കേരളത്തെ ആദ്യമായി സിനിമ കാണിച്ച സ്വാമിക്കണ്ണ്

Cafe Special

കേരളക്കരയിൽ ആദ്യമായി സിനിമാപ്രദർശനം നടത്തിയത് പോൾ വിൻസെന്റാണെന്നാണ് നമ്മുടെ ചരിത്രപുസ്തകങ്ങൾ പറയുന്നത്. എന്നാൽ, സ്വാമിക്കണ്ണ് വിൻസെന്റ് എന്ന കോയമ്പത്തൂർക്കാരനാണ് ഇവിടെ ആദ്യമായി ചലിക്കുംപടം പ്രദർശിപ്പിച്ചത്. കേരളത്തിലെ സിനിമയുടെ ചരിത്രത്തിൽ കാണുന്ന പോൾ വിൻസെന്റ് യഥാർത്ഥ കഥാനായകനായ സ്വാമിക്കണ്ണ് വിൻസെന്റിന്റെ മകനാണ്. പോൾ വിൻസെന്റിൽ നിന്ന് സ്വാമിക്കണ്ണിലേക്ക് ഒരു തലമുറയുടെ ദൂരമാണെങ്കിൽ, കേരളത്തിന്റെ സിനിമാചരിത്രത്തിൽ അതൊരു തെറ്റിൽനിന്ന് ശരിയിലേക്കുള്ള അകലമാണ്.

SwamikkannuVincentമലയാള സിനിമാചരിത്രം രേഖപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങളിലും ലേഖനങ്ങളിലും കേരളത്തിലെ ആദ്യകാല സിനിമാ പ്രദർശനത്തിന്റെ കഥ പോൾ വിൻസെന്റിൽ തുടങ്ങുന്നു. അതിപ്രകാരമാണ്: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ചലച്ചിത്രപ്രദർശകൻ തിരുച്ചിറപ്പള്ളിയിലെ ഒരു റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന പോൾ വിൻസന്റായിരുന്നു. ഫ്രഞ്ചുകാരനായ ഒരു ചലച്ചിത്ര പ്രദർശകനിൽ നിന്നും വാങ്ങിയ സിനിമാട്ടോഗ്രാഫ് ഉപകരണങ്ങൾകൊണ്ടാണ് വിൻസന്റിന്റെ പ്രദർശനം തുടങ്ങിയത്. എഡിസൺ ബയോസ്കോപ്പ് എന്നു നാമകരണം ചെയ്യപ്പെട്ട തന്റെ പ്രൊജക്ടറുമായി വിൻസന്റ് ദക്ഷിണേന്ത്യയാകെ ചുറ്റിക്കറങ്ങി. കൂട്ടത്തിൽ അയാൾ കോഴിക്കോട്ടുമെത്തി. 1906ൽ കേരളീയർ ആദ്യമായി ചലച്ചിത്രപ്രദർശനം കണ്ടു. ചെടിയിൽ പൂവിരിയുന്നതും കുതിരപ്പന്തയവും ക്രിസ്തുവിന്റെ ജീവിതവുമൊക്കെയാണ് പ്രദർശിക്കപ്പെട്ട ചിത്രങ്ങൾ. അക്കൊല്ലം അവസാനത്തോടെ വിൻസന്റും എഡിസൺ ബയോസ്കോപ്പും തൃശൂരെത്തി. അവിടെ വിൻസന്റ് നടത്തിയ ചലച്ചിത്ര പ്രദർശനങ്ങൾ അത്ര വിജയകരമായിരുന്നില്ല. എങ്കിലും തൃശ്ശൂരിലെ വാറുണ്ണിജോസഫ് അതിൽ ആകൃഷ്ടനായി. വിൻസന്റാവട്ടെ, തന്റെ കയ്യിലെ ബയോസ്കോപ്പും ഫിലിമുകളും വാറുണ്ണിജോസഫിനു വിറ്റിട്ട് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു1

സിനിമാ ലേഖകനായിരുന്ന ചേലങ്ങാട് ഗോപാലകൃഷ്ണൻ വർഷങ്ങൾക്കു മുൻപെഴുതിയ ഒരു ലേഖനത്തിലാണ്, പിന്നീട് പലവട്ടം പകർത്തിയെഴുതപ്പെട്ട് ചരിത്രമായി മാറിയ ഈ കണ്ടെത്തൽ ആദ്യം വന്നതെന്നു വേണം കരുതാൻ - 1905-ൽ കോഴിക്കോട്ടുകാരായ ഏതാനും പേർ മദിരാശിയിൽ പോൾ വിൻസെന്റിന്റെ കൂടാര സിനിമ കാണാനിടയായെന്നും അത്ഭുതമടക്കാനാവാതെ അവർ അദ്ദേഹത്തെ കോഴിക്കോട്ടേക്ക് ക്ഷണിച്ചുവെന്നും 1906ൽ കോഴിക്കോട്ടെത്തിയ പോൾ വിൻസെന്റ് പട്ടണം ചുറ്റിസഞ്ചരിച്ച ശേഷം സിനിമാ പ്രദർശനത്തിന് മുതലക്കുളം മൈതാനം തിരഞ്ഞെടുത്തുവെന്നും ചേലങ്ങാടിന്റെ ലേഖനം പറയുന്നു.2

കേരളത്തിലെ ആധികാരികമായ ചരിത്രരേഖകളിലൂടെ പ്രചരിച്ച തെറ്റായ വസ്തുതയാണിത്. വാറുണ്ണി ജോസഫിലൂടെ വികസിക്കുന്ന ചരിത്രകഥകൾ കേരളത്തിലെ ആദ്യ ചലച്ചിത്ര പ്രവർത്തകൻ എന്ന പേര് കാട്ടൂക്കാരൻ വാറുണ്ണിക്ക് ചാർത്തിക്കൊടുക്കുമ്പോൾ എവിടെയും പോൾ വിൻസെന്റിനെക്കുറിച്ച് മേൽപ്പറഞ്ഞതിനപ്പുറം ഒരു പരാമർശം പോലും കാണാനാവില്ല. എവിടെയോ രേഖപ്പെടുത്തപ്പെട്ട ഒരു തെറ്റായ വസ്തുത ഇത്രകാലം കഴിഞ്ഞിട്ടും തിരുത്തപ്പെടാതെ കിടക്കുന്നുണ്ടെങ്കിൽ ഇവിടെയുള്ള ചരിത്രരചയിതാക്കളെല്ലാവരും സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിൽ നിന്ന് മാത്രം ചിന്തിക്കുന്നു, എഴുതുന്നു എന്നു തന്നെ വേണം കരുതാൻ. സിനിമയുടെ ചരിത്രം തേടി പോകുന്നവർ ഇന്ത്യയിലെയൊ, കേവലം ദക്ഷിണേന്ത്യയിലെയൊ സിനിമാചരിത്രത്തിന്റെ ആധികാരികമായ സ്രോതസുകളിലൂടെ ഒന്ന് കടന്നുപോയിരുന്നെങ്കിൽ ഇതിലെ തെറ്റ് പെട്ടെന്ന് തന്നെ ബോധ്യപ്പെട്ടേനെ. ആദ്യ പ്രദർശനം നടന്നു എന്നു പറയപ്പെടുന്ന കാലത്ത് ജനിച്ചിട്ടു പോലുമില്ലാതിരുന്ന പോൾ വിൻസെന്റ് ഈ കഥയിൽ പറഞ്ഞ പ്രദർശനം നടത്തി എന്നതിലെ അസംബന്ധം തിരിച്ചറിയപ്പെടാതെ പോകാൻ വേറെ കാരണങ്ങളൊന്നുമില്ല.

ഈ തെറ്റായ ചരിത്രത്തെ തിരുത്തുവാനുള്ള ശ്രമം ആദ്യമായി കണ്ടത് 2012ൽ ഡോ. പി കെ രാജശേഖരന്റെ ഒരു ലേഖനത്തിലാണ്. അതിലദ്ദേഹം ഇങ്ങനെ കുറിക്കുന്നു: യഥാർത്ഥത്തിൽ മറ്റൊരു വിൻസെന്റായിരുന്നു 1906ൽ കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം നടത്തിയത് – സ്വാമിക്കണ്ണ് വിൻസെന്റ് (1883-1942). അദ്ദേഹത്തിന്റെ മകനായിരുന്നു സ്വയമറിയാതെ മലയാള സിനിമാചരിത്രത്തിൽ കയറിപ്പറ്റിയ പോൾ വിൻസെന്റ്. മലയാളത്തിലെ സിനിമാ ചരിത്രമെഴുത്തുകാരും ലേഖകരും പണ്ടാരോ എഴുതിവെച്ച ഒരു തെറ്റ് വീണ്ടും വീണ്ടും പകർത്തിവെച്ച് കേരളത്തിലെ സിനിമാപ്രദർശനത്തിന്റെ ചരിത്രത്തെ പോൾ വിൻസെന്റുമായി ബന്ധിപ്പിക്കുന്നത്. സ്വാമിക്കണ്ണ് വിൻസെന്റായിരുന്നു നമ്മുടെ യഥാർത്ഥ കഥാപുരുഷൻ 3

ലോകസിനിമയുടെ ചരിത്രം ആദ്യ ചലച്ചിത്രത്തിന്റെ നിർമ്മാണത്തിൽ തുടങ്ങുമെങ്കിലും പ്രാദേശിക സിനിമാചരിത്രങ്ങൾ മിക്കവാറും അതത് നാടുകളിലെ ആദ്യ ചലച്ചിത്ര പ്രദർശനങ്ങളിൽനിന്നാരംഭിക്കുന്നു. ഇന്ത്യയിലെയും കേരളത്തിലെയും സിനിമയുടെ ദേശീയ-പ്രാദേശിക ചരിത്രങ്ങൾ ഇവിടെ നിർമ്മിച്ച ആദ്യ സിനിമയ്ക്കു മുമ്പുതന്നെ ആരംഭിക്കുന്നു. അത് തുടങ്ങുന്നത് ഇവിടെ അരങ്ങേറിയിട്ടുള്ള ചലിക്കുന്ന ചിത്രങ്ങളുടെ പ്രദർശനങ്ങളിൽനിന്നാണ്. സിനിമാപ്രദർശനത്തിന്റെ ചരിത്രം എവിടെ രചിക്കപ്പെട്ടാലും അന്വേഷണങ്ങൾ തുടങ്ങേണ്ടത് എഡിസന്റെ കൈനറ്റോസ്കോപ്പ് കണ്ടുപിടുത്തത്തിലും ലൂമിയർ സഹോദരന്മാരുടെ സിനിമറ്റോഗ്രാഫ് കണ്ടുപിടുത്തതിലും നിന്നാണ്. ചലിക്കുംപടം നിർമ്മിക്കാനുള്ള ശ്രമങ്ങൾ മുൻപും നടന്നിരുന്നെങ്കിലും ആ രംഗത്തെ നാഴികക്കല്ലെന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത് സിനിമറ്റോഗ്രാഫിന്റെ കണ്ടുപിടുത്തമാണ്. 1895ൽ ഫ്രാൻസിലെ ലൂമിയർ സഹോദരന്മാരാണ് സിനിമറ്റോഗ്രാഫ് വികസിപ്പിച്ചെടുത്തത്. ഇതോടെയാണ് ചലച്ചിത്രത്തിന്റെ പ്രചാരം വർദ്ധിച്ചത്. ചിത്രീകരണവും ഫിലിം പ്രൊസസിംഗും പ്രദർശനവും നിർവഹിക്കാനാവുന്ന സിനിമറ്റോഗ്രാഫിന്റെ കണ്ടുപിടുത്തത്തിലൂടെയാണ് ചലച്ചിത്രയുഗത്തിനു തുടക്കം കുറിച്ചതെന്നുതന്നെ പറയാം. 1895 മാർച്ചിൽ ലൂയി ലൂമിയറും അഗസ്തെ ലൂമിയറും ചേർന്ന് സിനിമറ്റോഗ്രാഫിൽ ചിത്രീകരിച്ച ആദ്യ ചിത്രം - ഫാക്ടറിയിൽ നിന്ന് മടങ്ങുന്നവർ - ഉൾപ്പെടെ 50 സെക്കന്റോളം ദൈർഘ്യമുള്ള പത്തു ചെറുചിത്രങ്ങൾ ആ വർഷം ഡിസംബർ 28ന് പാരീസിലെ ഗ്രാൻഡ് കഫെയിൽ ടിക്കറ്റ് വച്ച് പ്രദർശിപ്പിച്ചു. ലൂമിയർ സഹോദരന്മാരുടെ ചിത്രങ്ങളിലൊന്നിൽ സ്റ്റേഷനിലേക്ക് ഓടിയെത്തുന്ന തീവണ്ടി കണ്ട് പ്രദർശനശാലയിലിരുന്നവർ എഴുന്നേറ്റ് ഓടുന്ന കാഴ്ചയും ചരിത്രത്തെക്കുറിച്ച് പരാമർശിക്കുന്ന പല സിനിമകളിലും നാം കണ്ടിട്ടുണ്ട്.

ലൂമിയർ സഹോദരന്മാരുടെ ചലച്ചിത്രപ്രദർശനവും ഇന്ത്യയിലെ ആദ്യ ചലച്ചിത്രപ്രദർശനവും തമ്മിൽ കാലത്തിന്റെ പാതയിൽ അധികം ദൂരമില്ല. ബോംബെയിലെ വാട്സൺസ് ഹോട്ടലിൽ 1896 ജൂലൈ 7ന് ലൂമിയർ ഛായാഗ്രാഹകനായിരുന്ന മൗറിയസ് സെസ്റ്റിയറാണ് ഇന്ത്യയിലെ ആദ്യ ചലച്ചിത്രപ്രദർശനം നടത്തിയത്. തൊട്ടടുത്തകൊല്ലം തന്നെ കൽക്കട്ടയിലും മദ്രാസിലും പ്രദർശനങ്ങൾ നടക്കുകയുണ്ടായി.4

താൽക്കാലികമായി നിർമ്മിച്ച കൂടാരങ്ങൾക്കുള്ളിൽ വെള്ളത്തുണി വലിച്ചുകെട്ടി, ബയോസ്കോപ്പുപയോഗിച്ച് നിശ്ശബ്ദസിനിമകൾ പ്രദർശിപ്പിക്കുന്ന ഊരുചുറ്റി സിനിമാശാലകളാണ് ചലിക്കുംചിത്രങ്ങളെ ജനകീയമായത്. ഇത്തരം സഞ്ചരിക്കുന്ന പ്രദർശനശാലകളുടെ തുടക്കം ബോംബെയിൽ മനേക് ഡി സേഠ്ന സ്ഥാപിച്ച ‘ടൂറിങ്ങ് സിനിമ കമ്പനി’യിൽ നിന്നാണ്. രണ്ട് റീലുള്ള ‘ലൈഫ് ഓഫ് ക്രൈസ്റ്റ്’ ആണ് സേഠ്ന തന്റെ കൂടാരങ്ങളിൽ പ്രദർശിപ്പിച്ചിരുന്നത്. 4 ചലിക്കുംചിത്രമെന്ന അത്ഭുതത്തിനു പിന്നാലെ, സ്വപ്നങ്ങൾ നെയ്തു പലരും ഇറങ്ങിത്തിരിച്ചപ്പോഴാണ് ചലച്ചിത്രങ്ങൾ കൂടുതലിടങ്ങളിലേക്ക് വ്യാപിച്ചതും സിനിമാനിർമ്മാണശ്രമങ്ങൾ പലയിടങ്ങളിലും ഊർജ്ജിതമായതും. ഇത്തരത്തിലുള്ള ഒരു ഫിലിം മൂവ്മെന്റിന് ദക്ഷിണേന്ത്യയിൽ തുടക്കം കുറിച്ചത് 1905ൽ കോയമ്പത്തൂരിൽ നിന്നായിരുന്നു. അതിന്റെ അലയടികളിലാണ് കേരളത്തിലെ ആദ്യ ചലച്ചിത്രപ്രദർശനം നടക്കുന്നത്.

കാലത്തിനുമുമ്പേ നടന്ന സ്വാമിക്കണ്ണ് വിൻസെന്റ്

1883 ഏപ്രിൽ 18ന് കോയമ്പത്തൂരിലെ കോട്ടൈമേടിൽ ജനിച്ച സ്വാമിക്കണ്ണ് വിൻസെന്റ് 21ാം വയസ്സിൽ, 25 രൂപ മാസശമ്പളത്തിൽ തിരുച്ചിറപ്പള്ളിയിൽ റെയിൽവേ ഉദ്യോഗസ്ഥനായി ജോലി നോക്കിയിരുന്ന കാലത്ത് ദു പോണ്ട് (Du Pont) എന്ന ഫ്രഞ്ചുകാരൻ നടത്തിയ നിശ്ശബ്ദസിനിമ പ്രദർശനം കാണാനിടയായി. ആ പുതുക്കാഴ്ചയിൽ ആകൃഷ്ടനായ സ്വാമിക്കണ്ണ് വിൻസെന്റ്, 1905 ഫെബ്രുവരി പകുതിയോടെ അസുഖബാധിതനായ ദു പോണ്ടിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നപ്പോൾ, വളരെ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ 2250 രൂപയ്ക്ക് ആ ഫ്രഞ്ചുകാരന്റെ പക്കൽനിന്ന് പ്രദർശനോപകരണങ്ങൾ വാങ്ങി ‘എഡിസൺസ് സിനിമറ്റോഗ്രാഫ്’ എന്ന പേരിൽ സഞ്ചരിക്കുന്ന പ്രദർശനശാല തുടങ്ങി. ‘ലൈഫ് ഓഫ് ക്രൈസ്റ്റ്’ പോലെയുള്ള ചെറുചിത്രങ്ങളാണ് എഡിസൺസ് സിനിമറ്റോഗ്രാഫിൽ പ്രദർശിപ്പിച്ചിരുന്നത്. തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിലാണ് അദ്ദേഹം ആദ്യമായി ലൈഫ് ഓഫ് ക്രൈസ്റ്റ് പ്രദർശിപ്പിച്ചത്. അവിടത്തെ വിജയകരമായ പ്രദർശനത്തിനുശേഷം മദ്രാസിലും പിന്നീട് ഇന്ത്യയുടെ വിവിധഭാഗങ്ങളിലും സ്വാമിക്കണ്ണ് വിൻസെന്റ് സിനിമ പ്രദർശനം നടത്തി.5റെയിൽവേയിലെ ജോലിരാജിവെച്ച ശേഷമായിരുന്നു സ്വാമിക്കണ്ണിന്റെ ഈ ദേശാടനം. തമിഴും ഇംഗ്ലീഷും മാത്രം വശമായിരുന്നിട്ടും സ്വാമിക്കണ്ണിന്റെ പ്രദർശനം ദക്ഷിണേന്ത്യൻ പട്ടണങ്ങൾക്കു പുറമേ ബോംബേ, ലാഹോർ, പേഷവാർ, കൽക്കട്ട, റംഗൂൺ തുടങ്ങിയിടങ്ങളിലും അരങ്ങേറി. ആ യാത്രയിലാണ് സ്വാമിക്കണ്ണ് വിൻസെന്റ് ചലിക്കുന്ന ചിത്രം കേരളക്കരയിലെത്തിച്ചത്. കോഴിക്കോട്ടെ മുതലക്കുളം മൈതാനിയിൽ വച്ച് 1906ലാണ് കേരളീയർക്ക് അവർ അന്നുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത അനുഭവം സ്വാമിക്കണ്ണ് ആദ്യമായി പകർന്നു നൽകിയത്. 

സ്വാമിക്കണ്ണിന്റെ സാഹസങ്ങൾ അവിടെ തീരുന്നില്ല. പിന്നീട് പ്രൊജക്ടറും ഗ്രാമഫോണും സംയോജിപ്പിച്ച ക്രോണോ-മെഗാഫോണുകൾ പുറത്തിറങ്ങിയപ്പോൾ, അത്തരത്തിലൊന്ന് സംഘടിപ്പിച്ച സ്വാമിക്കണ്ണ് വിൻസെന്റ് തന്റെ നാടോടി പ്രദർശനശാലയെ ‘എഡിസൺസ് ഗ്രാൻഡ് സിനിമെഗാഫോൺ’ എന്നാക്കി പരിഷ്കരിച്ചു. 1909ൽ മദ്രാസിലെ എസ്പ്ലനേഡ് മൈതാനത്തിലായിരുന്നു എഡിസൺസ് ഗ്രാൻഡ് സിനിമെഗാഫോണിലെ ആദ്യ പ്രദർശനം. പിന്നീട് പ്രമുഖ ഫ്രഞ്ച് കമ്പനിയായ ‘പതെ’യുടെ പ്രൊജക്ടറുകളുടെ ഇറക്കുമതിക്കായി അദ്ദേഹം ഏജൻസി തുടങ്ങിയത് ദക്ഷിണേന്ത്യയിൽ സഞ്ചരിക്കുന്ന തീയേറ്ററുകളുടെ വ്യാപനത്തിനു കാരണമായി. 6 ഒന്നാം ലോകയുദ്ധകാലത്ത് മധുക്കരൈ ബറ്റാലിയനിൽ തമ്പടിച്ചിരുന്ന ബ്രിട്ടീഷ് സൈനികർക്കായി വിൻസെന്റ് ഫോഴ്സസ് സിനിമയുടെ കീഴിൽ തിരുച്ചിറപ്പള്ളി റോഡിൽ കൂടാര സിനിമാ പ്രദർശനം നടത്തിയതും സ്വാമിക്കണ്ണ് വിൻസെന്റാണ്.

വിവിധ നഗരങ്ങളിൽ സിനിമാ പ്രദർശനം നടത്തിയ സ്വാമിക്കണ്ണ് വിൻസെന്റ് 1914ൽ കോയമ്പത്തൂരിലെ ആദ്യ തീയേറ്ററായ ‘വെറൈറ്റി ഹാൾ ടോക്കീസ്’ സ്ഥാപിച്ചു. അപ്പോൾ ദാദാ സാഹേബ് ഫാൽകെ ഇന്ത്യയിലെ ആദ്യ ചലച്ചിത്രമായ  രാജാ ഹരിശ്ചന്ദ്ര നിർമ്മിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സ്ഥിരം സിനിമാശാലയായിരുന്നു ഇത് – ആദ്യത്തേത് ചെന്നൈയിലെ ഇലക്ട്രിക് തീയേറ്ററായിരുന്നു. രണ്ട് ജർമ്മൻ ഡീസൽ ജെനറേറ്റർ ഉപയോഗിച്ചായിരുന്നു തീയറ്ററിനു വേണ്ട വൈദ്യുതി ഉല്പാദിപ്പിച്ചിരുന്നത്. ബാക്കി വൈദ്യുതി ഉപയോഗിക്കുന്നതിനായി അദ്ദേഹം തീയറ്റിറിനോട് ചേർന്ന് പ്രിന്റിംഗ് പ്രസ്സും (1916) ധാന്യമില്ലും സ്ഥാപിച്ചു. പൊള്ളാച്ചിക്കാരനായ സ്വതന്ത്ര്യസമരസേനാനി എസ്. സുബ്രഹ്മണ്യ ഗൗണ്ടർ ഈ പ്രസ്സിൽ നിന്നാണ് ലഘുലേഖകൾ അച്ചടിച്ചിരുന്നത്.

അങ്ങനെ ആദ്യ സിനിമ പ്രദർശനം നടത്തിയതു കൂടാതെ സിനിമാ തീയറ്ററും അച്ചടിശാലയും ധാന്യമില്ലും കോയമ്പത്തൂരിലെത്തിച്ചത് സ്വാമിക്കണ്ണ് വിൻസെന്റാണ്. തിരുച്ചിറപ്പള്ളി റോഡിൽ അദ്ദേഹം തുടങ്ങിയ സോഡാ കമ്പനി ഇപ്പോൾ നടത്തുന്നത് ചെറുമകൻ വിൻഫ്രെഡ് പോളാണ്. പിന്നീട് 1922ൽ കോയമ്പത്തൂരിൽ ആദ്യമായി പവർഹൗസ് സ്ഥാപിച്ചതും വൈദ്യുതി വിതരണം തുടങ്ങിയതും അദ്ദേഹം തന്നെയാണ്- വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ വൈദ്യുതിയുടെ ചുമതലയുണ്ടായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ സഹായത്തോടെ പവർഹൗസ് തുടങ്ങാൻ അനുമതി നേടിയെടുത്ത സ്വാമിക്കണ്ണ് കോയമ്പത്തൂർ നഗരത്തിൽ ആദ്യമായി വൈദ്യുതി വിതരണം നടത്തി.7

ഡിലൈറ്റ് തീയറ്ററായി പരിണമിച്ച വെറൈറ്റി ഹാൾ ടോക്കീസ്  ഇന്നും നിലനിൽക്കുന്നു. ഇതു കൂടാതെ അദ്ദേഹം കോയമ്പത്തൂരിൽ 12 തീയറ്ററുകൾ സ്ഥാപിച്ചു. 1916ൽ നടരാജ മുതലിയാർ ദക്ഷിണേന്ത്യയിൽ നിശ്ശബ്ദസിനിമകൾ നിർമ്മിച്ചുതുടങ്ങി. സ്വാമിക്കണ്ണ് വിൻസെന്റിന്റെ റെയിൻബോ തീയേറ്ററിൽ ഇംഗ്ലീഷ് ക്ലബ്ബുമായുള്ള വാടകോടമ്പടിപ്രകാരം ഇംഗ്ലീഷ് സിനിമകളാണ്  പ്രദർശിപ്പിച്ചിരുന്നത്. തമിഴ് സിനിമകൾ പ്രദർശിപ്പിച്ചിരുന്ന എഡിസൺ തീയേറ്റർ പിന്നീട് സ്വാമി എന്ന പേരിലായി. കർണാട്ടിക് തീയേറ്ററിലും പ്രദർശിപ്പിച്ചിരുന്നത് തമിഴ് സിനിമകൾ തന്നെയാണ്. അദ്ദേഹം സ്ഥാപിച്ച പാലസ് തീയറ്റർ പിന്നീട് നാസ് ആയപ്പോൾ, രാധ തീയേറ്റർ മുരുകനായി രൂപാന്തരം പ്രാപിച്ചു.

DelightTheater

മുപ്പതുകളുടെ ആദ്യ പകുതിയിൽ സ്വാമിക്കണ്ണ് വിൻസെന്റ് ചലച്ചിത്രപ്രദർശനത്തിൽനിന്ന് ചലച്ചിത്ര നിർമ്മാണത്തിലേക്കും തിരിഞ്ഞു. കൽക്കട്ടയിലെ പയനീർ ഫിലിം കമ്പനിയുമായി ചേർന്ന് ‘വള്ളിത്തിരുമണം’ എന്ന സിനിമ നിർമ്മിച്ചു. തമിഴ് സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ വമ്പൻ ഹിറ്റുകളിലൊന്നായിരുന്നു ആ ചിത്രം. ആ സമയത്ത് മുംബൈയിലും വള്ളിയുടെ കഥയെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ‘വള്ളി’ എന്നു പേരിട്ടിരുന്ന സിനിമയ്ക്ക് ‘വള്ളിത്തിരുമണ’മെന്ന് സ്വാമിക്കണ്ണ് പേരുമാറ്റിയത്. 1933 ജനുവരി ഒന്നിന് ചെന്നൈയിലെ എൽഫിൻസ്റ്റൺ സിനിമയിൽ റിലീസ് ചെയ്ത വള്ളിത്തിരുമണത്തിന്റെ ഒരു റീൽ കൽക്കട്ടയിൽ നിന്ന് എത്തിയിരുന്നില്ല. അതില്ലാതെയാണ് പടം ഓടിയതെങ്കിലും കാണികൾക്ക് കുറവുണ്ടായിരുന്നില്ല. പിന്നീട് കൽക്കട്ടയിൽനിന്ന് കണ്ടെത്തിയ റീൽ കൊണ്ടുവന്ന് പ്രദർശനം തുടങ്ങിയപ്പോൾ ഒരിക്കൽ കണ്ടവർ വീണ്ടും സിനിമ കാണാനെത്തി. പയനീറുമായി ചേർന്ന് ‘ഹരിശ്ചന്ദ്രൻ’ (1935), സുഭദ്രാ പരിണയം (1935) എന്നീ പടങ്ങളും സ്വാമിക്കണ്ണ് നിർമ്മിച്ചു. 1937ൽ കോയമ്പത്തൂരിൽ പ്രശസ്തമായ സെൻട്രൽ സ്റ്റുഡിയോസ് ആരംഭിച്ചപ്പോൾ സ്വാമിക്കണ്ണ് അതിന്റെ ഡയറക്ടർമാരിലൊരാളായി.7

കേരളത്തിലെ രണ്ടാമത്തെ നിശ്ശബ്ദസിനിമയായ ആർ.സുന്ദരരാജന്റെ മാർത്താണ്ഡവർമ്മയുടെ (1933) സംവിധായകനായ പി.വി.റാവുവാണ് സംസാരചിത്രമായ വള്ളിത്തിരുമണം സംവിധാനം ചെയ്തത്. ആദ്യകാല നായികയും ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ സംവിധായികയുമായ ടി.പി.രാജലക്ഷ്മിയാണ് വള്ളിയായി വെള്ളിത്തിരയിലെത്തിയത്. 1929 മുതൽ നിശ്ശബ്ദസിനിമകളിൽ അഭിനയിച്ചിരുന്ന ടി.പി.രാജലക്ഷ്മിക്ക് താരപരിവേഷം കൈവന്നതും ‘സിനിമ റാണി’എന്ന വിശേഷണം ലഭിച്ചതും ഈ ചിത്രത്തിലൂടെയാണ്. വള്ളിത്തിരുമണത്തിൽ നാരദനെ അവതരിപ്പിച്ച ടി.വി.സുന്ദരത്തെയാണ് പിന്നീടവർ വിവാഹം കഴിച്ചത്.

സ്വാമിക്കണ്ണിൽനിന്ന് വ്യവസായങ്ങളുടെ ചുമതല അദ്ദേഹത്തിന്റെ മകൻ പോൾ വിൻസെന്റ് പൂർണമായും ഏറ്റെടുക്കുന്നത് 1939ലാണ്. എന്നാൽ അതിനുമുൻപ്, 1936ൽ ഉക്കടത്ത് ഹിന്ദി, ഇംഗ്ലീഷ് സിനിമകൾ പ്രദർശിപ്പിക്കാനായി പാലസ് തീയേറ്റർ തുടങ്ങിയത് പോൾ വിൻസെന്റാണ്. പോൾ വിൻസെന്റ് വ്യവസായത്തിലേക്ക് എത്തിയപ്പോഴേക്കും ഊരുചുറ്റി സിനിമയുടെയും കൂടാരസിനിമയുടെ കാലം കഴിഞ്ഞിരുന്നു.

ദക്ഷിണേന്ത്യയിൽ സംസാരിക്കുന്ന സിനിമ പ്രചരിപ്പിച്ചവരിൽ പ്രധാനിയാണ് പോൾ വിൻസെന്റ്. പോൾ വിൻസെന്റാണ് നാല്പതുകളുടെ തുടക്കത്തിൽ ആർ.എസ്.പുരത്ത് ‘വിൻസെന്റ്സ് ലൈറ്റ് ഹൗസ്’ എന്ന തീയേറ്റർ സ്ഥാപിച്ചത്. കലാരംഗത്ത് അക്കാലത്തെ ഒരത്ഭുതമായിരുന്നു വിൻസെന്റ്സ് ലൈറ്റ് ഹൗസ്. കോയമ്പത്തൂരിലെ സെൻട്രൽ സ്റ്റുഡിയോയിലെ കലാകാരനായിരുന്ന ശാന്താറാമാണ് ശാകുന്തളത്തിലെ രംഗങ്ങൾ ചിത്രീകരിച്ച ബാസ് റിലീഫുകൾ കൊണ്ട് അലങ്കരിച്ച് ലൈറ്റ് ഹൗസിൽ അത്ഭുതങ്ങൾ വിരിയിച്ചത്.7

നാല് തവണ വിവാഹം കഴിച്ച സ്വാമിക്കണ്ണ് വിൻസെന്റിന് ആറ് മക്കളുണ്ടായിരുന്നു - നാല് ആണും രണ്ടു പെണ്ണും. വെറൈറ്റി ഹാളിനു സമീപമുള്ള ബംഗ്ലാവിലാണ് 1980കൾ വരെ സ്വാമിക്കണ്ണിന്റെ അടുത്ത തലമുറയിലുള്ളവർ ഒന്നിച്ച് താമസിച്ചിരുന്നത്. എന്തിലും പൂർണ്ണതയ്ക്ക് വേണ്ടി ശ്രമിച്ചിരുന്ന സ്വാമിക്കണ്ണ് വിൻസെന്റ് എപ്പോഴും വെള്ള സ്യൂട്ടും വെള്ള തൊപ്പിയും ധരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. സ്റ്റുഡ്ബേക്കർ, മോറിസ്സ് മൈനർ, ഫോർഡ്, ഷെവർലെ, ഓസ്റ്റിൻ തുടങ്ങിയ കമ്പനികളുടെ കാറുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. മാജിക്ക് അറിയാമായിരുന്ന സ്വാമിക്കണ്ണ് പള്ളിയിലെ ഒത്തുചേരൽ സദസ്സിലും മറ്റും മാജിക്ക് ഷോ അവതരിപ്പിക്കാറുണ്ടായിരുന്നു. 1942 ഏപ്രിൽ 22ന് അന്തരിക്കുമ്പോൾ അദ്ദേഹത്തിന് 59 വയസ്സായിരുന്നു.

തമിഴ് സിനിമാ ചരിത്രത്തിലെ 1905 മുതൽ 1931 വരെയുള്ള കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന എം. സെന്തമിഴന്റെ പേശാമൊഴി (2007) എന്ന ഡോക്യുമെന്ററിയിൽ സ്വാമിക്കണ്ണിന്റെ ആദ്യ പ്രദർശനത്തെയും ആദ്യകാലത്തെ 136 നിശ്ശബ്ദ ചിത്രങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.8

ചരിത്രപരാമർശങ്ങൾ വരുന്ന സിനിമകളും പുസ്തകങ്ങളും ലേഖനങ്ങളും അല്പം ശ്രദ്ധിക്കപ്പെട്ടാൽ, അതിനെച്ചൊല്ലി വിവാദങ്ങൾ അലയടിക്കുന്നത് കേരളത്തിലെ ഒരു സ്ഥിരം അനുഭവമാണ്. ചരിത്രത്തെക്കുറിച്ച് പല കഥകളും അവയെ പിന്തുടർന്നുള്ള വിവാദങ്ങളും പ്രചരിക്കാൻ പ്രധാനകാരണം വ്യക്തമായ രേഖപ്പെടുത്തലുകളുടെ അഭാവമാണ്. ഇന്നൊരു വ്യവസായമായും കലയായും വളർന്നു പന്തലിച്ചു നിൽക്കുന്ന ഇന്ത്യൻ സിനിമയ്ക്ക് അടിസ്ഥാനശില പാകിയത് സാഹസികരെന്നു വിളിക്കാവുന്ന ആദ്യകാല ചലച്ചിത്ര പ്രദർശകരാണ്. കഴിഞ്ഞ നൂറു വർഷത്തിൽ സിനിമ അതിന്റെ ശാഖകൾ വിടർത്തി വളർന്നെങ്കിൽ അതിന്റെ കാരണഭൂതരിൽ സ്വാമിക്കണ്ണ് വിൻസെന്റിനെപ്പോലെയുള്ള സാഹസികരുംപെടും. വിസ്മൃതിയിലേക്ക് മറയുന്ന ഇത്തരം ഓർമ്മകൾക്ക് തെളിച്ചം നൽകേണ്ടതും തെറ്റുകൾ തിരുത്തപ്പെടേണ്ടതും എക്കാലത്തെയും പോലെ വർത്തമാനകാല ചരിത്രദൗത്യങ്ങളിലൊന്നുമാത്രം.

​​കൂട്ടിച്ചേർക്കൽ:വിജയകൃഷ്ണന്റെ 'ഇന്ത്യൻ സിനിമയുടെ നൂറ് വർഷങ്ങൾ' എന്ന പുസ്തകത്തിൽ​ "സ്വദേശിയായ ആദ്യത്തെ ദക്ഷിണേന്ത്യൻ ചലച്ചിത്രപ്രവർത്തകൻ സ്വമിക്കണ്ണ് വിൻസന്റാണ്"എന്നു​
സൂചിപ്പിക്കുന്നുണ്ട്. തുടർന്ന് പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെയും പറയുന്നു -"വിൻസന്റ് തന്റെ പ്രൊജക്ടറിന് എഡിസൺ ബയോസ്കോപ് എന്നു നാമകരണം ചെയ്തു. എഡിസൺ ബയോസ്കോപ്പുമായി അദ്ദേഹം ദക്ഷിണേന്ത്യ മുഴുവൻ കറങ്ങി. ടെന്റുകളിലായിരുന്നു അദ്ദേഹത്തിന്റെ സിനിമാപ്രദർശനം. മിക്കവാറും സ്ഥലങ്ങളിൽ പ്രാദേശികോത്സവങ്ങളോട് അനുബന്ധിച്ചായിരുന്നു പ്രദർശനം. തൃശൂർപൂരത്തിനുമെത്തി വിൻസന്റ്. അങ്ങനെ, കേരളത്തിൽ ആദ്യമായി ചലച്ചിത്ര പ്രദർശനം നടത്തിയ വ്യക്തി എന്ന ബഹുമതിയും വിൻസന്റ് നേടുന്നു.​"​ [​വിജയകൃഷ്ണൻ, ഇന്ത്യൻ സിനിമയുടെ 100 വർഷങ്ങൾ:  Chintha Publishers, first edition, december 2013, Page 50]

പ്രാദേശികോത്സവങ്ങളോട് അനുബന്ധിച്ചായിരുന്നു പ്രദർശനം എന്ന് പറയുന്നതിലൂടെ ആദ്യ പ്രദർശനം നടന്നത് തൃശൂരാവാനാണ് സാധ്യ​​തയെന്നാണ് ഈ പുസ്തകം അവകാശപ്പെടുന്നത്. സ്വാമിക്കണ്ണിൽനിന്ന് പ്രദർശനസാമഗ്രികൾ വാങ്ങിയെന്ന് പറയപ്പെടുന്ന വാറുണ്ണി ജോസഫ് തൃശൂർക്കാരനാണെന്നതും ഈ വാദത്തിന് സാധുത നൽകുന്നു.

ഈ ലേഖനമെഴുതുമ്പോൾ, വിജയകൃഷ്ണന്റെ ഇന്ത്യൻ സിനിമയുടെ നൂറ് വർഷങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകൃതമായിരുന്നില്ല. കടന്നുപോയ റെഫറൻസുകളിൽനിന്നാണ് ​കോഴിക്കോട് മുതലക്കുളം മൈതാനിയിലായിരുന്നു കേരളത്തിലെ ആദ്യ പ്രദർശനമെന്നും അതിനുശേഷമാണ് വിൻസന്റ് തൃശൂരിലെത്തിയതെന്നുമുള്ള നിഗമനത്തിൽ ഇവിടെ ലേഖകൻ എത്തിച്ചേർന്നത്.

കുറിപ്പുകൾ
1.    വിജയകൃഷ്ണൻ, ചിത്രങ്ങൾ ചലിക്കാൻ തുടങ്ങുന്നു, മലയാള സിനിമയുടെ കഥ :  മാതൃഭൂമി ബുക്സ്, 2007, പു. 17-18
2.    മോഹൻകുമാർ കെ.വി.,  അലക്കുകല്ലുകളുടെ ചലച്ചിത്രപ്പെരുമ, മാതൃഭൂമി വാരാന്തപ്പതിപ്പ്, മാർച്ച് 3, 2013, പു -1
3.    രാജശേഖരൻ, പി. കെ.,  സ്വാമിക്കണ്ണ് വിൻസെന്റ്: കേരളത്തിലെ ആദ്യ ചലച്ചിത്ര പ്രദർശകൻ, FILKA 12th International Festival Book, 2012 പു. 125-126
4.    Rajadhyaksha, Ashish & Willemen, Paul: Encyclopaedia of Indian Cinema: Oxford University Press, 1995 , Page 17
5.    Jeshi, K, Memories of Coimbatore: A silent revolution, The Hindu Friday Review, Coimbatore, March 22, 2011
6.    Baskaran, S Theodore: Birth of a New Medium; Silent Cinema, The Message Bearers: Cre-A, March 1981, Page 68-69
7.    രാജശേഖരൻ, പി. കെ.,  സ്വാമിക്കണ്ണ് വിൻസെന്റ്: കേരളത്തിലെ ആദ്യ ചലച്ചിത്ര പ്രദർശകൻ, FILKA 12th International Festival Book, 2012, പു. 126
8.    Shafiq , Umanina, Forgotten pioneer of Tamil cinema, Gulf Times Features, January 20, 2008, Page 8

[സമകാലിക മലയാളം വാരിക, ഏപ്രിൽ 18, 2014 ലക്കത്തിൽ പ്രസിദ്ധീകരിച്ചത് ]

Comment