എം3ഡിബി ഉദ്ഘാടനം

M3DB Inauguration

ഇന്റർനെറ്റ് മലയാളത്തിൽ മലയാള സിനിമകളുടേയും സംഗീതത്തിന്റെയും സമ്പൂർണ്ണ വിവരശേഖരണത്തിനായി തയ്യാറാവുന്ന www.m3db.com ( മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് ) ന്റെ ഉദ്ഘാടനം പാലക്കാട് മൃണ്മയിയിൽ വച്ച് നടന്നു. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.ജോൺസൺ മാസ്റ്റർ സംഗീതവിഭാഗവും സിനിമാസംവിധായകനായ ശ്രീ പി ടി കുഞ്ഞുമുഹമ്മദ് വെബ്സൈറ്റിന്റെ സിനിമാവിഭാഗവും ഉദ്ഘാടനം ചെയ്തു.

 വെബ്ബ് സൈറ്റിന്റെ പ്രധാന പ്രവർത്തകനും ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ സീനിയർ ശാസ്ത്രജ്ഞനുമായ ഡോ.ശ്രീധരൻ കർത്താ യോഗത്തിൽ അധ്യക്ഷനായിരുന്നു. ഡോ.ശ്രീചിത്രൻ സ്വാഗതവും ശ്രീമതി ഉമ കെ പി ചടങ്ങിൽ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് കിരൺ വെബ് സൈറ്റിനെ എല്ലാവർക്കുമായി പരിചയപ്പെടുത്തി . ശബ്ദ നിയന്ത്രണത്തിന് ചികിത്സയിലായിരുന്നിട്ടും ജോൺസൺ മാഷ് തന്റെ ഗിറ്റാറുമായി രംഗത്ത് വന്ന് പാട്ടുകൾ ആലപിച്ചത്  കാണികൾക്ക് ആ സംഗീത പ്രതിഭയെ കൂടുതൽ അടുത്തറിയാൻ കാരണമായി.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം നടന്നത് ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ശ്രീ പോളി വർഗ്ഗീസിന്റെ മോഹൻ വീണാവാദനം ആയിരുന്നു. കുമാരനാശാന്റെ “കരുണ” തുടങ്ങിയ ക്ലാസിക്കുകൾ വായിച്ച് പോളി സദസ്സിന്റെ കയ്യടി നേടി. ഉച്ചഭക്ഷണത്തിനു ശേഷം പിന്നണി ഗായകനായ ശ്രീ പ്രദീപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിൽ നടന്ന സംഗീതസായാഹ്നത്തിൽ  കർണ്ണാടക സംഗീതജ്ഞനായ ശ്രീ ചേറ്റൂർ രാധാകൃഷ്ണൻ,ശ്രീ.ജോസഫ് തോമസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഗസലുകളും മലയാള ചലച്ചിത്ര ഗാനങ്ങളും അതിമനോഹരമായി ആലപിച്ച പ്രദീപിന് അകമ്പടിയായി തബലയിൽ ശ്രീ മഹേഷ് മണിയും ഹാർമ്മോണിയവുമായി ശ്രീ പ്രകാശ് ഉള്ളിയേരിയും ചേർന്നതോടെ സംഗീതസായാഹ്നം കാണികൾക്ക് മികച്ച ഒരു അനുഭവമായി മാറിയിരുന്നു.

ലോകത്തിന്റെ പലഭാഗത്തു നിന്നും ഒത്തു ചേർന്ന എം3യുടെ അണിയറ പ്രവർത്തകരുടെയും പരിപാടിയെപ്പറ്റി കേട്ടറിഞ്ഞെത്തിയ മറ്റ് സഹൃദയരുടേയും ബ്ലോഗേർസിന്റേയും സംഗമമായിരുന്നു ചടങ്ങിന്റെ മറ്റൊരു പ്രത്യേകത. ഇ-മെയിലുകളിലൂടെയും ഇന്റർനെറ്റ് ചാറ്റിംഗിലൂടെയുമൊക്കെ മാത്രം പരിചയമുണ്ടായിരുന്ന ഒരു കൂട്ടം ആളുകൾ നേരിൽക്കാണുമ്പോൾ ഉള്ള സന്തോഷവും കൗതുകവും പലരുടെയും മുഖത്ത് ദൃശ്യമായിരുന്നു.

എം3ഡിബിയുടെ സാംഗത്യം :- ലോകത്തിലെ ഏറ്റവും വലിയ മലയാളസിനിമാ വിവരശേഖരമായി മാറുക എന്നതാണ് എം3യുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മലയാള സിനിമയുടെ അണിയറപ്രവർത്തകർ, കഥാപാത്രങ്ങൾ, കഥാസാരം,മറ്റു പ്രത്യേകതകൾ എന്ന് തുടങ്ങി ഒരു സിനിമയെ സംബന്ധിച്ച് ഏകദേശം 40തോളം സൂക്ഷ്മ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇന്റർനെറ്റ് പരിജ്ഞാനമുള്ള ഏത് സാധാരണക്കാരനും വിവരങ്ങൾ കൂട്ടിച്ചേർക്കുവാനും നിലവിലുള്ള വിവരങ്ങൾ തിരുത്തുവാനും കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്പ്പകന എന്നത് എം3യെ ഒരു ജനകീയ ഡാറ്റാബേസാക്കിത്തീർക്കുകയാണ്.

നിലവിൽ പതിനയ്യായിരത്തോളം പാട്ടുകളുടെ സാഹിത്യമുൾപ്പടെയുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ഗാനശേഖരത്തിന്റെ പിന്തുടർച്ചയെന്നോണമാണ് സിനിമാശേഖരത്തിലേക്കുള്ള വഴിയും എം3 തുറന്നു വയ്ക്കുന്നത്. സംഗീതത്തിന്റെയും സിനിമയുടേയും ഡാറ്റകളക്ഷനിലുപരിയായി സംഗീത മേഖലയെ പ്രായോഗികമായി സമീപിച്ച് ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയ “ഈണം”, “കുഞ്ഞൻ റേഡിയോ” തുടങ്ങിയ സംരംഭങ്ങളേപ്പറ്റിയും സൈറ്റിൽ പ്രതിപാദിക്കുന്നുണ്ട്. ഏറെ പ്രത്യേകതകൾക്കായി www.m3db.com എന്ന വെബ്ബ് സൈറ്റ് തന്നെ സന്ദർശിക്കുക.

എം3ഡിബി ഉദ്ഘാടനത്തിന്റെ വീഡിയോ കാണാം