'വേളിക്കാല'ത്തെ പഴുക്കടക്കത്തൂൺ..പാട്ടിന്റെയും പാട്ടിലൂടെ ഒഴുകിയെത്തുന്ന പ്രണയത്തിന്റെയും ഭംഗി

Cafe Trivia

പെരുമലയൻ കൊതിച്ചു  കൂടെ കൂട്ടിയ പെണ്ണ്, താമര. താമരയുടെ ഹൃദയം നിറയെ തെയ്യച്ചോപ്പ് പോലെ പടർന്ന കോലധാരി കണ്ണൻ. ജീവിതവും പ്രണയവും പകയുമെല്ലാം ഉൾച്ചൂടുമെല്ലാം ഒരു തെയ്യക്കാലം പോലെ പോലെ ചേരുംപടി ചേർന്ന സിനിമയായിരുന്നു ജയരാജിന്റെ 'കളിയാട്ടം'. ഒന്നാന്തരം പാട്ടുകളും  സംഗീതവും ദൃശ്യഭംഗിയും പകർന്നു തന്ന ചിത്രം. ഷേക്‌സ്പിയറിന്റെ ഒഥല്ലോയുടെ ആത്മാവും കൂടി ഈ കഥയോടൊപ്പം ചേർന്നപ്പോൾ അതൊരു മനോഹരമായ ദൃശ്യാനുഭവവുമായി. ഒന്നിനൊന്നോട് മത്സരിക്കുംവിധം ഓരോ പാട്ടും ഇമ്പമുള്ളത്, രചനയും സംഗീതവും കൈതപ്രം ദാമോദരൻ നമ്പൂതിരി. മലബാറിലെ തെയ്യക്കാലത്തിന്റെ താളവും തുടിയുമൊരുക്കാൻ പയ്യന്നൂരിനടുത്തെ കൈതപ്രം ദേശക്കാരന്  മറ്റു ചമയങ്ങൾ ആവശ്യമില്ലല്ലോ!

''വേളിക്ക് വെളുപ്പാൻ കാലം, താലിക്ക് കുരുത്തോല''..... വരികളുടെയും സംഗീതത്തിന്റെയും ലാളിത്യം കൊണ്ട്  മലയാളി ഇന്നും മൂളുന്ന 'കളിയാട്ട' ത്തിലെ പാട്ട്. കണ്ണൂർ പയ്യന്നൂരിനടുത്തെ മാടായിക്കുന്നും കാവുമൊക്കെ മനോഹരമായ വിഷ്വലുകളായി ഈ പാട്ടിൽ വന്നു പോകുന്നുണ്ട്.  വേളിക്ക് വെളുപ്പാൻ കാലം പാട്ടിന്റെ തുടക്കത്തിൽ ഓരോ കവുങ്ങും വളച്ച് വളച്ച് അടുത്ത കവുങ്ങിലേക്ക് നീങ്ങുന്ന ആൾക്കാരുണ്ട്. നാട്ടിൻപ്പുറങ്ങളിലെ സാധാരണ കാഴ്‌ച. ഇത് കൗതുകത്തോടെ നോക്കുന്ന താമരയെയും കാണാം. ''നൂറുവെറ്റില നൂറുതേച്ചോ വായാടിത്തത്തമ്മേ, പഴുക്കടക്കാത്തൂണു മെനഞ്ഞോ മലയണ്ണാർക്കണ്ണാ...'' എന്നാണ് അടുത്ത വരികൾ. കേൾക്കുന്നവർക്ക് 'പഴുക്കടക്കത്തൂണി'ൽ എന്തെങ്കിലും കൗതുകമുണ്ടെന്ന്  തോന്നണമെന്നില്ലെങ്കിലും ഒരു കൈതപ്രത്തുകാരൻ എഴുതുമ്പോൾ അതിലൊരു വലിയ കാര്യം ഒളിച്ചിരിപ്പുണ്ട്.


ഈ കഥയുടെ ഉറവിടം കണ്ണൂർ പയ്യന്നൂരിനടുത്തെ മാതമംഗലത്താണ്, കൈതപ്രത്തിന്റെ തൊട്ടടുത്തെ ദേശം. മാതമംഗലം പുനിയങ്കോട്ടെ ചെമ്മൺകുന്നിന്റെ താഴെ വണ്ണാത്തിപ്പുഴക്കരയിലാണ് നീലിയാർ ഭഗവതി ക്ഷേത്രം. അവിടെയാണ് പച്ചടക്കയും പഴുത്തടക്കയും ചേർത്ത് ഉത്സവകാലത്ത്  മനോഹരകാഴ്‌ചയായി മാറുന്നത്. ഭംഗിയേറെയുള്ള ഈ കാഴ്‌ച കാണാൻ ദൂരെ നിന്നു പോലും ആളുകളെത്താറുണ്ട്. ഇത്തവണത്തെ ഉത്സവം ഫെബ്രുവരി 4-8 വരെയായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിക്കുമറിയാം ഈ വിസ്‌മയം. ക്ഷേത്രത്തിൽ ഉത്സവകാലത്ത്  പത്ത് അടക്കാത്തൂണുകളാണ്  ഒരുക്കുന്നത്. 20,000 അടക്കകളാണ് നൂലുകളിൽ പ്രത്യേകരീതിയിൽ കൊരുത്ത്  ഈ തൂണുകളിൽ അലങ്കരിക്കും. ക്ഷേത്രമുറ്റത്ത് സ്ത്രീകളും കുട്ടികളുമാണ് അടക്ക കൊരുത്തെടുക്കുന്നത്. പിന്നീടത് തൂണുകളിൽ കെട്ടിവയ്‌ക്കും. ഈ അടക്കകളിൽ ഇടയ്‌ക്കിടെ വെളിച്ചെണ്ണ പുരട്ടുമ്പോൾ അത് ഒന്നു കൂടെ തിളങ്ങും. കാണേണ്ട കാഴ്‌ചയാണത്. നീലിയാർ ഭഗവതിയുടെ കഥയും അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽക്കലിന്റേതാണ്. പെരുമാളിന്റെ ഭൂമിയായ കൊട്ടിയൂരിനടുത്തുള്ള മണത്തണയിൽ നാട്ടുരാജാവിനാൽ അപമൃത്യുവിനിരയായ സുന്ദരിയും തർക്കശാസ്ത്ര വിദഗ്ദ്ധയുമായ താഴ്ന്ന ജാതിയിൽ പെട്ട  പെൺകുട്ടിയായ  നീലിയാണ് പിന്നീട് നീലിയാർ ഭഗവതി ആയതെന്നാണ് വിശ്വാസം. അവളെ രാജാവ് വധിച്ചതാണെന്നും  അതല്ല, രാജാവിന്റെ അപ്രീതിക്ക് ഇരയായ നീലിയെ വ്യഭിചാരകുറ്റം ചുമത്തി അവളുടെ അച്‌ഛൻ തന്നെ കൊന്നതാണെന്നും പറയുന്നു. ഈ നീലിയാണ് പിന്നെ നീലിയാർ ഭഗവതിയായത്.  

മണത്തണ ഇല്ലത്ത് യാത്രയ്ക്കിടെ വിശ്രമിക്കാൻ എത്തുന്നവരെ തേടിയെത്തുന്ന നീലി എണ്ണയും താളിയും വേണാ എന്ന് തിരക്കുകയും അരികിൽ വരുന്നവരെ കൊല്ലുകയും ചെയ്യുമായിരുന്നത്രെ.  ഒരിക്കൽ ഇവിടെ കാളക്കാട്ട്  ഇല്ലത്തെ നമ്പൂതിരി എത്തി.  ഭക്ഷണത്തിനു മുമ്പ് കുളിക്കാനായി പോകുന്ന വഴിയിൽ കുളത്തിന്റെ മറുകരയിൽ സുന്ദരിയായ നീലി പ്രത്യക്ഷയായി.  ആരാണെന്ന് നീലി ചോദിച്ചപ്പോൾ കാളക്കാട്ട്  എന്നായിരുന്നു മറുപടി. താൻ കാളി ആണെന്ന്  പറഞ്ഞ നീലി കാളക്കാട്ടിന്  എണ്ണയും താളിയും നൽകുകയും ചെയ്തു.  അമ്മ തന്ന അമൃതാണെന്ന് പറഞ്ഞ് അദ്ദേഹം ഭക്തിയോടെ എണ്ണയും താളിയും കുടിച്ചു. അമ്മേ എന്ന് വിളിച്ചതിനാൽ നീലിക്ക് കാളക്കാട്ടിനെ കൊല്ലാൻ കഴിയുമായിരുന്നില്ല. അങ്ങനെ  അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറി ഭഗവതി വടക്കൻ മലബാറിലെത്തിയെന്നാണ് വിശ്വാസം. പശുവും പുലിയും ഒന്നിച്ച് സ്നേഹത്തോടെ കഴിയുന്നിടത്ത് തന്നെ കുടിയിരുത്തണമെന്നായിരുന്നു ഭഗവതിയുടെ ആഗ്രഹമെന്നും പറയപ്പെടുന്നു. ഇതാണ് കാലങ്ങളായി പറഞ്ഞുകേൾക്കുന്ന കഥ.

തെയ്യങ്ങളുടെ ജീവിതം പറഞ്ഞ്, ഹൃദയം തൊട്ടുപോകുന്ന ഒരു സിനിമ വരുമ്പോൾ അതിലെ പാട്ടുകളിൽ ക്ഷേത്രമുറ്റത്തെ ഈയൊരു അപൂർവകാഴ്‌ച പറയാതിരിക്കുന്നതെങ്ങനെ? പാട്ടിന്റെ തുടക്കത്തിൽ തന്നെ നാട്ടുവഴിയിലൂടെ കവുങ്ങുകളുടെ പച്ചപ്പിലൂടെ താമരയും കണ്ണപ്പെരുമലയനും കൈ കോർത്ത് നടന്നു നീങ്ങുന്ന കാഴ്‌ച  പിന്നീട് വരുന്ന പഴുക്കടക്കത്തൂൺ എന്ന വരിയോട് അസാധാരണമാംവിധം ചേർന്നു നിൽക്കുന്നു. അതാണ് ഈ പാട്ടിന്റെയും പാട്ടിലൂടെ ഒഴുകിയെത്തുന്ന പ്രണയത്തിന്റെയും ഭംഗി!

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക