"വാക്കിൻ്റെ സ്ഫടികത്തിളക്കം"

Info

"ഈ പൂട്ടിന്റെ മുകളിൽ നീ നിന്റെ പൂട്ടിട്ട് പൂട്ടിയാല്‍ നിന്നെ ഞാന്‍ പൂട്ടും...ഒടുക്കത്തെ പൂട്ട്"
"ഈ വടി നല്ല പ്രായത്തിൽ നീ തന്നെ കുത്തി നടന്നാ മതി...ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്സ്...ഇത് നീ ചവിട്ടിപ്പൊട്ടിച്ചാ നിന്റെ കാല് ഞാന്‍ വെട്ടും"
"ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാ...വിത്തൗട്ട് മാത്തമാറ്റിക്സ്...ഭൂമിയൊരു വട്ടപ്പൂജ്യമാ!"
"അപ്പന്റെ മുഖത്ത് നോക്കി അവള്ടെ തോളേപ്പിടിച്ചതാണ് നിങ്ങടെ ദുഃഖമെങ്കി അവളെ ഞാനങ്ങ് കെട്ടിയാലോ?"
"ഒറപ്പിക്കാമോ...എന്നാ തോമാ മുടിയങ്ങ് നീട്ടി വളര്‍ത്തും...എസ്‌ ഐ സോമന്‍ പുള്ളക്ക് ചെരക്കാന്‍"
"അവന്റെ തായ് വേരില് മഴു വച്ചത് നിങ്ങളാ...കച്ചത്തോര്‍ത്ത് അലക്കിപ്പിഴിയുമ്പോലെയല്ലേ തല്ലിപ്പിഴിഞ്ഞത്"
"ഏറിയ തലമുറയേന്തിയ പാരില്‍
വാരൊളി മംഗളകന്ദങ്ങള്‍...
ന്ദ-യുടെ ചുവട്ടില്‍ എന്തിനാ മാഷേ ചുവപ്പ് വരച്ചിരിക്കുന്നത്? മാഷ് വരച്ച ചുവപ്പിന് ചോര എന്നു കൂടി അര്‍ത്ഥമുണ്ട്"
"സ്വന്തം മകന്‍ അപ്പന്റെ കൈ വെട്ടുന്നതും കാണേണ്ടി വന്നു...അത് കൈപ്പത്തിയില്‍ മുളച്ച ആറാം വിരല് പോലെ വികൃതമാണ് മാഷേ"
"ഊതിക്കാച്ചിയ പൊന്ന് കരിക്കട്ടയാക്കി കളഞ്ഞില്ലേ"
"ഉലയൂതിയവന്റെ മനസ്സ് ഉരുകിയ പൊന്ന് അറിഞ്ഞില്ല മേരി"
"ഇനിയും ഞാന്‍ വരും.. സെമിത്തേരിയില്‍... നിങ്ങടെ കുഴിയിൽ മണ്ണിടാന്‍...ഈ പതിനെട്ടാം പട്ട തെങ്ങിന്റെ ചുവട്ടില്‍ നിന്ന് തന്നെയാവട്ടെ മകന്റെ ഒരു പിടി മണ്ണ്"
"ഈ ഓട്ടക്കാലണയ്ക്ക് ഇനിയുള്ള ജീവിതത്തില്‍ ഓര്‍ക്കാനിത് മതി...സ്ഫടികം..കടുവ എന്ന് വിളിച്ച നാവ് കൊണ്ട് എനിയ്ക്കിനി അപ്പാ എന്ന് വിളിച്ച് പഠിക്കണം"

ആവേശം കൊള്ളിക്കുന്ന മാസ്സ് ഡയലോഗുകളും കുറിക്ക് കൊള്ളുന്ന ക്ലാസ്സ് ഡയലോഗുകളും സമാസമം നിറഞ്ഞു നിന്ന സിനിമയായിരുന്നു 'സ്ഫടികം'. ഭദ്രന്റെ സംവിധാന മികവും മോഹന്‍ലാലിന്റെയും തിലകന്റെയും അത്യുജ്ജല പ്രകടനവും കെ പി എ സി ലളിത, രാജന്‍ പി ദേവ്, ഉര്‍വ്വശി, നെടുമുടി വേണു, എന്‍ എഫ് വര്‍ഗ്ഗീസ്, ജോര്‍ജ്ജ്, സ്മിത, മാസ്റ്റര്‍ രൂപേഷ് എന്നിവരുടെ അഭിനയ മികവുമൊക്കെ പ്രകീര്‍ത്തിക്കപ്പെട്ടപ്പോള്‍ പലരും സൗകര്യപൂര്‍വ്വം മറന്നു പോയ ഒരു വ്യക്തിയാണ് സ്ഫടികത്തിന്റെ സംഭാഷണ രചയിതാവ് ഡോക്ടര്‍ സി ജി രാജേന്ദ്ര ബാബു.മദ്രാസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും പിന്നീട് മലയാള വിഭാഗം അദ്ധ്യക്ഷനുമായ ഡോക്ടര്‍ രാജേന്ദ്രബാബു സിനിമയ്ക്ക് വേണ്ടി ആദ്യമായി സംഭാഷണമെഴുതിയത് ഭദ്രന്റെ സ്ഫടികത്തിലാണ്..ആ സിനിമയുടെ വിജയത്തില്‍ സംഭാഷണങ്ങള്‍ക്കും ഒരു പ്രമുഖ സ്ഥാനമുണ്ടായിരുന്നു.

അമിതാഭ് ബച്ചന്റെ സിനിമാ നിര്‍മ്മാണ കമ്പനിയായിരുന്ന എ ബി സി എല്‍ നിര്‍മ്മിച്ച് ഭദ്രന്‍ തന്നെ സംവിധാനം ചെയ്ത 'യുവതുര്‍ക്കി' എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചു. തമ്പി കണ്ണന്താനത്തിന്റെ 'മാസ്മരം' എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും രാജേന്ദ്രബാബുവിന്റേതായിരുന്നു. ഏറെ ശ്രദ്ധ നേടിയ 'ഗുരു' എന്ന രാജീവ് അഞ്ചല്‍ - മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രാജേന്ദ്രബാബുവിന്റേതായിരുന്നു. രഞ്ജിത്ത് ലാല്‍ സംവിധാനം ചെയ്ത 'എന്നിട്ടും' എന്ന സിനിമയുടെ രചനയ്ക്ക് ശേഷം രാജീവ് അഞ്ചലിന്റെ 'പാട്ടിന്റെ പാലാഴി'യാണ് അവസാനമായി തിരക്കഥ-സംഭാഷണം എഴുതിയ ചിത്രം.

'നാടകവും സിനിമയും' എന്ന പുസ്തകത്തിലെ ലേഖനങ്ങള്‍ സമാഹരിച്ച് എഡിറ്റ് ചെയ്ത ഡോക്ടർ രാജേന്ദ്രബാബു കേരള സര്‍വ്വകലാശാലയുടെ മലയാള മഹാ നിഘണ്ടുവിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ ക്കിപ്പുറം സ്ഫടികം റീ റിലീസ് ആവുമ്പോൾ,  സ്ഫടികത്തിലെ സംഭാഷണങ്ങള്‍ ഇന്നത്തെ പ്രേക്ഷകരെയും ത്രസിപ്പിക്കുമ്പോള്‍, മറക്കാന്‍ പാടില്ലാത്ത പേരാണ് ഡോക്ടർ സി ജി രാജേന്ദ്ര ബാബുവിന്റേത്.

SPADIKAM Official Trailer 4K | R Mohan | Mohanlal | Bhadran | Myth Production | Geometric Film House

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment