ഡേ..ഡേയ്..നില്ല് നില്ല്, എവിടെപ്പോണ് തള്ളിക്കൊണ്ട് ?
അല്ല ചേച്ചി നിങ്ങളുടെ മുതുകത്തൊരു ചെള്ളിരിക്കണ്, അത് ഞാനങ്ങ് എടുത്താൽ ചേച്ചിയുടെ കടിയും മാറും, എന്റെ വിശപ്പം മാറും.
എട ചെറുക്കാ എന്റെ കടിയുടെ കാര്യമോർത്ത് നീ ടെൻഷനടിക്കണ്ട, നാട്ടുകാര് അതുമിതുമൊക്കെ പറയുന്നുണ്ട്. പശുവും കാക്കയും തമ്മിലുള്ള ഈ സിംബയോറ്റിക് റിലേഷനേപ്പറ്റി നാട്ടുകാരുടെ ചീഞ്ഞ കണ്ണ് കൊണ്ട് നോക്കുമ്പോൾ മനസിലാവില്ല, അവര് അവിഹിതമെന്നൊക്കെ ആണ് പറയുന്നത്.. - പശുവും കാക്കയും
ലോകത്തിലെ ഏറ്റവും വലിയ പക്ഷിയാണ് ഞാൻ, ഒൻപതടി പൊക്കം, അമിതാഭ് ബച്ചനോ അണ്ടർടേക്കർക്കോ എന്റത്ര പൊക്കമില്ല. ആ എനിക്ക് ഒരു യുണീക്ക് പേരിടാൻ നിങ്ങൾക്ക് പറ്റുന്നില്ല. വേറെ പല കിളികൾക്കും പഞ്ചവർണ്ണക്കിളി, കുരുവി, അരയന്നം എന്നൊക്കെയുള്ള പേരിടാൻ നിങ്ങൾക്കറിയാം. എനിക്ക് മാത്രം ഏതെങ്കിലും മൃഗത്തിന്റെ കൂടെ പേര് ചേർത്തൊരു പക്ഷി. ഒട്ടകപക്ഷി പോലും ! ബ്ളഡി ഫൂൾസ്.. - ഒട്ടകപക്ഷി
മുകളിലുള്ളത് കേട്ടല്ലോ ? ഇതിൽ കൂടുതൽ ജനുവിനായി ലോകത്തിൽ ഒരു പശുവിനോ, കാക്കക്കോ ഒട്ടകപ്പക്ഷിക്കോ ഒന്നും സംസാരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇവർ മാത്രമല്ല ആട്, ഊളൻ, കുരങ്ങൻ, സിംഹം, നീർക്കോലി, വമ്പൻ സ്രാവ്, നാട്ടിലെ മൂട്ട, എന്റെ ജനലരികിലിന്ന് ഒരു ജമന്തിപ്പൂവിരിഞ്ഞു എന്ന് പാടിക്കൊണ്ട് വെള്ളത്തിൽ ഉല്ലസിച്ച് കിടക്കുന്ന തവള, അതിനോട് ഡിബേറ്റ് ചെയ്യുന്ന താറാവ്, കള്ളിമുൾച്ചെടി, രാത്രി വവ്വാലുമായി നൈസായി സമ്പർക്കത്തിലേർപ്പെടുകയാണെങ്കിലും ഇണക്കിളി ബേബിയുടേയും ഇണക്കിളി ചേട്ടന്റേയും പ്രേമലീലകൾ കൃത്യമായി മോനിട്ടർ ചെയ്യുന്ന സദാചാര ടോക്സിക്ക് മൂങ്ങയമ്മാവൻ തുടങ്ങി ഒരു ജന്തുലോകം തന്നെ വളരെ ജനുവിനായും ശാസ്ത്രീയമായും കാര്യങ്ങൾ അവതരിപ്പിക്കുകയാണ്. പറഞ്ഞ് വരുന്നത് മറ്റാരെപ്പറ്റിയുമല്ല. ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയയിലുമൊക്കെ താരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ചൂരൽ ടീമിനേപ്പറ്റിയാണ്.
തീരുന്നില്ല, തർക്കുത്തരം പറഞ്ഞാൽ വച്ച് കുത്തിത്തരുമെന്ന് പറഞ്ഞ് സംവിധായകൻ ലാൽജോസിനെ വഴി തടഞ്ഞ് നിർത്തി സോളമന്റെ തേനീച്ചകളെന്ന സിനിമക്ക് വളരെ ക്രിയേറ്റീവായി ഒരു പ്രൊമോഷണൽ വീഡിയോ കൂടി ചെയ്യുന്നിടത്ത് വരെ എത്തി നിൽക്കുകയാണവർ. മൃഗങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല ഈ ചുള്ളന്മാരുടെ ക്രിയേറ്റീവ് തമാശകൾ എന്നതാണ് കൗതുകം. മാലയും അരഞ്ഞാണവും, കണ്ണെഴുതി പൊട്ടും തൊട്ട കുഞ്ഞുവാവ എന്നതിങ്ങനെ ശബ്ദമില്ലാത്തവർക്കും പ്രതികരിക്കാൻ പറ്റാത്തവർക്കുമൊക്കെയുള്ള ശബ്ദമായി ഒരു ചൂരലും കൊണ്ടിറങ്ങിയിരിക്കുന്നത് ഷമീർ ഖാനും ജാസിം ഹാഷിമുമാണ്.
ചൂരലിന്റെ വീഡിയോകൾ പലപ്പഴും ഷമീറിന്റെ ഒരു ലോ ടോൺ വോയിസ് കൊണ്ടും ജാസിമിന്റെ അതിനു നേരെ വിപരീതമായി നിൽക്കുന്ന ആറ്റിറ്റ്യൂഡ് കൊണ്ടും ഒരു ക്രിയേറ്റീവ് കോണ്ട്രാസ്റ്റ് സൃഷ്ടിക്കാറുണ്ട്. മറ്റൊരു പ്രത്യേകത തിരുവനന്തപുരം ഭാഷയുടെ വികലമല്ലാത്ത അവതരണ രീതിയാണ്.
സൊസൈറ്റി പറയുമ്പോ മുട്ടയിടാനും പേക്രോമെന്ന് കരയാനും താല്പര്യമില്ലാത്തവരുടെ വിശദമായ വിവരങ്ങൾ ഈ സൊസൈറ്റിക്ക് അറിഞ്ഞേ തീരൂ എന്നതിനാൽ ആ അണിയറക്കാരെ ഒന്ന് വിശദമായി പരിചയപ്പെടാം. ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം തന്നത് ചൂരൽ ടീമിന്റെ പ്രൊപ്രൈറ്റർ ഷമീറിന്റെ ഇടത് കൈയ്യായ ജാസിമാണ്.
ചൂരലിന്റെ പിന്നണിയിൽ ആരൊക്കെയാണ് ?
ഐഡിയകൾ, സ്ക്രിപ്റ്റിംഗ്, സംഭാഷണം, എഡിറ്റിംഗ് തുടങ്ങിയ ജോലികളൊക്കെ ഷമീറാണ് നിർവ്വഹിക്കുന്നത്, ചില്ലറ സഹായങ്ങളുമായി ഇടംകയ്യായി ഞാൻ ജാസിമും ഒപ്പമുണ്ട്. ഞങ്ങൾ രണ്ട് പേരും മാത്രമായിട്ടാണ് തുടങ്ങിയതെങ്കിലും ഇപ്പോ രാഹുൽ രാജെന്ന സുഹൃത്ത് വീഡിയോ എഡിറ്റിംഗിനും സൂര്യ കൃഷ്ണരാജെന്ന സുഹൃത്ത് ഞങ്ങളുടെ ക്രിയേറ്റീവ് പോസ്റ്ററുകളുമൊക്കെ ചെയ്യാനായും പ്രമോഷൻസും മറ്റുമൊക്കെ കോർഡിനേറ്റ് ചെയ്യാൻ മറ്റൊരു സുഹൃത്ത് രാംകുമാറും സഹായത്തിനായുണ്ട്. രാഹുലും രാംകുമാറും വന്നിട്ട് ഏകദേശം ഒരുമാസമാവുന്നതേയുള്ളു.
ഷമീർ ഖാൻ, ജാസിം ഹാഷിം എന്ന നിങ്ങൾ രണ്ട് പേരുകളെ അൽപ്പം വിശദമായി പരിചയപ്പെടുത്താമോ ?
ഷമീറും ഞാനും ബന്ധുക്കാരാണ്. ഷമീർ ഖാൻ - ഈ ഖാൻ ചളുവനാണെങ്കിലും പഴയ ഖാൻ വംശത്തിൽ നിന്ന് ആ പേരു തുടർന്ന് വന്നതാണ് ഞങ്ങളുടെ കുടുംബം. ഞാൻ ജാസിം ഹാഷിം. എന്റെ വാപ്പയുടെ പേര് ഹസിമുദ്ദീനെന്നാണ്, അദ്ദേഹമത് ഹാഷിമെന്ന് പരിഷ്ക്കരിച്ചത് ഞാനും നൈസായി അങ്ങ് കൂടെ കൂട്ടിയതാണ്. ഞങ്ങളുടെ സ്വദേശം തിരുവനന്തപുരം ജില്ലയിലെ വർക്കലയാണ്. ഷമീർ ബിടെക്ക് ബിരുദത്തിനു ശേഷം സൗദിയിൽ ഏകദേശം ഒന്നരവർഷക്കാലം എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. ആ സമയത്ത് ഞാൻ നാട്ടിൽ എംബിഎ പൂർത്തിയാക്കി. അന്ന് എന്റെ ചില്ലറ ഡബ്സ് മാഷ് വീഡിയോകളൊക്കെ വൈറലായി നിൽക്കുന്നത് കണ്ട് ഷമീറും തന്റെ മേഖല എഞ്ചിനീയറിംഗല്ല പകരം ക്രിയേറ്റീവായി എന്തെങ്കിലുമൊക്കെ ചെയ്യുന്നതാണെന്ന് തിരിച്ചറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു.അത്തരമൊരു തീരുമാനത്തിന് അവന്റെ വീട്ടിൽ നിന്ന് വലിയ സപ്പോർട്ടാണുണ്ടായത്.
രണ്ട് പേരും ഇപ്പോൾ ചൂരൽ അല്ലാതെ മറ്റ് പണികളെന്തെങ്കിലും ചെയ്യുന്നുണ്ടോ ?
ഞാൻ അന്നും ഇന്നും പണി കളഞ്ഞിട്ടുള്ള റിസ്കെടുത്തിട്ടില്ല. എംബിഎ പൂർത്തിയാക്കിയ ശേഷം ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ഐടി റിക്രൂട്ടറായി ജോലി നോക്കുന്നു. ഷമീറാണ് ജോലി കളഞ്ഞ് ഫുൾ ടൈം ചൂരലിന്റെ കണ്ടന്റെഴുത്തുമായി നില കൊള്ളുന്നത്.
ആരാണ് ചൂരലിനു തുടക്കമിടുന്നത് ? എങ്ങനെയാണ് ആ പേരുണ്ടാവുന്നത് ? എന്തായിരുന്നു ആദ്യത്തെ വീഡിയോ ?
ഇതൽപ്പം ഡീറ്റയിൽഡായി പറഞ്ഞാലേ പറ്റൂ. സത്യത്തിൽ ചൂരൽ തുടങ്ങുന്നതിപ്പോഴല്ല, 2017ലാണ് - നേരത്തേ പറഞ്ഞ പോലെ അന്നെന്റെ ചില സിംഗിൾ ഡബ്സ്മാഷ് വീഡിയോകളൊക്കെ വൈറലായത് കണ്ട് അന്ന് ഗൾഫിലായിരുന്ന ഷമീർ ഒന്ന് രണ്ട് വീഡിയോകളൊക്കെ ചെയ്ത് ഫാമിലി ഗ്രൂപ്പിൽ അവതരിപ്പിച്ച് ഹിറ്റായിരുന്നു. ആ ഒരു കോൺഫിഡൻസിലാണ് അവൻ ഗൾഫിലെ പണി മതിയാക്കി നാട്ടിലെത്തുന്നത്. അങ്ങനെയാണ് ഞങ്ങൾ ചൂരൽ യൂട്യൂബിൽ തുടക്കമിടുന്നത്.
സമൂഹത്തിൽ അടിയുടെ കുറവുള്ളവർക്ക് ചൂരൽ കൊണ്ട് ഒരു അടി ഹാസ്യരൂപേണ നൽകാമെന്ന അർത്ഥത്തിലാണ് ചൂരലെന്ന പേരുണ്ടാവുന്നത്. ആ സമയത്ത് ഞങ്ങൾ മാത്രമായിരുന്നില്ല. ഞങ്ങളുടെ സുഹൃത്തുക്കളും ക്യാമറക്ക് പിന്നിൽ ഷമീറിന്റെ സഹോദരി ഖദീജാ ഖാനുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ ആദ്യത്തെ ചില വീഡിയോകൾക്ക് ശേഷം ഞങ്ങൾക്കത് കാര്യമായി തുടരാൻ കഴിഞ്ഞില്ല. സുഹൃത്തുക്കളുടെയും മറ്റുമൊക്കെ സമയം ഒത്ത് വരാതെ അത് നിന്ന് പോയി, അങ്ങനെ ഷമീർ ഫ്ലവേർസ് ടിവി ചാനലിലെ ഉപ്പും മുളകും എന്ന സീരീസിനു സ്ക്രിപ്റ്റെഴുതാൻ തുടങ്ങി, കോൺഫിഡൻസ് കൂടിയത് കാരണം സ്വന്തമായി ഒരു സിനിമ ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിക്കുകയും ഷമീറിന്റെ പിതാവിൽ നിന്ന് പൈസ വാങ്ങി സിനിമാ നിർമ്മാണം പകുതി വഴി വരെ നടത്തി, അപ്പഴാണ് അത് നമ്മുടെ കയ്യിൽ നിൽക്കില്ല എന്ന തിരിച്ചറിവുണ്ടാവുന്നതും നിരാശനായി ഷമീറ് വീണ്ടും ഗൾഫിലേക്ക് പോവുന്നതും.
എന്നാൽ നാട്ടിൽ നിന്നും ഷമീറിന് വീണ്ടും വിളി വന്നു, ഇത്തവണ ഒരു ടിവി ചാനലിലെ സിറ്റ്കോം സീരീസിനു തുടക്കമിടാനും അതിന്റെ സ്ക്രിപ്റ്റ് എഴുതാനുമായിരുന്നു ആ വിളി. ഉപ്പും മുളകും സംവിധാനം ചെയ്ത ഉണ്ണിയായിരുന്നു വിളിച്ചത്. സൂര്യ ടിവിയിലെ ഭയങ്കര വീട് എന്നൊരു ഷോ ആയിരുന്നു. അത് പക്ഷേ ഹിറ്റായില്ല.
എപ്പഴാണ് ചക്കപ്പഴത്തിലേക്ക് വരുന്നത് ?
സൂര്യയുടെ സീരീസിനു ശേഷമാണ് ചക്കപ്പഴം വരുന്നത്. ചക്കപ്പഴത്തിന്റെ മൊത്തം സ്ക്രിപ്റ്റിംഗും നിർവ്വഹിക്കുന്നത് ഷമീറാണ്. ചക്കപ്പഴം എന്ന വളരെ ജനപ്രിയമായ കോമഡി സീരീസിനെഴുതിയാണ് കണ്ടന്റ് ക്രിയേഷനിൽ ഷമീറിന് വലിയ കോൺഫിഡൻസുണ്ടാവുന്നത്. അങ്ങനെയാണ് ചൂരൽ ടീമിനെ വീണ്ടും പൊടി തട്ടിയെടുക്കുന്നതും നേരത്തെ ഉള്ള വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇൻസ്റ്റഗ്രാമിൽ ചെറു വീഡിയോകളായും റീൽസുമൊക്കെ തുടക്കമിടുന്നതും. കൃത്യമായി പറഞ്ഞാൽ ഈ ഒക്ടോബർ 8നാണ് ചൂരലിന്റെ രണ്ടാം വരവിന് ഒരു വർഷം പൂർത്തിയാവുന്നത്.
മറ്റ് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മനുഷ്യരെ ഒഴിവാക്കി ജന്തുക്കളിലേക്കും പക്ഷി മൃഗാദികളിലേക്കും തിരിയാമെന്ന് കരുതിയത് എങ്ങനെയാണ് ?
മലയാളത്തിലും പുറത്തുമൊക്കെ പലരും ചെയ്തിട്ടുണ്ടെങ്കിലും ഞങ്ങളുടെ ആഗ്രഹത്തിന്റെ പുറത്ത് ചെയ്ത് തുടങ്ങിയതാണത്. കാക്കയും തത്തയിലുമാണ് തുടക്കമിട്ടത്. കാക്ക കുളിച്ചാൽ കൊക്കാവില്ല എന്ന സംഗതിയുടെ തമാശ മുൻനിർത്തി ചെയ്ത കണ്ടന്റിന് മറ്റ് പല വീഡിയോകളേക്കാളും ശ്രദ്ധ കിട്ടി, ചില സെലിബ്രറ്റികൾ വരെയും അത് ലൈക്ക് ചെയ്തപ്പോൾ അത്തരം വീഡിയോകൾ സ്ഥിരമായി ചെയ്ത് തുടങ്ങി. എങ്കിലും മനുഷ്യരെ പൂർണ്ണമായും ഒഴിവാക്കിയിട്ടില്ല. തുടക്കം തന്നെ മനുഷ്യ കഥാപാത്രങ്ങളായിരുന്നു. ബാഡ് ബോയ് ബദറുള്ള എന്ന ഫുൾ ടൈം നെഗറ്റീവ് അടിപ്പിക്കുന്നയാൾ, ഞം ഞം മഞ്ചുളേഷ് എന്ന ഫുഡ് വ്ലോഗർ, നിർഭാഗ്യം നിർമ്മലെന്ന ഭാഗ്യം കെട്ട ഗുണ്ട തുടങ്ങിയവരൊക്കെ ഞങ്ങളുടെ ആദ്യ മനുഷ്യ കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങളിലേക്ക് തിരിച്ച് പോവണമെന്നുണ്ട്.
ജന്തുക്കളെ കോമഡിയായി ചിത്രീകരിക്കുക മാത്രമല്ല, ഒരു പക്ഷേ അവർക്ക് ശബ്ദമുണ്ടായിരുന്നെങ്കിൽ നടത്തിയേക്കാമായിരുന്ന പരാതികളെ ഒക്കെ സർക്കാസ്റ്റിക്കായി അവതരിപ്പിക്കുക, അതിനൊപ്പം തന്നെ വിജ്ഞാനപ്രദമായ ചില തിരിച്ചറിവുകളും ആൾക്കാർക്ക് കൊടുക്കുന്ന തരത്തിലാണ് വീഡിയോ ? ഇതിനു വേണ്ടി പ്രത്യേകം വായിക്കാറുണ്ടോ ? ഹോം വർക്കുകൾ എന്തൊക്കെയാണ് ?
ഞങ്ങൾക്ക് രണ്ടാൾക്കും വായന കുറവാണ്. ആകെ വായിച്ച പുസ്തകം ആടു ജീവിതമാണ്, അതും മൃഗവുമായി ബന്ധപ്പെട്ടത്. ആൾക്കാർക്ക് മനസിലാകണമെന്നുള്ളതു കൊണ്ട് തന്നെ വലിയ ഡീപ് റിസേർച്ചൊന്നും ചെയ്യാറില്ല. എടുക്കുന്ന മൃഗങ്ങളുടെ ഒരു ബേസിക് സേർച്ച് ഗൂഗിളിൽ നടത്തി ആൾക്കാർക്ക് റിലേറ്റ് ചെയ്യാനും അറിയാനും പറ്റുന്ന വിവരങ്ങൾ വച്ചാണ് കോമഡി ഉണ്ടാക്കുന്നത്.
കോസ്ട്യൂമുകൾ സിമ്പിളായി റെപ്രസന്റെ ചെയ്യുന്നതിന്റെ ആശയം എങ്ങനെയാണുണ്ടായത്..
കാക്കക്ക് കറുത്ത ഡ്രസും തത്തക്ക് പച്ച ഡ്രസുമിട്ടാണ് തുടങ്ങിയത്. വൈഫ് കൊറോണക്കാലത്ത് മുഖത്ത് വച്ചിരുന്ന ചുവന്ന മാസ്ക്കാണ് തത്തക്കായി ഞാൻ ഉപയോഗിച്ചത്. അത് ഹിറ്റായതോടെ റെപ്രസെന്റേഷൻ മിനിമലായെങ്കിലും ആൾക്കാർക്ക് സംഭാഷണങ്ങളിലൂടെ കൃത്യമായി റിലേറ്റ് ചെയ്യാൻ സാധിക്കുന്നു എന്നത് കൊണ്ട് പിന്നെയുള്ളതൊക്കെ മിനിമലായി ചെയ്ത് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു.
യൂട്യൂബ് വീഡിയോകളേക്കാൾ ഉപരിയായി ഇൻസ്റ്റഗ്രാമിന്റെ ഇൻസ്റ്റന്റ് വീഡിയോകളിലൂടെയാണ് പ്രചുരപ്രചാരം/വൈറലാവുന്നത്. ഇത് പക്ഷേ ഒരു ബ്രാന്റ് എന്നതിനപ്പുറം സാമ്പത്തികമായി മെച്ചമുണ്ടാക്കിയോ ?
ഇൻസ്റ്റഗ്രാം ഇത് വരെയും മൊണറ്റൈസേഷൻ തുടങ്ങിയിട്ടില്ല, പ്രോമോഷണൽ വീഡിയോകൾ മാത്രമാണ് നിലവിലുള്ള വരുമാനം. യൂട്യൂബിൽ ഞങ്ങൾക്ക് വലിയ റീച്ച് ആയിട്ടില്ല.
പ്രൊമോഷനുകൾ നിങ്ങളെ തേടി എത്തുകയാണോ ? അതോ നിങ്ങൾ സമീപിക്കുന്നവരുമുണ്ടോ ?
ഇതു വരെ അങ്ങനെയാണ്. ഇങ്ങോട്ട് തേടി വന്ന പ്രൊമോഷനുകളാണ് നിലവിൽ ചെയ്തിരുന്നത്, എന്നാൽ ഭാവിയിൽ മറ്റ് ബ്രാന്റുകളെ സമീപിക്കണമെന്ന് താല്പര്യപ്പെടുന്നു.
സോഷ്യൽ മീഡിയ വീഡിയോകളല്ലാതെ മറ്റ് വെബ് സീരീസുകളോ സിനിമയോ മറ്റോ പദ്ധതിയിലുണ്ടോ ?
വെബ്സീരീസുകൾ ആഗ്രഹമുള്ള ഏരിയ ആണ്.പക്ഷേ കൃത്യം പദ്ധതികൾ ആയിട്ടില്ല. ഷമീറിന് ചില സിനിമകൾ ഒത്ത് വന്നിട്ടുണ്ട് എങ്കിലും അത് പുറത്ത് പറയാറായിട്ടില്ല.
രണ്ടാൾടേം കുടുംബത്തേപ്പറ്റി, മാതാപിതാക്കളേപ്പറ്റി..
ഷമീറിന്റെ വീട്ടിൽ പിതാവ് ഷാനവാസ് ഖാൻ, ഉമ്മ സുൽഫിയ, പിന്നെ ഫരീദ ഖാൻ, ഖദീജ ഖാൻ എന്നീ രണ്ട് അനിയത്തിമാരാണ്. അവന് പ്രത്യേകിച്ചും ഗൾഫിലെ പണി മതിയാക്കി നാട്ടിൽ വരാനുണ്ടായതൊക്കെ ഈ ടീംസിന്റെ വലിയ സപ്പോർട്ട് ഉള്ളത് കൊണ്ടാണ്. എനിക്ക് ഉമ്മ സബീന ഹസിമുദ്ദിൻ, ഭാര്യ ഹസ്ന, പിന്നെ സാഫിയ ഹാഷിം എന്ന ചേച്ചിയും, ഭർത്താവ്, അവരുടെ രണ്ട് മക്കൾ എന്നിവരാണ് കുടുംബത്തിലുള്ളത്. പിതാവ് ഹസിമുദ്ദിൻ ( പരേതൻ )
ഇൻസ്റ്റഗ്രാമിൽ ഇവരുടെ മറ്റു വീഡിയോകൾ കാണാൻ - ഇവിടെ ക്ലിക്ക് ചെയ്യാം