പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

News

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം ഇന്ന് ഉച്ചയ്ക്ക് (ഫെബ്രുവരി 4) ചെന്നൈ നുങ്കമ്പാക്കത്തുള്ള വസതിയിൽ അന്തരിച്ചു. 78 വയസ്സായിരുന്നു.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അടുത്തിടെ വാണി ജയറാമിന് പത്മഭൂഷൺ ലഭിച്ചിരുന്നു. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ബംഗാളി, തുളു തുടങ്ങി 19 ഇന്ത്യൻ ഭാഷകളിൽ വാണി ജയറാം പാടിയിട്ടുണ്ട്.ഭക്തിഗാനങ്ങളും സ്വകാര്യ ആൽബങ്ങളും ഉൾപ്പെടെ പതിനായിരത്തിലധികം ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിരവധി സോളോ കച്ചേരികളും അവർ അവതരിപ്പിച്ചിട്ടുണ്ട്.മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും വാണി ജയറാമിന് മൂന്ന് തവണ ലഭിച്ചു. ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആലാപനത്തിന് സംസ്ഥാന സർക്കാരിന്റെ അവാർഡുകളും വാണി ജയറാം  നേടിയിട്ടുണ്ട്.

1945 നവംബർ 30 നു തമിഴ് നാട്ടിലെ വെല്ലൂരിൽ ദുരൈസ്വാമി - പദ്മാവതി ദമ്പതികളുടെ ഒൻപത്‌ മക്കളിൽ അഞ്ചാമത്തെ പെൺകുട്ടിയായി ജനനം. ശരിയായ പേരു കലൈവാണി. വാണി എന്നത് വീട്ടിൽ വിളിച്ചിരുന്ന പേരാണ്. സംഗീതജ്ഞയായ അമ്മയിൽ നിന്നും സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചു. അഞ്ചാം വയസ്സ് മുതൽ സംഗീത പഠനം തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ ആയിരുന്നു ആദ്യ ഗുരു. നാലാം ക്ലാസു വരെ വെല്ലൂരിലാണ് പഠിച്ചു. പിന്നീട് സംഗീത പഠനത്തിനു നല്ലത് മദ്രാസാണെന്ന ഗുരുവിന്റെ ഉപദേശത്തേ തുടർന്ന് അവിടേക്ക് താമസം മാറി. എട്ടു വയസായപ്പോൾ ആകാശവാണി മദിരാശി നിലയത്തിൽ പാടിത്തുടങ്ങി. ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിൽ വാണിയുടെ മറ്റു ഗുരുക്കന്മാർ. ക്വീൻ മേരീസ് കോളേജിൽ നിന്നും ബി എ ഇക്കണോമിക്സ്‌ ബിരുദം കരസ്ഥമാക്കി. കോളേജ് വിദ്യാഭ്യാസ സമയത്ത് പാട്ടിനു പുറമേ ഡിബേറ്റ്‌സിനും നാടകത്തിനും ചിത്രരചനയ്ക്കുമെല്ലാം മത്സരിച്ച് സമ്മാനങ്ങൾ നേടിയിരുന്നു.

പഠിക്കുന്ന കാലത്തേ ചെന്നൈയിൽ കച്ചേരികൾ ചെയ്തിരുന്നു വിദ്യാഭ്യാസത്തിനു ശേഷം ബാങ്കുദ്യോഗസ്ഥയായി ജോലി നേടി. സെക്കന്തരാബാദിൽ ജോലി നോക്കുന്നതിനിടെ വിവാഹ ശേഷം സിത്താർ വാദകനും സംഗീത പ്രേമിയുമായ ജയറാമിനെ വിവാഹം കഴിച്ചു. വിവാഹ ശേഷം മുംബൈയിലേയ്ക്ക് വാണി താമസം മാറ്റി. ഭർത്താവ് ജയറാമാണ് വാണിയെ ഉസ്താദ് അബ്ദുൾറഹ്‌മാൻ ഖാൻ സാഹിബിനെ പരിചയപ്പെടുത്തിയത്. തുടർന്ന് അവർ ജോലി രാജി വച്ച് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനൊപ്പം ഒരു വർഷത്തോളം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.

പ്രശസ്തിനേടിയ ആദ്യ ഗാനം 1971-ൽ പുറത്തുവന്ന, ഗുഡ്ഡി എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' ആയിരുന്നു. മിയാൻ മൽഹാർ എന്ന രാഗത്തിൽ വസന്ത് ദേശായി സംഗീതം നൽകിയ ഈ ഗാനം അന്ന് ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു.പ്രസ്തുത ഗാനത്തിനു മിയാൻ താൻസെൻ അവാർഡ് ഉൾപ്പടെ അഞ്ചോളം പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. നൗഷാദിനെ പോലുള്ള പ്രഗല്ഭരുടെ ഗാനങ്ങൾ പാടി, അതിൽ ശ്രദ്ധിക്കപ്പെട്ട ഗാനമാ‍ാണൂ, 'പാക്കീസ' എന്ന ചിത്രത്തിലെ “മോരാ സാജൻ സൗതൻ ഘർ ജായെ..”. ഒ.പി. നയ്യാർ, ആർ ഡി ബർമൻ, മദൻ മോഹൻ, ജയ്‌ദേവ്, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, തുടങ്ങിയവരുടെ സംഗീതത്തിലും ഒരുപാടു ഗാനങ്ങൾ ആലപിച്ചു. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം നിരവധി ഹിറ്റ് ഗാനങ്ങൾ വാണിയുടേതായി പുറത്തു വന്നു.സ്വപ്നം എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ആ ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നോരു എന്ന ഗാനം മലയാള സിനിമയിലെ എക്കാലത്തേയും പ്രിയപെട്ട ഗാനങ്ങളിൽ ഒന്നാണ്. ആഷാഢമാസം ആത്മാവിൽ മോഹം, ഏതോ ജന്മ കൽ‌പ്പനയിൽ, സീമന്ത രേഖയിൽ, നാദാപുരം പള്ളിയിലെ, തിരുവോണപ്പുലരിതൻ, പകൽ സ്വപ്നത്തിൻ പവനുരുക്കുംതുടങ്ങി ഒട്ടനവധി ഗാനങ്ങൾ മലയാളികൾ എന്നും ചുണ്ടത്തു വച്ചു.

ഒരു നീണ്ട ഇടവേളയ്ക്കും ശേഷം 1983 എന്ന ചിത്രത്തിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ പി ജയചന്ദ്രനൊപ്പം ഓലഞ്ഞാലി കുരുവി എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വാണി ജയറാം മലയാളത്തിലേക്ക് മടങ്ങി വരുന്നത്. വാണി ജയറാം എഴുതി, സംഗീതം നൽകിയ ഒരു ഹിന്ദുസ്ഥാനി ഭജൻ ആൽബം പുറത്തിറക്കിയിട്ടുണ്ട്. അവരുടെ 30 കവിതകൾ ‘ഒരു കുയിലിൻ കുരൾ കവിതൈ വടിവിൽ’ എന്ന പേരിൽ പുസ്തകമായിട്ടുണ്ട്. 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക