"വിജയ് സിനിമയ്ക്ക് അഞ്ച് ദിവസം നീണ്ട പ്രൊമോഷൻ എന്തിനായിരുന്നു?"

Cafe Trivia

"ദളപതി 67" എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിജയ് - ലോകേഷ് കനകരാജ് സിനിമയുടെ ശരിക്കുള്ള ടൈറ്റിൽ ഇന്ന് ഒരു വീഡിയോയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. "ലിയോ" എന്നാണ് സിനിമയുടെ ടൈറ്റിൽ. അതിനൊപ്പം 'ബ്ലഡി സ്വീറ്റ് ' എന്ന ടാഗ് ലൈനുമുണ്ട്. എന്ത് കൊണ്ടായിരിക്കും ഈ സിനിമയെക്കുറിച്ചുള്ള വിവിധ വിവരങ്ങൾ തുടർച്ചയായ അഞ്ച് ദിവസങ്ങൾ കൊണ്ട് പുറത്ത് വിട്ടത്? അങ്ങനെ ഒരു പതിവ് ഇല്ലല്ലോ?

ജനുവരി 30 മുതൽ ഫെബ്രുവരി മൂന്ന് വരെ അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ഈ സിനിമയുടെ വിവരങ്ങൾ പ്രേക്ഷകർക്കായി പങ്ക് വച്ചത്. മാസ്റ്റർക്ക് ശേഷം വിജയുമായി യോജിച്ച് സിനിമ ചെയ്യുന്നതിൻ്റെ സന്തോഷം അറിയിച്ചു കൊണ്ടുള്ള ലോകേഷ് കനകരാജിൻ്റെ പോസ്റ്റും സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ പേര് വെളിപ്പെടുത്തി കൊണ്ടുള്ള പ്രൊഡക്ഷൻ ഹൗസിൻ്റെ പത്രക്കുറിപ്പുമാണ് ജനുവരി മുപ്പതിന് പുറത്ത് വന്നത്.

ജനുവരി മുപ്പത്തി ഒന്നിന് ആകട്ടെ സഞ്ജയ് ദത്ത്, അർജ്ജുൻ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യൂ ജോർജ് തുടങ്ങിയ താരങ്ങളുടെ പോസ്റ്ററുകൾ ആണ് വെളിപ്പെടുത്തിയത്. അടുത്ത ദിവസം ആയ ഫെബ്രുവരി ഒന്നിന് ചിത്രത്തിലെ നായികയായ തൃഷ, വില്ലൻ വേഷം ചെയ്യുന്ന മിഷ്കിൻ എന്നിവരുടെ പോസ്റ്ററുകൾക്കൊപ്പം സിനിമയുടെ പൂജ വീഡിയോയും ഷെയർ ചെയ്യപ്പെട്ടു. ഫെബ്രുവരി രണ്ടിന് സിനിമയുടെ ടൈറ്റിൽ അനൗൺമെൻ്റ് മൂന്നാം തീയതി ഉണ്ടാകും എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്ത് വന്നു. സിനിമയിലെ വിജയുടെ ലുക്ക് എങ്ങനെ ആയിരിക്കും എന്ന ഏകദേശ ഐഡിയയും ആ പോസ്റ്ററിൽ ഉണ്ടായിരുന്നു.

ഇന്ന്, ഫെബ്രുവരി മൂന്നിന് ആകട്ടെ ആദ്യം പുറത്ത് വന്നത് സിനിമയുടെ കാസ്റ്റ് & ക്രൂ സ്പൈസ് ജെറ്റ് വിമാനത്തിൽ കാശ്മീരിലേക്ക് പറക്കുന്ന വീഡിയോ ആണ്. അതിന് ശേഷം സിനിമയുടെ ടൈറ്റിൽ "ലിയോ" ആണെന്ന് അറിയിച്ച് കൊണ്ടുള്ള ഒരു സ്റ്റൈലൻ വീഡിയോയും.

ഇനി ആദ്യ ചോദ്യത്തിലേക്ക് വരാം...എന്ത് കൊണ്ടാവും അഞ്ച് ദിവസങ്ങൾ നീണ്ട ഈ പ്രൊമോഷൻ... അത് പരിശോധിച്ചാൽ വളരെ രസകരമായ ഒരു വസ്തുത കണ്ടെത്താൻ കഴിയും. വിജയുടെ അറുപത്തി ഏഴാമത്തെ സിനിമയാണ് "ലിയോ". പ്രൊമോഷൻ നടന്ന ദിവസങ്ങൾ ഏതൊക്കെയാ? ജനുവരി 30, 31 ഫെബ്രുവരി 1, 2, 3. ഇനി ഈ ദിവസങ്ങൾ ഒന്ന് കൂട്ടി നോക്കൂ .. 30+31+1+2+3 = 67. ഇപ്പോ പിടി കിട്ടിയില്ലേ കണക്ഷൻ!!!

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക

LEO - Bloody Sweet Promo | Thalapathy Vijay | Lokesh Kanagaraj | Anirudh

 

Comment