ഇതാണോ മലയാള സിനിമയുടെ ഓഫീസ് ?

Interviews

ഓഫീസിലേക്ക് കടക്കുമ്പോൾ ആദ്യം നമ്മളെ വരവേൽക്കുന്നത് ചുവന്ന് കലങ്ങിയ കണ്ണും പിരിയൻ മീശയുമായി ഗരുഡൻ വാസുവാണ്.. ആദ്യം കാണുന്ന ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിന്റെ വോൾപേപ്പറിൽ ആണ് സായ്‌കുമാർ ഗരുഡൻ വാസുവായി തുറിച്ച് നോക്കുന്നത്..പിന്നെ അടുത്തടുത്ത ഡെസ്ക്ടോപ്പുകളിൽ ട്രോൾ ലോകത്തെ സൂപ്പർ മീമുകൾ ആണ്. അതിൽ ടാസ്കി വിളിക്കാൻ പറയുന്ന കുതിര വട്ടം പപ്പുവും, രമണൻ ഹരിശ്രീ അശോകനും മായിൻകുട്ടി ജഗദീഷും മിഥുനത്തിലെ ഇന്നസെന്റും മിന്നാരത്തിലെ ജഗതിയും ഒക്കെയുണ്ട്. അവസാനം എംഡിയുടെ ക്യാബിനിലേക്ക് കടന്നാലോ? ദാ..അവിടത്തെ ഡെസ്ക്ടോപ്പിൽ "പണം എനിക്കൊരു പ്രശ്നം അല്ല" എന്ന് ഉറക്കെ പ്രഖ്യാപിച്ച മണവാളൻ & സൺസ് MD സാക്ഷാൽ "മണവാളൻ" സലീം കുമാർ!

കഴിഞ്ഞ രണ്ട് ദിവസങ്ങൾ ആയി വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയുടെ സംഗ്രഹം ആണ് മുകളിൽ പറഞ്ഞത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഉൾപ്പടെയുള്ള പ്രശസ്തർ ഷെയർ ചെയ്ത ഈ വീഡിയോ വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ തരംഗം ആവുകയാണ്. "ഇതാവണമെടാ ഓഫീസ്", "ഇതെന്താ? ട്രോളന്മാരുടെ ഹെഡ് ഓഫീസോ?", "ശ്ശോ! ഈ ഓഫീസിൽ ജോലി കിട്ടിയാൽ മതിയായിരുന്നു" എന്നൊക്കെ രസകരമായ കമന്റുകൾ ആണ് വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.. കാണുന്നവരുടെ മനസ്സിലെല്ലാം ഒരേ ഒരു ചോദ്യം - "ഏതാണ് ഈ സ്ഥാപനം?"

ആ ചോദ്യത്തിന് ഉത്തരം M3DB കഫേ കണ്ടെത്തിയിരിക്കുന്നു. 

ഏതാണ് ആ സ്ഥാപനം?

കൊച്ചിയിൽ പനമ്പള്ളി നഗറിൽ പ്രവർത്തിക്കുന്ന ബ്ളൂ ബോക്സ് ആർകിടെക്ട്സിന്റെ ഓഫീസ് ആണത്. അപ്പാർട്ട്മെന്റുകൾ, വില്ലകൾ, കോട്ടേജുകൾ തുടങ്ങിയ റെസിഡൻസ് പ്രോജക്ടുകളുടെയും റിസോർട്ടുകൾ, ഫാം ഹൗസുകൾ എന്നിങ്ങനെ മറ്റ് ബിസിനസ്സ് പ്രോജക്ടുകളുടെയും നിർമ്മാണ പ്രക്രിയയിൽ കഴിഞ്ഞ അഞ്ച് വർഷമായി സജീവമായി പ്രവർത്തിക്കുന്ന സ്ഥാപനം ആണ് ബ്ളൂ ബോക്‌സ് ആർകിടെക്ട്സ്. തിരുവല്ല സ്വദേശി ജോബിൻ ജോസഫ് എബ്രഹാം ആണ് സ്ഥാപനത്തിന്റെ ഉടമയും മാനേജിംഗ് ഡയറക്ടറും.

Bluebox.jpg

ഇതാണാ ഓഫീസ് - ക്രിയേറ്റീവ് ഓഫീസ് - ബ്ലൂബോക്സ് ആർക്കിടെക്റ്റ്സ് - കൊച്ചി

എങ്ങനെ ഈ ഒരു വീഡിയോയുടെ ഐഡിയ രൂപപ്പെട്ടു?

സീനിയർ ആർകിടെക്ട് നീതു ചാക്കോയിൽ നിന്നാണ് ഇതിന്റെ തുടക്കം. കൃത്യമായി പറഞാൽ നീതു തന്റെ ഡെസ്ക്ടോപ്പിൽ പഞ്ചാബി ഹൗസിലെ രമണന്റെ മീം വോൾ പേപ്പർ ആയി ഇടുന്നതോടെ. ബാക്കിയുള്ളവർ അവരവരുടെ സ്വഭാവ സവിശേഷതക്ക് യോജിക്കുന്ന മീം തിരഞ്ഞെടുത്ത് വാൾപേപ്പർ ആക്കാമെന്ന ഒരു രസികൻ ചിന്ത ഉടലെടുക്കുകയും അതനുസരിച്ച് ഓരോരുത്തർക്കും അനുയോജ്യമായ മീം ഇമേജുകൾ അവരവരുടെ സിസ്റ്റത്തിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു. ഒരു തമാശ എന്ന രീതിയിൽ ആണ് അതൊരു വീഡിയോ ആയി ഷൂട്ട് ചെയ്തത്.

 എംഡി -യുടെ ഡെസ്ക്ടോപ്പ് വരെ വെറുതെ വിട്ടില്ലല്ലോ..എങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ സഹകരണം?

അദ്ദേഹം എല്ലാ കാര്യങ്ങളിലും സ്റ്റാഫിന്റെ കൂടെ നിൽക്കുന്ന വ്യക്തിയാണ്. ഇങ്ങനെ ഒരു ഐഡിയ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പൂർണ്ണ സഹകരണം ആയിരുന്നു

വീഡിയോ ഇത്രയും സ്വീകരണം നേടുമെന്നോ വൈറൽ ആകുമെന്നോ പ്രതീക്ഷിച്ചിരുന്നുവോ?

ഒരിക്കലുമില്ല. ആദ്യം പറഞ്ഞത് പോലെ ഒരു തമാശക്ക് വേണ്ടി ചെയ്തതാണ്. കമ്പനിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു രസത്തിന് ഷെയർ ചെയ്തു. അത് പെട്ടെന്ന് തന്നെ ആൾക്കാർ ഏറ്റെടുത്തു. ഇത്രയും വൈറൽ ആകുമെന്ന് കരുതിയതേ ഇല്ല.

വൈറൽ ആയ ശേഷം ഓഫീസിലെ അന്തരീക്ഷം എങ്ങനെയുണ്ട്?

ഇവിടെ മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് ആണ് ഇപ്പോൾ. പലരും ഏത് ഓഫീസ് ആണെന്ന് അന്വേഷിച്ച് കണ്ടെത്തി വിളിക്കുന്നു..അഭിനന്ദങ്ങൾ അറിയിക്കുന്നു... പൊളി വൈബ് ആണ്. എം ഡി ഉൾപ്പടെ ഞങ്ങൾ എല്ലാവരും ഹാപ്പി ആണ്.

വിവരങ്ങൾക്ക് കടപ്പാട് : ബ്ലൂബോക്സ് ടീമിലെ തന്നെ സിബിൻ സിറിയക് 

Comment