലഭിക്കില്ലേ?

പല രീതിയുമുണ്ട്. ജയചന്ദ്രൻ സാറൊക്കെ ട്രാക്ക് അയക്കും. അതു കേട്ട് നമ്മൾ മനസിൽ ആ പാട്ടിനെ കുറിച്ച് ഒരു ഐഡിയ വയ്ക്കും. ഇങ്ങനെ പഠിച്ചു ചെന്നാൽ പോലും പാടിപ്പിച്ച ശേഷം, എക്സ്പ്രഷൻസ് കൊടുക്കേണ്ട കാര്യങ്ങളൊക്കെ വീണ്ടും പറഞ്ഞു തരും. അപ്പോഴേക്കും പാട്ട് വേറെ ഒരു ഫോമിലായി കഴിഞ്ഞിരിക്കും. സാറിന്റെ ഒരു വലിയ പരിശ്രമം ഇതിന് പിന്നിലുണ്ട്. സാറിന് അറിയാം, ഓരോ വരിയും എങ്ങനെ പാടണമെന്ന്. കൃത്യമായ ഒരു തീരുമാനം സാറിന് അതിലുണ്ട്. ഔസേപ്പച്ചൻ സാറും ഇതേ പോലെയാണ്, ട്രാക്ക് അയച്ചു തരും. ഇപ്പോൾ കൂടുതലും ഈ രീതിയാണ് വരുന്നത്. വിദ്യാസാഗർ സാർ പണ്ടേ പോലെ തന്നെയാണ് ഇപ്പോഴും. അവിടെ പോകുമ്പോൾ ലൈവ് ആയി പഠിപ്പിക്കുകയാണ്. സാർ തന്നെ ഹാർമോണിയം വായിച്ചാണ് പാട്ട് പഠിപ്പിക്കുന്നത്.

വളരെ ശാന്തയായ, ക്ഷമയുള്ള ആളാണല്ലേ?

ക്ഷമ നന്നായുള്ള ആളാണ്. ദേഷ്യമൊക്കെ വരും. പുറത്തുള്ള ആൾക്കാരുടെ അടുത്തൊന്നും പക്ഷേ, കാണിക്കില്ല. നമ്മുടെ വീട്ടിലെ, അടുപ്പമുള്ള ആളുകളൊക്കെയാവും എന്റെ ദേഷ്യം കണ്ടിട്ടുണ്ടാകുക.

ഗന്ധർവ സംഗീതം മുതൽ ഇത്രയു നീണ്ട വർഷങ്ങൾ ഇവിടെ തുടരാൻ കഴിഞ്ഞു എന്നതിനെ കുറിച്ച് ആലോചിക്കാറുണ്ടോ?

എല്ലായ്പ്പോഴും ആലോചിക്കാറുണ്ട്. ഇത്ര നീണ്ട വർഷങ്ങൾ ഇവിടെ നിൽക്കാൻ കഴിഞ്ഞു. അത് ഭാഗ്യമാവാം. മിൻമിനി ചേച്ചി അത്രയും കത്തി നിന്ന ഒരാളല്ലേ.... എന്തോ ഒരു നിർഭാഗ്യം പോലെയായല്ലോ എന്ന് എപ്പോഴും ഞാൻ ആലോചിക്കാറുണ്ട്. അങ്ങനെ പലരെയും നമ്മൾക്കറിയാമല്ലോ...ഇൻഡസ്ട്രിയിൽ ആണെങ്കിൽ പോലും ഒരു ചാൻസ് പോലും ലഭിക്കാത്ത നല്ല നല്ല പാട്ടുകാർ എത്രയോ ഉണ്ട്. എന്തുകൊണ്ടാണ് അവർക്ക് വരാൻ സാധിക്കാത്തതെന്ന് എപ്പോഴും ചിന്തിക്കും. അവർ പരിശ്രമിക്കാത്തതു കൊണ്ടല്ല, അവർ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്, ചാൻസ് ചോദിക്കുന്നുണ്ട്, നന്നായി പാടുന്നുണ്ട്... എന്നിട്ടും വരാൻ കഴിയുന്നില്ല.

പുതിയ പാട്ടുരീതികൾ വരുമ്പോൾ എങ്ങനെയാണ് സ്വയം അപ്ഡേറ്റ് ചെയ്യാറുള്ളത്?

പാട്ടുപാടുന്ന സ്റ്റൈലിനെ കുറിച്ച് പറയുകയാണെങ്കിൽ നേരത്തെ ഹസ്‌കിയായി പാടുന്നതൊക്കെ ഇപ്പോൾ നോർമലായി മതിയെന്നായിട്ടുണ്ട്. വെസ്റ്റേണൈസ് ചെയ്തിട്ടുള്ള, സ്‌റ്റൈലിഷായിട്ടുള്ള പാട്ടുകളാണ് ഇപ്പോൾ കൂടുതലും വരുന്നത്. ഇപ്പോൾ അത്ര അക്ഷരശുദ്ധി വേണ്ടെന്നും അക്ഷരം മനസിലായാൽ മാത്രം മതിയെന്നും മ്യൂസിക്ക് ഡയറക്ടേഴ്സ് പറയാറുണ്ട്. വളരെ വ്യക്തമായി ചില അക്ഷരങ്ങൾക്ക് സ്്രെടസ് കൊടുത്തു പാടുമ്പോൾ അത്ര സ്‌ട്രെസ് വേണ്ട ലെജിബിൾ ആയാൽ മതിയെന്നും പറയുന്ന അനുഭവങ്ങളുണ്ട്. പാട്ടിലെ അക്ഷരങ്ങൾ, വാക്കുകൾ മനസിലായാൽ മതിയെന്നാണ്  പറയാറുള്ളത്. ഞാൻ റ അക്ഷരം ഒക്കെ മനസിലായില്ലെങ്കിലോ എന്ന് വിചാരിച്ച്  കൂടുതൽ സ്‌ട്രെസ് കൊടുക്കുമ്പോഴും അത്ര വേണ്ടെന്ന് കേട്ടിട്ടുണ്ട്.ഓരോ മ്യൂസിക്ക് ഡയറക്ടേഴ്സിനും വേണ്ടതെന്താണെന്ന് ഇങ്ങനെയാണ് മനസിലാക്കുന്നത്. അതേ പോലെ അപ്ഡേറ്റുകൾ തീർച്ചയായും വേണം. പുതിയ പാട്ടുകൾ കേൾക്കണം, അപ്പപ്പോൾ ഇറങ്ങുന്ന വർക്ക്സിനെ കുറിച്ച് ധാരണയുണ്ടായിരിക്കണം, മ്യൂസിക്ക് ട്രീറ്റ് ചെയ്യുന്ന രീതി, മാറ്റങ്ങൾ, അറേഞ്ച്മെന്റ്സ് എല്ലാം ശ്രദ്ധിക്കണം.

ലോകസംഗീതം, മറ്റു ഭാഷകളിലെ പാട്ടുകൾ എല്ലാം കേൾക്കും?

തീർച്ചയായും. എല്ലാ ജോർണലിലുമുള്ള പാട്ടുകൾ കേൾക്കും. വെസ്റ്റേൺ മ്യൂസിക്ക് പതിവായി കേൾക്കും. ഇത് ചില പാട്ടുകൾ പാടുന്നതിന്റെ രീതി മനസിലാക്കാൻ സഹായിക്കുമെന്ന് തോന്നിയിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ ശൈലി ആണല്ലോ... വിബ്രാട്ടൊ, ലൈറ്റ് ടച്ചസ് എല്ലാം കൊടുക്കണമെങ്കിൽ, അതേ പോലെ എന്നല്ല പറയുന്നത്, ഒരുപാട് നമ്മൾ കേൾക്കണം. അത്രയും ഇംപ്രൂവ്മെന്റ്  നമ്മുടെ പാട്ടിലുമുണ്ടാകും.

ഇപ്പോഴത്തെ സിനിമാപാട്ടുകളിൽ ബഹളത്തിൽ മുങ്ങിപ്പോകുന്നതു പോലെ തോന്നിയിട്ടുണ്ടോ?

മാറ്റങ്ങൾ വന്നിട്ടുണ്ട്. ബഹളം എന്ന് പറയുമ്പോൾ ചില പാട്ടുകൾ അത് ഡിമാൻഡ് ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രേമത്തിലെ മുഷ്ടി ചുരുട്ടണ് എന്ന പാട്ട് ആ സിനിമയ്ക്ക് ചേർന്നതാണ്. അതേ പോലെ തല്ലുമാല സിനിമ. പുതിയ സിനിമയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളാണ് പാട്ടുകൾക്കുമുണ്ടായിട്ടുള്ളത്. ഇപ്പോഴത്തെ മേക്കിംഗ്, കഥാഗതി എന്നിവയിൽ കാലത്തിനനുസരിച്ച് വന്ന മാറ്റമാണെന്നേ ഇതിനെ കാണാൻ കഴിയൂ. ഇപ്പോഴത്തെ ജനറേഷനെയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത്. അതേ സമയം തന്നെ വോക്കലിന് പ്രാധാന്യം കൊടുക്കുന്ന പാട്ടുകളും ഉണ്ടാകുന്നുണ്ട്. അതിന് ഉദാഹരണമാണ് അൽഫോൻസ് സാറിന്റെ സംഗീതത്തിൽ സുന്ദരി ഗാർഡൻ്സ് എന്ന ചിത്രത്തിനു വേണ്ടി പാടിയ മധുരജീവരാഗം എന്ന പാട്ടൊക്കെ. മെലഡി ആണെങ്കിൽ ആ രീതിയിലാണ് സിനിമയിൽ വരുന്നതെന്ന് തോന്നുന്നു. സംവിധായകന്റെ മനസിനനുസരിച്ചാണ് മ്യൂസിക്ക് ഡയറക്ടർ സഞ്ചരിക്കുന്നത്.

പാട്ട് ഇപ്പോഴും പഠിക്കുന്നുണ്ടോ?

നേരത്തെ കർണാടിക് പഠിച്ചിരുന്നു. വീണ്ടും പഠനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. സംഗീതം പ്രൊഫഷനാകുമ്പോൾ നമ്മൾ അപ്ഡേറ്റാവണം, പഠിച്ചുകൊണ്ടിരിക്കണം, കേട്ടുകൊണ്ടിരിക്കണം. വോക്കൽ കോഡിനെ എപ്പോഴും ആരോഗ്യത്തോടെ സൂക്ഷിക്കുന്നതും പ്രധാനമാണ്. ഓരോ ദിവസവും പാടി പാടി തന്നെ അതിനെ വാം അപ് ചെയ്തു വയ്ക്കുന്നതാണ് നല്ലത്. കാരണം പെട്ടെന്നാവും റെക്കാർഡിംഗിന് വിളിക്കുന്നത്. നമ്മളേക്കാൾ മുന്നേ ശബ്ദം റെഡിയാവണം, വാം അപ് ചെയ്യുന്നുണ്ടെങ്കിൽ പ്രശ്നങ്ങളൊന്നുമില്ല.

ഗായികയായതു കൊണ്ട് ഭക്ഷണത്തിലും മറ്റും നിയന്ത്രണങ്ങളുണ്ടോ?

അങ്ങനെയുള്ള നിയന്ത്രണങ്ങൾ കുറവുള്ള ആളാണ്. പണ്ടു മുതലേ സ്പൈസി ആയുള്ള ഫുഡ് അമ്മ തരാറില്ല. ആ ശീലം കൊണ്ടാവണം ഭക്ഷണത്തിൽ വലിയ ആഗ്രഹങ്ങളൊന്നുമില്ല. സ്പൈസി ഭക്ഷണങ്ങൾ എനിക്ക്  പറ്റുകയില്ല,  ഇഷ്ടവുമല്ല. പൊടി അലർജിയാണ്. അത് വലിയൊരു പ്രശ്നമായിരുന്നു നേരത്തെ. ഇപ്പോ വ്യായാമങ്ങളൊക്കെ ചെയ്തു അലർജി കുറച്ചിട്ടുണ്ട്. പണ്ട് തടിയുള്ള സമയത്ത് ഇടയ്ക്കിടെ അസുഖങ്ങൾ വരുമായിരുന്നു. പണ്ട് ഒട്ടും ഹെൽത്തിയായിരുന്നില്ല. അന്ന് പ്രോഗ്രാമിന് പോകുമ്പോഴൊക്കെ പെട്ടെന്ന് അസുഖങ്ങൾ വരുന്നത് പ്രയാസപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ പെർഫോമൻസിനെയും അത് ബാധിക്കും. എത്രയോ റെക്കാർഡിംഗുകളും അവസരങ്ങളും മൂക്ക് അടഞ്ഞ് എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അതോടൊപ്പം അസുഖങ്ങൾ കാരണം പല പ്രോഗ്രാമിനും നന്നായി പാടാനായി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. നമ്മളെ വിശ്വസിച്ച് ഏൽപ്പിക്കുന്ന പരിപാടികളാണല്ലോ. അത് നമ്മുടെ ഉത്തരവാദിത്തവുമല്ലേ... അങ്ങനെയാണ് വ്യായാമവും ഡയറ്റും ചെയ്ത് ഹെൽത്തി ആയത്. ഫിഗർ അല്ല, ഹെൽത്ത് വേണം എന്നു തന്നെയായിരുന്നു തീരുമാനം. പണ്ട് മുട്ട കഴിക്കില്ലായിരുന്നു. ഇപ്പോ രണ്ടു മുട്ടയാണ് കഴിക്കുന്നത്. ചോറ് നന്നായി കഴിക്കുമായിരുന്നു, അതും കുറച്ച് കൂടുതൽ പ്രോട്ടീൻ ഫുഡ് കൂട്ടി.

പുതിയ ബാൻഡ് വരികയാണല്ലോ?

അതേ... എന്റെ പേരിൽ ബാൻഡ് ഉടൻ തന്നെ തുടങ്ങും. അതൊരു ഫംഗ്ഷനായുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. എന്നാലും കുറച്ച് പ്രോഗ്രാമുകൾ വന്നിട്ടുണ്ട്. മറ്റൊരു പേര് വേണോ, അല്ലെങ്കിൽ സ്വന്തം പേരിൽ തന്നെയുള്ള ബ്രാൻഡ് മതിയോ എന്ന് ആലോചിക്കുമ്പോഴാണ് അവാർഡും തിരക്കുമായത്.

ലാലീ ലാലീ ഇപ്പോഴും ഓർമ്മിക്കുന്നവരെ കാണാറുണ്ടോ?

ഒരുപാട് പേരെ ഇപ്പോഴും കാണാറുണ്ട്. അന്ന് ആ പാട്ട് പാടിക്കുമ്പോൾ ബ്ളെസി സാറാണ് ഫൈനൽ തീരുമാനമെടുക്കുക എന്ന് ജയചന്ദ്രൻ സാർ പറഞ്ഞതൊക്കെ നല്ല ഓർമ്മയുണ്ട്. വലിയ ഹിറ്റായിരുന്നല്ലോ ആ പാട്ട്. ഇപ്പോഴും കാണുമ്പോൾ എല്ലാവരും ഈ പാട്ട്  ഓർക്കും. പട്ടം പോലെ എന്ന ചിത്രത്തിലെ മഴയേ തൂ മഴയേ, വിശുദ്ധനിലെ ഒരു മെഴുതിരിയുടെ, ഹൃദയത്തിൻ നിറമായി തുടങ്ങിയ ഗാനങ്ങളൊക്കെ ലൈവ് വരുമ്പോഴും  ആളുകൾ തുടരെ ചോദിക്കാറുണ്ട്.

ആരാധകരുമായി അടുപ്പമുണ്ടോ?

നേരത്തെ സോഷ്യൽ മീഡിയയിൽ ഞാൻ അത്ര സജീവമായിരുന്നില്ല. അത് മാറി വരുന്നുണ്ട്. കുറച്ചുകാലമായി ശ്രദ്ധ കൊടുക്കുന്നുണ്ട്. എന്നാലിപ്പോൾ കമന്റ്സിനൊക്കെ പറ്റുന്ന രീതിയിൽ റിപ്ലൈ കൊടുക്കാറുണ്ട്. പുതിയ പാട്ടുകൾ കുട്ടികളൊക്കെ പാടി ടാഗ് ചെയ്യുമ്പോൾ നമ്മൾ മറുപടി നൽകുമ്പോൾ അവർക്ക് വലിയ സന്തോഷമാണ്. കണ്ണിൽപ്പെടുന്നതിനൊക്കെ റിപ്ലൈ നൽകാൻ ശ്രമിക്കാറുണ്ട്.

സ്വപ്നങ്ങളെ പിന്തുടരാറുണ്ടോ...?

എല്ലാവരും പറയും, സ്വപ്നങ്ങൾ ഒരുപാട് കാണണം എന്നൊക്കെ. പക്ഷേ, എനിക്കിതുവരെ കിട്ടിയതൊക്കെ സ്വപ്നം കണ്ടിട്ടോ, അതിന്റെ പുറകിൽ പോയി കിട്ടിയതോ അല്ല. ഇതൊക്കെ സ്വപ്നം കാണുന്നതിലുമപ്പുറം എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. വളരെ സാധാരണ കുടുംബമാണ് എന്റേത്. സിനിമയിൽ യാതൊരു ബന്ധവും പരിചയവുമില്ല. റിയാലിറ്റി ഷോ വഴി പാട്ടുപാടാം, കുറച്ച് ജനങ്ങളിലെത്താമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എത്തിപ്പെടാൻ പറ്റാത്ത സ്വപ്നമായിരുന്നു സിനിമ. അന്ന് കുറേക്കൂടി പ്രയാസമായിരുന്നു കടന്നു വരാൻ. പക്ഷേ, എന്റെ കാര്യത്തിൽ ആ സമയത്ത് തന്നെ നല്ല അവസരങ്ങൾ ലഭിച്ചു. ഞാൻ പാടുന്നത് കേട്ട് ലഭിച്ച ഓഫറുകളായിരുന്നു അവ. അങ്ങനെ ദൈവാനുഗ്രഹവും ഏതൊക്കെയോ വഴികളിലൂടെ വന്നു. ഇത്രയും നാളും അങ്ങനെ തന്നെയായിരുന്നു. നമ്മൾ നന്നായി പരിശ്രമിക്കുക, നമ്മുടെ ജോലിയിൽ കഠിനമായി പ്രയത്നിക്കുക, ബാക്കി ദൈവം നൽകും എന്ന വിശ്വാസമാണ് എപ്പോഴും കൂടെയുള്ളത്. ഇതുവരെ വർക്ക് ചെയ്യാത്ത മ്യൂസിക്ക് ഡയറക്ടേഴ്സിനൊപ്പം വർക്ക് ചെയ്യണം, ബാൻഡിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം, നല്ല നല്ല ഷോസ് ചെയ്യണം, പാട്ടുകൾ പാടണം അങ്ങനെ ഒക്കെ...

മൈത്രേയിയും അമ്മയുടെ വഴിയാണല്ലോ?

അവൾ നന്നായി പാടുന്നുണ്ടെന്നാണ് എല്ലാവരും പറയുന്നത്. അതും സന്തോഷമാണ്. ആറുവയസു കഴിഞ്ഞു. തൃശൂർ ദേവമാതയിലാണ് പഠിക്കുന്നത്. സ്‌കൂളിലെ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്നുണ്ട്. ഭർത്താവ്  ഡോ. അരുൺ ബി. വാര്യർ ഒരു രക്ഷയുമില്ലാത്ത കട്ട സപ്പോർട്ടാണ്. അച്ഛനും അമ്മയും തരുന്ന സപ്പോർട്ട് ഒരിക്കലും കുറയരുതെന്ന നിർബന്ധമുണ്ട്. ഒല്ലൂർ വൈദ്യരത്നം ആയുർവേദ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. അച്ഛൻ പി. വി. രാമൻ കുട്ടി വാരിയർ സെയിൽസ് ടാക്സ് ഓഫീസറായിരുന്നു, അമ്മ വിജയലക്ഷ്മി, സഹോദരൻ ജയ്ദീപ് വാരിയർ എൻജിനിയറാണ്.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക