രണ്ട് മുഴം കയ്യും ഒരു ശരീരവുമുള്ള അഞ്ചാത്മാക്കൾ തല്ല് കേസിൽ അകപ്പെട്ടപ്പോൾ..

Trivia

രണ്ട് മുഴം കയ്യും ഒരു ആത്മാവും ഉള്ള നാലു പേരാണ് പൊടിയൻ പിള്ളയുടെ സംഘത്തിൽ. പൊടിയൻ പിള്ളയുടെ കൂടെ തല്ലാൻ നിന്നവരൊക്കെ അമ്മിണിപ്പിള്ളക്കെതിരെ ഒരു സംഘമായി ഒത്ത് ചേർന്ന് വീരവാദം മുഴക്കുന്നത് പിന്നീട് പാണ്ടിലോറിക്ക് മുന്നിൽ തവള മസിൽ പിടിക്കുന്നത് പോലെ ഒരു വ്യർത്ഥതയാണെന്ന് ഓരോരുത്തർക്കും ‌പയ്യെപ്പയ്യെ ബോധ്യമാവുകയാണ്. 

തല്ല് കേസിൽ ഒരോ അടികളായി വാങ്ങി മലബന്ധത്തിനു വരെ ആശ്വാസം കിട്ടി എന്ന തരത്തിൽ ദീർഘനിശ്വാസം വിടുന്നത് കൃത്യമായി പ്രേക്ഷകനും അനുഭവേദ്യമാവുന്ന തരത്തിലാണ് താരതമ്യേന ഫ്രഷ് മുഖങ്ങളെന്ന് തോന്നുന്ന നാല് അഭിനേതാക്കളും ഓൺ സ്ക്രീനിൽ പെർഫോം ചെയ്തിരിക്കുന്നത്. സിനിമയുടെ രസമുള്ള സമയങ്ങളിൽ ഏറെയും അമ്മിണിപ്പിള്ളയുടെ തല്ല് വാങ്ങിയവരുടെ നിശ്വാസവും തല്ല് മേടിക്കാനിരിക്കുന്നവരുടെ ആശങ്കകളും ഒത്ത് ചേരുന്ന പൊടിയൻ സംഘത്തിന്റെ പരസ്പരമുള്ള വളരെ നാച്ചുറലായ സംഭാഷണങ്ങളാണ്.

പൊടിയൻ പിള്ളക്ക് അമ്മിണിപ്പിള്ളയോടുള്ള കലിപ്പിനോളം ആഴമുള്ള ധൈര്യം പക്ഷേ തിരിച്ചടിക്കാനില്ല എന്ന നഗ്നമായ സത്യം കൃത്യമായ ട്രോൾ ഡയലോഗുകളിലൂടെ ഇടക്കിടെ ഓർമ്മിപ്പിക്കുന്ന കൂട്ടുകാരുടെ സംഘം, ഒരു പക്ഷേ ഭൂമിക വേറെയാണെങ്കിലും പണ്ട് പരസ്പരം ട്രോളിയിരുന്ന കട്ടച്ചങ്കുകളായ അപ്പുക്കുട്ടനേം മഹാദേവൻ തുടങ്ങിയ നാൽവർ സംഘത്തെ പലപ്പഴും ഓർമ്മിപ്പിക്കുന്നുണ്ട്.

റോഷൻ മാത്യു മനോഹരമായി അവതരിപ്പിച്ച പൊടിയൻ പിള്ളയുടെ ഗ്യാങ്ങിലെ മറ്റ് നാലു പേരെ ഒന്ന് വിശദമായി പരിചയപ്പെടാം, 

ഒന്നാമൻ പ്രഭക്കുട്ടൻ എന്ന റെജു ശിവദാസ്  - അധികമാരും കാണാതെ അടികൊണ്ട പ്രഭക്കുട്ടൻ ആദ്യമാദ്യം അത് നന്നായി എന്ന് കരുതുന്നിടത്ത് നിന്ന്, "നാലു പേരെ കണ്ടുള്ളു, അയ്യോ അയ്യോ" എന്ന് പറഞ്ഞൊരു വിലാപം കണക്കെ ആൾക്കൂട്ടത്തിനിടക്ക് നിന്ന് അടികൊണ്ടതും കൂടുതൽ ജനശ്രദ്ധ കിട്ടിയവരുമായ ചങ്കുകളെ ട്രോളാനും ഉപയോഗിക്കുകയാണ് എന്നത് രസകരമാണ്.  സിനിമയുടെ തുടക്കം തന്നെ പ്രഭക്കുട്ടനിലൂടെ ആണ്, പ്രഭക്കുട്ടന്റെ പ്രേമനൈരാശ്യവും മറ്റും സിനിമയുടെ തീമുമായിത്തന്നെ ബന്ധിപ്പിച്ചിരിക്കുന്നു.

പ്രഭക്കുട്ടനെ അവതരിപ്പിച്ചത് നവാഗതനായ റെജു ശിവദാസാണ്. സിനിമയിൽ തുടക്കമെങ്കിലും നാടകക്കളരിയിൽ ദീർഘപരിചയമുള്ള റെജു തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം സ്വദേശിയാണ്. കുട്ടികളുടെ തിയറ്ററിലും, നാടകങ്ങളിലും മറ്റുമായി ഏറെക്കാലമായി പ്രൊഫഷണൽ രംഗത്തുള്ള റെജുവിന് തെക്കൻ തല്ലുകേസിൽ അവസരം ലഭിക്കുന്നത് സിനിമയുടെ ലൊക്കേഷനും കൊല്ലം, ആറ്റിങ്ങൽ ബോർഡറിലുള്ള അഞ്ചുതെങ്ങെന്ന കഥാപരിസരവുമായി ബന്ധപ്പെട്ട് തന്നെയാണ്. 

Prabhakuttan-Reju.jpg

അടി കൊള്ളുന്നത് നാലേ നാലു പേരേ കണ്ടുള്ളു..അയ്യോ..അയ്യോ..
സിനിമ പ്രധാനമായും വർക്കല, ആറ്റിങ്ങൽ ഭാഗങ്ങളിൽ ഷൂട്ട് ചെയ്യുന്നതിനാൽ അവിടുന്നുള്ള നാടക പരിചയമുള്ള നടീനടന്മാരെ തിരയുകയായിരുന്നു. റെജു ഡയറക്ഷൻ നിർവ്വഹിക്കുന്ന സാപിയൻസ് എന്ന ഗ്രൂപ്പിലെ പലരുടെയും ഫോട്ടോകളും വിവരങ്ങളും സിനിമയിൽ ഓഡീഷനു ലഭ്യമാക്കുന്നതിനൊപ്പം റെജുവിന്റെ വിവരങ്ങളും കൊടുത്തതിൽ നിന്നാണ് തെക്കൻ തല്ല് കേസിലേക്ക് റെജുവിന് പ്രഭക്കുട്ടൻ എന്ന തുടർനീള കഥാപാത്രം ലഭ്യമാവുന്നത്. സിനിമയുടെ പ്രൊമോഷനു വേണ്ടി പുറത്തിറക്കിയ "പ്രേമനെയ്യപ്പമെന്ന" പാട്ടിൽ ഉടനീളം റെജുവിന്റെ പ്രഭക്കുട്ടന്റെയും കാമുകി കഥാപാത്രമായിരുന്ന അനഘ  വിപിയുടേയും  രംഗങ്ങളായിരുന്നു ചിത്രീകരിക്കപ്പെട്ടിരുന്നത്. പാട്ട് സോഷ്യൽ മീഡിയകളിലടക്കം ഹിറ്റുമായിരുന്നു.

Prema Neyyappam | Oru Thekkan Thallu Case Promo Song | Justin Varghese | Anwar Ali | Biju Menon

 

രണ്ടാമൻ ലോപ്പസ് എന്ന അശ്വത്ത്‌ലാൽ -  ലോപ്പസിന്റെ വോയിസോവറിലൂടെയാണ് പലപ്പഴും അമ്മിണിപ്പിള്ളയുടെ സവിശേഷതകൾ സിനിമയിൽ അനാവരണം ചെയ്യപ്പെടുന്നത്. സത്യത്തിൽ പൊടിയൻ പിള്ളയുടെ സംഘത്തിലാണെങ്കിലും ലോപ്പസ് മനസാലും അടി കൊണ്ട് കഴിഞ്ഞ്, പ്രവർത്തിയാലും അമ്മിണിപ്പിള്ള ഫാനായി മാറുന്നതും രസകരമാണ്. ലോപ്പസിനെ അവതരിപ്പിച്ച അശ്വത്ത് ലാലിനെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഹൃദയമെന്ന സിനിമയിലൂടെ പ്രേക്ഷകർ അടുത്തറിഞ്ഞ ആന്റണി താടിക്കാരനാണത്. 

Lopez-Aswathlal.jpg

ഒരു ലോഡാൾക്കാരുണ്ടാരുന്ന് അവർ, അണ്ണാ മുക്കാ മണിക്കൂർ, മുക്കാ മണിക്കൂർ അണ്ണൻ നിന്നടിച്ച്..
തിരുവനന്തപുരത്ത്‌ എം ജി കോളേജിൽ പഠിക്കുന്നകാലത്ത്‌ അശ്വത് ലാലിന്റെ മോഹവും കഴിവും തിരിച്ചറിഞ്ഞ അദ്ധ്യാപകൻ ജീവയാണ്‌ എറണാകുളത്ത്‌ "ആഭാസ"ത്തിന്റെ ഓഡിഷനു പോകാൻ പറഞ്ഞത്‌. അതിൽ തെരഞ്ഞെടുക്കപ്പെട്ടതോടെ അശ്വത് ലാലും സിനിമാനടനായി. നാട്ടുകാരനായ സുരാജ്‌ വെഞ്ഞാറമൂടിനും പ്രശസ്ത നടൻ നാസറിനുമൊപ്പം ആദ്യ ഫ്രയിമിൽ തുടക്കം കുറിക്കാൻ കഴിഞ്ഞത്‌ അശ്വത് ലാൽ ഭാഗ്യമായിക്കാണുന്നു. ശങ്കർ രമകൃഷ്ണന്റെ "പതിനെട്ടാം പടി"യിലെ 'അഭയൻ' എന്ന കഥാപാത്രമായാണ്‌ അശ്വത് ലാൽ രണ്ടാമതായി എത്തുന്നത്‌. തുടർന്ന് ഹൃദയത്തിലെ ഹിറ്റായ താടിക്കാരനും ഇപ്പോൾ ലോപ്പസും.

 

മൂന്നാമൻ കുഞ്ഞിപ്പക്കി എന്ന അരുൺ ശങ്കരൻ പാവുമ്പ - പോലീസുകാരനായതിനാൽ തന്നെ തൊടണമെങ്കിൽ ഇച്ചിരി പുളിക്കും, തന്നെത്തൊട്ടാൽ പോലീസിറങ്ങി റൂട്ട് മാർച്ച് നടത്തുമെന്ന് അവകാശപ്പെടുന്ന കുഞ്ഞിപ്പക്കിയും അമ്മിണിഭീതി കൊണ്ട് പോലീസ് വേഷത്തിലാണ് കക്കൂസിൽപ്പോലും പോവുന്നതെന്നതും കോമഡിയാണ്.  ഒടുവിൽ കുഞ്ഞിപ്പക്കി പോലീസ് വേഷവും ധരിച്ച് കൊണ്ട് തന്നെ അടി മേടിച്ച് കെട്ടി, റൂട്ട് മാർച്ച് നടത്തുന്ന സ്റ്റൈൽ പോലെ വേച്ച് പോവുന്നത് പണ്ട് ജഗതിയുടെ ഒക്കെ കോമഡി മാനറിസങ്ങൾ പോലെ മനോഹരം. 

Kunjippakki-Arunsankaran.jpg

പോലീസുകാരനെ തൊട്ടാലിവിടെ റൂട്ട് മാർച്ച് നടക്കും, റൂട്ട് മാർച്ച്..
അരുൺ തന്നെയാണ് ഏറെ ഹിറ്റായ "മഹേഷിന്റെ പ്രതികാരത്തിലെ" അടികൾക്ക് തുടക്കമിടുന്നതെന്ന്  ചിലർക്കെങ്കിലും അറിയാമെങ്കിലും അന്ന് സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്നതിനാൽ അരുണിനെ പലർക്കും തിരഞ്ഞ് കിട്ടിയിട്ടുണ്ടായിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയായ അരുൺ കുമാർ പാവുമ്പയാണ് അരുൺ ശങ്കരനെന്ന പേരിലെത്തി കാണികളെ ചിരിപ്പിച്ച പോലീസുകാരൻ കുഞ്ഞിപ്പക്കി. കാലടി സർവ്വകലാശാലയിൽ നിന്ന് തിയറ്റർ ആർട്സിൽ (നാടകം) ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം എം ജി യൂണിവേഴ്സിറ്റി കോട്ടയത്ത് നിന്നും നാടകത്തിൽ എംഫിലും പൂർത്തിയാക്കിയ അരുൺ ദീർഘകാലമായി നാടക/തിയറ്റർ രംഗത്തുള്ള അഭിനേതാവാണ്. അഭിനയിക്കുകയും അഭിനയം പഠിപ്പിക്കുകയും ഒപ്പം നാടക പ്രവർത്തനങ്ങളും ആക്റ്റിംഗ് വർക്‌ഷോപ്പുകളുമൊക്കെയായി ദീർഘകാലമായി കൊച്ചി അടിസ്ഥാനമാക്കി പ്രൊഫഷണൽ മേഖലയിലുണ്ട് ഈ കുഞ്ഞിപ്പക്കി.

 

നാലാമൻ കുഞ്ഞ് കുഞ്ഞ് എന്ന അഖിൽ കവലയൂർ - അവസാന ശ്വാസം വരെയും കൂടെ നിൽക്കുമെന്ന കോൺഫിഡൻസ് കാണിക്കുന്നുണ്ട് പൊടിയൻ പിള്ളയുടെ കട്ടച്ചങ്കായ കുഞ്ഞ് കുഞ്ഞ്. അതിനു വേണ്ടി ആറ്റിങ്ങലുള്ള അമ്മായിയുടെ മക്കളെ തല്ലാനായി ഇറക്കുന്നെങ്കിലും പിന്നീട് നടക്കുന്ന സംഭവവികാസങ്ങൾ ഒരു പക്ഷേ പടത്തിന്റെ ഏറ്റവും ഹൈലൈറ്റുള്ള കോമഡി ആയിത്തന്നെ മാറുന്നുണ്ട്. അവസാനം അടി വാങ്ങുന്ന കുഞ്ഞ് കുഞ്ഞിനെ അവതരിപ്പിച്ചത് അഖിൽ കവലയൂരാണ്. 

Kunjukunj-Akhil.jpg

വിടടെ..അവനുമില്ലേ രണ്ട് മൊഴം കയ്യും ഒരാത്മാവും..
ഒരു പക്ഷേ ഈ സിനിമയിൽ പ്രേക്ഷകർ ഏറ്റവും കണ്ട് പരിചയിച്ച മുഖം ടിവി ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിൽ മുന്നണിയിലും പിന്നണിയിലും ഏറെ ശ്രദ്ധേയനായ അഖിൽ കവലയൂരിന്റേതാവും. ആറ്റിങ്ങൽ അഞ്ച് തെങ്ങിലെ സിനിമാ കഥാ പരിസരവുമായി ബന്ധപ്പെട്ടാണ് ആറ്റിങ്ങൽ കവലയൂർ സ്വദേശിയായ അഖിലിനും തെക്കൻ തല്ല് കേസിലേക്ക് വിളി വരുന്നത്. മിമിക്രിയിലൂടെ ആണ് തുടക്കം. ഏകദേശം 18 വർഷക്കാലം തിരുവനന്തപുരത്തെ വിവിധ ട്രൂപ്പുകളിൽ താരമായിരുന്നു. ഫ്ലവേർസ് ടീവിയിലെ സ്റ്റാർ മാജിക്ക് എന്ന കോമഡി പ്രോഗ്രാമിന്റെ എഴുത്തുകാരനും പെർഫോമറായും രംഗത്തെത്തുന്നതും അഖിൽ തന്നെയാണ്. 

 

* ഓരോരുത്തരുടെയും വിശദമായ പ്രൊഫൈൽ ഇതിനോടൊപ്പമുള്ള ലിങ്കുകളിലും താഴെയുള്ള റിലേറ്റഡ് ലിങ്കുകളിലുമുണ്ട്.

Relates to: 
ഒരു തെക്കൻ തല്ല് കേസ്
അരുൺ ശങ്കരൻ പാവുമ്പ
അഖിൽ കവലയൂർ
അശ്വത്ത്‌ലാൽ
റെജു ശിവദാസ്
റോഷൻ മാത്യു
Comment