മലയാളത്തിന്‍റെ സ്വന്തം വാണിയമ്മ

Info

മലയാള സിനിമയും സിനിമാഗാനങ്ങളും അതിന്‍റെ ബാല്യകാലം വിട്ട് അടുത്തൊരു തലത്തിലേക്ക് മാറിയ എഴുപതുകളിലും എണ്പതുകളുടെ പാതിവരെയുമുള്ള പരിണാമകാലത്ത് തന്‍റെ സ്വരമാധുരം കൊണ്ട് നിറഞ്ഞു നിന്ന വാണി ജയറാം എന്ന ഗായികയുടെ വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ഗാനസ്വാദകര്‍ക്ക് എത്രത്തോളം കഴിയുമെന്നറിയില്ല. ഹിന്ദിയില്‍ 1971ല്‍ ഗുഡ്ഡി എന്ന ചിത്രത്തില്‍ തന്റെ ചലച്ചിത്രപിന്നണി ആലാപനത്തിന് തുടക്കമിട്ട വാണി ജയറാമിന്റെ ശബ്ദം മലയാളഭാഷയില്‍ ആദ്യമായി നാം കേട്ടത് 1973ല്‍ സ്വപ്നം എന്ന ചിത്രത്തിലൂടെ. പിന്നീട് ഒന്നര ദശാബ്ദകാലത്തിനടുത്ത് മലയാളത്തില്‍ എസ് ജാനകി കഴിഞ്ഞാല്‍ ഏറ്റവും തിരക്കേറിയ പെണ്‍ശബ്ദമായി മാറുകയായിരുന്നു. അക്കാലത്തെ എല്ലാ സംഗീത സംവിധായകരുടെയും പ്രിയപ്പെട്ട ഗായിക.

അന്നത്തെ തെന്നിന്ത്യന്‍ ഭാഷാസിനിമകളുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന മദിരാശിയില്‍ ഒരു റെകോര്‍ഡിംഗ് പ്രോഗ്രാമിന് വന്നെത്തിയ വാണിയ്ക്ക് റിഹേര്‍സലിനിടയില്‍ തന്‍റെ ചിത്രത്തില്‍ ഒരുപാട്ട് പാടാനുള്ള ക്ഷണവുമായി നിര്‍മ്മാതാവ് ശിവന്‍റെ ഫോണ്‍ കോള്‍ എത്തുന്നു. ഈ സന്തോഷം ഇരട്ടിമധുരമായി മാറിയത് സംഗീത സംവിധാനം സലീല്‍ ചൌധരി ആണെന്നറിഞ്ഞപ്പോഴും. ഓഎന്‍വി എഴുതിയ ' സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ സൗഗന്ധികമാണീ ഭൂമീ...' എന്ന് തുടങ്ങുന്ന വരികള്‍ സലീല്‍ ചൗധരിയുടെ ഈണത്തിലൂടെ വാണിയുടെ ശബ്ദം ആദ്യമായി മലയാളത്തില്‍ എത്തി.

വര്‍ഷം 1975 ആണ് വാണി ജയറാമിന് മലയാളത്തില്‍ കാര്യമായ ഒരു ബ്രേക്ക് നല്‍കിയത്. പ്രത്യകിച്ചും ശ്രീകുമാരന്‍ തമ്പി - എം കെ അര്‍ജുനന്‍ ടീമിന്‍റെ 'വാല്‍ക്കണ്ണെഴുതി വനപുഷം ചൂടി..' എന്ന ഗാനത്തിന്‍റെ സ്വീകാര്യത ഒന്നിന് പിറകെ മറ്റൊന്നായി അവസരങ്ങള്‍ തേടിയെത്താന്‍ വാണി ജയറാമിന് സഹായകരമായി. മലയാളത്തില്‍ വാണി ഏറ്റവുമധികം ഗാനങ്ങള്‍ പാടിയത് അര്‍ജുനന്‍ മാസ്റ്റര്‍ക്ക് വേണ്ടിയായിരുന്നു. കൂടുതല്‍ ഹിറ്റുകളും പിറന്നത്‌ ഈ കൂട്ടുകെട്ടില്‍ തന്നെ. തിരുവോണപ്പുലരിതന്‍ (തിരുവോണം), തേടി തേടി ഞാനലഞ്ഞു (സിന്ധു), സീമന്ത രേഖയില്‍ (ആശീർവാദം), സപ്തസ്വരങ്ങളാടും (ശംഖുപുഷ്പം), എന്തിനു സ്വർണ്ണമയൂരസിംഹാസനം (കന്യക) തുടങ്ങി എത്രയോ മനോഹരഗാനങ്ങളാണ് അര്‍ജുനന്‍ - വാണി ജയറാം കൂട്ടുകെട്ട് നമുക്ക് നല്‍കിയത്.

ആദ്യ ഗാനം നല്‍കിയ സലീല്‍ ചൗധരിയുടെ ഈണത്തില്‍ വേറെയും ഒരുപിടി സൂപ്പര്‍ ഹിറ്റുകള്‍ വാണി പാടിയിട്ടുണ്ട്. ധൂം തന ധൂം തനനനനന  (തോമാശ്ലീഹാ), ആയില്യം പാടത്തെ പെണ്ണേ (രാസലീല), നാടൻപാട്ടിലെ മൈന (രാഗം), പൊന്നലയില്‍ അമ്മാനമാടി (ദേവദാസി) എന്നിവ അവയില്‍ ചിലത്.

അന്നത്തെ മുതിര്‍ന്ന സംഗീത സംവിധായകാരായ വി ദക്ഷിണാമൂര്‍ത്തി ( കാറ്റുവന്നു കളേബരം.., ഹിന്ദോളരാഗത്തിന്നോളങ്ങളില്‍..), കെ രാഘവന്‍ (നാദാപുരം പള്ളിയിലെ .., പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും..), ജി ദേവരാജന്‍ ( നവനീതചന്ദ്രികേ തിരി താഴ്ത്തൂ..), എം എസ് ബാബുരാജ് (കൃഷ്ണപ്രിയദലം കബരിയില്‍ തിരുകി..), എം എസ് വിശ്വനാഥന്‍ (പദ്‌മതീര്‍ത്ഥക്കരയില്‍.., ഏതു പന്തൽ കണ്ടാലുമതു കല്യാണ പന്തൽ.., സുരലോകജലധാര ഒഴുകിയൊഴുകി), ആര്‍ കെ ശേഖര്‍ (ആഷാഢമാസം ആത്മാവിൽ മോഹം ..) എന്നിവരും തങ്ങളുടെ മികച്ച പല ഈണങ്ങളില്‍ പാടാന്‍ വാണി ജയറാമിന് അവസരം നല്‍കി.

എഴുപതുകളുടെ രണ്ടാം പാതി അടക്കിവാണ ശ്യാം - എ ടി ഉമ്മര്‍ - കെ ജെ ജോയ് ത്രയത്തിന് വേണ്ടി ധാരാളം ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. നിമിഷങ്ങൾ പോലും വാചാലമാകും..ആയിരം പൂവിടര്‍ന്നു ... എന്നിവയാണ് ഉമ്മറിന്റെ സംഗീതത്തിലെ ഏറ്റവും ശ്രദ്ധേയ ഗാനങ്ങള്‍. നായകാ പാലകാ മനുജസ്നേഹ ഗായകാ.., പൂക്കുല ചൂടിയ നിറപറയൊരുങ്ങി തുടങ്ങി എഴുപതോളം ഗാനങ്ങള്‍ ശ്യാമിന്റെ ഈണത്തില്‍ പാടിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ കെ ജെ ജോയ് ആണ് അവരെ കൂടുതലായി പരിഗണിച്ചത്. അവരുടെ എക്കാലത്തെയും ഹിറ്റുകള്‍ ആയ ' മറഞ്ഞിരുന്നാലും മനസ്സിന്‍റെ..', 'സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ..', 'ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍..' തുടങ്ങി ഒരുപാട് ഗാനങ്ങള്‍ കെ ജെ ജോയിയുടെ ഈണത്തില്‍ വാണി ജയറാം പാടിയിട്ടുണ്ട്.

അടുത്ത തലമുറയില്‍ വന്ന രവീന്ദ്രന്‍ - എം ജി രാധാകൃഷ്ണന്‍ - ജോണ്‍സണ്‍ ത്രയത്തില്‍ ആദ്യത്തെ രണ്ടാളും എസ് ജാനകിയെ കൂടുതലായി ആശ്രയിച്ചപ്പോള്‍ ഒരുപാട് അതിസുന്ദര ഗാനങ്ങള്‍ വാണിയ്ക്ക് നല്‍കിയത് ജോണ്‍സണ്‍ ആയിരുന്നു. ജോണ്‍സണ്‍ വരവറിയിച്ച പ്രേമലഖനം, പാര്‍വതി എന്നീ ചിത്രങ്ങളിലെ ഹിറ്റ്‌ ഗാനങ്ങള്‍ വാണിയാണ് ആലപിച്ചത്. മുത്തും മുടിപ്പോന്നും ..,  നന്ദസുതാവര തവ ജനനം.., കുറുനിരയോ മഴ മഴ മുകില്‍നിരയോ.., നാണം നിൻ കണ്ണിൽ .., ഏതോ ജന്മ കൽപ്പനയിൽ .., പൂകൊണ്ടു പൂ മൂടി .., പ്രിയതരമാകും ഒരു നാദം .., മഞ്ഞില്‍ ചേക്കേറും മകരപ്പെണ്‍‌പക്ഷീ..,  മനസ്സിന്‍ മടിയിലെ മാന്തളിരില്‍.. തുടങ്ങി ഈ കൂട്ടുകെട്ടില്‍ പിറന്നെതെല്ലാം മധുരഗാനങ്ങള്‍. ജോണ്‍സണ്‍ ആദ്യമായി കേരള സംസ്ഥാന പുരസ്കാരം നേടുന്നതും വാണിയമ്മ പാടിയ ഗാനത്തിന് ആയിരുന്നു - ഓര്‍മ്മയ്ക്കായിലെ സൂപ്പര്‍ ഹിറ്റായ ' മൗനം പൊന്‍‌മണിത്തംബുരു മീട്ടി..'.

രവീന്ദ്രന്‍റെ ഈണത്തില്‍ ഏറെ ഹിറ്റായ യുഗ്മാഗാനങ്ങള്‍ ' നാണമാകുന്നു മേനി നോവുന്നൂ..', 'പാലാഴി പൂമങ്കേ..', 'ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും ..' എന്നിവ വാണി ജയറാമിന്റെ ആലാപന സവിശേഷതകള്‍ വിളിച്ചോതുന്ന ഗാനങ്ങള്‍ ആയിരുന്നു.

സിനിമാഗാനങ്ങളുടെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപെട്ടു ദശാബ്ദങ്ങള്‍ കഴിഞ്ഞ് തിരിച്ചുവന്നു ഓലഞ്ഞാലി കുരുവി.., പൂക്കള്‍ പനിനീര്‍ പൂക്കള്‍.., മാനത്തെ മാരി കുറുമ്പേ തുടങ്ങിയ പാട്ടുകള്‍ പാടി ഹിറ്റാക്കണമെങ്കില്‍ മലയാള ഗൃഹാതുര സ്മരണകളില്‍ ആ ശബ്ദം എത്രത്തോളം ആഴ്ന്നിറങ്ങിയതാണ് എന്ന് മനസിലാകും.

മലയാളത്തില്‍ എസ് ജാനകി കെ എസ് ചിത്ര പി സുശീല സുജാത എന്നിവര്‍ക്കുള്ള താരപദവി വാണി ജയറാമിന് ഉണ്ടായിട്ടില്ല. ഒരു സംസ്ഥാന പുരസ്കാരം പോലും നമ്മള്‍ അവര്‍ക്ക് നല്‍കിയില്ല. പക്ഷേ അവര്‍ പാടിയ പാട്ടുകള്‍ മറ്റാരെങ്കിലും പാടിയിരുന്നു എങ്കില്‍ നന്നായേനെ എന്ന് പറയാന്‍ ആകാത്തവിധം സവിശേഷതകള്‍ നിറഞ്ഞ ആലാപനമുദ്രകള്‍ ഓരോ ഗാനത്തിലും അവര്‍ ചാര്‍ത്തിയിരുന്നു.

Comment