തനി തങ്കം; ഗിരീഷ് കുൽക്കർണി

Info

ഗിരീഷ് കുൽക്കർണിയെന്ന നടനെ ഓർമ്മയിൽ കുറിച്ചിടാൻ ആമീർ ഖാൻ്റെ ‘ദംഗൽ‘ സിനിമയിലെ കോച്ചിൻ്റെ വേഷം മാത്രം മതിയാവും. എന്നാൽ അതിനും മേലേ 2011 ൽ ഇറങ്ങിയ മറാത്തി ചിത്രം ‘ഡ്യൂൾ‘ ലൂടെ രണ്ട് ദേശീയ പുരസ്കാരത്തിന് അർഹനായ മികച്ച നടനും മികച്ച തിരകഥാകൃത്തുമാണ് ഗിരീഷ് കുൽക്കർണി.

Thankam-2.jpg

ദംഗൽ സിനിമയിൽ അമീർ ഖാനൊപ്പം

‘തങ്കം‘ സിനിമയിലൂടെ ഗിരീഷ് കുൽക്കർണി മലയാളസിനിമയുടേയും ഭാഗമായിരിക്കുകയാണ്. ഒരു മറാത്തി പോലീസുകാരൻ്റെ വേഷം ഗിരീഷിൻ്റെ കരങ്ങളിൽ അത്രക്ക് ഭദ്രമായിരുന്നു. ഇനിയെങ്ങാനും ശരിക്കും ഗിരീഷ് പോലീസുകാരൻ ആയിരുന്നോ എന്ന് പോലും സംശയമുളവാക്കുന്ന രീതിയിലുള്ള പെർഫോമൻസ്. ഒരു മഹാരാഷ്ട പോലീസുകാരൻ്റെ സ്വഭാവ-സംസാര-പെരുമാറ്റ ശൈലികളെ അപ്പാടെ പകർത്തിക്കൊണ്ട് അദ്ദേഹം അഭിനയിച്ചപ്പോൾ ഏറ്റവും രസകരമായി തോന്നിയത് അദ്ദേഹത്തിൻ്റെ മറാത്തി സംസാരമാണ്. പക്കാ മുംബയ് പോലീസ് ഡയലോഗുകൾ.... അതേ ഒഴുക്ക്... അതേ ശൈലി...!!

തങ്കം കണ്ടെണീറ്റപ്പോൾ ഞാൻ ആദ്യം അന്വേഷിച്ചത് മറാത്തി ഡയലോഗുകൾ ആരാണ് എഴുതിയിരിക്കുന്നത് എന്നതാണ്. സിനിമയുടെ ഡയറക്ടർ സഹീദിൽ നിന്നും അറിഞ്ഞത് മറാത്തിയിൽ വരേണ്ട ഡയലോഗുകൾ ഗിരീഷിനും അദ്ദേഹത്തിൻ്റെ ഒപ്പമുണ്ടായിരുന്ന ടീമിനും (അനിരുദ്ധ് ജോഷി & ഗുൽഫാം ഷെയ്ഖ്) വിശദീകരിച്ച് കൊടുക്കുകയും, ഗിരീഷും ടീമും അത് മറാത്തിയിൽ ഡയലോഗ് ആക്കി എഴുതി, ശ്യാം പുഷ്കരൻ അപ്രൂവൽ ചെയ്താണ് ഷൂട്ട് ചെയ്തിരുന്നത് എന്നാണ്. ആ മറാത്തി ഡയലോഗുകൾ കേട്ടപ്പോൾ തോന്നിയിരുന്നു, അവക്ക് പിന്നിൽ മറാത്തിയിൽ തിരക്കഥയെഴുതി നാഷ്ണൽ അവാർഡ് നേടിയിട്ടുള്ള ഗിരീഷ് കുൽക്കർണിയുടെ കരങ്ങൾ ഉണ്ടാവാം എന്ന്. അത് ഒരു പരിധിവരെ ശരിയാണെന്ന് സംവിധായകൻ തന്നെ പറയുന്നു.

അനുരാഗ് കശ്യപ്പിൻ്റെ ‘അഗ്ലി‘യിലും ഗിരീഷ് കുൽകർണിക്ക് പോലീസ് വേഷമായിരുന്നു. ആ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘റേഡിയോ മിർച്ചി‘ എഫ് എം റേഡിയോയിൽ ക്ലസ്റ്റർ പ്രോഗ്രാമിംഗ് ഹെഡ് ആയി ജോലി ചെയ്തിട്ടുള്ള ഗിരീഷ്, പൂനെ, ഒസ്മാനാബാദ് ജില്ലയിലെ പരന്ദ താലൂക്കിൽ ജനിച്ച് പൂനെയിൽ തന്നെയാണ് വളർന്നതും. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള ഗിരീഷ് പല പ്രാദേശിക സ്റ്റേജ് നാടകങ്ങളിലും അഭിനയിച്ച് പോന്നിരുന്നു. പോസ്റ്റ് ഗ്രാജുവേഷനു ശേഷം കുറച്ചുകാലം സ്വകാര്യ ഐടി കമ്പനികളിൽ ജോലി ചെയ്തെങ്കിലും അധികം താമസിയാതെ കഥയെഴുത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചു. തുടർന്നാണ് ഗിരീഷ് കുൽക്കർണി മറാത്തി ചലച്ചിത്രമേഖലയിലേക്ക് ചേക്കേറുന്നത്. അങ്ങനെ ഗിരീഷ് തിരക്കഥ എഴുതിയ മൂന്നാമത്തെ തിരക്കഥയിൽ തയ്യാറായ ‘ഡ്യൂൾ‘ ഏറ്റവും മികച്ച സിനിമ, ഏറ്റവും മികച്ച തിരക്കഥ, ഏറ്റവും മികച്ച നടൻ എന്നീ ദേശീയപുരസ്കാരങ്ങൾ കരസ്ഥമാക്കിക്കൊണ്ട് തൻ്റെ കഴിവ് തെളിയിച്ചു.

Thankam-3.jpg

ഗിരീഷിനെ ദേശീയപുരസ്കാരത്തിന് അർഹനാക്കിയ ഡ്യൂൾ സിനിമയുടെ പോസ്റ്റർ

മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണിക്ക് മലയാളം സിനിമയും ഏറെ പ്രിയപ്പെട്ടതാണ്. ‘കുമ്പളങ്ങി നൈറ്റ്സ്‘ ആണ് അടുത്തകാലത്ത് കണ്ടവയിൽ അദ്ദേഹത്തിൻ്റെ ഒരു ഇഷ്ടചിത്രം. ‘ചിത്രം‘ സിനിമയിലെ ‘ദൂരെ കിഴക്കു ദിക്കിൻ...‘ എന്ന് തുടങ്ങുന്ന ഗാനം ഇഷ്ടപ്പെടുന്ന ഗിരീഷിന് ആ പാട്ടിൻ്റെ കുറച്ച് വരികൾ പാടാനുമറിയാം.

തങ്കത്തിലെ പോലീസ് വേഷം പോലെ ഗംഭീരമാക്കാൻ ഉതകുന്ന ഗംഭീരവേഷങ്ങൾ ഗിരീഷ് കുൽക്കർണിയെത്തേടി ഇനിയും പിറക്കട്ടെ, മലയാളത്തിലും...!!!

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

Comment