ഞങ്ങളുടെ സ്‌നേഹം അതി​രുകടന്നോ? ആലപ്പുഴക്കാർ.... ഇനിയും വിളിച്ചാൽ, ഇനിയും വരുമെന്ന് ഹൃദയം തൊട്ട് വി​നീത് ​

News
വി​നീത് ശ്രീനി​വാസൻ ഒരാൾക്കൂട്ടത്തി​ന്റെ മുന്നി​ലായി​ ഓടുന്ന വീഡി​യോ ആയി​രുന്നു ഇന്നലെ മുതൽ ഫേസ് ബുക്കി​ലും വാട്സാപ്പ് ഗ്രൂപ്പുകളി​ലെയും ചർച്ച. ആലപ്പുഴ ജി​ല്ലയി​ലെ ചേർത്തല വാരനാട്ടെ കുംഭഭരണി​യുത്സവത്തി​ൽ പാട്ട് പാടാനെത്തി​യ വി​നീത് കാറി​ൽ കയറാൻ ഓടുന്ന വീഡി​യോ ആയി​രുന്നു അത്. വി​നീത് ശ്രീനി​വാസൻ ആരാധകരി​ൽ നി​ന്നു രക്ഷപ്പെടാനാണോ ഓടി​യത്? ആളുകൾ ഇങ്ങനെ ഒക്കെ വി​നീതി​നെ ഓടി​ക്കുമോ? വി​നീത് പാടി​യോ ഇല്ലയോ? ഇങ്ങനെ ചോദ്യങ്ങൾ നീണ്ടു നി​വർന്നു വന്നു. വീഡി​യോ ചാഞ്ഞും ചരി​ഞ്ഞും നോക്കി​ വി​ലയി​രുത്തി​യവരും കുറവല്ല. പരി​പാടി​ മോശമായതി​നെ തുടർന്ന് നാട്ടുകാർ വി​നീതി​നെ ഓടി​ച്ചതാണെന്നും ചി​ലർ ഈ വീഡി​യോയെ ആഘോഷി​ച്ചു, എന്നാൽ സത്യമെന്താണ്? വി​നീത് തന്നെ തന്റെ ഫേസ് ബുക്കി​ൽ സംഭവത്തെക്കുറി​ച്ച് വി​ശദീകരി​ച്ചി​ട്ടുണ്ട്. അതി​ങ്ങനെയാണ്:
 
"വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപ്പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്.രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും!"
 
ഗാനമേളക്ക് ശേഷം വിനീത് ശ്രീനിവാസൻ സ്റ്റേജിൽ നിന്ന് ഇറങ്ങി ഓടിയ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പരിപാടിക്ക് ശേഷം ഓടി രക്ഷപ്പെട്ടു എന്ന തരത്തിൽ വിഡിയോ പ്രചരിച്ചിരുന്നു. എന്താണ് ക്ഷേത്രത്തി​ൽ നടന്നതെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. ഫേസ്ബുക്കിൽ പങ്കുവച്ചി​രുന്നു.ഗാനമേളയിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. സെൽഫി എടുക്കുന്നതിനായി ആളുകൾ ബലമായി പിടിച്ച് നിർത്തിയതിനെ തുടർന്ന് വിനീത് കാറിലേക്ക് ഓടി കയറുകയായിരുന്നു. പരിപാടി മോശമായതിനെ തുടർന്ന് വിനീത് ഓടിരക്ഷപ്പെട്ടു എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണെന്നും സുനീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.രണ്ടര മണിക്കൂറോളം ഗംഭീരമായ ഗാനമേളയായി​രുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും,ഫേട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് ചെന്നെത്താൻ പോലും വി​നീതി​ന് കഴി​യാതെ വന്നു. സെൽഫി​ ഭ്രമവും കൂടി​യപ്പോഴാണ് വി​നീത് അവി​ടെ നി​ന്നും കാറി​ൽ കയറാനായി​ ഓടി​യതെന്നാണ് സുനീഷ് ഫേസ് ബുക്കി​ൽ കുറി​ച്ചത്. 
 

വി​നീതി​ന്റെ ഫേസ് ബുക്ക് കുറി​പ്പി​ന് താഴെയായി​ ആലപ്പുഴക്കാരുടെ സ്‌നേഹം നി​റഞ്ഞൊഴുകുകയാണ്. ഞങ്ങളുടെ സ്‌നേഹം അതി​രു കടന്നതാണ് പ്രശ്‌നമായതെന്നും വി​നീതി​നെ ജീവനുതുല്യം സ്‌നേഹി​ക്കുന്നുവെന്നും ആലപ്പുഴക്കാർ പറയുന്നു. ആലപ്പുഴ ജി​ല്ലയി​ലെ സെലി​ബ്രി​റ്റി​കളും പി​ന്തുണയുമായി​ പോസ്റ്റി​ന് താഴെ സ്‌നേഹം പങ്കുവച്ചി​ട്ടുണ്ട്.